Follow Us On

27

April

2024

Saturday

നേപ്പാളിലെ ആദ്യ വൈദികന്‍

നേപ്പാളിലെ  ആദ്യ വൈദികന്‍

രഞ്ജിത്ത് ലോറന്‍സ്

ഫാ. പയസ് പെരുമന ചായ കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആ മഹാത്ഭുതം നടന്നത്. അവിടെ മരിച്ചു കിടന്നിരുന്ന മനുഷ്യന്‍ എഴുന്നേറ്റ് വന്ന് അവരോടൊപ്പമിരുന്നു. തുടര്‍ന്ന് ആ മനുഷ്യന്‍ അച്ചനോട് ഇങ്ങനെ പറഞ്ഞു- ”ഫാദര്‍, എന്റെ ആത്മാവ് ശരീരം വിട്ടുപോയിരുന്നു. ശരീരം നിലത്ത് കിടത്തിയിരിക്കുന്നതും അച്ചന്‍ വന്ന് പ്രാര്‍ത്ഥിക്കുന്നതുമൊക്കെ ഞാന്‍ കാണുന്നുണ്ടായിരുന്നു. വളരെ സന്തോഷം തരുന്ന ഒരു പ്രകാശത്തിന്റെ അനുഭവത്തിലായിരുന്നു ഞാന്‍. പെട്ടന്ന്‌ എന്നോട് തിരിച്ചുപോകണമെന്ന് പറയുകയും ഞാന്‍ മടങ്ങിവരുകയുമായിരുന്നു.”

2004 ഡിസംബര്‍ മാസത്തിലെ നല്ല തണുപ്പുള്ള ഒരു വൈകുന്നേരമാണ് നേപ്പാളില്‍ ശുശ്രൂഷ ചെയ്യുന്ന ഫാ. പയസ് പെരുമനയുടെ മുറിക്ക് പുറത്ത് വന്ന മൂന്ന് പേര്‍ തങ്ങളോടുകൂടെ വരണമെന്ന് അച്ചനോട് ആവശ്യപ്പെടുന്നത്. മാവോയിസ്റ്റുകളുടെ പ്രശ്‌നങ്ങള്‍ ഉളളതിനാലും വന്നവരെ പരിചയമില്ലാത്തതിനാലും പയസച്ചന്‍ ആദ്യം ഒന്നു മടിച്ചു. എന്നാല്‍ അസുഖബാധിതയായ ഒരു വ്യക്തിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനാണ് വിളിക്കുന്നതെന്ന് മനസിലായപ്പോള്‍ സമീപത്തെ അഡോറേഷന്‍ കോണ്‍വെന്റിലുള്ള മെഡിക്കല്‍ പരിശീലനം ലഭിച്ച സന്യാസിനിയെയും കൂടെ കൂട്ടി അച്ചന്‍ അവരോടൊപ്പം യാത്രതിരിച്ചു.

അവര്‍ കൂട്ടിക്കൊണ്ടു ചെന്ന വീട്ടില്‍ മരണാസന്നനായ ഒരു വ്യക്തിയെ നിലത്ത് കിടത്തിയിരുന്നു. വായില്‍ കൂടെ നുരയും പതയുമൊക്കെ വരുന്നുണ്ട്. ചുറ്റും ഭാര്യയുള്‍പ്പെടെ ചില സ്ത്രീകളിരുന്ന് കരയുന്നു. ഈ മനുഷ്യന്‍ പെട്ടന്ന് ബോധം കെട്ടു പോയതാണെന്നും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കൂടെയുണ്ടായിരുന്ന സിസ്റ്റര്‍ പള്‍സ് പിടിച്ചുനോക്കിയിട്ട് പെട്ടന്ന് ആശുപത്രിയില്‍ കൊണ്ടുപോയില്ലെങ്കില്‍ രക്ഷപെടാന്‍ സാധ്യതയില്ലെന്ന് പറഞ്ഞു. എന്നാല്‍ മാവോയിസ്റ്റ് ഭീഷണി ഉള്ളതിനാല്‍ ആ സമയത്ത് ഏതെങ്കിലും ആശുപത്രിയില്‍ കൊണ്ടുപോവുക അസാധ്യമായ കാര്യമായിരുന്നു.

