Follow Us On

28

April

2024

Sunday

ടീച്ചര്‍ നയിച്ച പ്രതിഷേധറാലി

ടീച്ചര്‍ നയിച്ച  പ്രതിഷേധറാലി

 ബൊവനെര്‍ഗെസ്

തുറന്ന ജീപ്പില്‍ ജനലക്ഷങ്ങളെ ആവേശഭരിതരാക്കി, ജാഥനയിച്ച് മുന്നേറുന്ന യുവനേതാവിനെ പൊലീസ് തടഞ്ഞു. ‘നിങ്ങള്‍ ഈ ജനത്തെ പിരിച്ചുവിടുന്നില്ലെങ്കില്‍ എനിക്ക് വെടിവയ്‌ക്കേണ്ടിവരും…’ കമ്മീഷണര്‍ ആക്രോശിച്ചു. അപ്പോള്‍ ജീപ്പില്‍ ചാടിയെഴുന്നേറ്റുനിന്ന്, നേതാവ് ഗര്‍ജിച്ചു, ‘മിസ്റ്റര്‍ കമ്മീഷണര്‍, ഞാനാണ് നേതാവ്, ആദ്യം എന്റെനേരെ വെടിയുതിര്‍ക്കൂ, അല്ലാതെ എന്റെ ജനങ്ങളെ ഒന്നുംചെയ്യാന്‍ കഴിയില്ല.’ ആ വാക്ക്കരു ത്തിനു മുമ്പില്‍ പൊലീസ് നിശ്ചലരായി. തുടര്‍ന്ന്, ജനത്തിനുനേരെ കുതിരപ്പട്ടാളത്തെ ഓടിച്ചുകയറ്റുക എന്നതായിരുന്നു തീരുമാനം. ഇതറിഞ്ഞ നേതാവ്, കമിഴ്ന്നുകിടക്കാന്‍ ജനങ്ങളോട് നിര്‍ദേശിച്ചു. നിലത്തുകിടക്കുന്ന ജനത്തിനുമുകളിലേക്ക് കുതിരപ്പട്ടാളത്തെ ഓടിച്ചുകയറ്റിയാല്‍ സംഭവിച്ചേക്കാവുന്ന ദുരന്തത്തിന്റെ ഭീകരത അറിയാമായിരുന്ന പൊലീസ് തോറ്റ് പിന്മാറുകയാണുണ്ടായത്. അങ്ങനെ വലിയൊരു കൂട്ടക്കൊല ഒഴിവായി. അക്കാമ്മ ചെറിയാന്‍ എന്ന കാഞ്ഞിരപ്പള്ളിക്കാരി ക്രൈസ്തവ യുവതിയുടെ അസാമാന്യ ചങ്കൂറ്റത്തിനുമുമ്പില്‍ ഭരണാധികാരികള്‍ അടിയറവു പറഞ്ഞ ചരിത്രസംഭവമായിമാറി അത്. ഈ വാര്‍ത്തയറിഞ്ഞ മഹാത്മാഗാന്ധി ‘ഇതാ തിരുവിതാംകൂറിന്റെ ഝാന്‍സി റാണി’ എന്നാണ് അക്കാമ്മയെ വിശേഷിപ്പിച്ചത്.

1938, ഇന്ത്യന്‍ സ്വാതന്ത്ര്യസമരം കൊടുംപിരികൊള്ളുന്ന കാലം. കേരളത്തില്‍ സ്വാതന്ത്ര്യസമരം പ്രധാനമായും തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരുന്നു. അന്നത്തെ ദിവാന്‍ സി.പി രാമസ്വാമി അയ്യര്‍ 1938 ഓഗസ്റ്റ് 26ന് സ്റ്റേറ്റ് കോണ്‍ഗ്രസ് നിരോധിച്ചു. ഇതിനെതിരെ പ്രതികരിച്ച പട്ടംതാണുപിള്ള ഉള്‍പ്പെട്ട നേതാക്കളെല്ലാം തടവിലാക്കപ്പെട്ടു. പ്രസ്ഥാനം ശിഥിലമായിക്കൊണ്ടിരിക്കെ, സംഘടനയുടെ 12-ാമത്തെ പ്രസിഡന്റാ യി അക്കാമ്മ ചെറിയാന്‍ നിയമിതയായി.

