Follow Us On

23

January

2025

Thursday

ജനങ്ങളെ കുടിയിറക്കുന്ന വന്യമൃഗങ്ങള്‍

ജനങ്ങളെ കുടിയിറക്കുന്ന വന്യമൃഗങ്ങള്‍

മോണ്‍. അബ്രാഹം വയലില്‍
(ലേഖകന്‍ താമരശേരി രൂപതാ വികാരി ജനറാളാണ്)

വന്യമൃഗങ്ങളെ വനത്തിനുള്ളില്‍വച്ച് കാണാനും ഫോട്ടോ എടുക്കാനും സുരക്ഷിത വാഹനങ്ങളില്‍ അവയ്ക്കിടയിലൂടെ ചുറ്റിക്കറങ്ങാനും സൗകര്യമൊരുക്കുകയാണ് സഫാരി പാര്‍ക്കുകളിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ ടൂറിസം വികസിപ്പിക്കുക എന്നതാണ് പറയുന്നതെങ്കിലും യാഥാര്‍ത്ഥ്യവുമായി ബന്ധം ഉണ്ടോ എന്നതും പരിശോധിക്കപ്പെടേണ്ടതാണ്. പാര്‍ക്ക് എവിടെ സ്ഥാപിക്കുന്നു എന്നതും അവിടം ജനവാസമേഖലയാണെങ്കില്‍ ആ ജനങ്ങളുടെ ജീവിതത്തെ അത് എങ്ങനെ ബാധിക്കും എന്നതും പരിഗണിക്കാതിരിക്കുന്നതും ജനാധിപത്യവിരുദ്ധമാണെന്ന് പറയാതെ വയ്യ.

തിടുക്കം ദുരൂഹം
കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറ പഞ്ചായത്തില്‍ വരുന്ന പന്നിക്കോട്ടൂര്‍ റിസര്‍വ് വനത്തിലെ 114 ഹെക്ടര്‍ സ്ഥലം, പേരാമ്പ്ര എസ്റ്റേറ്റിലെ ഒരു ഭാഗം എന്നിവ ഉപയോഗപ്പെടുത്തി ടൈഗര്‍ സഫാരി പാര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള ഒരുക്കത്തിലാണ് സംസ്ഥാന വനംവകുപ്പ്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ചെമ്പനോട, മുതുകാട് ഉള്‍പ്പെടുന്ന പ്രദേശം പാര്‍ക്കിന് അനുയോജ്യവും നിയമതടസങ്ങളൊന്നുമില്ലാത്തതുമാണെന്ന് വനംവകുപ്പ് പറയുന്നു. പാര്‍ക്ക് വരുന്നതോടെ കടുവകളുടെ സൈ്വര്യവിഹാരത്തിന് തടസമായേക്കാവുന്ന കാര്യങ്ങളില്‍ നിയന്ത്രണം വരുമെന്ന കാര്യം ഉറപ്പാണ്. മുതുകാട്, ചെമ്പനോട, മരുതോങ്കര, പശുക്കടവ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള റോഡുകളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താതിരിക്കാന്‍ കഴിയില്ല. കാല്‍നടക്കാര്‍ക്കും ചെറുവാഹനങ്ങള്‍ക്കും ഈ റോഡുകള്‍ ഉപയോഗിക്കുന്നത് അപകടകരമാകും. സ്‌കൂള്‍, കോളജ്, ആരാധനാലയങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ആശുപത്രികള്‍ തുടങ്ങിയവയൊക്കെ ഈ പ്രദേശത്ത് ധാരാളമുണ്ടെന്ന കാര്യവും ഓര്‍ക്കണം.