ഏതായാലും പ്രാര്‍ത്ഥിക്കാമെന്ന് പറഞ്ഞ് പയസ് അച്ചന്‍ പ്രാര്‍ത്ഥിക്കുകയും ഹന്നാന്‍ വെളളം തളിക്കുകയും ചെയ്തു. എന്നാല്‍ പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല. ആ വ്യക്തി മരിച്ചതുപോലെ അവിടെ കിടക്കുകയാണ്. സിസ്റ്റര്‍ ഒന്നുകൂടെ പള്‍സ് പിടിച്ചുനോക്കിയിട്ട് ആള് മരിച്ചെന്നാണ് തോന്നുന്നതെന്നും പള്‍സ് ഇല്ലെന്നും പറഞ്ഞു. എന്തെങ്കിലും അത്ഭുതം പ്രവര്‍ത്തിച്ച് ആ വ്യക്തിയെ രക്ഷിക്കുമെന്ന പ്രതീക്ഷയോടെ അവിടെ കൂടിയിരുന്ന എല്ലാവരും അച്ചന്റേ മുഖത്തേക്ക് ഉറ്റു നോക്കിയിരിക്കുകയാണ്.

പെട്ടന്നുണ്ടായ ഒരു പ്രചോദനമനുസരിച്ച് അച്ചന്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു – ‘ദൈവമേ ഇവിടെ കൂടിയിരിക്കുന്നവര്‍ മുഴുവന്‍ ഹൈന്ദവ വിശ്വാസികളാണ്. പ്രാര്‍ത്ഥന കേട്ട് ഈ മനുഷ്യനെ സുഖപ്പെടുത്തിയില്ലെങ്കില്‍ ഞങ്ങളെക്കാള്‍ വലിയ നാണക്കേട് അങ്ങേക്കാണ്.’ ഇങ്ങനെ പ്രാര്‍ത്ഥിച്ചുകൊണ്ട് എല്ലാവരെയും ചേര്‍ത്ത് സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന ഹൃദയം നുറുങ്ങി ഒരിക്കല്‍ കൂടെ ചൊല്ലി പ്രാര്‍ത്ഥിച്ചു. തുടര്‍ന്നാണ് അവര്‍ അച്ചനും കൂടെയുള്ള സിസ്റ്ററിനും ചായ കുടിക്കാന്‍ കൊടുത്തതും മേല്‍ വിവരിച്ച അത്ഭുതം നടക്കുന്നതും. മരണത്തിന്റെയും ജീവിതത്തിന്റെയും ഇടനാഴിയിലൂടെ നടന്ന ആ മനുഷ്യന്‍ ഒരു ഗാര്‍ഡും ആ കുടുംബത്തിലെ മുത്ത മകന്‍ പട്ടാളക്കാരനുമായിരുന്നു. പിന്നീട് ആ കുടുംബം മുഴുവന്‍ – മൂന്ന് ആണ്‍മക്കളും അപ്പനും അമ്മയും – മാമ്മോദീസാ സ്വീകരിച്ച് ക്രൈസ്തവ വിശ്വാസത്തിലേക്ക് വന്നു.

മരിച്ചവരെപ്പോലും ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരുവാനും അതുവഴി ക്രിസ്തുവിന്റെ സ്‌നേഹത്തിലേക്ക് നയിക്കാനും ദൈവം ഉപകരണമാക്കിയ ഫാ. പയസ് പെരുമന നേപ്പാള്‍ രൂപതയിലെ ആദ്യ വൈദികനാണ്. നേപ്പാള്‍ രൂപതയ്ക്കുവേണ്ടി വൈദികപട്ടം സ്വീകരിച്ച ആദ്യ വൈദികന്‍ നേപ്പാള്‍ സ്വദേശിയല്ല, മറിച്ച് ഒരു മലയാളിയാണെന്നത് മലയാളികളായ ഏവര്‍ക്കും അഭിമാനിക്കാവുന്ന കാര്യമാണ്. ജസ്യൂട്ട് സഭയുടെ കീഴിലും പിന്നീട് ഉദയപൂര്‍ രൂപതയുടെ കീഴിലും സെമിനാരി പഠനം നടത്തിയെങ്കിലും വ്യത്യസ്തമായ അനുഭവങ്ങളിലൂടെ നയിച്ചുകൊണ്ട് നേപ്പാള്‍ രൂപതയിലെ ആദ്യ അഭിഷിക്തനാകുന്നതിനായി ദൈവം അദ്ദേഹത്തെ തിരഞ്ഞെടുത്ത് ഒരുക്കുകയായിരുന്നു.

