Follow Us On

03

May

2024

Friday

പൂര്‍വ്വപിതാക്കന്മാരുടെ ദീര്‍ഘായുസിന്റെ കാരണങ്ങള്‍

പൂര്‍വ്വപിതാക്കന്മാരുടെ  ദീര്‍ഘായുസിന്റെ കാരണങ്ങള്‍

റവ.ഡോ. മൈക്കിള്‍ കാരിമറ്റം

ബൈബിളിലെ വിവരണങ്ങളനുസരിച്ച് ചില വ്യക്തികള്‍ വളരെക്കാലം ജീവിച്ചിരുന്നതായി കാണുന്നു. ആദ്യമനുഷ്യനായ ആദാം 930, മെത്തുശെലാഹ് 968, നോഹ 950 വര്‍ഷം. ഇത് അക്ഷരാര്‍ത്ഥത്തില്‍ ആണോ മനസിലാക്കേണ്ടത്? ‘ആദിചരിത്രം’ എന്നറിയപ്പെടുന്ന ഉല്‍പത്തി പുസ്തകത്തിന്റെ ആദ്യത്തെ പതിനൊന്ന് അധ്യായങ്ങളിലാണ് ചോദ്യവിഷയമായ ആയുര്‍ദൈര്‍ഘ്യം പ്രതിപാദിക്കപ്പെടുന്നത്. കൃത്യമായ ചരിത്രം എന്നതിനെക്കാള്‍ ചരിത്രത്തിന്റെ ദൈവശാസ്ത്രപരമായ ഒരവതരണമാണ് ഈ അധ്യായങ്ങളില്‍ കാണുന്നത്. ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഭാഷ മുഖ്യമായും പ്രതീകാത്മകമാണ്. അതിനാല്‍ ഇവിടെ കാണുന്ന വിവരണങ്ങളും സംഖ്യകളും അക്ഷരാര്‍ത്ഥത്തില്‍ എന്നതിനെക്കാള്‍ പ്രതീകങ്ങളായി മനസിലാക്കണം.

ആദിചരിത്രത്തെ രണ്ടു ഘട്ടമായി തിരിച്ച് ഇവിടെ അവതരിപ്പിക്കുന്നു. പ്രപഞ്ചസൃഷ്ടിമുതല്‍ പ്രളയംവരെയാണ് ആദ്യഘട്ടം. പ്രളയത്തിന്റെ അവസാനംമുതല്‍ അബ്രാഹത്തിന്റെ വിളിവരെ രണ്ടാംഘട്ടം. ഈ രണ്ടു ഘട്ടങ്ങളിലും പത്തു പിതാക്കന്മാരുടെ ഓരോ പട്ടിക അവതരിപ്പിച്ചിരിക്കുന്നു. ആദ്യമനുഷ്യനായ ആദംമുതല്‍ പ്രളയത്തെ അതിജീവിച്ച നോഹവരെയാണ് ആദ്യത്തെ പട്ടിക. ഇവിടെ പേരുപറയുന്ന പിതാക്കന്മാരില്‍ രണ്ടുപേരൊഴികെ ബാക്കി എട്ടുപേരും 900 വര്‍ഷത്തിലധികം ജീവിച്ചു. ദൈവത്തിന് പ്രീതികരനായി ജീവിച്ച ഹെബേക്കിനെ 365-ാം വയസില്‍ ദൈവം എടുത്തു. ലാമെക്ക് 777 വര്‍ഷം ജീവിച്ചു. ഒരു വര്‍ഷത്തിന് 365 ദിവസങ്ങള്‍ എന്ന കണക്കില്‍ 365 വര്‍ഷം പൂര്‍ണതയുടെ പ്രതീകമായി കരുതപ്പെടുന്നു. അതുപോലെ പൂര്‍ണതയെ സൂചിപ്പിക്കുന്ന സംഖ്യയായ ഏഴ് മൂന്നു തവണ ആവര്‍ത്തിക്കുമ്പോള്‍ ലഭിക്കുന്ന 777-ഉം പൂര്‍ണതയുടെ സൂചനതന്നെ. അതിനാല്‍ ഇരുവരുടെയും ജീവിതം പൂര്‍ണമായി എന്നാണ് സൂചന. പ്രപഞ്ചസൃഷ്ടിമുതല്‍ ആദ്യസൃഷ്ടിയുടെ അന്ത്യം കുറിക്കുന്ന പ്രളയംവരെയുള്ള കാലഘട്ടത്തില്‍ പിതാക്കന്മാര്‍ പ്രായേണ ദീര്‍ഘകാലം ജീവിച്ചു എന്ന പ്രതീതി ലഭിക്കുന്നു. ഇതില്‍നിന്നു വ്യത്യസ്തമാണ് പ്രളയാനന്തര ചരിത്രത്തിന്റെ അവസ്ഥ.

