Follow Us On

13

June

2024

Thursday

വിക്രമും പ്രഗ്യാനും പഠിപ്പിക്കുന്ന പാഠങ്ങള്‍

വിക്രമും പ്രഗ്യാനും  പഠിപ്പിക്കുന്ന പാഠങ്ങള്‍

ചന്ദ്രയാന്‍-3ന്റെ വിക്രം ലാന്‍ഡര്‍ വിജയകരമായി ചന്ദ്രനില്‍ ഇറങ്ങിയതിനെ തുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ വൈറലായി മാറിയ ഒരു കുറിപ്പ് ഐഎസ്ആര്‍ഒയിലെ സയന്റിസ്റ്റായ സുജിത് മേനോന്റേതായിരുന്നു. ഇതുപോലുള്ള വലിയ ദൗത്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഐഎസ്ആര്‍ഒ യിലെ സയന്റിസ്റ്റ്‌സിനെ പ്രാപ്തരാക്കുന്ന രഹസ്യം ആ കുറിപ്പില്‍ വിശദീകരിക്കുന്നു. ഐഐടി പോലുള്ള മുന്‍നിര സര്‍വകലാശാലാകളില്‍ നിന്ന് പഠിച്ചിറങ്ങുന്നവരെക്കാള്‍ സാധാരണ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ചുവരുന്നവരാണ് ഐഎസ്ആര്‍ഒയിലെ പല ഉന്നത ഉദ്യോഗസ്ഥരുമെന്നാണ് സുജിത് ആ കുറിപ്പില്‍ സൂചിപ്പിക്കുന്നത്. വിക്രം സാരാഭായി സ്‌പേസ് സെന്ററില്‍ സ്ഥാപിച്ചിരിക്കുന്ന സാഗാ – 220 എന്ന സൂപ്പര്‍ കമ്പ്യൂട്ടറിന്റെ നിര്‍മാണത്തിന് നേതൃത്വം നല്‍കിയ അദ്ദേഹത്തിന്റെ സീനിയര്‍ ഉദ്യോഗസ്ഥനെ ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. കണക്കില്‍ ബിരുദധാരി മാത്രമായ ആ സീനിയര്‍ ഉദ്യോഗസ്ഥന്‍ അദ്ദേഹത്തിന്റെ വിജയ രഹസ്യം ഒറ്റ വാക്കില്‍ സംഗ്രഹിച്ചത് ഇപ്രകാരമാണത്രേ – ‘perseverance’. അക്ഷീണ പരിശ്രമം അല്ലെങ്കില്‍ വിജയം നേടുന്നതുവരെ നടത്തുന്ന അക്ഷീണ പരിശ്രമം എന്നൊക്കെ നമുക്കതിനെ മനസിലാക്കാം.

ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ വിജയത്തിന് പിന്നിലും പ്രവര്‍ത്തിച്ചത് ഇതേ ‘perseverance’ ആയിരുന്നു. വിക്രം ലാന്‍ഡര്‍ വിജയകരമായി ചന്ദ്രനിലിറങ്ങുന്നതിന് നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ചന്ദ്രയാന്‍ 2 ദൗത്യത്തിലെ ലാന്‍ഡര്‍ ചന്ദ്രനിലേക്ക് ഇടിച്ചിറങ്ങുകയും അങ്ങനെ ആ ദൗത്യം പരാജയപ്പെടുകയും ചെയ്തു. എന്നാല്‍ ആ പരാജയത്തില്‍ നിന്ന് പാഠങ്ങള്‍ പഠിച്ചുകൊണ്ട് ഉണ്ടാകാവുന്ന പ്രതിസന്ധികളെയും വെല്ലുവിളികളെയും മുന്‍കൂട്ടി കണ്ട് വിപുലമായ മുന്നൊരുക്കങ്ങളോടെയാണ് ചന്ദ്രയാന്‍ 3 ദൗത്യത്തിനായി ഐഎസ്ആര്‍ഒ ഒരുങ്ങിയത്. അതുകൊണ്ടാണ് സ്‌പേസ് മേഖലയില്‍ അതികായകരും സാങ്കേതികവിദ്യയുടെ കാര്യത്തില്‍ ഒരുപക്ഷേ ഭാരതത്തെക്കാള്‍ വളരെ മുമ്പിലുള്ളതുമായ റഷ്യയുടെ ലൂണാ – 25 ദൗത്യം പരാജയപ്പെട്ടിടത്തും ഭാരതത്തിന്റെ ചാന്ദ്ര ദൗത്യം വിജയിച്ചത്.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ്ങ് നടത്തുന്ന ആദ്യ രാജ്യമായി ഭാരതം മാറി. ഭാരതീയരായ നാമെല്ലാം ഒരു പോലെ അഭിമാനിക്കുന്ന ആ വിജയത്തിന് പിന്നില്‍ പരാജയത്തെ പരാജയപ്പെടുത്തിയ കഠിനാധ്വാനത്തിന്റെയും നിതാന്തപരിശ്രമത്തിന്റെയും ഒരു പിന്നാമ്പുറമുണ്ട്. ചന്ദ്രന്റെ ഉപരിതലത്തിലൂടെ സഞ്ചരിച്ച് പുതിയ കണ്ടെത്തലുകള്‍ നടത്താനായി നിയുക്തമായ റോവറിന് പ്രഗ്യാന്‍ – ‘ജ്ഞാനം’- എന്നാണ് പേര് നല്‍കിയത്. ചന്ദ്രന്റെ ഉപരിതലത്തിലുള്ള കുഴികളെയും(ക്രേറ്ററുകളും) മറ്റ് പ്രതിബന്ധങ്ങളും തിരിച്ചറിഞ്ഞ് അപകടങ്ങളില്‍നിന്ന് മാറി സഞ്ചരിച്ച് ഭരമേല്‍പ്പിച്ച ദൗത്യം പൂര്‍ത്തിയാക്കിക്കൊണ്ട് ഈ റോവര്‍ അതിന് നല്‍കപ്പെട്ട പേര് സാര്‍ത്ഥകമാക്കി മാറ്റി. ചന്ദ്രയാന്‍ 3 ദൗത്യവും പ്രഗ്യാന്‍ റോവറും നമുക്ക് പറഞ്ഞുതരുന്ന ജ്ഞാനത്തിന്റെയും നിതാന്തപരിശ്രമത്തിന്റെയും ഒപ്പം പരാജയങ്ങളെ വിജയത്തിലേക്കുള്ള ചവിട്ടുപടികളാക്കുന്നതിന്റെയും പാഠങ്ങള്‍ വളരെ പ്രധാനപ്പെട്ടവയാണ്.

