Follow Us On

23

December

2024

Monday

മുല്ലപ്പെരിയാറില്‍ നിറയുന്ന ആശങ്കകള്‍

മുല്ലപ്പെരിയാറില്‍ നിറയുന്ന ആശങ്കകള്‍

ഫാ. ജിന്‍സ് കാരയ്ക്കാട്ട്
(ലേഖകന്‍ ഇടുക്കി രൂപതാ മീഡിയ കമ്മീഷന്‍ ഡയറക്ടറാണ്)

കേരളത്തെയും തമിഴ്‌നാടിനെയും തമ്മില്‍ വേര്‍തിരിക്കുന്ന പ്രധാന ഘടകം പശ്ചിമഘട്ട മലനിരകളാണ്. പശ്ചിമഘട്ടമാണ് കേരളത്തില്‍ സമൃദ്ധമായി മഴ ലഭിക്കാനും തമിഴ്‌നാട്ടില്‍ മഴ ലഭിക്കാതിരിക്കാനുമുള്ള കാരണം. തമിഴ്‌നാട് വരണ്ട ഭൂപ്രദേശമാണ്. ജലലഭ്യതയും ജലസ്രോതസുകളും അവിടെ കുറവാണ്. ആദ്യകാലത്ത് തമിഴ്‌നാട് ബ്രിട്ടീഷ് ഭരണത്തിന്റെ ഭാഗമായിരുന്നു. കേരളം നാട്ടുരാജാക്കന്മാരുടെ ഭരണത്തിന് കീഴിലുമായിരുന്നു. 1876 മുതല്‍ 1878 വരെയുള്ള കാലഘട്ടത്തില്‍ മദ്രാസില്‍ വലിയൊരു ജലക്ഷാമം രൂക്ഷമാകുകയും 55 ലക്ഷം ആളുകള്‍ മരണപ്പെടുകയും ചെയ്തു. ഈ ഗുരുതരമായ സാഹചര്യത്തില്‍ എന്തു വിധേനയും നാട്ടില്‍ ജലം എത്തിക്കാന്‍ വേണ്ടിയിട്ടുള്ള ശ്രമങ്ങള്‍ ഉണ്ടാകണമെന്ന് ഭരണകൂടം തീരുമാനിച്ചു. അതില്‍പ്രകാരം മുല്ലപ്പെരിയാര്‍ ഡാമിന്റെ ശില്പിയായ ക്യാപ്റ്റന്‍ ജെ ബെന്നിക്വിക്ക് പദ്ധതി തയാറാക്കി. അങ്ങനെയാണ് 1886 മുല്ലപ്പെരിയാര്‍ പാട്ട കരാര്‍ രൂപപ്പെടുന്നത്.

തിരുവിതാംകൂര്‍ രാജാവായിരുന്ന വിശാഖം തിരുനാള്‍ മഹാരാജാവ് ഈ അഭ്യര്‍ത്ഥനയെ ആദ്യഘട്ടങ്ങളില്‍ നിരസിച്ചിരുന്നു. ഈ പാട്ട കരാര്‍ കൊണ്ട് തിരുവിതാംകൂറില്‍ ഉണ്ടാകുന്ന ലാഭം എന്താണ് എന്നതായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. എന്നാല്‍ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നിര്‍ബന്ധവും ഭീഷണിയും കരാറില്‍ ഒപ്പുവെക്കാന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചു. അത് വ്യക്തമാക്കുന്നതാണ് ഒപ്പു വയ്ക്കുമ്പോള്‍ അദ്ദേഹം നടത്തിയ പ്രസ്താവന. ”എന്റെ ഹൃദയ രക്തം കൊണ്ടാണ് ഞാന്‍ ഇതില്‍ ഒപ്പുവയ്ക്കുന്നത്”. ഈ കരാറിന്റെ ആരംഭ ഘട്ടം മുതലേ ചതിയും വഞ്ചനയും പ്രകടമാണ്. 50:50 എന്ന ധാരണ ബ്രിട്ടീഷ് ഭരണകൂടം ആദ്യം മുന്നോട്ടുവച്ചിരുന്നു. അതില്‍പ്രകാരം തമിഴ്‌നാടിനെ ആവശ്യമായ ജലം കേരളം നല്‍കുക, ജലംകൊണ്ട് തമിഴ്‌നാട്ടില്‍ ലഭ്യമാകുന്ന വിവിധ ലാഭങ്ങളുടെ പകുതി കേരളത്തില്‍ നല്‍കുക. അങ്ങനെ കരാറില്‍ ഒപ്പ് വയ്ക്കാന്‍ ദിവാന്‍ സി. രാമഅയ്യങ്കാര്‍ക്ക് രാജാവ് അനുവാദം നല്‍കി.

