മൊബൈല്‍ ഫോണൊക്കെ സജീവമാകുന്നതിനു മുന്‍പ്, ഏതാണ്ട് രണ്ടായിരത്തിന്റെ നാളുകള്‍. ആകെ ലാന്‍ഡ് ഫോണ്‍ ഉണ്ടായിരുന്നത് അടുത്തുള്ള മൂന്ന് വീടുകളില്‍. ആറക്കത്തില്‍ ആ പ്രദേശത്തിന്റെ കോഡൊക്കെ കൂട്ടി ഒരു വിളിയുണ്ട്. ഇന്നും ഓര്‍മയിലുണ്ട് ആ ഫോണ്‍ വിളികള്‍. ഫോണ്‍ വിളികള്‍ വളരെ വിരളമായിരുന്നു എല്ലാവര്‍ക്കും. ദൂരെയുള്ളവരെ കേള്‍ക്കാനും അന്വേഷിക്കാനും മാത്രം. റോഡരികിലും അടുക്കളയുടെ പിന്നാമ്പുറങ്ങളിലും കവലകളിലും വര്‍ത്തമാനങ്ങളുടെ ഒഴുക്ക് തുടര്‍ന്നു. ആ വര്‍ത്തമാനങ്ങള്‍ നഷ്ടമായത് നമ്മള്‍ കേള്‍ക്കാന്‍ മറന്നു തുടങ്ങിയപ്പോഴാണ്. മാറവിയെന്നാല്‍ നല്ല ഒന്നാന്തരം മറവി. കാലം മൊബൈലിലേക്ക് ചേക്കേറി. സ്വന്തം അമ്മയുടെ ഫോണ്‍ നമ്പര്‍ പോലും ഫോണില്‍ നോക്കാതെ പറയാന്‍ പറ്റാതായി. (വായന നിര്‍ത്തിയിട്ട് പ്രിയപ്പെട്ടവരുടെ നമ്പറുകള്‍ ഒന്ന് ഓര്‍മിക്കുന്നത് നല്ലതാണ്) ബന്ധങ്ങള്‍ക്കും സൗഹൃദത്തിനുമൊക്കെ റീചാര്‍ജുകള്‍ നടന്നുകൊണ്ടിരിക്കുന്ന കാലം. കാലം അങ്ങനെയാണല്ലോ ജീവിതത്തിന്റെ ട്രെന്‍ഡ് തന്നെ മാറ്റിക്കളയും.
പതറിനില്‍ക്കുന്ന നേരങ്ങളില്‍, സങ്കടങ്ങളുടെ തിരമാലകളില്‍, വേദനകളുടെ മുറിപ്പാടുകളില്‍ അതൊക്കെ കേട്ടിരിക്കാനും, ഉത്തരം കൊടുക്കാനും അതിനൊപ്പം ഒരു വാക്കുകൊണ്ടെങ്കിലും ചേര്‍ന്നു നില്‍ക്കാനും നമുക്ക് സാധിച്ചിരുന്ന നാളുകളുണ്ടായിരുന്നു. ഇപ്പോഴില്ലെന്നല്ല, കേള്‍വിയുടെ ദൈര്‍ഘ്യം കുറഞ്ഞു വന്നിട്ടില്ലേ..? മര്‍ക്കോസ് സുവിശേഷത്തില്‍ ഉപമയുടെ തുടക്കവും ഒടുക്കവും ഗുരു ഓര്‍മിപ്പിക്കുന്നു, ‘കേള്‍ക്കുവിന്‍’ മര്‍ക്കോസ് 4:3. കേള്‍ക്കാന്‍ ചെവിയുള്ളവര്‍ക്ക് തീര്‍ച്ചയായും കേള്‍ക്കാം. ഒരു കുഞ്ഞു മനസ് മാത്രം മതി. അവന്റെ വാക്കുകളില്‍ ഇനിയും ‘കാരുണ്യത്തിന്റെ’ കടലിരമ്പം കേള്‍ക്കാം. അതുപോലെ തന്നെ അതിരുകളില്ലാത്ത മനുഷ്യസ്‌നേഹത്തിന്റെ ആകാശവും കാണാം.