ഇന്‍സ്റ്റഗ്രാം ഉപയോഗിച്ചും ഇന്‍സ്റ്റന്റ് ഫുഡ് കഴിച്ചും ഇന്‍സ്റ്റന്റ് നേട്ടങ്ങള്‍ക്ക് പിന്നാലെ പരക്കംപായുന്ന ഇന്നത്തെ തലമുറക്ക് ഒരുപക്ഷേ അന്യമാകുന്ന പ്രധാന ഗുണങ്ങളിലൊന്നാണ് ‘perseverance’. ഏത് ആവശ്യവും ആഗ്രഹവും ഉടനടി നേടിയെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ പെട്ടന്ന് നിരാശ ബാധിക്കുന്ന അവസ്ഥ ഇന്നത്തെ ‘ഇന്‍സ്റ്റന്റ് ഗ്രാറ്റിഫിക്കേഷന്‍’ സംസ്‌കാരത്തിന്റെ ഉപോത്പന്നമാണ്. പരാജയത്തെ നേരിടാനും ജീവിതത്തെ അഭിമുഖീകരിക്കാനുമുള്ള ശേഷിക്കുറവാണ് വര്‍ധിച്ചുവരുന്ന ആത്മഹത്യകളുടെയും ലഹരി തേടിയുള്ള യുവജനങ്ങളുടെ പരക്കംപാച്ചിലിന്റെയും പിന്നിലുള്ളത്. അണുകുടുംബംഗങ്ങളുടെ വ്യാപനം, വിജയവും അംഗീകാരവും പ്രോത്സാഹനവും മാത്രം ലഭിക്കുന്ന കുടുംബാന്തരീക്ഷം തുടങ്ങിയ പല ഘടകങ്ങളും ഈ പ്രശ്‌നത്തിന് പിന്നിലുണ്ട്. എന്നാല്‍ നമ്മുടെ കാഴ്ചപ്പാടുകളെയും ബോധ്യങ്ങളെയും മാറ്റുന്ന ദൈവത്തിന്റെ സ്പര്‍ശനം ലഭിച്ചാല്‍, പരിശുദ്ധാത്മാവിന്റെ ജ്ഞാനവും വിവേകവും ലഭിച്ചാല്‍ ജീവിതത്തിലെ ഏത് പ്രതിസന്ധിയെയും നേരിടാനുള്ള കരുത്ത് ലഭിക്കും.

വിജയത്തെയും പരാജയത്തെയും ജീവിതമാകുന്ന നാണയത്തിന്റെ രണ്ട് വശങ്ങളായി കണ്ട് സമചിത്തതയോടെ അവയെ സ്വീകരിക്കുവാന്‍ പരിശുദ്ധാത്മാവിന്റെ കൃപാവരം ആവശ്യമാണ്. ഏതെങ്കിലും മേഖലയിലെ തോല്‍വിയോ പരാജയമോ ജീവിതത്തിന്റെ അവസാനമല്ലെന്നും തിരിച്ചുവരുവാനും വിജയിക്കുവാനും നിരവധി അവസരങ്ങള്‍ ഇനിയും ലഭിക്കുമെന്നുമുള്ള ബോധ്യം ജീവിതത്തിന്റെ ഏത് ഘട്ടത്തിലും ഉണ്ടാകണം. വീഴുന്നതല്ല, വീഴുന്നിടത്തുതന്നെ കിടക്കുന്നതാണ് പരാജയമെന്ന്, പരാജയങ്ങളെ ചവിട്ടുപടിയാക്കി വിജയിച്ച നൂറു കണക്കിന് മനുഷ്യരുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും എന്തിനേറെ ആത്മീയ ജീവിതത്തില്‍പോലുമുണ്ടാകുന്ന പരാജയങ്ങള്‍ ആത്യന്തികമായി നമ്മുടെ നന്മയ്ക്കായി മാറ്റാന്‍ കഴിവുള്ള ദൈവത്തില്‍ ആശ്രയിച്ച് ആത്മീയവും ഭൗതികവുമായ വളര്‍ച്ചയ്ക്കായി സ്ഥിരോത്സാഹത്തോടെ പരിശ്രമിക്കാന്‍ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?