എത്രയും പെട്ടെന്ന് നടപടികള്‍ പൂര്‍ത്തിയാക്കി പാര്‍ക്ക് ഒരുക്കാനാണ് വനം-വന്യജീവി വകുപ്പ് മന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്. വനം-വന്യജീവി വകുപ്പായതുകൊണ്ട് മനുഷ്യരുടെ കാര്യം മന്ത്രി ഓര്‍ത്തില്ലെന്നു തോന്നുന്നു. വനവിസ്തൃതി വര്‍ധിപ്പിക്കാനും മൃഗങ്ങളുടെ സൈ്വര്യവിഹാരം ഉറപ്പാക്കാനും വ്യഗ്രതപ്പെടുന്ന മന്ത്രി വോട്ട് ചെയ്ത് വിജയിപ്പിച്ച മനുഷ്യരെ പാടേ മറക്കുന്നത് അക്ഷന്തവ്യമായ ജനാധിപത്യ ധ്വംസനമാണ്. പരിസ്ഥിതിലോല മേഖല നിര്‍ണയിക്കുന്നതിന് ഉപഗ്രഹ സര്‍വേ നടത്തി മാപ്പ് തയാറാക്കിയപ്പോള്‍ ജനവാസമേഖലകള്‍ അതില്‍ ഉള്‍പ്പെട്ടതുവഴി ലക്ഷക്കണക്കിന് ജനങ്ങളെ ബാധിക്കുന്ന സാഹചര്യമുണ്ടായപ്പോള്‍പോലും അനങ്ങാപ്പാറ സമീപനം സ്വീകരിച്ച സര്‍ക്കാരാണ് യുദ്ധകാലാടിസ്ഥാനത്തില്‍ കടുവാ സഫാരി പാര്‍ക്ക് സ്ഥാപിക്കാന്‍ അടിയന്തിര നടപടിയുമായി രംഗത്തു വന്നിരിക്കുന്നത്. കുറെപ്പേര്‍ക്ക് ഉല്ലസിക്കാന്‍ കടുവാ പാര്‍ക്കില്ലാത്തതാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രശ്‌നമെന്ന നിലയ്ക്കുള്ള സര്‍ക്കാരിന്റെയും വനംവകുപ്പിന്റെയും തിടുക്കപ്പെട്ടുള്ള നടപടി ദുരൂഹത ഉണര്‍ത്തുന്നതാണ്.

വന്യമൃഗശല്യം വര്‍ധിക്കും
കടുവാപാര്‍ക്കും അനുബന്ധ നിയന്ത്രണങ്ങളും വരുന്നതോടെ, വന്യമൃഗങ്ങളുടെ കാടിറക്കം കൂടാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ത്തന്നെ ഈ വന്യജീവി സങ്കേതത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും വളരെയേറെയാണ് കാട്ടിലെ വന്യമൃഗസംഖ്യ. കടുവകള്‍കൂടി എത്തുകയും ജനസാന്നിധ്യം കുറയുകയും ചെയ്യുന്നതോടെ വന്യമൃഗങ്ങള്‍ വര്‍ധിച്ച തോതില്‍ ജനവാസമേഖലകളിലേക്ക് ഇറങ്ങുമെന്നുറപ്പാണ്. അതായത്, നൂറുവര്‍ഷത്തോളം പഴക്കമുള്ള ഈ ജനവാസമേഖലകളില്‍നിന്ന് ജനങ്ങളെ കുടിയിറക്കുന്ന ജോലി വന്യമൃഗങ്ങള്‍ ഭംഗിയായി നിര്‍വഹിക്കുന്നതിന് സാഹചര്യമൊരുങ്ങുന്നു എന്നു സാരം. ഗാഡ്ഗിലും കസ്തൂരിരംഗനും പരാജയപ്പെട്ടിടത്ത് കടുവ ജയിക്കുമെന്ന് ചുരുക്കം. കാലക്രമേണ കടുവകളുടെ എണ്ണം വര്‍ധിക്കുന്നതോടെ പാര്‍ക്കിന്റെ വിസ്തൃതി വര്‍ധിപ്പിക്കേണ്ടിവരും എന്നതും ഭീഷണിതന്നെ.