ഈശോ കേള്‍വിയുടെ മനുഷ്യനായിരുന്നു. അവന്‍ എല്ലാവരെയും കേട്ടു. പറയാതെ മടിച്ചു നിന്നവരുടെ ഹൃദയമിടിപ്പുകള്‍ വരെ അവന്‍ കേട്ടു. അടുത്തുവരുന്നവന്റെ മിഴികളില്‍ നിറയുന്ന ചില കടലിരമ്പങ്ങള്‍ വരെ അവന്‍ കേട്ടു. വിങ്ങുന്നതിനു മുന്‍പ് ആ മിഴികള്‍ കാണാനും കേള്‍ക്കാനും കഴിഞ്ഞാല്‍ എത്ര മനോഹരമാകും ഈ ഭൂമിയിലെ ബന്ധങ്ങള്‍. ‘എന്തുപറ്റി.. പറയടാ…’ എന്നുള്ള ചോദ്യത്തിനപ്പുറമൊന്നും സൗഖ്യത്തിന്റെ ഒരു മരുന്നും ഈ ഭൂമിയില്‍ നിശ്ചയിക്കപ്പെട്ടിട്ടില്ല. അപരനിലേക്ക് കാതോര്‍ക്കുന്ന കണ്ണുതുറക്കുന്ന ഈശോ എന്നെ വിസ്മയിപ്പിക്കുന്നത് അവിടെയാണ്.
എം.ടി. വാസുദേവന്‍ നായര്‍ എഴുതി സംവിധാനം ചെയ്ത സിനിമയാണ് ഒരു ചെറുപുഞ്ചിരി. ഇത് കൃഷ്ണകുറുപ്പിന്റെയും അമ്മാളുക്കുട്ടിയുടെയും കഥയാണ്. മൂപ്പര്‍ക്ക് വയസു എഴുപതു കഴിഞ്ഞു, മുപ്പത്തി അറുപതുകളിലും. മക്കളൊക്കെ ജോലിയുമായി പലയിടങ്ങളിലാണ്. വയസുകാലമാണെങ്കിലും മക്കളുടെ കൂടെ പോയി താമസിക്കാനൊന്നും രണ്ടുപേരെയും കിട്ടില്ല. നാട്ടുമ്പുറത്തെ വീടും പറമ്പും വിറ്റു ദേശാടനകിളികളായി പറന്നു പോകാന്‍ താല്പര്യമില്ല; അത്ര തന്നെ. അവരുടെ ലോകം ആ വീടും പറമ്പുമടങ്ങുന്ന ചുറ്റുവട്ടമാണ്. തൊടി നിറയെ കൃഷിയുണ്ട്, നല്ല അയല്കാരുണ്ട്, പരസ്പരം തണലായി വര്‍ത്തമാനം പറയാനും കേള്‍ക്കാനും തങ്ങള്‍ ഇരുവരും ഉണ്ട്. പിന്നെന്തു വേറെ വേണം?
അവരുടെ പുലര്‍കാലങ്ങള്‍ ഉണരുന്നത് തന്നെ തൊടിയിലെ പച്ചപ്പിലേക്കും കിളികളുടെ ആരവങ്ങള്‍ക്കിടയിലേക്കുമാണ്. കുറുപ്പിന്റെയും അമ്മാളൂട്ടിയുടെയും ജീവിതം സ്‌നേഹത്തില്‍ പൊതിഞ്ഞതാണ്. അവര്‍ പരസ്പരം കേട്ടു, പരസ്പരം സ്‌നേഹിച്ചു, ഇഷ്ടഭക്ഷണങ്ങള്‍ ഉണ്ടാക്കികഴിച്ചു, നല്ല വായു ശ്വസിച്ചു, പിന്നെ കുട്ടിത്തം കലര്‍ന്ന കുസൃതികളാല്‍ നേരം കഴിച്ചു.
ഒരുനാള്‍ തട്ടിന്പുറത്തു വച്ചിരുന്ന ഉപ്പുമാങ്ങ ഭരണിയെടുക്കാന്‍ കുറുപ്പ് കേറിയപ്പോള്‍ അമ്മാളൂട്ടി താഴെ നിന്ന് ഏണി എടുത്തു മാറ്റി.
തിരിച്ചിറങ്ങാന്‍ പറ്റാതെ ശുണ്ഠിപിടിക്കുന്ന കുറുപ്പിനെ നോക്കി അമ്മാളൂട്ടി താഴെ നിന്ന് പൊട്ടിച്ചിരിക്കുകയായിരുന്നു.