സ്‌റ്റേറ്റ് കോണ്‍ഗ്രസിന്റെ വിലക്ക് നീക്കുക, നേതാക്കളെ മോചിപ്പിക്കുക, തിരുവിതാംകൂറില്‍ ഉത്തരവാദിത്വമുള്ള സര്‍ക്കാര്‍ സ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ മഹാരാജാവിന്റെ ജന്മദിനത്തലേന്ന്, അക്കാമ്മയുടെ നേതൃത്വത്തില്‍ തമ്പാനൂരില്‍നിന്ന് കവടിയാര്‍ കൊട്ടാരത്തിലേക്ക് ഒരുവലിയ റാലി സംഘടിപ്പിച്ചു. എന്നാല്‍ കേണല്‍ വാട്കിസ് വലിയൊരു കുതിരപ്പടയുമായി മാര്‍ച്ച് തടഞ്ഞു. തദവസരത്തിലുണ്ടായ സംഭവമാണ് ആരംഭത്തില്‍ കണ്ടത്. അടിച്ചമര്‍ത്താന്‍ കുതിച്ചെത്തിയ കുതിരപ്പട്ടാളത്തെ വിറപ്പിച്ച അക്കാമ്മ ക്കുമുമ്പില്‍ മാഹാരാജാവ് തീരുമാനംമാറ്റി തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാക്കളെ മോചിപ്പിക്കാന്‍ കല്പിക്കുന്നതുവരെയെത്തി ആ സംഭവം.

പ്രശസ്ത സാഹിത്യകാരന്‍ ഇ.എം കോവൂര്‍, അക്കാമ്മ നയിച്ച ചരിത്രപ്രസിദ്ധ രാജധാനിറാലിയെക്കുറിച്ചെഴുതി: ‘നൂറുകളല്ല, പതിനായിരങ്ങള്‍ വെള്ള ഖദര്‍ ജുബ്ബയും ഗാന്ധിത്തൊപ്പിയുമണിഞ്ഞ്, വന്‍ തിരമാലകണക്ക് മുന്നോട്ടുകുതിക്കുന്നു. തുറന്ന ജീപ്പില്‍നിന്നുകൊണ്ട് ആവേശത്തിരയിളക്കി അക്കാമ്മ ചെറിയാന്‍ ആ ധവളക്കടലിനെ നയിക്കുന്നു… അനീതിക്കും സ്വേച്ഛാധിപത്യത്തിനുമെതിരെ ഉയര്‍ത്തിയ കരിങ്കൊടിപോലെ അവളുടെ കറുത്ത മുടിയിഴകള്‍ കാറ്റില്‍ പാറിക്കളിക്കുന്നു…’

ഇന്ത്യ ഝാന്‍സിറാണിയെ ആദരിക്കുന്നതുപോലെ കേരളം ആദരിക്കുന്ന ധീര സ്വാതന്ത്ര്യസമര പോരാളിയാണ് തിരുവിതാംകൂറിലെ ‘ഝാന്‍സിറാണി’ അക്കാമ്മ ചെറിയാന്‍. സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി പോരാടിയ ധീരവനിത! ക്രിസ്തുവെന്ന നേതാവിനെ അനുകരിച്ച്, മറ്റുള്ളവര്‍ക്കുവേണ്ടി, മരണത്തിനുമുമ്പില്‍ സധൈര്യം നിലകൊണ്ട ക്രൈസ്തവ നേതാവ്.

