ഫാ. ജോസഫ് വയലില്‍ CMI
(ചെയര്‍മാന്‍, ശാലോം ടി.വി)
യഹൂദരുടെ ചരിത്രത്തിലെ ചില പ്രധാന സംഭവങ്ങള്‍ കുറിക്കാം. ക്രിസ്തുവിനുമുമ്പ് പതിനേഴാം നൂറ്റാണ്ടില്‍ അബ്രാഹം ഇസ്രായേലില്‍ (കാനാന്‍നാട്) എത്തുന്നതോടുകൂടിയാണ് ആ ചരിത്രം ആരംഭിക്കുന്നത്. ഇന്നത്തെ ഇസ്രായേല്‍, വെസ്റ്റ് ബാങ്ക്, ഗാസ, ജോര്‍ദാന്‍, സിറിയയുടെയും ലെബനോനിന്റെയും കുറേ ഭാഗങ്ങള്‍ കൂടിച്ചേര്‍ന്നതായിരുന്നു അന്നത്തെ കാനാന്‍ദേശം. കാനാന്‍നാട്ടില്‍ ക്ഷാമം ഉണ്ടായപ്പോള്‍ അബ്രാഹത്തിന്റെ സന്തതിപരമ്പര ഈജിപ്തിലേക്ക് പോയി. അവിടെ 430 വര്‍ഷം അടിമകളായി കഴിഞ്ഞു. ബി.സി. പതിമൂന്നാം നൂറ്റാണ്ടില്‍ അവര്‍ മോശയുടെ നേതൃത്വത്തില്‍ മോചിതരായി വീണ്ടും കാനാന്‍ നാട്ടിലേക്ക് വന്നു. ബി.സി 1020 ല്‍ അവര്‍ക്ക് ആദ്യമായി ഒരു രാജാവ് ഉണ്ടായി.
പേര് സാവൂള്‍. ബി.സി 1000 ല്‍ ദാവീദ് രാജാവ് ജറുസലേമിനെ തലസ്ഥാനമാക്കി. ബി.സി 930 ല്‍ രാജ്യം, ഇസ്രായേല്‍, യൂദാ എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടു. ബി.സി 720 ല്‍ അസീറിയക്കാര്‍ ഇസ്രായേലിനെ ആക്രമിച്ച് 12 ഗോത്രങ്ങള്‍ ഉള്ളില്‍ പത്ത് ഗോത്രങ്ങളെയും അടിമകളായി കൊണ്ടുപോയി. ബി.സി 586 ല്‍ ബാലിലോണിയക്കാര്‍ യൂദാരാജ്യവും കീഴടക്കി. ബി.സി 536 ല്‍ കുറേ യഹൂദര്‍ തിരിച്ചുവരുകയും നശിപ്പിക്കപ്പെട്ട ജറുസലേം ദൈവാലയം പുതുക്കി പണിയുകയും ചെയ്തു. ബി.സി 332 ല്‍ മഹാനായ അലക്‌സാണ്ടര്‍ ഇസ്രായേലിനെ കീഴടക്കി. ബി.സി 63-ല്‍ റോമന്‍ ജനറല്‍ പോംവെയ് ജറുസലേം പിടിച്ചടക്കി. ബി.സി 313 മുതല്‍ ഏ.ഡി 636 വരെ യഹൂദരെ ഭരിച്ചത് ബൈസന്റയിന്‍കാരാണ്. ഏ.ഡി. 1036 മുതല്‍ 1099 വരെ അറബികളാണ് ഭരിച്ചത്. 1517 മുതല്‍ 1917 വരെ ഓട്ടോമാന്‍കാര്‍ ഭരിച്ചു. 1918 മുതല്‍ 1948 വരെ ബ്രിട്ടീഷുകാര്‍ ഭരിച്ചു.
അതായത്, കാനാന്‍നാട് മുഴുവന്‍ വ്യാപിച്ചു കിടന്നവര്‍ ഒരു രാജ്യം ഒരു തുണ്ട് ഭൂമിയും ഇല്ലാത്തവരായി അടിമകളായി അനേകം നൂറ്റാണ്ടുകള്‍ ജീവിച്ചു. പിന്നീട് 1948 ലാണ് അവര്‍ക്ക് ഇന്നത്തെ ഇസ്രായേല്‍ എന്ന രാജ്യം അനുവദിച്ചു കിട്ടിയത്.