നാല് അംഗരക്ഷകരുടെ നടുവില്‍
പയസച്ചന്‍ ഗോദാവരിയില്‍ ആയിരിക്കുന്ന സമയത്താണ് ജോണ്‍ പ്രകാശ് എന്ന സലേഷ്യന്‍ വൈദികനെ ഹൈന്ദവ മൗലികവാദ സംഘടനയിലെ ആളുകള്‍ വെടിവെച്ചു കൊലപ്പെടുത്തിയത്. അവര്‍ ഫാ. ജോണ്‍ പ്രകാശിന്റെ ഫോണ്‍ എടുത്തുകൊണ്ടുപോയി അദ്ദേഹത്തിന്റെ കോണ്ടാക്റ്റ് ലിസ്റ്റിലുണ്ടായിരുന്ന ഫാ. പയസിനെ നിരന്തരം ഭീഷണിപ്പെടുത്താന്‍ തുടങ്ങി. ഭീഷണി കൂടി വന്നപ്പോള്‍ ഗവണ്‍മെന്റ് തന്നെ നാല് സായുധ പോലീസുകാരെ മൂന്ന് മാസത്തോളം അദ്ദേഹത്തിന്റെ കാവലിനായി ഏര്‍പ്പെടുത്തി. പോലീസിനെ പിന്‍വലിക്കുന്നതിന് മുമ്പ് രഹസ്യാന്വേഷണ വിഭാഗം പ്രദേശത്ത് അന്വേഷണം നടത്തുകയും ഫാ. പയസിന് ഒന്നും സംഭവിക്കുകയില്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്തു. ഹൈന്ദവ വിശ്വാസിയാണെങ്കിലും ക്രിസ്ത്യാനിയാണെങ്കിലും ആ നാട്ടിലുള്ളവര്‍ ഫാ. പയസിനെ പിന്തുണയ്ക്കുന്നവരാണെന്നും പ്രദേശവാസികളുടെ പിന്തുണയില്ലാതെ ഒരു തീവ്രവാദിക്കും അവിടെ കടന്നുവന്ന് ഫാ. പയസിനെ ഒന്നും ചെയ്യാനാവില്ലെന്നുമാണ് അവര്‍ പറഞ്ഞത്.

മറക്കാനാവാത്ത ഭൂകമ്പം
2011 – 2016 വരെ കാരിത്താസ് നേപ്പാളിന്റെ ഡയറക്ടറായും 2011 – 2018 വരെ കാരിത്താസ് ഏഷ്യയുടെ ലീഗല്‍ അഫയേഴ്‌സ് ഡയറക്ടറായും 2011 -2018 വരെ കാരിത്താസ് ഇന്റര്‍നാഷണലിന്റെ ലീഗല്‍ അഫയേഴ്‌സ് കമ്മീഷനിലും ഫാ. പയസ് സേവനം ചെയ്തു. വളരെയധികം ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്ന നിരവധിയാളുകളെ പല പ്രൊജക്ടുകളിലൂടെ സഹായിക്കാന്‍ സാധിച്ചു എന്നതാണ് കാരിത്താസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഓര്‍മിക്കുമ്പോള്‍ ഫാ. പയസിനെ സന്തോഷിപ്പിക്കുന്നത്.

