Follow Us On

22

December

2024

Sunday

നെല്ലിക്കുന്നേല്‍ കുടുംബത്തില്‍ ഇനി രണ്ട് ബിഷപ്പുമാര്‍

നെല്ലിക്കുന്നേല്‍ കുടുംബത്തില്‍ ഇനി രണ്ട് ബിഷപ്പുമാര്‍

ഇടുക്കി: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ സീറോമലബാര്‍ രൂപതയുടെ അധ്യക്ഷനായി ഫാ. മാത്യു നെല്ലിക്കുന്നേല്‍ ഉയര്‍ത്തപ്പെടുമ്പോള്‍ ഒരേ കാലഘട്ടത്തില്‍ സഹോദരങ്ങള്‍ ബിഷപ്പുമാരാകുന്ന അപൂര്‍വസംഭവത്തിന് സാക്ഷിയാകുകയാണ് സീറോമലബാര്‍ സഭ. ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ ജേഷ്ഠനാണ് നിയുക്ത മെത്രാന്‍. കോതമംഗലം രൂപതയുടെ മെത്രാനായിരുന്ന മാര്‍ ജോര്‍ജ് പുന്നക്കോട്ടിലില്‍നിന്ന് 1998 ഡിസംബര്‍ 30-ന് ഇരുവരും ഒരുമിച്ചായിരുന്നു പൗരോഹിത്യം സ്വീകരിച്ചതെന്നൊരു പ്രത്യേകതയുമുണ്ട്. രണ്ടു മക്കള്‍ വൈദിക മേലധ്യക്ഷ പദവിയിലേക്ക് എത്തിയതില്‍ ദൈവത്തിന് നന്ദിപറയുകയാണ് അമ്മ മേരി.

എല്ലാം ദൈവാനുഗ്രഹം എന്നായിരുന്നു അമ്മയുടെ പ്രതികരണം. അഭിഭാഷകനായ ഇളയ മകന്‍ അനീഷ് ജോര്‍ജിനും കുടുംബത്തോടുമൊപ്പം ഇടുക്കി, മരിയാപുരത്തെ തറവാട്ടുവീട്ടിലാണ് ഇപ്പോള്‍ മേരി. ഈ അനുഗ്രഹങ്ങളില്‍ സ്വര്‍ഗത്തിലിരുന്ന് ചാച്ചന്‍ സന്തോഷിക്കുന്നുണ്ടാകുമെന്നും ആ അമ്മ കൂട്ടിച്ചേര്‍ത്തു. 2014 ഓഗസ്റ്റ് 27-നാണ് ഭര്‍ത്താവ് വര്‍ക്കി നെല്ലിക്കുന്നേല്‍ നിത്യസമ്മാനത്തിനായി യാത്രയായത്.
ദൈവവിളികള്‍കൊണ്ട് സമ്പന്നമാണ് നെല്ലിക്കുന്നേല്‍ കുടുംബം. വര്‍ക്കി-മേരി ദമ്പതികളുടെ അഞ്ചുമക്കളില്‍ മൂന്നുപേരും സമര്‍പ്പിത ജീവിതമാണ് തിരഞ്ഞെടുത്തത്. ദിവ്യകാരുണ്യ ആരാധനാസഭാംഗമായ ഏക മകള്‍ സിസ്റ്റര്‍ ടെസീന ഇപ്പോള്‍ കാമാക്ഷി കോണ്‍വെന്റ് അംഗവും തങ്കമണി സെന്റ് തോമസ് സ്‌കൂളിലെ അധ്യാപികയുമാണ്. മറ്റൊരു മകന്‍ റെജി ജോര്‍ജ് കട്ടപ്പനയിലാണ് താമസിക്കുന്നത്. 52 വര്‍ഷങ്ങള്‍ക്കുമുമ്പാണ് കോട്ടയം ജില്ലയിലെ പാലാ കടപ്ലാമറ്റത്തുനിന്നും നെല്ലിക്കുന്നേല്‍ വര്‍ക്കിയും കുടുംബവും ഇടുക്കി, പാണ്ടിപ്പാറയില്‍ എത്തിയത്. അവിടെനിന്നാണ് തൊട്ടടുത്തുള്ള മരിയാപുരത്തേക്ക് പിന്നീടു താമസം മാറിയത്.