രാജ്യത്തിന്റെ വലുപ്പം 21,671 ചതുരശ്ര കിലോമീറ്ററാണ്. കേരളത്തിന്റെ വലുപ്പം 33,863 ചതുരശ്ര കിലോമീറ്ററാണ്. ഇസ്രായേലിന്റെ ജനസംഖ്യ 94 ലക്ഷത്തോളം മാത്രം. കേരളത്തിന്റെ ജനസംഖ്യ 3.51 കോടിയോളം. അപ്പോള്‍ അത്രയും ചെറുതാണ് അവരുടെ രാജ്യം. ഇനി അവിടുത്തെ ജനസംഖ്യയുടെ വിഭജനം നോക്കുക. യഹൂദര്‍ – 73.6%, മുസ്ലീങ്ങള്‍ – 18.1%, ക്രിസ്ത്യാനികള്‍ – 1.9%, ദ്രുസമതക്കാര്‍ – 1.6%, മറ്റുള്ളവര്‍ 4.8%.
1948-ല്‍ സ്വതന്ത്ര രാജ്യമായശേഷം ഏര്‍പ്പെടേണ്ടിവന്ന യുദ്ധങ്ങളുടെ കണക്ക് നോക്കുക. 1. 1948 – അറബ് – ഇസ്രായേല്‍ യുദ്ധം. 2. 1050-1060 – പലസ്തീനിയന്‍ ഫദമീന്‍ സായുധ കലാപം. 3. 1956 – സൂയെസ് പ്രതിസന്ധിയും യുദ്ധവും. 4. 1967 – സിക്‌സ് ഡേ വാര്‍. ഈജിപ്ത്, യോര്‍ദാന്‍, സിറിയ എന്നിവര്‍ ഇസ്രായേലിനെ ആക്രമിക്കുന്നു. ഇറാക്ക്, സൗദി അറേബ്യ, കുവൈത്ത്, അമര്‍ജീരിയ തുടങ്ങിയ രാജ്യങ്ങള്‍ ഈജ്പ്തിനെയും മറ്റു പട്ടാളത്തെയും ആയുധങ്ങളും നല്‍കി സഹായിക്കുന്നു. ഈ യുദ്ധത്തില്‍ യോര്‍ദാനില്‍നിന്നും വെസ്റ്റ് ബാങ്കും സിറിയയില്‍നിന്നും ഗോലാന്‍ കുന്നുകളും ഈജിപ്തില്‍നിന്നും സീനായ്, ഗാസാ പ്രദേശങ്ങളും ഇസ്രയേല്‍ പിടിച്ചെടുത്തു.
5. 1967-70 – വാര്‍ ഓഫ് നുട്ട്രീഷന്‍. ഈജിപ്ത്, യുഎസ്എസ്ആര്‍, യോര്‍ദാന്‍, സിറിയ, പലസ്തീനിയന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ എന്നിവര്‍ ഇസ്രായേലിനെ ആക്രമിക്കുന്നു.
6. 1973 – യോംകിപ്പൂര്‍ യുദ്ധം. ഈജ്പിത്, സിറിയ എന്നിവര്‍ ഇസ്രായേലിനെ ആക്രമിക്കുന്നു. യോംകിപ്പൂര്‍ എന്നുപറഞ്ഞാല്‍ പാപപരിഹാരദിനം എന്നര്‍ത്ഥം. ദൈവത്തോടും മനുഷ്യരോടും മാപ്പുചോദിക്കാനും രമ്യതപ്പെടുവാനുമായി മാറ്റിവച്ച ദിവസം. എല്ലാ വര്‍ഷവും അങ്ങനെ ഒരു ദിവസം യഹൂദര്‍ മാറ്റിവയ്ക്കുന്നു. ആ സമയത്ത് സാബത്തില്‍ നിഷിദ്ധമായവ (ഭക്ഷണം ഉണ്ടാക്കുക, യാത്ര, തീ കത്തിക്കുക, വിറക് ശേഖരണം, കച്ചവടം, ഭാരം എടുക്കുക) ഒന്നും ചെയ്യാന്‍ പാടില്ല. ചുരുക്കിപ്പറഞ്ഞാല്‍, യഹൂദര്‍ ജോലികള്‍ മാറ്റിവച്ച്, ഉപവാസത്തിലും പ്രാര്‍ത്ഥനയിലും ചെലവഴിക്കുന്ന ദിവസം മനഃപൂര്‍വം തിരഞ്ഞെടുത്ത് ആക്രമിക്കുകയായിരുന്നു. സിക്‌സ് ഡേ യുദ്ധത്തില്‍ നഷ്ടപ്പെട്ട സ്ഥലങ്ങള്‍ തിരികെപ്പിടിക്കാനാണ് ഇസ്രായേലിനെ ആക്രമിച്ചത്.