ഫാ. പയസ് കാരിത്താസ് നേപ്പാളിന്റെ ഡയറക്ടറായിരുന്ന സമയത്താണ് നേപ്പാളില്‍ വലിയ ഭൂകമ്പമുണ്ടായത്. കണ്‍മുന്നില്‍ വലിയ കെട്ടിടങ്ങള്‍ ഇടിഞ്ഞുവീഴുന്നതും കെട്ടിടങ്ങളുടെ അടിയില്‍ പെട്ട ആളുകളുടെ നിലവിളികളും ആളുകള്‍ മരിച്ചു കിടക്കുന്ന രംഗങ്ങളും ഇന്നും പച്ചകെടാതെ പയസച്ചന്റെ മുമ്പിലുണ്ട്. കാലാവസ്ഥ പ്രതികൂലമായിരുന്നെങ്കിലും ഉള്ള സ്റ്റാഫുമായി അന്നുതന്നെ തുടങ്ങിയ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഊണും ഉറക്കവുമില്ലാതെ മാസങ്ങള്‍ നീണ്ടു. വളരെ കുറച്ചു കത്തോലിക്കര്‍ മാത്രമുള്ള ഈ രാജ്യത്ത് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത് കാരിത്താസ് തന്നെയായിരുന്നു.

റെഡ് ക്രോസിന് ശേഷം ഏറ്റവും കൂടുതല്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തിയ സംഘടനയായ കാരിത്താസിന്റെ പ്രവര്‍ത്തനങ്ങള്‍ ഗവണ്‍മെന്റിന്റെ പ്രശംസക്ക് കാരണമായി. എല്ലാം നഷ്ടപ്പെട്ട് തെരുവില്‍ അന്തിയുറങ്ങേണ്ടി വന്ന ജനതയ്ക്കായി അന്ന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ അജപാലനജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായി ഫാ. പയസ് ഇന്നും കാത്തുസൂക്ഷിക്കുന്നു. ഭൂകമ്പത്തെ തുടര്‍ന്ന് ഫാ. പയസിന്റെ നേതൃത്വത്തില്‍ കാരിത്താസ് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ വെളിച്ചത്തില്‍ ഐക്യരാഷ്ട്രസഭ ജനീവയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ഒരു മതസംഘടനക്ക് എങ്ങനെ അടിയന്തിര രക്ഷാപ്രവര്‍ത്തനം/സന്നദ്ധപ്രവര്‍ത്തനം നടത്താമെന്ന വിഷയത്തില്‍ പ്രസംഗിക്കാനും ഫാ. പയസിന് അവസരം ലഭിച്ചു.

ദൈവത്തിന്റെ തിരഞ്ഞെടുപ്പ്
ഭരണങ്ങാനം പഞ്ചായത്തിലെ ഉള്ളനാട്ടിലാണ് ഫാ. പയസ് പെരുമന ജനിച്ചത്. പ്രവിത്താനം സെന്റ് മൈക്കിള്‍സ് ഹൈസ്‌കൂളില്‍ നിന്ന് പത്താം ക്ലാസും പാലാ സെന്റ് തോമസ് കോളേജില്‍ നിന്ന് പ്രീഡിഗ്രിയും പാസായി. ഹൈസ്‌കൂളില്‍ പഠിക്കുന്ന സമയത്ത് പ്രവിത്താനം ഇടവകയില്‍ ഉണ്ടായിരുന്ന റിട്ടയേര്‍ഡ് വൈദികനായ പുളിയിനാനിക്കല്‍ അച്ചനും പത്താം ക്ലാസിലായിരുന്ന സമയത്ത് വേദപാഠം പഠിപ്പിക്കാന്‍ വന്നിരുന്ന കൊച്ചച്ചന്റെ ക്ലാസുകളും ജീവിതവും വൈദിക ജീവിതാന്തസ് തിരഞ്ഞെടുക്കുവാന്‍ തനിക്ക് പ്രചോദനമായതായി ഫാ. പയസ് ഓര്‍മിക്കുന്നു.

