Follow Us On

02

May

2024

Thursday

ചന്ദ്രയാനും കേരള സേഫ്റ്റ്‌ലാന്റിംഗും

ചന്ദ്രയാനും കേരള സേഫ്റ്റ്‌ലാന്റിംഗും

 റ്റോം ജോസ് തഴുവംകുന്ന്

ഓരോ പ്രഭാതത്തിലും എത്തുന്ന ദിനപത്രങ്ങളോടൊപ്പം നോട്ടീസുകളുടെ പ്രളയമാണ്. വിദേശപഠനസാധ്യതകളും പഠനത്തോടൊപ്പമുള്ള തൊഴിലവസരങ്ങളും സ്റ്റേബായ്ക്കും പിആറിന്റെ വിവരണങ്ങളുമാണ് നോട്ടീസുകളില്‍. വീടും സ്ഥലവും പണയപ്പെടുത്തി സമ്പന്നനും ദരിദ്രനും പണ്ഡിതനും പാമരനും വ്യത്യാസമില്ലാതെ വിദേശത്തേക്ക് ‘പഠന’മെന്നും പറഞ്ഞ് പറക്കുന്നത് ഇന്ന് ട്രെന്‍ഡ് ആയിമാറിക്കഴിഞ്ഞു. മികവുറ്റ കോഴ്‌സുകള്‍ കഴിഞ്ഞവരും കഴിയാത്തവരും തുടങ്ങി എല്ലാവരും കുടിയേറ്റത്തിന്റെ മൂഡിലായിക്കഴിഞ്ഞു. ഇവിടെ പഠിച്ചതൊന്നും അവിടുത്തെ തൊഴിലിലേക്ക് ഉപയുക്തമാകുന്നതല്ല. ഇവിടെ പഠിച്ചതും പരിശീലിച്ചതുമായി ഒരു ബന്ധവുമില്ലാത്ത പഠനം സ്വന്തമാക്കി വിദേശത്ത് തൊഴിലില്‍ ഏര്‍പ്പെടുന്നു. തുടര്‍ന്നുള്ള ശ്രമം പെര്‍മനെന്റ് റസിഡന്‍സിന് (പിആര്‍) ആയുള്ളതാണ്. അതുംകൂടി തരപ്പെടുത്തി അവിടുത്തെ പൗരത്വവും സ്വന്തമാക്കി, കഴിയുമെങ്കില്‍ നാട്ടിലവശേഷിക്കുന്നവരെക്കൂടി നാട്ടിലുള്ള സ്വത്തും വിറ്റ് വിദേശത്ത് താമസമുറപ്പിക്കുന്നു.

കഥയിവിടെ തീരുകയാണ്… നാട്ടില്‍ നാളെയുള്ള തലമുറ വേരറ്റുപോകുന്ന കാലം. യുവാക്കളാണ് നാടിന്റെ ഭാവിയും ശക്തിയും പുരോഗതിക്ക് നേതൃത്വം നല്‍കുന്നവരും! എന്നാല്‍ നമ്മുടെ നാട്ടില്‍ അനുദിനം യുവാക്കള്‍ ഇല്ലാതാകുകയാണ്. ഓരോ കാലഘട്ടത്തിന്റെയും പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് ദീര്‍ഘവീക്ഷണത്തോടെ പരിഹരിക്കാനാകുമ്പോഴാണ് പുരോഗതി കൈവരുന്നത്. ഈ നാട്ടില്‍ നിന്നാല്‍ ‘രക്ഷയില്ലാ’യെന്നു പറയുന്ന യുവജനങ്ങളുടെ എണ്ണം കൂടിവരുകയാണ്. പണ്ടൊക്കെ വീട്ടിലെ ദാരിദ്ര്യവും അരക്ഷിതാവസ്ഥയുമൊക്കെ ഒട്ടൊന്ന് പരിഹരിക്കാനായി വിദേശത്തുപോയവരുണ്ട്. പക്ഷേ അത് വീടും വീട്ടുകാരെയും നാടിനെയുമൊക്കെ സുരക്ഷിതത്വത്തിലേക്ക് കൈപിടിച്ചെത്തിക്കാനായിരുന്നു. പല കുടുംബവും രക്ഷപെടുകയും ചെയ്തു. പക്ഷേ ഇന്നു സ്ഥിതി മാറി. നാട്ടിലേറെ സമ്പത്തുള്ളവരും വിദേശത്തേക്ക് പറക്കുകയാണ്.