ബ്രിട്ടീഷ് കുതന്ത്രം

ഇദ്ദേഹം തമിഴ് ബ്രാഹ്മണനായ ഉദ്യോഗസ്ഥനായിരുന്നു. അങ്ങനെ അദ്ദേഹം ഒപ്പുവെച്ച കരാറില്‍ എങ്ങനെയോ 50:50 ധാരണ അപ്രത്യക്ഷമായി. കരാര്‍ പ്രകാരം കേരളത്തിന് ഏക്കറിന് 5 രൂപ നല്‍കാനും ധാരണയായി. ആ കാലഘട്ടങ്ങളില്‍ ബ്രിട്ടീഷ് ഭരണകൂടവും നാട്ടുരാജാക്കന്മാരും തമ്മില്‍ നടത്തിയിരുന്ന എല്ലാ കരാറുകള്‍ക്കും 99 വര്‍ഷത്തെ ധാരണയാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഈ കരാറില്‍ മാത്രം 999 വര്‍ഷത്തെ ധാരണ എഴുതി ചേര്‍ത്തതും തന്ത്രപൂര്‍വമായിരുന്നു. തമിഴ്‌നാട്ടിലെ 5 ജില്ലകള്‍ക്ക് കൃഷിയാവശ്യത്തിന് ജലം നല്‍കുക എന്ന ധാരണയോടുകൂടി പാട്ടക്കരാറും നിലവില്‍ വന്നു. കരാര്‍ പ്രകാരം 8000 ഏക്കര്‍ സ്ഥലത്തിന്റെ മുഴുവന്‍ അവകാശവും ബ്രിട്ടീഷുകാര്‍ക്ക് ലഭിച്ചു. ഈ വിസ്തൃമായ സ്ഥലത്തുണ്ടായിരുന്ന തടികളും വിളവുകളും എല്ലാം ബ്രിട്ടീഷുകാര്‍ക്ക് സ്വന്തമാക്കാനുള്ള കുതന്ത്രം കരാറിന്റെ പിന്നില്‍ ഉണ്ടായിരുന്നു.

മുല്ലപ്പെരിയാര്‍ പാട്ട കരാര്‍ കൊണ്ട് വിവരിക്കാനാവാത്ത വിധം നേട്ടങ്ങളാണ് തമിഴ്‌നാടിന് ലഭിച്ചത്. 1947ല്‍ ഇന്ത്യ സ്വതന്ത്ര രാജ്യമായതോടുകൂടി നിലവിലുള്ള കരാറുകള്‍ എല്ലാം കാലഹരണപ്പെട്ടതാണ്. എങ്കിലും മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ തല്‍സ്ഥിതിയില്‍ തുടര്‍ന്നു. 1970-ല്‍ സി.അച്യുതമേനോന്‍ മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ ഈ കരാര്‍ പുതുക്കുന്നതിനുള്ള നടപടികള്‍ നടന്നു. അതില്‍ പ്രകാരം തമിഴ്‌നാടിന് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ അനുവാദം നല്‍കി ഏക്കറിന് 5 രൂപ എന്ന പാട്ടത്തുക 30 രൂപയായി ഉയര്‍ത്തി. വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് വര്‍ഷംതോറും ഏഴര ലക്ഷം രൂപ കേരളത്തിന് നല്‍കാന്‍ തീരുമാനിച്ചു. എന്നാല്‍ 999 വര്‍ഷം എന്ന കരാര്‍ കാലഘട്ടം അതേപടി നിലനിര്‍ത്തി. ഇതാണ് മുല്ലപ്പെരിയാര്‍ പാട്ട കരാറുമായി ബന്ധപ്പെട്ട കേരളത്തിലുണ്ടായിട്ടുള്ള ഏറ്റവും വലിയ വീഴ്ച.