മനുഷ്യരെ മറക്കുമ്പോള്‍
വനവിസ്തൃതി ദേശീയ തലത്തില്‍ 23.81 ആണെങ്കില്‍ കേരളത്തിലത് 29.10 ആണ്. ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യയുടെ അവസാന റിപ്പോര്‍ട്ടുപ്രകാരം കേരളത്തിന്റെ നിബിഡ വനമേഖലയില്‍ ഗണ്യമായ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കാണുന്നു. 2019-ലെ കണക്കനുസരിച്ച് 1935 ചതുരശ്ര കിലോമീറ്റര്‍ ആണ് നിബിഡവനം. മുന്‍ റിപ്പോര്‍ട്ടില്‍ 1663 ചതുരശ്ര മീറ്ററായിരുന്നു നിബിഡവനവിസ്തൃതി.
ശ്രദ്ധേയമായ മറ്റൊരു കാര്യമുണ്ട്. കേരളത്തിന്റെ മൊത്തം ഹരിതവിസ്തൃതി ഭൂവിസ്തൃതിയുടെ 61.98 ശതമാനമാണ്. വനാവരണമാകട്ടെ ഭൂവിസ്തൃതിയുടെ 54.42 ശതമാനവും. ഇനിയും വനവിസ്തൃതി വര്‍ധിച്ചാല്‍ 3.5 കോടിയിലധികം വരുന്ന ജനങ്ങളുടെ ജീവിതം ദുഃസഹമാകും. അതുകൊണ്ട് വനവും വന്യജീവികളും സംരക്ഷിക്കപ്പെടുന്നതുപോലെ മനുഷ്യനും സ്വസ്ഥമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാകണം. വനവും പരിസ്ഥിതിയും മൃഗങ്ങളുമൊക്കെ മനുഷ്യനുവേണ്ടിയാണ്. മറിച്ചല്ലെന്ന് ഭരണകര്‍ത്താക്കളും നിയമനിര്‍മാതാക്കളും ഓര്‍ക്കണം. രാജ്യത്തെ ഏതു നിയമവും മനുഷ്യന് പ്രാധാന്യം നല്‍കുന്നതും മൃഗങ്ങള്‍ക്കുപരി മനുഷ്യന്റെ സുസ്ഥിതി ഉറപ്പാക്കുന്നതുമാകണം. മറ്റു വനമേഖലകള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതിലധികമായ മൃഗങ്ങളെ ഇങ്ങോട്ട് ഇറക്കുമതി ചെയ്ത് ജനങ്ങളെ കുടിയിറക്കി വനവിസ്തൃതി വര്‍ധിപ്പിക്കാനുള്ള ഗൂഢനീക്കം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. അല്ലെങ്കില്‍, ഇവിടുത്തെ ജനങ്ങള്‍ക്ക് പോകാന്‍ മറ്റൊരു ഇടമില്ലാത്തതിനാല്‍ സ്വയം പ്രതിരോധത്തിന്റെ വഴി തിരഞ്ഞെടുക്കുവാന്‍ അവര്‍ നിര്‍ബന്ധിതരാകും.

വിധേയത്വം പുനഃപരിശോധിക്കണം
ഇങ്ങനെയുള്ള പദ്ധതികളുടെ ദോഷഫലങ്ങള്‍ അനുഭവിക്കേണ്ടിവരുന്നത് പ്രധാനമായും കര്‍ഷകരാണ്. അധികൃതര്‍ക്ക് കപടന്യായങ്ങള്‍ പലതും പറയാനുണ്ടാവും. എന്നാല്‍ യാഥാര്‍ത്ഥ്യം, കര്‍ഷകര്‍ അസംഘടിതരാണ് എന്നതുതന്നെ. കേരളത്തിലെ കര്‍ഷകര്‍ ഒരു വിഭാഗമെന്ന നിലയില്‍ സംഘടിക്കുകയോ അവകാശങ്ങള്‍ക്കുവേണ്ടി ഒരുമിച്ചുനിന്ന് പോരാടുകയോ ചെയ്യില്ല എന്ന ഉറപ്പാണ് അവരെ അവഗണിക്കാനുള്ള കാരണം. ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുമ്പോള്‍പോലും ചോദ്യം ചെയ്യാതെ രാഷ്ട്രീയ പാര്‍ട്ടികളോട് വിധേയത്വം പുലര്‍ത്തുന്ന രീതിയാണ് ഇവിടുത്തെ കര്‍ഷകര്‍ എന്നും പിന്തുടരുന്നത്.
നാട്ടിലെ നിയമം, മൃഗങ്ങളെ ഭയപ്പെടുത്തുന്നതും അവയുടെ ആവാസവ്യവസ്ഥയില്‍ മനുഷ്യന്‍ ഇടപെടുന്നതും കുറ്റകരമായി കാണുമ്പോള്‍, മൃഗങ്ങള്‍ക്ക് ജനവാസമേഖലകളില്‍ സൈ്വര്യവിഹാരം നടത്തുവാന്‍ സൗകര്യം ഒരുക്കണമെന്നാണ് വ്യവസ്ഥ ചെയ്യുന്നത്. ഉദാഹരണത്തിന്, കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ ഓടിക്കാന്‍ ശ്രമിക്കുന്നതുപോലും കുറ്റകരമാണ്. മനുഷ്യസൗഹൃദപരമല്ലാത്ത നിയമങ്ങള്‍ പൊളിച്ചെഴുതി, അവരുടെ സൈ്വര്യജീവിതം ഉറപ്പുവരുത്താന്‍ ജനപ്രതിനിധികള്‍ തയാറാകണം. അങ്ങനെ ചെയ്യാന്‍ മടിക്കുന്ന ജനപ്രതിനിധികളെ പാര്‍ട്ടി നോക്കാതെ ഒറ്റപ്പെടുത്താന്‍ കര്‍ഷകര്‍ ഒരുമിച്ചുനില്ക്കണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സംഘടിത തൊഴിലാളികളും അവകാശങ്ങള്‍ക്കുവേണ്ടി ഒന്നിക്കുന്നത് കര്‍ഷകര്‍ മാതൃകയാക്കണം.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?