7. 1981-82 – പലസ്തീനിയിന്‍ കലാപം. പിഎല്‍ഒ ഇസ്രായേലിനെ ആക്രമിക്കുകയായിരുന്നു. 8. ലെബനോന്‍ ആക്രമണം. 1985-2000. ലബനോന്‍ മുസ്ലീം ഗറില്ലകള്‍ ഇസ്രായേലിനെ ആക്രമിച്ചു. 9. ഒന്നാം ഇന്‍നിഫദ യുദ്ധം 1987-93. പലസ്തീന്‍ ഇസ്രായേലിനെ ആക്രമിക്കുന്നു. 10. രണ്ടാം ഇന്‍നിഫദ യുദ്ധം 2000-2005. വീണ്ടും പലസ്തീന്‍ ഇസ്രായേലിനെ ആക്രമിക്കുന്നു. 11. ലെബനോന്‍ യുദ്ധം 2006. ഹസ്ബുള്ള ഗ്രൂപ്പ് രണ്ട് ഇസ്രായേല്‍ ഭടന്മാരെ തട്ടിക്കൊണ്ടുപോയതിനെ തുടര്‍ന്ന് ഉണ്ടായ യുദ്ധം.
12. ഗാസായുദ്ധം 2008-2009. ഹമാസ് ഇസ്രായേലിനെ ആക്രമിക്കുന്നു. 13. ഇസ്രായേലിന്റെ ഗാസാ ആക്രമണം 2012. 14. ഗാസാ യുദ്ധം 2014.
15. സിറിയന്‍ സിവില്‍ യുദ്ധം 2018. 16. ഇസ്രായേല്‍-പലസ്തീന്‍ യുദ്ധം 2021.17. ഇസ്രായേല്‍-ഹമാസ് യുദ്ധം 2023 ഒക്‌ടോബര്‍ 7.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം ആരംഭിച്ചത് ഹമാസ് ആണ്. ആ ദിവസം തിരഞ്ഞെടുത്തത് മനഃപൂര്‍വം ആണ്; യോംകിപ്പൂര്‍ ദിവസം ആക്രമിച്ചതുപോലെ. യഹൂദര്‍ എല്ലാ വര്‍ഷവും ഷിംചാങ്‌തോറ എന്ന പേരില്‍ ഒരു ദിവസം ആചരിക്കും. യഹൂദര്‍ എല്ലാ വര്‍ഷവും തോറ മുഴുവനും വായിക്കണമെന്നുണ്ട്. അങ്ങനെ തോറ വായിച്ചു തീര്‍ക്കുന്നതിന്റെ ആഘോഷദിവസമാണ് ഷിംചാത് തോറ. അന്ന് അവര്‍ ജോലി ചെയ്യില്ല, എഴുതില്ല, യാത്ര ചെയ്യില്ല. അന്ന് പാട്ടും ഡാന്‍സുമൊക്കെയായി ആഘോഷിക്കും.
1947 മുതല്‍ 2021 വരെ യുദ്ധത്തില്‍ 16,000 ത്തോളം യഹൂദര്‍ മരണപ്പെട്ടു. 56,000 -ലധികം പേര്‍ക്ക് പരിക്കു പറ്റി. ഇതിനുപുറമേ ഇസ്രായേലിന്റെ വിവിധ രാജ്യങ്ങളിലുള്ള എംബസികള്‍ക്കുനേരെ 31 തവണ ആക്രമണം ഉണ്ടായി. ഇതിനുപുറമേ രണ്ടാം ലോകമഹായുദ്ധകാലത്ത് നാസിപട്ടാളം 60 ലക്ഷത്തോളം യഹൂദരെ കൊന്നു.
നോക്കുക, ഇത്രയും പീഡിപ്പിക്കപ്പെട്ട ഒരു രാജ്യമോ ഒരു ജനതയോ വേറെ ഉണ്ടോ? എന്നിട്ടും അവര്‍ പിടിച്ചുനില്‍ക്കുന്നു. അവര്‍ ലോകത്തിന് വിവിധ മേഖലകളില്‍ ചെയ്യുന്ന സംഭാവനകള്‍ അതുല്യമാണ്. എന്തിനാണ് ഈ ജനത്തെ ഇങ്ങനെ പീഡിപ്പിക്കുന്നത്?
ഇസ്രായേലും പലസ്തീനും രണ്ട് സ്വതന്ത്ര രാജ്യങ്ങളായി പരസ്പരം അംഗീകരിച്ചും അതിര്‍ത്തികള്‍ മാനിച്ചും സമാധാനത്തില്‍ കഴിയട്ടെ. വിശുദ്ധനാട് വിശുദ്ധമായിരിക്കട്ടെ. സമാധാനത്തിന്റെ നാട്ടില്‍ സമാധാനം ഉണ്ടാകട്ടെ! നമുക്ക് പ്രാര്‍ത്ഥിക്കാം.
Leave a Comment
Your email address will not be published. Required fields are marked with *