കാഞ്ഞിരപ്പള്ളിയിലെ പ്രശസ്തകുടുംബമായ കരിപ്പാപ്പറമ്പില്‍ തൊമ്മന്‍ ചെറിയാന്റെയും അന്നമ്മയുടെയും രണ്ടാമത്തെ മകളായി 1909 ല്‍ ജനിച്ച അക്കാമ്മ കാഞ്ഞിരപ്പള്ളി ഗവണ്‍മെന്റ്‌ഗേള്‍സ് ഹൈസ്‌കൂള്‍, ചങ്ങനാശേരി സെന്റ്‌ജോസഫ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. വിദ്യാഭ്യാസം അത്രയങ്ങ് പ്രോത്സാഹിപ്പിക്കപ്പെടാത്ത അക്കാലത്ത് എറണാകുളം സെന്റ്‌തേരേസാസ് കോളജില്‍നിന്ന് ബി.എ.യും പിന്നീട് എല്‍.ടി.യും പാസായി. കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂളില്‍ ഹെഡ്മിസ്ട്രസായി ജോലിചെയ്തുകൊണ്ട്, വീടുകളുടെ പിന്നാമ്പുറങ്ങളില്‍ മറഞ്ഞുകഴിഞ്ഞിരുന്ന പെണ്‍കുട്ടികള്‍ക്ക് പ്രചോദനവും മാതൃകയുമായിത്തീര്‍ന്നു.

വിദ്യ പകരുമ്പോഴും അവര്‍ക്കുള്ളില്‍ കത്തിക്കൊണ്ടിരുന്ന ഒരു കനലുണ്ടായിരുന്നു, സ്വതന്ത്രഭാരതം… അതു നേടണം, അവര്‍ തീരുമാനിച്ചു. സ്വാതന്ത്ര്യപ്രാപ്തി എന്ന ഏകലക്ഷ്യത്തിനുവേണ്ടി ഹെഡ്മിസ്ട്രസ് പദവി വലിച്ചെറിഞ്ഞ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്ക് എടുത്തുചാടി. പിതാവ് ചെറിയാനും സഹോദരിമാരായ റോസമ്മയും പെണ്ണമ്മയും സഹോദരന്‍ ചെറിയാനും ഒപ്പമിറങ്ങി. അതോടെ ‘ദി തിരുവിതാംകൂര്‍ സിസ്റ്റേഴ്‌സ് ഇന്‍ പൊളിറ്റിക്‌സ്’ എന്നപേരില്‍ അവര്‍ അതിവേഗം ഖ്യാതിനേടി.

1938 ലെ രാജധാനി മാര്‍ച്ചിനുശേഷം അനേകതവണ ഗവണ്‍മെന്റുമായി ഏറ്റുമുട്ടുകയും ധീരമായി അറസ്റ്റുവരിക്കുകയും ചെയ്തു. വട്ടിയൂര്‍ക്കാവില്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ ആദ്യ വാര്‍ഷികസമ്മേളനത്തിലും ക്വിറ്റ് ഇന്ത്യ സമരത്തിലും പങ്കെടുത്തതിനും സ്വതന്ത്ര തിരുവിതാംകൂര്‍ പ്രസ്ഥാനത്തെ എതിര്‍ത്തതിനുമെല്ലാം അവര്‍ക്ക് ജയില്‍വാസം അനുഭവിക്കേണ്ടിവന്നു. ജയിലില്‍ കഠിനമായ അപമാനത്തിനും ഭീഷണിക്കും വിധേയരായി. സഹതടവുകാരെക്കൊണ്ടുപോലും ഇവരെ അപമാനിക്കാന്‍ ജയിലധികൃതര്‍ മടിച്ചില്ല. ഭയാനകമായ ജയില്‍ജീവിതം അക്കാമ്മയുടെ ദേശസ്‌നേഹവും സ്വാതന്ത്ര്യസ്‌നേഹവും ആളിക്കത്തിക്കുകയാണു ചെയ്തത്, മങ്ങലേല്പിക്കുകയല്ല. തിരികെയെത്തിയ അവര്‍ മുറിവേറ്റ പെണ്‍സിംഹത്തെപ്പോലെ, പ്രവര്‍ത്തനങ്ങള്‍ പൂര്‍വാധികം ഊര്‍ജിതമാക്കി.