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ ആസ്ഥാനമായുള്ള സീറോമലബാര്‍ രൂപതയുടെ മൂന്നാമത്തെ മെത്രാനായി സിഎസ്റ്റി സന്യാസ സമൂഹാംഗമായ ഫാ. മാത്യു നെല്ലിക്കുന്നേലിനെ സീറോമലബാര്‍ സഭയുടെ മുപ്പത്തിയൊന്നാം സിനഡിന്റെ മൂന്നാം സമ്മേളനമാണ് തിരഞ്ഞെടുത്തത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഒരേസമയം വത്തിക്കാനിലും കാക്കനാട് മൗണ്ട് സെന്റ് തോമസിലും നടന്നു. ഇടുക്കി രൂപതയിലെ മരിയാപുരം ഇടവകയില്‍ നെല്ലിക്കുന്നേല്‍ വര്‍ക്കി മേരി ദമ്പതികളുടെ മൂത്തമകനായി 1970 നവംബര്‍ 13-ന് ജനിച്ച ഫാ. മാത്യു ഹൈസ്‌കൂള്‍ പഠനത്തിനുശേഷം സിഎസ്റ്റി സന്യാസസമൂഹത്തിന്റെ പഞ്ചാബ് രാജസ്ഥാന്‍ പ്രോവിന്‍സില്‍ ചേര്‍ന്നു ഗോരഖ്പൂരിലുള്ള മൈനര്‍ സെമിനാരിയില്‍ പഠനം ആരംഭിച്ചു. 2005-ല്‍ ഉപരിപഠനത്തിനായി റോമിലേക്കുപോയി. റോമിലെ അഞ്ചേലിക്കം യൂണിവേഴ്‌സിറ്റിയില്‍നിന്നു തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം ആലുവ ലിറ്റില്‍ ഫ്ലവർ മേജര്‍ സെമിനാരിയില്‍ അധ്യാപകനായി നിയമിതനായി.

തുടര്‍ന്നു ജര്‍മനിയിലെ റേഗന്‍ സ്ബുര്‍ഗ് രൂപതയില്‍ അജപാലനശുശ്രൂഷ ചെയ്തു. 2015 മുതല്‍ 2018 വരെ പഞ്ചാബ്- രാജസ്ഥാന്‍ ക്രിസ്തുജയന്തി പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യാളായിരുന്നു. 2018-മുതല്‍ ആലുവ ലിറ്റില്‍ ഫ്ലവർ മേജര്‍ സെമിനാരിയുടെ റെക്ടറായി ശുശ്രൂഷ നിര്‍വഹിച്ചുവരവേയാണ് ഗോരഖ്പൂര്‍ രൂപതയുടെ അധ്യക്ഷനാകാനുള്ള നിയോഗം തേടിയെത്തിയത്. ഇംഗ്ലീഷ്, ഹിന്ദി, ജര്‍മന്‍, ഇറ്റാലിയന്‍ എന്നീ ഭാഷകളില്‍ പ്രാവീണ്യമുള്ള ഫാ. നെല്ലിക്കുന്നേല്‍ മികച്ച ബാസ്‌കറ്റ്‌ബോള്‍ കളിക്കാരനുമാണ്.
1984-ലാണ് സീറോമലബാര്‍ സഭ ഗോരഖ്പൂര്‍ രൂപത സ്ഥാപിച്ചത്. മാര്‍ ഡൊമിനിക് കൊക്കാട്ടിലായിരുന്നു പ്രഥമ ബിഷപ്. സ്ഥാനമൊഴിയുന്ന ബിഷപ് മാര്‍ തോമസ് തുരുത്തിമറ്റം 2006-ലാണ് രൂപതയുടെ അജപാലന ഉത്തരവാദിത്വമേറ്റെടുത്തത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?