മഹാപ്രളയം
നോഹയുടെ മകനായ ഷേം മുതല്‍ അബ്രാഹംവരെയുള്ള പത്ത് പിതാക്കന്മാരുടെ ആയുര്‍ദൈര്‍ഘ്യം അറുന്നൂറിനും ഇരുന്നൂറിനും മധ്യേയാണ്. നോഹയുടെ മകനായ ഷേം 600 വര്‍ഷം ജീവിച്ചു, അബ്രാഹം 175 വര്‍ഷവും. അബ്രാഹത്തിന്റെ പിതാമഹനായ നാഷോര്‍ 143 വര്‍ഷമേ ജീവിച്ചുള്ളൂ. ഈ അവതരണത്തില്‍നിന്നു ലഭിക്കുന്ന ഏറ്റം ലളിതമായ ഉള്‍ക്കാഴ്ച ഇതാണ്. കാലം കഴിയുംതോറും മനുഷ്യരുടെ ആയുര്‍ദൈര്‍ഘ്യം കുറയുന്നു. എന്താണിതിനു കാരണം അഥവാ എന്താണ് ഈ അവതരണത്തിലൂടെ ബൈബിള്‍ നല്‍കുന്ന സന്ദേശം?

ബൈബിള്‍തന്നെ വ്യക്തമായൊരു ഉത്തരം നല്‍കുന്നുണ്ട്. സര്‍വ ജീവജാലങ്ങളെയും വെള്ളത്തില്‍ മുക്കിക്കൊല്ലുന്ന മഹാപ്രളയം അയയ്ക്കുന്നതിനുമുമ്പേ ദൈവത്തിന്റെ ഒരു അവലോകനവും ആത്മഗതവുമായി അവതരിപ്പിച്ചിരിക്കുന്ന വാക്യം ശ്രദ്ധിക്കണം. ”അപ്പോള്‍ ദൈവമായ കര്‍ത്താവ് പറഞ്ഞു. എന്റെ ചൈതന്യം മനുഷ്യനില്‍ എന്നേക്കും നിലനില്‍ക്കുകയില്ല. അവന്‍ ജഡമാണ്. അവന്റെ ആയുസ് 120 വര്‍ഷമായിരിക്കും” (ഉല്‍പത്തി 6:3). ആദം മുതല്‍ നോഹ വരെയുള്ള ആദ്യഘട്ടത്തിലെ മനുഷ്യര്‍ പാപം മൂലം അകന്നുപോയിരുന്നുവെങ്കിലും ദൈവം അവര്‍ക്ക് മനസുതിരിയാനും തിരിച്ചുവരാനും അവസരം നല്‍കിയിരുന്നു എന്ന സൂചനയാണ് അവരുടെ ദീര്‍ഘായുസിലൂടെ ലഭിക്കുന്നത്. എന്നാല്‍ മനുഷ്യന്‍ അവസരങ്ങള്‍ പാഴാക്കി. തിന്മയില്‍ താഴ്ന്നിറങ്ങി. പാപത്തിലേക്കുള്ള സ്വാഭാവികമായ ആകര്‍ഷണത്തെ അംഗീകരിച്ചുകൊണ്ടുതന്നെ ദൈവം മനുഷ്യനെ ജീവിക്കാന്‍ അനുവദിക്കുന്നു; എന്നാല്‍ ആ ജീവിതം പരിമിതമായിരിക്കും. ആ പരിമിതിയാണ് 120 വര്‍ഷം.