മേല്‍വിലാസം നഷ്ടപ്പെടുത്തുന്നവര്‍

മണ്ണുണ്ടെന്നു പറഞ്ഞിട്ടെന്തു പ്രയോജനമെന്ന് നാളെയുടെ തലമുറ ചോദിക്കുമ്പോള്‍ കര്‍ഷകരായ രക്ഷിതാക്കള്‍ എന്തു മറുപടി പറയും? വിദ്യാഭ്യാസമുണ്ടെന്നു പറഞ്ഞിട്ടും വിദ്യാഭ്യാസാനുസൃതമായ ജോലിയും വേതനവും ഇവിടെയുണ്ടോ എന്നതിനും ഉത്തരമുണ്ടോ? വീടും വീട്ടുകാരും മേല്‍വിലാസവും നഷ്ടപ്പെട്ട് പുതുതലമുറ വിദേശത്ത് വാസമുറപ്പിക്കുമ്പോഴും ഭരണകര്‍ത്താക്കള്‍ക്ക് ഇക്കാര്യത്തില്‍ ഒരു ആകുലതയുമില്ല. ചന്ദ്രനില്‍ സ്ഥലം വാങ്ങുന്നവര്‍ അത്ഭുതമാകുമ്പോഴും ഇവിടെ പട്ടയം കിട്ടാത്തവരെ മറക്കാമോ? നാട്ടില്‍ രാഷ്ട്രീയം കളിച്ച് ഭാവി നശിപ്പിക്കുന്നതും യുവാക്കളല്ലേ? നാട്ടിലെ ജനം നാടുവിടുമ്പോഴും ഇതൊന്നുമറിയാത്ത രാഷ്ട്രീയനേതൃത്വം ‘കിണറ്റിലെ തവള’കളെപ്പോലെ രാഷ്ട്രീയവും കൊഴുപ്പിച്ച് സുഖമായി അരങ്ങുവാഴുകയാണ്. ഖജനാവു കാലിയാണെങ്കിലും ധൂര്‍ത്തിനും ആര്‍ഭാടത്തിനും കുറവില്ല.

വൃദ്ധരും ആഡംബരസൗധങ്ങളുംകൊണ്ട് നിറയുന്ന നാട് എങ്ങോട്ടാണ് പോകുന്നത്? ലോകസഞ്ചാരികള്‍ കേരളത്തെ വാഴ്ത്തിപ്പറയുമ്പോഴും കേരളീയര്‍ക്ക് കേരള മഹിമ തിരിച്ചറിയാനാകുന്നില്ല. ചന്ദ്രനിലും സൂര്യനിലും ഒന്നും പോയില്ലെങ്കിലും ദൈവം കനിഞ്ഞു നല്‍കിയ പ്രകൃതി സൗന്ദര്യത്തെ പരിപോഷിപ്പിച്ച് ടൂറിസം മുഖ്യവരുമാനമായി വളര്‍ത്തിയെടുത്ത് ജനക്ഷേമം സുഗമമാക്കുന്ന കൊച്ചുരാജ്യങ്ങള്‍ ധാരാളമാണിന്ന്.