1947-ല്‍ സ്വാതന്ത്ര്യത്തിനു ശേഷം അക്കാമ്മ അസംബ്ലിയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മന്ത്രിസഭയിലേക്ക് നിര്‍ദേശിക്കപ്പെട്ടപ്പോള്‍ സഹപ്രവര്‍ത്തകയായ ആനി മസ്‌ക്രീനാണ് തന്നേക്കാള്‍ യോഗ്യയെന്ന് നിര്‍ദേശിച്ച് കരഗതമായ മന്ത്രിസ്ഥാനവും സഹപ്രവര്‍ത്തകയ്ക്കുവേണ്ടി ത്യജിക്കുകയാണുണ്ടായത്. അങ്ങനെ, ക്രിസ്തുവിന്റെ കട്ടഫാനായിരുന്ന അക്കാമ്മ, ക്രിസ്തുസ്‌നേഹത്തിന്റെ തീവ്രമാതൃകയായി… നമുക്ക് സമഗ്രമായ സ്വാതന്ത്ര്യം നല്കാന്‍ സ്വജീ വന്‍ ബലിയര്‍പ്പിച്ച യേശുവാണ് എല്ലാ സ്വാതന്ത്ര്യസമര സേനാനികളുടെയും പിതാവ്, ക്രിസ്തുവാണ് ഏറ്റവുംവലിയ സ്വാതന്ത്ര്യസമര പോരാളി എന്ന് സുറിയാനി കത്തോലിക്കയായ അക്കാമ്മ കൂടെക്കൂടെ പറയുമായിരുന്നു. യേശു തന്നെ അക്കാമ്മയുടെ ആരാധ്യനായ മാതൃകാനേതാവും. അതിനാലാണ് സ്വരാജ്യരക്ഷക്ക് യേശുവിന്റെ അഹിംസാമാര്‍ഗം സ്വീകരിച്ചതും.

അകത്തളങ്ങളില്‍ ഒതുങ്ങിക്കൂടിയ സ്ത്രീസമൂഹത്തില്‍നിന്നും പുറത്തിറങ്ങി, വിദ്യാഭ്യാസംനേടി, സ്വാതന്ത്ര്യസമരത്തില്‍ പ്രധാനപങ്കുവഹിച്ച്, ചരിത്രത്തില്‍ ഇടംനേടിയ കേരളാ ഝാന്‍സിറാണി, 1982 മെയ് അഞ്ചിന് അന്തരിച്ചെങ്കിലും ഭാരതസ്വാതന്ത്ര്യ പോരാട്ട ചരിത്രത്തിലെ ഇതിഹാസ കഥാപാത്രമായി എക്കാലവും തിളങ്ങും. അധികാരക്കസേരയേക്കാള്‍ സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും മകുടമണിഞ്ഞ്, സമരമുഖത്ത് കത്തിനിന്ന അക്കാമ്മ ചെറിയാന്റെ പ്രതിമ ഇന്നും ശിരസുയര്‍ത്തി നില്പ്പുണ്ട്, രാജഭവനു എതിര്‍ഭാഗത്ത്.