പ്രളയത്തിനുശേഷം ഷേം മുതല്‍ അബ്രാഹംവരെയുള്ള പത്തുപേരുടെ ആയുര്‍ദൈര്‍ഘ്യം വളരെ കുറഞ്ഞതായി ചിത്രീകരിക്കുന്നതിലൂടെ ഈ സത്യം ഊന്നിപ്പറയുന്നു. അതിനാല്‍ പ്രളയത്തിനുമുമ്പും പിമ്പുമുള്ള രണ്ടു പട്ടികകളില്‍ കാണുന്ന പൂര്‍വികരുടെ പ്രായം അക്ഷരാര്‍ത്ഥത്തിലല്ല എടുക്കേണ്ടതെന്ന് ബൈബിള്‍ തന്നെ പഠിപ്പിക്കുന്നു. ഒരു പടികൂടി മുന്നോട്ടുപോകുമ്പോള്‍ ആയുര്‍ദൈര്‍ഘ്യത്തെക്കുറിച്ച് ചരിത്രപരവും അക്ഷരാര്‍ത്ഥത്തിലുള്ളതുമായ ഒരു അവലോകനം ബൈബിളില്‍ കാണാം. ”ഞങ്ങളുടെ ആയുഷ്‌കാലം എഴുപതു വര്‍ഷമാണ്; ഏറിയാല്‍ എണ്‍പത്. എന്നിട്ടും അക്കാലമത്രയും അധ്വാനവും ദുരിതവുമാണ്. അവ പെട്ടെന്ന് തീര്‍ത്ത് ഞങ്ങള്‍ കടന്നുപോകും” (സങ്കീ. 90:10). ദാവീദ് 70 വര്‍ഷം മാത്രമാണ് ജീവിച്ചത്, അതില്‍ 40 വര്‍ഷം രാജാവായി ഭരിച്ചു (2 സാമു. 5:4-5).

അര്‍ത്ഥം പ്രതീകാത്മകം
പൂര്‍വികരുടെ ദീര്‍ഘായുസിനെക്കുറിച്ചുള്ള പ്രതിപാദനങ്ങള്‍ അക്ഷരാര്‍ത്ഥത്തിലല്ല, പ്രതീകാത്മ അര്‍ത്ഥത്തിലാണ് മനസിലാക്കേണ്ടത്. ജീവന്റെ ഉറവിടമായ ദൈവത്തോട് ഒന്നിച്ചായിരിക്കുന്നവര്‍ എന്നേക്കും ജീവിക്കും. ദീര്‍ഘായുസ് നിത്യജീവന്റെ ഒരു പ്രതീകമായി കാണണം. ദൈവകല്പന ലംഘിച്ച്, വിലക്കപ്പെട്ട കനി ഭക്ഷിച്ച്, പറുദീസായ്ക്ക് പുറത്തായതുതന്നെ ആയുസിന്റെ പ്രതീകാത്മകതയിലേക്കു സൂചന നല്‍കുന്നു. പാപംമൂലം കടന്നുവന്ന മരണത്തില്‍നിന്ന് മോചനം നല്‍കുന്നതാണ് ദൈവംതന്നെ മനുഷ്യനായി അവതരിച്ച്, മരണംവഴി മരണത്തെ കീഴടക്കിയതും നിത്യജീവന്‍ നല്‍കിയതും. പൂര്‍വീകരുടെ ദീര്‍ഘായുസിനെക്കുറിച്ച് പ്രതിപാദിക്കുന്ന ബൈബിള്‍ ഭാഗങ്ങള്‍ യേശുക്രിസ്തുവിലൂടെ ലഭിക്കാനിരുന്ന നിത്യായുസിനെക്കുറിച്ചുള്ള ഒരു സൂചനയായും കാണാന്‍ കഴിയും. അനേകം പ്രതീകങ്ങളിലൂടെ ലോകമതങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ഈ പ്രത്യാശ യേശു നല്‍കുന്ന നിത്യജീവനില്‍ പൂര്‍ത്തിയാകുന്നു.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?