ഉത്തരേന്ത്യയില്‍ മിഷനറിയായി സേവനം ചെയ്യുവാനുള്ള ആഗ്രഹം വീട്ടിലവതരിപ്പിച്ചപ്പോള്‍ ജസ്യൂട്ട് സഭയില്‍ ചേരുന്നതായിരിക്കും നല്ലതെന്നാണ് പയസച്ചന്റെ ചാച്ചന്‍ അഭിപ്രായപ്പെട്ടത്. അങ്ങനെയാണ് അഹമ്മദബാദിലെ സെന്റ് സേവ്യേഴ്‌സ് കോളജില്‍ ഡിഗ്രി പഠനത്തിനായി ചേരുന്നത്. ഡിഗ്രി പഠിക്കുന്ന സമയത്ത്, 1981-ല്‍ പയസച്ചന് പ്രത്യേകമായ ഒരു ദൈവാനുഭവമുണ്ടായി. അന്നുമുതല്‍ ഇന്നുവരെ തന്റെ ദൈവവിളിയെക്കുറിച്ച് യാതൊരു സംശയവും ഉണ്ടായിട്ടില്ലെന്ന് ഫാ. പയസ് പെരുമന പറയുന്നു. ആദ്യം ജസ്യൂട്ട് സഭയിലും പിന്നീട് ഉദയപൂര്‍ രൂപതയുടെ കീഴിലും സെമിനാരി പഠനം നടത്തിയ പയസ് 1993-ല്‍ തിയോളജി പഠനം പൂര്‍ത്തീകരിച്ച് നേപ്പാളില്‍ എത്തി. പിന്നീട് ഒരു വര്‍ഷത്തോളം ഈസ്റ്റ് നേപ്പാളിലും വെസ്റ്റ് നേപ്പാളിലും അധ്യാപകനായി സേവനം ചെയ്ത ആദ്ദേഹം 1994 മാര്‍ച്ച് 19 ന് ധമക്ക് എന്ന സ്ഥലത്ത് വച്ച് നേപ്പാള്‍ രൂപതയിലെ ആദ്യ വൈദികനായി അഭിഷിക്തനായി.

രാജ്യം മുഴുവന്റെയും വികാരി
1983-ലാണ് വത്തിക്കാനും നേപ്പാളുമായുള്ള നയതന്ത്രമബന്ധത്തിന് തുടക്കം കുറിക്കുന്നത്. പിന്നീട് ബിഷപ്പായ ഫാ. ശര്‍മയെയാണ് അന്ന് എക്ലേസിയാസ്റ്റിക്കല്‍ സുപ്പീരിയറായി നിയമിച്ചത്. നേപ്പാള്‍ സഭയുടെ വളര്‍ച്ചയുടെ ഒരു പുതിയ കാലമായിരുന്നു അത്. 1984-ല്‍ ഫാ. ശര്‍മ ചാര്‍ജെടുത്തപ്പോള്‍ രൂപതക്ക് ഒരു വൈദികന്‍ പോലുമില്ലായിരുന്നു. 1991 -ല്‍ നേപ്പാളില്‍ പുതിയ ഭരണഘടന നിലവില്‍ വന്നു. അതോടെ കുറച്ചൊക്കെ മതസ്വാതന്ത്ര്യം ലഭിച്ചു. അതുകഴിഞ്ഞാണ് നേപ്പാള്‍ സഭ വളരാന്‍ ആരംഭിക്കുന്നത്. 1994-ല്‍ നേപ്പാള്‍ മുഴുവന്‍ ഒറ്റ ഇടവകയായിരുന്നപ്പോള്‍ കാഠ്മണ്ഠു ആസ്ഥാനമായുള്ള ആ ഇടവകയുടെ വികാരിയായി ഫാ. പയസ് നിയമിതനായി. ആ സമയത്താണ് കാഠ്മണ്ഠുവിലെ അസംപ്ഷന്‍ ചര്‍ച്ച് പണികഴിപ്പിച്ചത്. ആദ്യം മുതല്‍ മോണ്‍. ശര്‍മയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ച ഫാ. പയസ്, ശര്‍മ ബിഷപ്പായപ്പോഴും ആ ദൗത്യം തുടര്‍ന്നു. എക്ലേസിയാസ്റ്റിക്കല്‍ ഡെലഗേറ്റ്, പ്രോ പ്രീഫെക്ട്, പ്രോ വികാര്‍, ചാന്‍സലര്‍, സെമിനാരി ഫോര്‍മേറ്റര്‍, മൈനര്‍ സെമിനാരി ഡയറക്ടര്‍ എന്നിങ്ങനെ പല ചുമതലകളും വഹിച്ചു. പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ച ഫാ. പയസ് അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഗോദാവരിയില്‍ ഫാ. പയസിന്റെ നേതൃത്വത്തില്‍ മിഷന്‍ കേന്ദ്രം ആരംഭിച്ചപ്പോള്‍ പത്ത് ക്രൈസ്തവര്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. അദ്ദേഹം അവിടെ നിന്ന് പോരുന്ന സമയമായപ്പോഴേക്കും ക്രൈസ്തവരുടെ സംഖ്യ 500 ആയി ഉയര്‍ന്നു. പ്രാര്‍ത്ഥന വഴി നിരവധി രോഗികള്‍ സൗഖ്യമായതിന്റെയും ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നുവന്നതിന്റെയും നൂറ് നൂറ് അനുഭവങ്ങളാണ് ഫാ. പയസിന് പറയാനുള്ളത്. ഗോദാവരി മിഷന്റെ ചുമതലയുണ്ടായിരുന്ന സമയത്ത് എല്ലാ ചൊവ്വാഴ്ചകളിലും വെള്ളിയാഴ്ചകളിലും ആരാധന നടത്തിയിരുന്നു. ഈ ആരാധനയില്‍ നിരവധി പേര്‍ സൗഖ്യമാവുകയും അങ്ങനെ വിശ്വാസം സ്വീകരിക്കുകയും ചെയ്തു.

