Follow Us On

16

January

2025

Thursday

അല്മായന് വെളിപ്പെട്ട ദിവ്യകാരുണ്യ അത്ഭുതം സ്ഥിരീകരണത്തിനായി വത്തിക്കാനിലേക്ക്‌

അല്മായന് വെളിപ്പെട്ട ദിവ്യകാരുണ്യ അത്ഭുതം സ്ഥിരീകരണത്തിനായി വത്തിക്കാനിലേക്ക്‌

റ്റെഗുസിഗാല്‍പ്പ/ഹോണ്ടൂറാസ്: സാന്‍ ജുവാനില്‍ അല്മായന് വെളിപ്പെട്ട ദിവ്യകാരുണ്യ അത്ഭുതം സ്ഥിരീകരണത്തിനായി വത്തിക്കാനിലേക്ക് അയച്ചു. 2022-ല്‍ ഹോണ്ടുറാസിലെ ഒരു ചാപ്പലില്‍ നടന്ന ദിവ്യകാരുണ്യ അത്ഭുതം ഹോണ്ടുറാസിലെ ഗ്രേഷ്യാ സ് രൂപതാ ബിഷപ് വാള്‍ട്ടര്‍ ഗുയിലന്‍ സോട്ടോ അംഗീകരിച്ചതിനെ തുടര്‍ന്നാണ് വത്തിക്കാന്റെ സ്ഥിരീകരണത്തിനായി അയച്ചിരിക്കുന്നത്. അല്മായന് യേശു തന്റെ സാന്നിധ്യം വെളിപ്പെടുത്തിയ ദിവ്യകാരുണ്യ അത്ഭുതം എന്ന പ്രത്യേകതയും ഇതിനുണ്ട്.

ഹോണ്ടുറാസിലെ സാന്‍ ജുവാന്‍ നഗരത്തിന് സമീപമുള്ള ചെറിയ ഇടവകയാണ് എല്‍എസ്പിനാല്‍. അറുപതോളം കുടുംബങ്ങള്‍ മാത്രം അംഗങ്ങളായുള്ള ഇടവകയില്‍ സ്ഥിരമായി വൈദികനില്ലാത്തതിനാല്‍ പ്രാര്‍ത്ഥനയ്ക്കും ദിവ്യകാരുണ്യം നല്‍കുന്നതിനുമായി എക്ട്രാ ഓര്‍ഡിനറി മിനിസ്റ്ററായി അല്മായനായ ജോസ് എല്‍മര്‍ ബെനിറ്റസ് മച്ചാഡോയെയാണ് ചുമതലപ്പെടുത്തിയിരുന്നത് (ബിഷപ്പുമാരുടെയും വൈദികരുടെയും അസാന്നിധ്യത്തില്‍ ദിവ്യകാരുണ്യം നല്‍കുന്നതിനായി പ്രത്യേകം ചുതലപ്പെടുത്തുന്ന അല്മായരാണ് ദിവ്യകാരുണ്യത്തിന്റെ എക്‌സ്ട്രാ ഓര്‍ഡിനറി മിനിസ്റ്റേഴ്‌സ്). പന്തക്കുസ്താ തിരുനാള്‍ കഴിഞ്ഞുവരുന്ന വ്യാഴാഴ്ച ആഘോഷിക്കുന്ന നിത്യപുരോഹിതനായ ഈശോയുടെ തിരുനാള്‍ ദിനത്തില്‍ (2022 ജൂണ്‍ ഒമ്പതിന്) വചനശുശ്രൂഷയ്ക്കും ദിവ്യകാരുണ്യം നല്‍കുന്നതിനുമായി സക്രാരി തുറന്നപ്പോഴാണ് ജോസ് എല്‍മര്‍ ദിവ്യകാരുണ്യം സൂക്ഷിച്ചിരുന്ന കുസ്‌തോദി പൊതിഞ്ഞിരുന്ന തുണിയില്‍ രക്തം പടര്‍ന്നിരിക്കുന്നത് കണ്ടത്.