സ്വാതന്ത്ര്യദിന ചിന്തകളിലൂടെ കടന്നുപോയപ്പോള്‍, സ്വാതന്ത്ര്യലബ്ധിക്കുവേണ്ടി ജീവനും ജീവിതവും വലിച്ചെറിഞ്ഞിട്ടുകൊടുത്ത ക്രൈസ്തവര്‍ക്കെതിരെ ഭാരതവും കേരളവും ഇന്ന് നിലപാടുകളെടുക്കുന്നുവല്ലോ എന്ന് ഞെട്ടലോടെ ഓര്‍ത്തുപോയി. അതാണ് ഈ കുറിപ്പിലേക്ക് നയിച്ചത്. ക്രൈസ്തവര്‍ ഭാരതത്തിനും കേരളത്തിനും നല്കിയ അതുല്യസംഭാവനകളെ മനഃപൂര്‍വം മറക്കാനും മറപ്പിക്കാനും മറച്ചുപിടിക്കാനും തല്‍പരര്‍ ആവേശംകാണിക്കുന്നുവെന്നു ഈ സാഹചര്യത്തില്‍ നാം അധികം ഓര്‍മിക്കേണ്ടിയിരിക്കുന്നു. പ്രമുഖ ബ്രിട്ടീഷ് മാധ്യമം ബിബിസിപോലും ചോദിച്ചു, ഇന്ത്യക്കാരെ നിങ്ങള്‍ ഇതു മറന്നുപോകുന്നതെന്തേ..?

ജനസംഖ്യയില്‍ 2.3% മാത്രമുള്ള ക്രൈസ്തവര്‍ ഭാരത സ്വാതന്ത്ര്യത്തിനായി നടത്തിയ പരിശ്രമങ്ങളും ത്യാഗങ്ങളും, നേതാക്കളും ചില ചരിത്രകാരന്മാരും ചരിത്രത്തില്‍ അജ്ഞരായ പുതുതലമുറയും വിസ്മരിക്കുന്നു എന്നത് ഖേദകരമാണ്. ഭാരതത്തിന്റെ സ്വാതന്ത്ര്യമുന്നേറ്റത്തില്‍ ക്രൈസ്തവരുടെ സംഭാവനകളെക്കുറിച്ച് സംശയലേശമന്യേ സമര്‍ത്ഥിക്കുവാന്‍ പുതുതലമുറയ്ക്ക് സാധിക്കാതെ വരുന്നത് അറിവില്ലായ്മ മൂലമാണെന്ന് സമ്മതിേക്കണ്ടിവരുന്നു. ക്രൈസ്തവരോളം സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത മറ്റൊരു സമൂഹം കേരളത്തില്‍ ഇല്ലതന്നെ. അതിന് ചരിത്രം സാക്ഷി! ക്രൈസ്തവര്‍ ബ്രിട്ടീഷുകാര്‍ക്കൊപ്പമായിരുന്നു എന്നൊക്കെ ചിലര്‍ ബോധപൂര്‍വം ആരോപിച്ചത് ക്രൈസ്തവവിദ്വേഷംകൊണ്ടുമാത്രമാണ്. സമുദായത്തെയോ രാഷ്ട്രത്തെയോ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കായി വഞ്ചിച്ച ഒരു ക്രൈസ്തവനെപ്പോലും ചരിത്രത്തില്‍ കണ്ടെത്താനാവില്ല.

വാക്കുകൊണ്ടല്ല പ്രവൃത്തികൊണ്ട് ധീരതയും സ്‌നേഹവും പ്രകടിപ്പിച്ചവരാണ് സ്വതന്ത്രഭാരതത്തിനുവേണ്ടി പോരാടിയ അക്കാമ്മ ചെറിയാനെപ്പോലെയുള്ള കേരളക്രൈസ്തവര്‍. കേരളത്തിന്റെ ‘ജോവാന്‍ ഓഫ് ആര്‍ക്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അക്കാമ്മ ചെറിയാന്‍, ഭാരതസ്വാതന്ത്ര്യലബ്ധിക്ക് ക്രൈസ്തവകേരളത്തിന്റെ അതുല്യസമ്മാനമാണ്. വാക്കു കള്‍കൊണ്ടുമാത്രം വിപ്ലവംസൃഷ്ടിക്കുന്ന ഇന്നത്തെ സമൂഹം അനുകരിക്കേണ്ട പെണ്‍കരുത്ത്, 1972ല്‍ ഭാരതസര്‍ക്കാര്‍ താമ്രപത്രം നല്‍കി ആദരിച്ച സ്ത്രീരത്‌നം…!

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?