വിഷം കഴിക്കുന്ന മലയാളികള്‍

കഴിവിനൊത്തുള്ള പഠനവും അതിനൊത്ത തൊഴിലവസരങ്ങളുമൊരുക്കുന്നതിലും പല രാജ്യങ്ങളും വിജയിക്കുമ്പോഴും പണമെത്തി അടിച്ചുപൊളിച്ച് രാഷ്ട്രീയം കൊഴുപ്പിക്കുന്നതിലാണ് ശ്രദ്ധയത്രയും. നാട്ടില്‍ യുവാക്കളില്ലെങ്കില്‍ നാളെകള്‍ അസ്തമിക്കുകയാണ്. വിദേശത്ത് മലയാളികള്‍ ഉണ്ടെന്നുള്ള നമ്മുടെ അഭിമാനം ഇപ്പോഴുള്ള മാതാപിതാക്കളുടെ കാലത്തുകൂടിയേ കാണൂ എന്നു മറക്കേണ്ട. വിദേശത്തുള്ളവരുടെ മക്കള്‍ അവിടുത്തെ മക്കളായി മാറിക്കഴിഞ്ഞു. ഇവിടെ വേരറ്റുപോകുന്നതില്‍ ഭൂരിഭാഗവും ക്രൈസ്തവരാണ്. നമ്മുടെ ഇടവകദൈവാലയങ്ങളില്‍ തല നരച്ചവര്‍ മാത്രമായി ചുരുങ്ങുകയാണ്. കര്‍മനിരതമായ ക്രൈസ്തവസമൂഹം ഇല്ലാതാകുന്നു. നാളെയുടെ തലമുറ വിദേശത്ത് ജീവിതമുറപ്പിക്കുമ്പോള്‍ പരമ്പരാഗതമായി അധ്വാനിച്ച് പടുത്തുയര്‍ത്തിയ ബന്ധങ്ങളും ഇല്ലാതാകുന്നു. വിയര്‍പ്പിന്റെ ഗന്ധമുള്ള മലയാളമണ്ണില്‍ കൃഷിക്കും കൃഷിക്കാരനും വേരോട്ടമില്ലാതാകുന്നു.

കൃഷികൊണ്ടുമാത്രം പത്തും പന്ത്രണ്ടും മക്കളെ പഠിപ്പിച്ച് വലിയവരാക്കിയിരുന്ന കാലത്തുനിന്നും കൃഷികൊണ്ട് ഒന്നും നടക്കില്ലെന്നതിലേക്ക് എത്തിച്ചതാണോ വികസനം? വിദേശരാജ്യങ്ങളിലൊക്കെ ആയുസിനും ആരോഗ്യത്തിനും പ്രഥമ പരിഗണനയുണ്ട്. അതുകൊണ്ടുതന്നെ ഭക്ഷണം അവര്‍ക്ക് ഔഷധമാണ്. ഭക്ഷണത്തിലെ വിഷാംശവും മായംചേര്‍ക്കലുമൊക്കെ കടുത്ത നിയമലംഘനമാണ്. ‘വിഷം മാത്രമാണ് ഭക്ഷണം’ എന്നതിലേക്ക് നാം മാറിയിരിക്കുന്നു. വിശുദ്ധമായ കൃഷിയിലും വിളകളിലും വിഷം കലര്‍ത്തി പണക്കാരാകാന്‍ പാടുപെടുന്ന നമ്മുടെ കരുതലില്ലായ്മ സമൂഹത്തെ പ്രതികൂലമായി ബാധിക്കില്ലേ?
നമ്മുടെ കാലാവസ്ഥയും സംസ്‌കാരസമ്പന്നതയും വിദ്യാഭ്യാസ പുരോഗതിയും കുടുംബബന്ധങ്ങളുടെ കെട്ടുറപ്പും ലോകത്തിനുതന്നെ മാതൃകയാണ്. ദൈവത്തിന്റെ സ്വന്തം നാടിനെ ‘അനാഥത്വ’ത്തിലേക്ക് തള്ളിവിടുന്ന നമ്മുടെ ‘കുടിയേറ്റം’ വിചിന്തനത്തിനും തിരുത്തലിനും ഇടയാക്കണം. നമ്മുടെ നാട് കാലോചിതമായി വളരണം. വിദ്യാഭ്യാസം പരിഷ്‌കരിക്കപ്പെടണം, ചെലവു കുറയണം, തൊഴിലവസരങ്ങളും ജീവിതസൗകര്യങ്ങളും വര്‍ധിപ്പിക്കണം. വിദ്യാഭ്യാസത്തിന് തൊഴിലുമുണ്ടെന്ന് നമുക്ക് ക്രിയാത്മകമായി തെളിയിക്കാനാകണം. മലയാളക്കരയുടെ ‘സൗന്ദര്യം’ മങ്ങിത്തുടങ്ങിയതിനും വൃദ്ധരുടെ ഏകാന്തവാസമൊരുക്കുന്ന ‘തടവറദുഃഖ’ത്തിനും പരിഹാരം കാണണം.