സുപ്രീംകോടതി വിധി

1975-ല്‍ ചൈനയിലെ ബാന്‍ജിയാംഗോ ഡാം തകര്‍ന്നു. ഈ ഡാമിന് മുല്ലപ്പെരിയാര്‍ ഡാമുമായി ഏറെ സാമ്യങ്ങള്‍ ഉണ്ട്. അതുകൊണ്ടുതന്നെ അതിന്റെ തകര്‍ച്ച വലിയ ആശങ്കയുള്ളവാക്കി. 1979-ല്‍ ഗുജറാത്തിലെ മാച്ചു ഡാം തകര്‍ന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കേരളം സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷനെ സമീപിച്ചു. മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ ഉറപ്പുവരുത്തുക എന്നതായിരുന്നു ആവശ്യം. കമ്മീഷന്‍ മൂന്നു തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി. 152 അടിയായിരുന്ന ജലനിരപ്പ് 136 ലേക്ക് നിജപ്പെടുത്താന്‍ നിര്‍ദ്ദേശിച്ചു. നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം ജലനിരപ്പ് 152 അടിയാക്കി നിലനിര്‍ത്തുന്നതില്‍ തടസമില്ലെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.1994-ല്‍ നിര്‍ദേശിച്ചിരുന്ന നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയതായി തമിഴ്‌നാട് അറിയിച്ചു.

അതിനുശേഷം ജലനിരപ്പ് 152 അടി ആക്കി ഉയര്‍ത്താന്‍ അനുവദിക്കണമെന്ന് തമിഴ്‌നാട് കമ്മീഷനോട് ആവശ്യപ്പെട്ടു. നവീകരണ പ്രവര്‍ത്തനങ്ങളിലുള്ള വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് കേരളം ഈ ആവശ്യത്തെ എതിര്‍ത്തു. തുടര്‍ന്ന് സുപ്രീംകോടതിയില്‍ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. സുപ്രീംകോടതി എക്‌സ്‌പേര്‍ട്ട് കമ്മിറ്റിയെ നിയമിച്ചു. ആ കമ്മിറ്റി പഠനങ്ങള്‍ നടത്തിയതിന് ശേഷം ഡാമിന് മറ്റ് പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും 136 നിന്ന് 142 ലേക്ക് ജലനിരപ്പ് ഉയര്‍ത്താമെന്നും നിര്‍ദ്ദേശിച്ചു. 2006 സുപ്രീംകോടതി ഈ നിര്‍ദ്ദേശപ്രകാരം ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താം എന്ന് വിധി പ്രസ്താവിച്ചു. എന്നാല്‍ ഡാമിന്റെ ബലക്ഷയം ചൂണ്ടിക്കാണിച്ച് കേരളം തുടര്‍ന്നും കേസുകള്‍ നടത്തുകയും അതില്‍ പ്രകാരം സുപ്രീംകോടതി ഹൈലെവല്‍ എംപവേര്‍ഡ് കമ്മിറ്റിയെയെ നിയമിച്ചു. ഡാം സുരക്ഷിതമാണെന്ന് 2012-ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

രാഷ്ട്രീയ നാടകങ്ങള്‍

എന്നാല്‍ ഇവയ്‌ക്കെല്ലാം പിന്നില്‍ ഒരുപാട് രാഷ്ട്രീയ നാടകങ്ങള്‍ നടക്കുന്നുണ്ട്. 2021-ലെ യുഎന്‍ റിപ്പോര്‍ട്ട് മുല്ലപ്പെരിയാര്‍ ഡാം പുനര്‍നിര്‍മ്മിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. പുതിയ ഡാം നിര്‍മ്മിക്കുന്നതിനോട് തമിഴ്‌നാട് ഒരുതരത്തിലും യോജിക്കാന്‍ സാധ്യതയില്ല. കാരണം പുതിയ ഡാം നിര്‍മ്മിക്കേണ്ടത് കേരളത്തിലാണ്. ഡാം നിര്‍മ്മിച്ചാല്‍ പുതിയ കരാര്‍ ഉണ്ടാക്കുക എന്നത് സ്വാഭാവികമാണ്. കുറഞ്ഞ ചെലവില്‍ വലിയ ലാഭം കൊയ്യുക എന്ന തമിഴ്‌നാടിന്റെ ഇപ്പോഴത്തെ അവസ്ഥ തുടരാന്‍ പുതിയ കരാര്‍ അനുവദിക്കുമെന്ന് അവര്‍ക്ക് പ്രതീക്ഷിക്കാന്‍ തരമില്ല. തമിഴ്‌നാടിന് ജലം നല്‍കണം എന്നതിന് തര്‍ക്കമില്ല. എന്നാല്‍ കേരളത്തിന്റെ ആശങ്കയും മനസിലാക്കണം. അതുകൊണ്ട് ഈ വിഷയം പരിഹാരത്തിന് കേരളം ഒരുപക്ഷേ വിട്ടുവീഴ്ചകള്‍ക്ക് വിധേയമാകേണ്ടിവരും. പുതിയ കരാര്‍ നിര്‍മ്മിക്കുമ്പോള്‍ പഴയ വ്യവസ്ഥകള്‍ അനുവദിച്ചു തരാം എന്ന് മുന്‍കൂട്ടി പറഞ്ഞാല്‍ ഒരു പക്ഷേ പുതിയ ഡാം നിര്‍മ്മിതി നടക്കാന്‍ സാധ്യതയുണ്ട്.