കഥയിങ്ങനെ പോകുന്നു… എന്നാല്‍ സന്തോഷത്തിനായാലും സങ്കടങ്ങള്‍ക്കായാലും എന്നുമൊരു അന്ത്യമുണ്ട് എന്ന സത്യം നമ്മെ ഓര്‍മിപ്പിച്ചുകൊണ്ട് ചിത്രം അവസാനിക്കുന്നു. പരസ്പരം കേള്‍ക്കാന്‍ തയ്യാറാകുന്ന രണ്ടു മനസുകളെയാണ് പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടു പോകുന്നത്. ആരെയും കേള്‍ക്കാന്‍ തയ്യറാകാത്ത മനുഷ്യരുടെ ഈ കാലത്ത് ചെറുപുഞ്ചിരി ഒരു ഓര്‍മ്മപ്പടുത്തലാണ്.
ഇയര്‍ ഫോണുകളുടെ കാലമാണ്. പാട്ടിനും പറച്ചിലിനുമൊക്കെ ഇപ്പോള്‍ അതുണ്ട്. കാതിലും കഴുത്തിലുമൊക്കെ അത് സജീവമാണല്ലോ. കേള്‍ക്കാനുള്ള ഈ ടൂള്‍ നല്ലതാണ്. ഇന്‍സ്റ്റാഗ്രാമില്‍ ഈ അടുത്ത് ഇയര്‍ ഫോണിനെകുറിച്ച് നെവില്‍ എന്ന ചങ്ങാതി എഴുതിയത് മനോഹരമാണ്. ‘മറ്റുള്ളവരുടെ നാവടയ്ക്കാനായില്ലെങ്കിലെന്താ നമ്മുടെ ചെവി അടച്ചേക്കണം.’ സത്യമാണ്, ചില വര്‍ത്തമാനങ്ങളില്‍നിന്ന്, പരിഹാസങ്ങളില്‍നിന്ന്, ചെവിയടയ്ക്കാനും കഴിയണമല്ലോ. അപ്പോള്‍ കേള്‍ക്കുന്നതെന്താണ്..?
ഹൃദയങ്ങളെ കേള്‍ക്കാന്‍ സാധിക്കട്ടെ. അന്ധരായ യാചകരെ കണ്ടിട്ടില്ലേ… എത്ര ജാഗ്രതയോടെയാണ് അവര്‍ നീങ്ങുന്നത്. കുഞ്ഞുനാളിലെ ഒരു ക്രൂരത ഇപ്പോഴും ഓര്‍ക്കുന്നു. ആരോ പറഞ്ഞു പഠിപ്പിച്ചതാണ്, ‘ഒട്ടുമിക്ക യാചകരും പിള്ളേരെ പിടുത്തക്കാരാണ്, അവര്‍ നിങ്ങളെ തട്ടിക്കൊണ്ട് പോകുമെന്നൊക്കെ.’ വഴിയിലൂടെ വന്ന ഒരു അന്ധ യാചകന്റെ കണ്ണിനു മുന്‍പില്‍ ഞങ്ങള്‍ കുട്ടികള്‍ അയാള്‍ അഭിനയിക്കുന്നതാണോ എന്നറിയാന്‍ കുത്തുന്നതുപോലെ കാണിച്ചതും, ഒരു ഭാവ വിത്യാസവുമില്ലാതെ അയാള്‍ നിന്നതും, തപ്പി തടഞ്ഞ് അയാള്‍ നടന്നുപോയതുമൊക്കെ ഓര്‍മിക്കുന്നു. അയാളുടെ ജീവിതം കേള്‍വിയുടേതാണ്. എത്ര സജീവമാണ് അയാളുടെ സ്പര്‍ശനങ്ങള്‍. അവന്‍ ചെവികൊണ്ടും സ്പര്‍ശനം കൊണ്ടും കാണുന്നു, പൂക്കളെ, പുഴകളെ, പുലരികളെ, മനുഷ്യരെയോക്കെ….നമ്മളോ..? ഗുരു പറഞ്ഞത് ഇടയ്‌ക്കൊക്കെ കാതില്‍ ഇരമ്പുന്നുണ്ട്. ‘കേള്‍ക്കുവിന്‍’.
Leave a Comment
Your email address will not be published. Required fields are marked with *