ശാസ്ത്രം ജയിക്കുമ്പോള്‍
മനുഷ്യര്‍ തോല്‍ക്കരുത്

നാട്ടിലെ അഴിമതിയും അക്രമങ്ങളുമൊക്കെ തിരുത്തപ്പെടണം. ജീവന്റെ സ്പന്ദനം ഭൂമിയില്‍ മാത്രമാണുള്ളത്; ജീവിതത്തിന് ഉതകുന്നയിടം ഭൂമി മാത്രമാണ്; ഭൂമിയുടെ ക്ഷേമമല്ലേ പ്രധാനം?! ചന്ദ്രനിലെ ‘ഗട്ടറുകള്‍ വെട്ടിച്ച് നീങ്ങുന്ന റോവറുകളെക്കുറിച്ച്’ അഭിമാനപുളകിതരാകുമ്പോഴും അശാസ്ത്രീയതയും അശ്രദ്ധയുംകൊണ്ട് ഗട്ടറുകളില്‍ വീണ് എത്രയോ പേരാണ് മരിക്കുന്നത്? ശാസ്ത്രത്തിനുവേണ്ടിയുള്ള ‘സ്ലീപ്പിംഗ് മോഡും സേഫ്റ്റ്‌ലാന്റിംഗും’ ജനങ്ങളുടെ സുഖനിദ്രയ്ക്കും സുരക്ഷിതത്തിനും സ്വദേശത്തുതന്നെ ‘സേഫ്റ്റ്‌ലാന്റ്’ ചെയ്തു ജീവിതം കരുപ്പിടിപ്പിക്കുന്നതിനും ഉതകണം. ശാസ്ത്രനേട്ടങ്ങള്‍ ഒട്ടും വിലകുറച്ചു കാണാത്തപ്പോഴും നമ്മുടെ നേട്ടങ്ങളെല്ലാം മനുഷ്യര്‍ക്ക് ജീവിക്കുവാനുള്ള ‘കവച’മൊരുക്കുന്നതാകണം. ഈവക നേട്ടങ്ങളിലൊന്നും മികവു പുലര്‍ത്താത്ത രാജ്യങ്ങളില്‍പോലും സമൂഹം പ്രശ്‌നരഹിതമായി തൊഴില്‍ ചെയ്ത് സുഗമമായി ജീവിക്കുകയും എന്നാല്‍ ഈ ജീവിതത്തിനാവശ്യമായ അത്ഭുതപ്പെടുത്തുന്ന ശാസ്ത്രവളര്‍ച്ച രാജ്യത്താകമാനം ദൃശ്യമാകുകയും ചെയ്യുന്നു. ഏതു ശാസ്ത്രവും ഭൂമിയിലെ മനുഷ്യരുടെ സുരക്ഷിതത്വത്തിലേക്ക് മുതല്‍ക്കൂട്ടാകണം. ശാസ്ത്രം ജയിക്കണം, പക്ഷേ മനുഷ്യര്‍ തോല്‍ക്കരുതെന്നതും ശാസ്ത്രത്തിന്റെ ഗുണഫലമാകണം.

വൃദ്ധരുടെ നാടും അതിഥിത്തൊഴിലാളികളുടെ പ്രവര്‍ത്തനയിടവുമായി കേരളം മാറിക്കഴിഞ്ഞു. വലിയ വീടും വലിയ അസമാധാനവും നെടുവീര്‍പ്പുമായി വയ്യാത്തവര്‍ നാട്ടിലേറുന്നു. സമ്പത്തുണ്ടായിരിക്കാം… പക്ഷേ ആള്‍ബലമില്ല… ബന്ധുബലമില്ല… മക്കളടുത്തില്ല… അയല്‍ക്കാരെല്ലാം അന്യനാട്ടുകാരും. മക്കളെ കാണണമെങ്കില്‍ മരിക്കണം, മക്കളുടെ സ്‌നേഹത്തിന്റെ തീവ്രതയറിയണമെങ്കില്‍ സംസ്‌കാരശുശ്രൂ ഷയുടെ ‘ലൈവ് സ്ട്രീം’ കാണണം. ജനാധിപത്യവും ജനക്ഷേമവും ശാസ്ത്രനേട്ടവും എവിടെനില്‍ക്കുന്നു? ആദ്യം മനുഷ്യത്വവും ആര്‍ദ്രതയും അനുകമ്പയും സോദരസ്‌നേഹവുമുള്ള മനുഷ്യരാകാം…

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?