Follow Us On

21

September

2024

Saturday

കമ്പ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്ഡി നേടിയ ആദ്യ വനിത

കമ്പ്യൂട്ടര്‍ സയന്‍സില്‍   പിഎച്ച്ഡി നേടിയ ആദ്യ വനിത

1965 -ല്‍ വിസ്‌കോന്‍സിന്‍-മാഡിസ ണ്‍ സര്‍വകലാശാലയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്ഡി നേടിക്കൊണ്ട് ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിതയായി മാറിയ മേരി കെന്നത്ത് കെല്ലര്‍ ഒരു കന്യാസ്ത്രീയാണെന്ന വിവരം ഇന്നും അധികമാര്‍ക്കുമറിയാത്ത ചരിത്രമാണ്. കമ്പ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്ഡി നേടുന്ന ആദ്യ വ്യക്തി എന്ന പദവി ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് സിസ്റ്റര്‍ കെല്ലറിന് നഷ്ടമായതെന്നതാണ് അതിലേറെ കൗതുകമുണര്‍ത്തുന്ന ചരിത്രം. സിസ്റ്റര്‍ കെല്ലര്‍ പിഎച്ച്ഡി സ്വീകരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രമാണ് കമ്പ്യൂട്ടര്‍ സയന്‍സിലെ ആദ്യ പിഎച്ച്ഡി വാഷിംഗ്ടണ്‍ സര്‍വകലാശാല ഇന്‍വിംഗ് സി ടാംഗിന് സമ്മാനിച്ചത് .

ഇന്നു കാണുന്ന രീതിയിലുള്ള വിവരസാങ്കേതികവിദ്യയുടെ വളര്‍ച്ച അന്നേ പ്രവചിച്ചിരുന്ന സിസ്റ്ററിന്റെ ദീര്‍ഘവീക്ഷണം അത്ഭുതത്തോടെ മാത്രമേ നോക്കി കാണാന്‍ സാധിക്കുകയുള്ളൂ. മനുഷ്യബുദ്ധിക്ക് സമാനമായ സിമുലേഷനുകള്‍ ഇന്ന് കാണുന്ന വിധത്തിലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് രൂപം നല്‍കുമെന്ന് പ്രവചിച്ച സിസ്റ്റര്‍ മേരി കെന്നത്ത് കെല്ലര്‍ കമ്പ്യൂട്ടര്‍ സയന്‍സിന്റെ ഉപയോഗം വിദ്യാഭ്യാസ മേഖലയിലേക്ക് വ്യാപിപ്പിക്കുന്നതിലും സാധാരണ ജനങ്ങളിലേക്കെത്തിക്കുന്നതിലും വഹിച്ച പങ്ക് ചെറുതല്ല. ഇന്നും നിലനില്‍ക്കുന്ന അസോസിയേഷന്‍ ഓഫ് സ്‌മോള്‍ കമ്പ്യൂട്ടര്‍ യൂസേഴ്‌സ് എന്ന സംഘടനക്ക് രൂപം നല്‍കിയ സിസ്റ്റര്‍ മേരി കെന്നത്ത് കെല്ലര്‍ ഈ മേഖലയിലേക്കുള്ള സ്ത്രീകളുടെ കടന്നുവരവിനെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചു. കുഞ്ഞുങ്ങളുള്ള അമ്മമാര്‍ക്ക് കുഞ്ഞുങ്ങളെ ക്ലാസില്‍ കൊണ്ടുവരുവാനുള്ള അനുവാദം പോലും നല്‍കിയിരുന്ന സിസ്റ്റര്‍ കെല്ലര്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങ് സാധാരണക്കാര്‍ക്ക് പ്രാപ്യമാക്കിയ ‘ബേസിക്ക്’ എന്ന കമ്പ്യൂട്ടര്‍ ലാംഗ്വേജിന് രൂപം നല്‍കുന്നതിന് സഹായിച്ചു.

പുരുഷന്മാര്‍ മാത്രം ജോലി ചെയ്തിരുന്ന ഡാര്‍ട്ട്മൗത്ത് സര്‍വകലാശാലയിലെ കമ്പ്യൂട്ടര്‍ ലാബില്‍ പ്രത്യേക അനുവാദത്തോടെ ജോലി ചെയ്തുകൊണ്ടാണ് ബേസിക്കിന്റെ രൂപീകരണത്തില്‍ സിസ്റ്റര്‍ ജോണ്‍ ജി കെമനിയെയും തോമസ് ഇ കര്‍ട്ട്‌സിനെയും സിസ്റ്റര്‍ കെല്ലര്‍ സഹായിച്ചത്. 1913-ല്‍ യുഎസിലെ ഓഹിയോ സംസ്ഥാനത്ത് ജനിച്ച കെല്ലര്‍ പരിശുദ്ധ അമ്മയുടെ ഉപവിയുടെ സഹോദരിമാര്‍ എന്ന സന്യാസസഭയില്‍ ചേര്‍ന്നാണ് സന്യാസ വ്രതങ്ങള്‍ സ്വീകരിച്ചത്. പിന്നീട് കണക്കില്‍ ബിരുദവും കണക്കിലും ഫിസിക്‌സിലും ബിരുദാനന്തര ബിരുദവും സ്വന്തമാക്കിയ ശേഷമാണ് കമ്പ്യൂട്ടര്‍ സയന്‍സ് മേഖലയിലേക്ക് തിരിഞ്ഞത്. പിഎച്ച്ഡി നേടിയ ശേഷം ക്ലാര്‍ക്ക് സര്‍വകലാശാലയില്‍ അധ്യാപികയായി ചേര്‍ന്ന സിസ്റ്റര്‍ കെല്ലര്‍ അവിടെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം ആരംഭിക്കുകയും ഇരുപത് വര്‍ഷക്കാലം അതിന്റെ മേധാവിയായി പ്രവര്‍ത്തിക്കുകയും ചെയ്തു. 1985 ല്‍ അന്തരിച്ച സിസ്റ്റര്‍ കെല്ലറിന്റെ ബഹുമാനാര്‍ത്ഥം ഈ സര്‍കലാശാലയിലെ കമ്പ്യൂട്ടര്‍ സെന്റര്‍ സിസ്റ്റര്‍ കെല്ലര്‍ കമ്പ്യൂട്ടര്‍ സെന്റര്‍ എന്ന് പുനര്‍നാമകരണം ചെയ്തു. കമ്പ്യൂട്ടറുകളും ഇന്റര്‍നെറ്റും സാര്‍വത്രികമാകുന്നതിന് മുമ്പ് വിടവാങ്ങിയ സിസ്റ്റര്‍ കെല്ലര്‍ കമ്പ്യൂട്ടര്‍ സയന്‍സ് മേഖലക്ക് നല്‍കിയ സംഭാവനകള്‍ ശാസ്ത്രലോകം ഇന്നും നന്ദിയോടെ സ്മരിക്കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?