35 ലക്ഷം ആളുകളുടെ ജീവന് ഭീഷണിയായി മുല്ലപ്പെരിയാര്‍ ഡാം അപകടാവസ്ഥയിലാണ് എന്ന അമേരിക്കയിലെ ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് വലിയ ആശങ്ക ജനങ്ങളില്‍ ഉളവാക്കുന്നു. കേരള- തമിഴ്‌നാട് സര്‍ക്കാരുകള്‍ അടിയന്തര പ്രാധാന്യത്തോടെ ഈ വിഷയത്തില്‍ മേല്‍ ചര്‍ച്ചകള്‍ നടത്തി പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കണ്ടെത്തണം. രണ്ട് സംസ്ഥാനങ്ങളെ ബാധിക്കുന്ന വിഷയമായതിനാല്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ പരിഹരിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പുവരുത്തണം.

ലോകത്തെ ഏറ്റവും അപകടകരമായ ഡാം

ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോകത്ത് ഏറ്റവും അപകടകരമായ ഡാം മുല്ലപ്പെരിയാറാണ്. ലിബിയയില്‍ ഡാമുകള്‍ തകര്‍ന്ന് ഇരുപതിനായിരത്തിലധികം ആളുകള്‍ മരിക്കാന്‍ ഇടയായ പശ്ചാത്തലത്തിലാണ് ന്യൂയോര്‍ക്ക് ടൈംസ് ഇത്തരം പഠനം നടത്തി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുല്ലപ്പെരിയാര്‍ ഡാമിന്റെ അപകടാവസ്ഥയെക്കുറിച്ച് നാം മുന്‍പും പ്രകടിപ്പിച്ചിട്ടുള്ള ആശങ്ക ഈ റിപ്പോര്‍ട്ട് ഒരിക്കല്‍ കൂടി സ്ഥിരീകരിക്കുകയാണ്.

മുല്ലപ്പെരിയാര്‍ ഡാം അപകടത്തിലായാല്‍ 35 ലക്ഷം ആളുകളുടെ ജീവനും സ്വത്തിനും ഭീഷണി ആവുകയും കേരളത്തിലെ നാല് ജില്ലകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്യും. ഒരു ഡാമിന്റെ പരമാവധി കാലാവധി 50 -60 വര്‍ഷങ്ങളാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നിടത്ത് 128 വര്‍ഷങ്ങള്‍ക്ക് ശേഷവും മുല്ലപ്പെരിയാര്‍ ഡാം ഭാഗ്യപരീക്ഷണം നടത്തുന്നു. 1887ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഡാം പുനര്‍നിര്‍മ്മിക്കണമെന്ന് 2021-ല്‍ യു.എന്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നതുമാണ്. മുല്ലപ്പെരിയാര്‍ ഭൂകമ്പ സാധ്യതയുള്ള പ്രദേശമാണെന്നും ഒരു ഭൂകമ്പത്തെ അതിജീവിക്കാനുള്ള ശേഷി ഈ ഡാമിന് ഇല്ല എന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.

മുല്ലപ്പെരിയാര്‍ ഡാമിന് സമീപത്തുള്ള ആയിരക്കണക്കിന് കുടുംബങ്ങള്‍ ഭയചകിതരായാണ് കഴിയുന്നത്. അതുപോലെതന്നെ ഇടുക്കി ഡാമിന്റെ സുരക്ഷയെക്കുറിച്ചും ആശങ്കകള്‍ ഉണ്ട്. ഹൈറേഞ്ചില്‍ ആകമാനവും പെരിയാറിന്റെ തീരദേശങ്ങളിലും താമസിക്കുന്ന ആളുകള്‍ ഏറെ ഉത്ക്കണ്ഠാകുലരാണ്. ജനപ്രതിനിധികള്‍ വിഷയത്തിന് ഗൗരവം തിരിച്ചറിഞ്ഞ് സാധ്യമായ എല്ലാം മാര്‍ഗങ്ങളും ഉപയോഗിച്ച് ജനത്തിന്റെ ആശങ്ക അകറ്റുകയും നാടിനെ സംരക്ഷിക്കുകയും ചെയ്യണം.

 

 

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?