അത്ഭുത രോഗസൗഖ്യം
2008 ല്‍ മദര്‍ തെരേസയുടെ മധ്യസ്ഥതയില്‍ സംഭവിച്ച ഒരു അത്ഭുതം പയസച്ചന്‍ ഇന്നും ഓര്‍മിക്കുന്നു. പ്രമീള ദേവി എന്ന് പേരുള്ള ഒരു സ്ത്രീ കാന്‍സര്‍ ബാധിതയായി വളരെ ഗുരതരമായ അവസ്ഥയിലായിരുന്നു. റേഡിയേഷനും കീമോതെറാപ്പിയുമൊക്കെ കഴിഞ്ഞിരുന്ന ആ സ്ത്രീയുടെ അടുക്കല്‍ പ്രാര്‍ത്ഥിക്കുന്നതിനായി പയസ് അച്ചനും ബിഷപ് ശര്‍മയും കൂടെ ചെന്നു. ബിഷപ് ശര്‍മയുടെ പക്കല്‍ മദര്‍ തെരേസയുടെ രക്തം അടങ്ങിയ ഒരു തിരുശേഷിപ്പ് ഉണ്ടായിരുന്നു.

അതുവച്ച് ബിഷപ് ആശീര്‍വാദം നല്‍കി. ആ തിരുശേഷിപ്പ് തനിക്ക് രണ്ട് മൂന്ന് ദിവസത്തേക്ക് പ്രാര്‍ത്ഥിക്കുന്നതിനായി നല്‍കാമോ എന്ന പ്രമീളാ ദേവിയുടെ അഭ്യര്‍ത്ഥന സ്വീകരിച്ച് അത് മൂന്ന് ദിവസത്തേക്ക് അവര്‍ക്ക് നല്‍കി. ആ പ്രാര്‍ത്ഥനയിലൂടെ പ്രമീള ദേവിക്ക് പൂര്‍ണമായ സൗഖ്യം ലഭിച്ചു. 2008 മുതല്‍ ഇപ്പോള്‍വരെ യാതൊരു പ്രശ്‌നവും ഇല്ലാതിരിക്കുന്നു. മദര്‍ തെരേസയുടെ നാമകരണ നടപടികളുടെ ചുമതലയുള്ള ഫാ. ബ്രയന്‍ അവിടെ എത്തി ഇതിനെക്കുറിച്ച് പഠിക്കുകയും മദര്‍ തെരേസയുടെ നാമകരണനടപടികള്‍ക്ക് ഈ അത്ഭുതം കൂടെ ഉപയോഗപ്പെടുത്താമെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. പിന്നീട് പല കാരണങ്ങള്‍ക്കൊണ്ട് അത് നടന്നില്ലെങ്കിലും ആ അത്ഭുതത്തിന്റെ സാക്ഷിയായി പ്രമീള ദേവി ഇന്നും ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നു.

