Follow Us On

23

January

2025

Thursday

പ്രാര്‍ത്ഥിക്കുവാന്‍ പഠിക്കേണ്ടതുണ്ടോ?

പ്രാര്‍ത്ഥിക്കുവാന്‍  പഠിക്കേണ്ടതുണ്ടോ?

സണ്ണി കുറ്റിക്കാട്ട് സിഎംഐ

പ്രാര്‍ത്ഥിക്കുന്ന വ്യക്തിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന അത്ഭുതങ്ങളും പരിവര്‍ത്തനങ്ങളും നിരവധിയാണ്. ആ വ്യക്തിയില്‍ വ്യക്തമായ ദിശാബോധം ഉരുത്തിരിയും. ആന്തരികസമാധാനം ഹൃദയത്തില്‍ ഭരണം തുടങ്ങും. സ്‌നേഹത്തിന്റെ പൂര്‍ണതയിലേക്ക് വളരാന്‍ സാധിക്കുന്നതോടൊപ്പം ഉള്ളില്‍ ക്ഷമയുടെയും കാരുണ്യത്തിന്റെയും ഉറവകള്‍ ജന്മമെടുക്കും.

ഏതു ജോലിക്കും പ്രാര്‍ത്ഥനയുടെ പിന്‍ബലമുണ്ടെങ്കില്‍ ലക്ഷ്യമിടുകയും ആഗ്രഹിക്കുകയും ചെയ്യുന്നതില്‍ കൂടുതല്‍ മികവോടെ അത് പൂര്‍ത്തീകരിക്കുവാന്‍ കഴിയും. എന്നാല്‍ സ്വന്തം കഴിവിലും പ്രതിഭയിലും മാത്രം ആശ്രയിച്ചാണ് ഒരു ദൗത്യം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നതെങ്കില്‍ ലക്ഷ്യമിട്ടിരിക്കുന്ന കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ എപ്പോഴും കഴിഞ്ഞെന്നു വരികയുമില്ല. അതുകൊണ്ടാണ് കര്‍ത്താവ് നമ്മോട് പറയുന്നത് ”എന്നെ കൂടാതെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുകയില്ല” (യോഹ. 15:5).

നിലവിളികള്‍ പ്രാര്‍ത്ഥനകളാകുമ്പോള്‍
ഹൃദയവേദനയോടുകൂടിയുള്ള ഒരു നിലവിളിക്ക് ദൈവം അതിവേഗം ഉത്തരം നല്‍കുന്നു. നമുക്ക് ചെയ്യുവാന്‍ കഴിയുന്ന ഏറ്റവും ഉചിതവും പ്രയോജനകരവും ലളിതവുമായ പ്രാര്‍ത്ഥനയാണ് ‘ദൈവമേ, സഹായിക്കണമേ’ എന്ന നിലവിളി. ഹൃദയപരമാര്‍ത്ഥതയോടെ, എളിമയോടെ ദൈവതിരുസന്നിധിയില്‍ ഇങ്ങനെ നിലവിളിക്കുമ്പോള്‍ നമുക്ക് എന്തൊക്കെ ഈ നിമിഷം ആവശ്യമുണ്ടെന്ന് കൂടുതല്‍ വാക്കുകള്‍ ഉപയോഗിച്ച് എണ്ണിയെണ്ണി പറയാതെതന്നെ അവിടുന്ന് മനസിലാക്കുന്നു.

നമ്മള്‍ ദൈവത്തിലേക്ക് അടുക്കുവാന്‍ ഒരടി മുന്‍പോട്ട് വയ്ക്കുമ്പോള്‍ നമുക്കൊരിക്കലും ചിന്തിക്കുവാന്‍ സാധിക്കാത്തവിധം നമ്മെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവിടുന്ന് നമ്മുടെ അടുത്തേക്ക് ഓടിയെത്തുന്നു. ”നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ കര്‍ത്താവ് നമുക്ക് സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തുള്ള വേറെ ഏതു ശ്രേഷ്ഠ ജനതയാണുള്ളത്?” (നിയമാ. 4:7) എന്ന് തിരുവചനം നമ്മോട് ചോദിക്കുന്നതും ഇക്കാരണംകൊണ്ടാണ്. നമ്മുടെ ആവശ്യങ്ങളിലേക്ക്, നമ്മുടെ ജീവിതങ്ങളിലേക്ക് അവിടുന്ന് ഇറങ്ങിവരുന്നു. നമ്മള്‍ ദൈവാശ്രയബോധമുള്ളവരാണെന്ന് തെളിയിക്കപ്പെടുന്നത് ദൈവവുമായിട്ടുള്ള നമ്മുടെ വ്യക്തിപരവും ശക്തവുമായ ബന്ധത്തിലൂടെയാണ്, പ്രാര്‍ത്ഥനയിലൂടെയാണ്. ബൈബിളിന്റെ കാഴ്ചപ്പാടില്‍ പ്രാര്‍ത്ഥനയിലൂടെ നമ്മള്‍ ദൈവത്തെ അനുഭവിച്ചറിയുകയാണ്. ദൈവത്തെ കണ്ടുമുട്ടുകയാണ്.

