Follow Us On

03

May

2024

Friday

ജനവാസകേന്ദ്രത്തില്‍ കടുവാ സഫാരി പാര്‍ക്കോ?

ജനവാസകേന്ദ്രത്തില്‍  കടുവാ സഫാരി പാര്‍ക്കോ?

സ്വന്തം ലേഖകന്‍
കോഴിക്കോട്

വന്യമൃഗശല്യംമൂലം ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് കേരളത്തിലെ മലയോര മേഖലയിലെ ജനങ്ങള്‍. കാട്ടുപന്നികളെപ്പോലും നിയന്ത്രിക്കാന്‍ കഴിയാത്തതിന്റെ പിന്നില്‍ കേന്ദ്രനിയമങ്ങളാണ് തടസമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. കേന്ദ്രത്തെ വിമര്‍ശിക്കുന്ന സംസ്ഥാന സര്‍ക്കാര്‍തന്നെയാണ് ജനവാസ മേഖലയില്‍ കടുവാ സഫാരി പാര്‍ക്ക് സ്ഥാപിക്കാന്‍ ഒരുങ്ങുന്നതും. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്കടുത്ത് മുതുകാട്, ചെമ്പനോട പ്രദേശങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന 112 ഹെക്ടര്‍ വനവും പ്ലാന്റേഷന്‍ കോര്‍പറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റും ഉള്‍പ്പെടുത്തിയാണ് നിര്‍ദിഷ്ട ടൈഗര്‍ പാര്‍ക്ക് വിഭാവനം ചെയ്തിരിക്കുന്നത്. ടൂറിസം വളര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് സഫാരി പാര്‍ക്ക് എന്നാണ് അധികൃതരുടെ വിശദീകരണം. കടുവ സഫാരി പാര്‍ക്കിനെതിരെ പ്രതിഷേധവുമായി ജനങ്ങള്‍ രംഗത്തിറങ്ങിക്കഴിഞ്ഞു.

എന്തു സുരക്ഷിതത്വം
വന്യമൃഗങ്ങളെ മൃഗശാലകളിലെ സുരക്ഷിതത്വത്തില്‍ പാര്‍പ്പിക്കുന്നതുപോലെ ടൈഗര്‍ സഫാരി പാര്‍ക്കുകളെ വിലയിരുത്തരുത്. ആറു മീറ്റര്‍ ഉയരത്തില്‍ കമ്പിവേലി നിര്‍മിച്ചു സംരക്ഷിക്കുമെന്ന് പറയുമ്പോള്‍ ഇതു വനത്തിന് ഉള്ളിലാണെന്നത് വിസ്മരിക്കരുത്. ഒരു മരം വീണാല്‍മതി വേലി തകരും. വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി മനുഷ്യരെ അപായപ്പെടുത്തിക്കഴിഞ്ഞായിരിക്കും ബന്ധപ്പെട്ടവര്‍ വിവരം അറിയാന്‍ സാധ്യത. ക്യാമറകള്‍ സ്ഥാപിക്കുമെന്നൊക്കെ പറഞ്ഞെന്നുവരാം. നഗരത്തിന്റെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന 24 മണിക്കൂറും ക്യാമറ നിരീക്ഷണത്തിലുള്ള എടിഎമ്മുകളില്‍ തട്ടിപ്പു നടത്തിയിട്ട് വിവരം അറിയാന്‍ ദിവസങ്ങളെടുത്തു എന്നോര്‍ക്കണം.
ടൈഗര്‍ സഫാരി പാര്‍ക്കു വന്നാല്‍ ടൂറിസം വളരുമെന്നത് കബളിപ്പിക്കലാണ്. നിര്‍ദ്ദിഷ്ട കടുവ സഫാരി പാര്‍ക്കിനടുത്തുള്ള പെരുവണ്ണാമൂഴി ഡാമും പരിസര പ്രദേശങ്ങളും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന കേന്ദ്രങ്ങളാണ്. പക്ഷേ, ടൂറിസത്തിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടില്ല. കടുവ സഫാരി പാര്‍ക്ക് യാഥാര്‍ത്ഥ്യമായാല്‍ ടൂറിസത്തിന്റെ സാധ്യതകള്‍ അസ്തമിക്കുന്നതിനൊപ്പം ജനവാസവും സാധ്യമല്ലാതാകും. കടുവാ സഫാരി പാര്‍ക്കിലേക്ക് ആളുകള്‍ ഒഴുകുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? ഇവിടേക്ക് എത്തുന്നത് വളരെക്കുറച്ച് ആളുകളായിരിക്കും.

വികസനത്തിന്റെ മുഖംമൂടികള്‍

കര്‍ഷകരെ എന്നും ശത്രുപക്ഷത്തുനിര്‍ത്തുന്നവരാണ് വനംവകുപ്പ്. കൃഷിഭൂമിയില്‍ ജണ്ട കെട്ടി വനഭൂമിയാക്കാന്‍ ശ്രമിക്കുന്നതുപോലെയുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. അതിനാല്‍ത്തന്നെ വനംവകുപ്പ് കൊണ്ടുവരുന്ന പദ്ധതികളുടെ പിന്നില്‍ നിഗൂഢലക്ഷ്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടാകുമെന്ന് സംശയിക്കുന്നവരെ കുറ്റംപറയാന്‍ കഴിയില്ല. വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് തടയുന്നതില്‍ വനംവകുപ്പ് പൂര്‍ണമായി പരാജയപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇത്തരം പദ്ധതികള്‍ വന്നാല്‍ പ്രദേശത്തുനിന്നും പടിയിറങ്ങാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരായിത്തീരും. ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും പശ്ചിമഘട്ടത്തെ വനമാക്കി മാറ്റാനുള്ള വന്‍കിട ഗൂഢാലോചനയുടെ ഭാഗമായി പലവിധത്തിലുള്ള പദ്ധതികള്‍ പല രൂപങ്ങളില്‍ വേഷംമാറിവരും. വികസനത്തിന്റെയും വളര്‍ച്ചയുടെയും മുഖംമൂടികള്‍ ധരിച്ചാകും അവയൊക്കെ അവതരിപ്പിക്കപ്പെടുന്നതും. അതിനാല്‍ ജനവിരുദ്ധമായ പദ്ധതികള്‍ക്ക് രാഷ്ട്രീയ നേതൃത്വം പിന്തുണ നല്‍കരുത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?