എവറസ്റ്റിന്റെ ദേശത്തേക്ക് സ്വാഗതം
മഞ്ഞുമൂടിക്കിടക്കുന്ന ഹിമാലയന്‍ മലനിരകളാണ് നേപ്പാളിന്റെ വടക്ക് ടിബറ്റിനോട് ചേര്‍ന്നുള്ളത്. 12 മാസങ്ങളിലും ഇവിടെ മഞ്ഞ് മൂടി കിടക്കുന്നു. നടുഭാഗം ചെറിയ മലനിരകളാണ്. അവിടെ തണുപ്പ് കാലത്ത് നല്ല തണുപ്പുണ്ടാകുമെങ്കിലും വാസയോഗ്യമാണ്. താഴെ ഇന്ത്യയോട് ചേര്‍ന്ന് കിടക്കുന്ന ഭാഗം താരായി എന്ന് പറയുന്നു. ഇവിടെ ആളുകള്‍ കൃഷി ചെയ്തു ജീവിക്കുന്നു.

മൂന്ന് കോടിയോളം ജനങ്ങള്‍ വസിക്കുന്ന നേപ്പാള്‍ രാജഭരണകാലത്ത് ഹിന്ദു രാഷ്ട്രമായിരുന്നെങ്കിലും 2016-ല്‍ പ്രാബല്യത്തില്‍ വന്ന പുതിയ ഭരണഘടനയോടെ അത് മതേതര ജനാധിപത്യ രാജ്യമായി മാറി. കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും 40 ശതമാനത്തിലധികം വരുന്ന ഹൈന്ദവര്‍ തന്നെയാണ് ഇവിടെ ഏറ്റവും കൂടുതലുള്ള മതവിഭാഗം. രണ്ടാം സ്ഥാനത്തുള്ളത് ബുദ്ധമതവിശ്വാസികളാണ്. ക്രൈസ്തവരെ കൂടാതെ ഇസ്ലാം മതവിശ്വാസികളും ആനിമിസ്റ്റുകളും ഇവിടെ ഉണ്ട്. മതപീഡനം പല സമയത്തും ചെറിയ തോതില്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഉത്തരേന്ത്യയില്‍ പല സ്ഥലങ്ങളിലും സംഭവിക്കുന്നത് പോലെയുള്ള പ്രശ്‌നങ്ങളൊന്നും ഇവിടെ ഇല്ലെന്ന് കഴിഞ്ഞ 30 വര്‍ഷത്തോളമായി ഇവിടെയായിരിക്കുന്ന ഫാ. പയസ് പറയുന്നു. ഇന്ന് നേപ്പാളില്‍ 76 ജില്ലകള്‍ ഉള്ളതില്‍ 25 ജില്ലകളിലെങ്കിലും കത്തോലിക്കാസഭയുടെ സാന്നിധ്യമുണ്ട്. നേപ്പാളിലെ ആളുകള്‍ വളരെ തുറവിയുള്ളവരാണെന്നും എന്നാല്‍ ദൈവവിളിയുടെ കുറവ് ഒരു പ്രശ്‌നമാണെന്നും ഫാ. പയസ് പറഞ്ഞു. ഏഴാം നൂറ്റാണ്ടുമുതല്‍ മലയാളികളുടെ സാന്നിധ്യം ഉള്ള നേപ്പാളില്‍ മിഷന്‍ ശുശ്രൂഷ ചെയ്യുന്നതിനായി യുവജനങ്ങളെ ക്ഷണിക്കുകയാണ് നേപ്പാള്‍ ദേശത്തെ ആദ്യ ദൈവവിളിക്ക് ‘യേസ്’ പറഞ്ഞ ഈ വൈദികന്‍.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?