ഉത്തരം പലവിധത്തില്‍
പ്രാര്‍ത്ഥനയിലൂടെ നമ്മുടെ സ്വപ്നങ്ങളും പ്രതീക്ഷകളും പരിഭവങ്ങളും പരാതികളുമെല്ലാം ദൈവതിരുമുമ്പില്‍ സമര്‍പ്പിക്കുക. എന്നാല്‍ ഇവിടെ നമ്മുടെ ഇഷ്ടത്തെക്കാള്‍ ദൈവത്തിന്റെ ഇഷ്ടത്തിന് പ്രാധാന്യം നല്‍കാന്‍ തയാറാകണം. ഈ മനോഭാവം സ്വന്തമാക്കേണ്ടത് യേശുവിന്റെ ജീവിതത്തില്‍നിന്നുതന്നെയാണ്. ഗത്‌സമെനിയില്‍ അവിടുന്ന് ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നു: ”പിതാവേ, അങ്ങേക്ക് ഇഷ്ടമെങ്കില്‍ ഈ പാനപാത്രം എന്നില്‍നിന്ന് അകറ്റണമേ. എങ്കിലും എന്റെ ഹിതമല്ല, അവിടുത്തെ ഹിതം നിറവേറട്ടെ!” (ലൂക്കാ 22:42).

പരമാര്‍ത്ഥ ഹൃദയത്തോടെ, തീക്ഷ്ണതയോടെ, വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുന്നതുവരെ ഞാന്‍ ‘പ്രാര്‍ത്ഥിച്ചു’ എന്ന കാരണത്താല്‍മാത്രം സ്വര്‍ഗത്തില്‍നിന്ന് ഉത്തരം കിട്ടണമെന്നില്ല. ഇത്തരക്കാരെക്കുറിച്ച് തമ്പുരാന്‍ പറയുന്നു, ”ഈ ജനം അധരങ്ങള്‍കൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാല്‍ അവരുടെ ഹൃദയം എന്നില്‍നിന്നു വളരെ ദൂരെയാണ്. വ്യര്‍ത്ഥമായി അവര്‍ എന്നെ ആരാധിക്കുന്നു, മനുഷ്യരുടെ കല്പനകള്‍ പ്രമാണങ്ങളായി പഠിപ്പിക്കുകയും ചെയ്യുന്നു” (മര്‍ക്കോ. 7:7). ആധ്യാത്മിക ജീവിതത്തിലെ ഏറ്റവും വലിയ അപകടം പ്രാര്‍ത്ഥനക്ക് ഉത്തരം കിട്ടുന്നില്ല എന്നുള്ളതല്ല. മറിച്ച് നമ്മള്‍ ഹൃദയപരമാര്‍ത്ഥതയോടെ, പ്രത്യാശയോടെ, തീക്ഷ്ണതയോടെ പ്രാര്‍ത്ഥിക്കുന്നില്ല എന്നതാണ്.

ഹൃദയപരമാര്‍ത്ഥതയോടെയുള്ള പ്രാര്‍ത്ഥനക്ക് ഉത്തരം കിട്ടാതിരിക്കില്ല. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് രണ്ട് അന്ധന്മാരുടെ പ്രാര്‍ത്ഥന (മത്താ. 9:27-30). പല രീതിയില്‍ ദൈവം പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കുന്നുണ്ട്. ചിലപ്പോള്‍ ഇല്ല എന്നായിരിക്കും (മത്താ. 15:21-28). മറ്റു ചിലപ്പോള്‍ സമയമായില്ല എന്നായിരിക്കും (യോഹ. 2:4). ഇനിയും ചിലപ്പോള്‍ ഞാന്‍ നിന്നെ അധികമായി സ്‌നേഹിക്കുന്നു എന്നാകാം (മത്താ. 18:12-14). എങ്ങനെയൊക്കെയാണെങ്കിലും ദൈവം പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കും, തീര്‍ച്ച.

