ജിതിന്‍ ജോസഫ്
വിശ്വപ്രസിദ്ധ ഫാഷന്‍ ഡിസൈനറും എഴുത്തുകാരിയുമായിരുന്ന കിര്‍സിഡ റോഡ്രിഗസ് കാന്‍സര്‍ വന്ന് മരിക്കുന്നതിന് മുന്‍പ് എഴുതിയ കുറിപ്പ് എറെ ശ്രദ്ധേയമാണ്. ”ലോകത്തിലെ ഏറ്റവും വിലയേറിയ ബ്രാന്‍ഡ് കാര്‍ എന്റെ ഗാരേജിലുണ്ട്. പക്ഷെ ഞാന്‍ ഇപ്പോള്‍ വീല്‍ചെയറില്‍ ആണ് യാത്ര ചെയുന്നത്. എന്റെ വീട്ടില്‍ എല്ലാത്തരം ഡിസൈന്‍ വസ്ത്രങ്ങളും ചെരിപ്പുകളും വിലയേറിയ വസ്തുക്കളും നിറഞ്ഞിരിക്കുന്നു. പക്ഷെ ആശുപത്രി നല്‍കിയ ചെറിയ ഷീറ്റില്‍ എന്റെ ശരീരം പൊതിഞ്ഞിരിക്കുന്നു. എന്റെ വീട് ഒരു കൊട്ടാരംപോലെയാണെങ്കിലും ഞാന്‍ ആശുപത്രിയിലെ കട്ടിലില്‍ കിടക്കുന്നു. ഞാന്‍ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍നിന്ന് മറ്റൊരു പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് പോകുമായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഞാന്‍ ഒരു ലാബില്‍ നിന്ന് മറ്റൊന്നിലേക്ക് ആശുപത്രിയില്‍ സമയം ചെലവഴിക്കുന്നു. ഞാന്‍ നൂറുകണക്കിന് ആളുകള്‍ക്ക് ഓട്ടോഗ്രാഫുകള്‍ നല്‍കി. ഇന്ന് ഡോക്ടറുടെ കുറിപ്പ് എന്റെ ഓട്ടോഗ്രാഫ് ആണ്. എന്റെ മുടി അലങ്കരിക്കാന്‍ എനിക്ക് ഏഴ് ബ്യൂട്ടിഷ്യന്‍ ഉണ്ടായിരുന്നു. ഇന്ന് എന്റെ തലയില്‍ ഒരു മുടി പോലും ഇല്ല. സ്വകാര്യ ജെറ്റില്‍, എനിക്ക് ആവശ്യമുള്ളിടത്ത് പറക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ ആശുപത്രിയുടെ വരാന്തയിലേക്ക് പോകാന്‍ രണ്ടുപേരുടെ സഹായം സ്വീകരിക്കണം. ധാരാളം ഭക്ഷണങ്ങള്‍ ഉണ്ടെങ്കിലും, എന്റെ ഭക്ഷണക്രമം ഒരു ദിവസം രണ്ട് ഗുളികകളും രാത്രിയില്‍ കുറച്ച് തുള്ളി ഉപ്പുവെള്ളവുമാണ്. സമ്പത്തും അന്തസും പ്രശസ്തിയുമൊന്നും എനിക്ക് ഒരു പ്രയോജനവുമില്ല. ഇവയൊന്നും എനിക്ക് അല്‍പ്പം ആശ്വാസം നല്‍കാന്‍ കഴിയില്ല. ആശ്വാസം നല്‍കുന്നത് കുറെ ആളുകളുടെ മുഖങ്ങളും അവരുടെ സ്പര്‍ശനവും. ജീവിതം ഒന്നേ ഉള്ളൂ. അത് നന്മ ചെയ്ത് ജീവിക്കുക ഓരോ നിമിഷവും. ഇതാണ് മനുഷ്യന്റെ അവസ്ഥ..നാളെ എന്ത് വരും എന്ന് ആര്‍ക്കും പ്രവചിക്കാന്‍ പറ്റില്ല.. നാളെ മരിക്കും എന്ന് വിചാരിച്ചു ഒരു മുന്‍കരുതല്‍ എടുക്കുക.”