ഗ്രൂപ്പ് എ.ബി. പോസിറ്റീവ്
അത് ദിവ്യകാരുണ്യ അത്ഭുതമാണെന്ന് ശക്തമായ തോന്നല്‍ ഉണ്ടായെങ്കിലും വികാരങ്ങളടക്കി അദ്ദേഹം പ്രാര്‍ത്ഥന പൂര്‍ത്തീകരിക്കുകയും തുടര്‍ന്ന് വിവരം വിശ്വാസികളുമായി പങ്കുവയ്ക്കുകയും ചെയ്തു. അതിനുശേഷം സാന്‍ ജുവാനില്‍ ശുശ്രൂഷ ചെയ്തിരുന്ന ഫാ. മാര്‍വിന്‍ സോതെലോയെയും ഫാ. ഓസ്‌കാര്‍ റോഡ്രിഗസിനെയും വിവരം അറിയിച്ചു. ആ വൈദികര്‍ രക്തം പുരണ്ടിരുന്ന വസ്ത്രം അടച്ചുപൂട്ടിയ പാത്രത്തിലാക്കി ഗ്രേഷ്യാസ് ബിഷപ് വാള്‍ട്ടര്‍ ഗുയിലന്‍ സോട്ടോയെ ഏല്‍പ്പിച്ചു. ഇത്തരം കാര്യങ്ങള്‍ പരിശോധിച്ചറിയാതെ വിശ്വസിക്കാനാവില്ലെന്ന നിലപാടായിരുന്നു ബിഷപ് വാള്‍ട്ടര്‍ സ്വീകരിച്ചത്. മൂന്ന് മാസങ്ങള്‍ക്ക് ശേഷം റ്റെഗുസിഗാല്‍പ്പായിലെ ഡിസാ റ്റോക്‌സിക്കോളജി സെന്ററിലേക്ക് രക്തംപുരണ്ട തിരുവസ്ത്രം പരിശോധനയ്ക്കായി അയച്ചു. 2022 ഒക്‌ടോബര്‍ അവസാനം ഫോറന്‍സിക്ക് വിദഗ്ധനും ഒരു റ്റോക്‌സിക്കോളജി വിദഗ്ധനും തിരുവസ്ത്രം പഠനവിധേയമാക്കി. വസ്ത്രത്തിലുള്ള രക്തം ചായമോ മറ്റു കറകളോ അല്ലെന്നും മറ്റെല്ലാ ദിവ്യകാരുണ്യ അത്ഭുതങ്ങളിലും കണ്ടെത്തിയതുപോലെ എ.ബി. പോസിറ്റീവ് ഗ്രൂപ്പിലുള്ള മനുഷ്യരക്തമാണെന്നുമായിരുന്നു പരിശോധനാ ഫലങ്ങള്‍.

കാലഘട്ടത്തിനുള്ള സന്ദേശം
ഇത് സ്വഭാവികമായി വിവരിക്കാവുന്ന കാര്യമല്ലെന്ന് വ്യക്തമാക്കിയാണ് ബിഷപ് വാള്‍ട്ടര്‍ ഗുയിലന്‍ സോട്ടോ ഈ ദിവ്യകാരുണ്യഅത്ഭുതം അംഗീകരിച്ചത്. കണ്ണുകള്‍കൊണ്ട് കാണാവുന്നതും സ്പര്‍ശിച്ചറിയാവുന്നതും സ്ഥിരീകരിക്കാവുന്നതുമായ വിധത്തില്‍ തിരുരക്തത്തിന്റെ സാന്നിധ്യം നല്‍കിക്കൊണ്ട്, ആരാലും അറിയപ്പെടാത്ത കര്‍ഷകര്‍ ജീവിക്കുന്ന ഒരു ഇടവകസമൂഹത്തില്‍ സംഭവിച്ച ഈ ദിവ്യകാരുണ്യ അത്ഭുതം ഈ കാലഘട്ടത്തിനുള്ള സന്ദേശമാണെന്ന് ബിഷപ് വാള്‍ട്ടര്‍ പറഞ്ഞു. ”ഇത് വൈദികനോ സന്യാസിക്കോ അല്ല വെളിപ്പെടുത്തിയത് മറിച്ച് ഒരു അല്മായനാണെന്നത് ഈ ദിവ്യകാരുണ്യ അത്ഭുതത്തെ സിനഡാലിറ്റിയുടെ ദിവ്യകാരുണ്യ അത്ഭുതമായി മാറ്റുന്നു. ഇത് അല്മായരുടെ സമയമാണ്. അല്മായരുടെ വിശ്വാസമാണ് ലോകത്തില്‍ സഭയെ സജീവമാക്കി നിലനിര്‍ത്തുന്നത്. അല്മായരിലൂടെ വെളിവാകുന്ന ദൈവശബ്ദം തിരിച്ചറിയാനുള്ള വിളി കൂടിയാണ് ഈ ദിവ്യകാരുണ്യ അത്ഭുതം.” ബിഷപ് വാള്‍ട്ടര്‍ പറഞ്ഞു. ഈ ദിവ്യകാരുണ്യ അത്ഭുതവുമായി ബന്ധപ്പെട്ട എല്ലാ വസ്തുക്കളും അവസാന സ്ഥിരീകരണത്തിനായി വത്തിക്കാന് കൈമാറിയിരിക്കുകയാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?