കണ്ണുകള്‍കൊണ്ട് പ്രാര്‍ത്ഥിക്കാം
എപ്പോഴും നമ്മുടെ പ്രശ്‌നങ്ങളുടെയും ആവലാതികളുടെയും കെട്ടുകള്‍ അഴിക്കുന്നതിനുപകരം ശാന്തമായി പ്രത്യാശയോടെ യേശുവിന്റെ തിരുമുഖത്തേക്ക് നോക്കിയിരിക്കാന്‍ സാധിക്കണം. സത്യത്തില്‍ ഇതാണ് യഥാര്‍ത്ഥമായ പ്രാര്‍ത്ഥന. പ്രാര്‍ത്ഥിക്കേണ്ട കാര്യം പ്രാര്‍ത്ഥിക്കേണ്ട രീതിയില്‍ പ്രാര്‍ത്ഥിക്കുമ്പോഴാണ് ദൈവസന്നിധിയില്‍ സ്വീകാര്യമായി മാറുന്നത്. സത്യത്തില്‍, പ്രാര്‍ത്ഥിക്കുവാന്‍ നമ്മള്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. എങ്ങനെ പ്രാര്‍ത്ഥിക്കണമെന്ന് യേശു പറയുന്നുണ്ട് (ലൂക്കാ 11: 2-4). പ്രാര്‍ത്ഥനാജീവിതത്തില്‍ ആഴപ്പെട്ട ഒരു വ്യക്തി എപ്പോഴും ശുഭാപ്തി വിശ്വാസിയായിരിക്കും. ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ കാര്യങ്ങളിലും ദൈവപരിപാലന ദര്‍ശിക്കാന്‍ കഴിയാത്ത വ്യക്തിക്ക് ഒരിക്കലും പ്രാര്‍ത്ഥനയുടെ മനുഷ്യനായിരിക്കുവാന്‍ കഴിയുകയില്ല.

ദൈവത്തെ നിര്‍ബന്ധിക്കുന്നതല്ല പ്രാര്‍ത്ഥന
എല്ലാ കാര്യങ്ങളും ഭംഗിയായും കാര്യക്ഷമമായും അര്‍ത്ഥവത്തായും ചെയ്യാന്‍ പ്രാര്‍ത്ഥനയെക്കാള്‍ ശക്തമായ ഒരു ആയുധം നമുക്കില്ല. ചെയ്യേണ്ടത് ഇത്രമാത്രം. സംശയങ്ങളെ ചോദ്യങ്ങളാക്കി മാറ്റണം. ചോദ്യങ്ങളെ പ്രാര്‍ത്ഥനകളാക്കി മാറ്റണം. ആ പ്രാര്‍ത്ഥനകള്‍ ദൈവസന്നിധിയിലേക്ക് ഉയര്‍ത്തണം.
ദൈവത്തോട് നാം വിജയത്തിനായി പ്രാര്‍ത്ഥിക്കുമ്പോള്‍ ആ വിജയം നേടാനുള്ള ഒരു വഴി അവിടുന്ന് നമ്മുടെ മുമ്പില്‍ തുറക്കും. ആ വഴിയിലൂടെ മുന്നേറി അവിടുത്തോട് ചോദിച്ച വിജയം നാം സ്വന്തമാക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി ദൈവതിരുമനസിനെ നിര്‍ബന്ധിക്കുന്നതല്ല, മറിച്ച്, നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവികപദ്ധതികളെ തിരിച്ചറിയുന്നതിനുള്ള വഴിയാണ് പ്രാര്‍ത്ഥന. അതുപോലെ, ജീവിതത്തില്‍ രക്ഷപ്പെടാന്‍ മറ്റൊരു മാര്‍ഗവും കാണാതെ വരുമ്പോള്‍മാത്രം ഉപയോഗിക്കാനുളള പൊടിക്കൈയുമല്ല പ്രാര്‍ത്ഥന.

ജീവിതത്തില്‍ ചെയ്യാവുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം പ്രാര്‍ത്ഥിക്കുക എന്നതാണ്. നിരന്തരമായി പ്രാര്‍ത്ഥിക്കുന്ന ഒരു വ്യക്തി അവന്റെ സമയം ഏറ്റവും നന്നായി ഉപയോഗിക്കുന്നു. അത് തനിച്ചിരിക്കുമ്പോഴാകട്ടെ, മറ്റുള്ളവരോടൊപ്പമായിരിക്കുമ്പോഴാകട്ടെ, വിശ്രമിക്കുമ്പോഴാകട്ടെ, വഴിയിലൂടെ നടക്കുമ്പോഴാകട്ടെ എവിടെയാണെങ്കിലും നമുക്ക് ചെയ്യാവുന്ന ഏറ്റവും ലാഭകരമായ പ്രവൃത്തി പ്രാര്‍ത്ഥിക്കുക എന്നതാണ്. കാരണം നാം ചോദിക്കുന്നതിലധികം അവിടുന്ന് നമുക്ക് തരും. ”ഞാന്‍ നിങ്ങളോടു പറയുന്നു: ചോദിക്കുവിന്‍ നിങ്ങള്‍ക്കു ലഭിക്കും. അന്വേഷിക്കുവിന്‍ നിങ്ങള്‍ കണ്ടെത്തും. മുട്ടുവിന്‍ നിങ്ങള്‍ക്കു തുറന്നുകിട്ടും. എന്തെന്നാല്‍ ചോദിക്കുന്ന ഏവനും ലഭിക്കുന്നു. അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു. മുട്ടുന്നവനു തുറന്നു കിട്ടുകയും ചെയ്യുന്നു” (ലൂക്കാ 11:9-10).

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?