ജീവിതത്തിന്റെ സായംസന്ധ്യയോട് അടുത്തപ്പോള്‍ അവരുടെ വാക്കുകളില്‍ വിഷാദം നിറഞ്ഞുനിന്നിരുന്നു. എല്ലാമുണ്ടായിട്ടും ശൂന്യത നിറഞ്ഞ രാപ്പകലുകള്‍. ആഘോഷങ്ങള്‍ക്കൊടുവിലെ അരങ്ങൊഴിയല്‍ പോലെ എങ്ങും നിശബ്ദത മാത്രം. വെളിപാടുകളും തിരിച്ചറിവുകളും ഏറെ വൈകി നമ്മളെ തേടിയെത്തിയ പോലെ. ജീവിച്ചു തീര്‍ന്നപ്പോള്‍ ജീവിച്ചു തുടങ്ങുവാന്‍ ഒരാഗ്രഹം. ഇന്നലകളിലേക്ക് തിരിച്ചുചെല്ലാനുള്ള മനസിന്റെ വ്യാമോഹം. ജീവിച്ചു തുടങ്ങിയില്ലെങ്കില്‍ തിരിച്ചറിയുക തിരിഞ്ഞുനോട്ടത്തിലും തിരിച്ചറിവിനും തിരുത്തികുറിക്കലിനും ഉള്ള സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. അതിനാല്‍ ആത്മാവിന്റെ പ്രവര്‍ത്തനങ്ങളെ തിരിച്ചറിഞ്ഞ് മുന്നോട്ട് പോകാന്‍ പരിശ്രമിക്കാം. അതിനായി സഹായകനും വഴികാട്ടിയുമായ പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിക്കാം. എല്ലാ നന്മകളുടെയും ദാനങ്ങളുടെയും ഉറവിടത്തില്‍ നിന്നും നമുക്ക് കുടിക്കാം. കണ്‍തുറന്നു കാണുക, അകം തുറന്ന് ശ്രവിക്കുക.
ജന്മംകൊണ്ട് നാമെല്ലാവരും സമ്പന്നരാണ്, കര്‍മംകൊണ്ട് ദരിദ്രരും. നമ്മുടെ പ്രവൃത്തികള്‍ നന്മകള്‍ക്ക് ഉപകരിക്കുന്നില്ലെങ്കില്‍ ഓര്‍ക്കുക അത് പിശുക്കന്റെ നാണയശേഖരണങ്ങള്‍പോലെയാണ്. ഒന്നിനും ഉപകരിക്കില്ല. മറിച്ച് വിധവയുടെ ചെമ്പു നാണയങ്ങള്‍പോലെ ആവട്ടെ നമ്മുടെ കഴിവുകള്‍. കുറവെങ്കിലും പങ്കുവയ്ക്കലിന്റെയും പങ്കുപറ്റലിന്റെയും മനോഹാരിത. ധനവാന്മാരുടെ സ്വര്‍ണ്ണനാണയങ്ങള്‍ക്കിടയിലേക്ക് വീഴുവാന്‍ ആ ചെമ്പുനാണയങ്ങള്‍ക്ക് മടിയായിരുന്നു, എങ്കിലും തന്റെ ഇല്ലായ്മയില്‍ നിന്നുപോലും പങ്കുവയ്ക്കുവാന്‍ ആ വിധവയ്ക്ക് മടിയില്ലായിരുന്നു. നല്‍കപ്പെട്ടവ കുറവെങ്കിലും അവള്‍ ഇപ്പോള്‍ എല്ലാവരെയുംകാള്‍ കൂടുതല്‍ അര്‍ഹതപ്പെട്ടിരിക്കുന്നു. വന്ന വഴി മറക്കാതിരിക്കുമ്പോഴാണ് നാം കൃതജ്ഞത ഉള്ളവരാകുന്നത്. നല്‍കപ്പെട്ട നന്മകള്‍ക്ക് നാം എപ്പോഴും കൃതജ്ഞത ഉള്ളവര്‍ ആയിരിക്കണം. എത്രത്തോളം ഉന്നതരാണോ അത്രത്തോളം വിനീതരാകാന്‍ തക്കവിതം എളിമയുള്ളവര്‍ ആയിരിക്കണം.
Leave a Comment
Your email address will not be published. Required fields are marked with *