Follow Us On

21

November

2024

Thursday

ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കുവേണ്ടി കൂടുതല്‍ പ്രാര്‍ത്ഥിക്കണം

ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കുവേണ്ടി  കൂടുതല്‍ പ്രാര്‍ത്ഥിക്കണം

ഫാ. ജോസഫ് വയലില്‍ CMI
(ചെയര്‍മാന്‍, ശാലോം ടി.വി)

ഓരോ മനുഷ്യനും രണ്ടുതവണ ദൈവത്തിന്റെ ന്യായവിധിയെ നേരിടാനുണ്ട്. ഒന്ന്, തനതുവിധി. രണ്ട്, പൊതുവിധി. തനതുവിധി ഓരോ വ്യക്തിയും മരിച്ച അടുത്ത നിമിഷം നടക്കുന്നതാണ്. മരിച്ച വ്യക്തിയും ദൈവവും തമ്മില്‍ മുഖത്തോടുമുഖം കണ്ടുമുട്ടുന്ന സമയമാണത്. ഓരോ ആളുടെയും മരിക്കുമ്പോഴത്തെ ആത്മീയ അവസ്ഥവച്ച് ദൈവം ആളെ വിധിക്കും. രണ്ടാമത്തേത് പൊതുവിധി. ലോകാവസാനത്തിലാണ് പൊതുവിധി നടക്കുക. പൊതുവിധിവരെ ദൈവം ആത്മാക്കളെ താഴെ പറയുന്ന ഏതെങ്കിലും ഒരു സ്ഥലത്തേക്ക്, ആളുടെ ആത്മീയസ്ഥിതി അനുസരിച്ച് അയക്കും. സ്വര്‍ഗം, ശുദ്ധീകരണസ്ഥലം, നരകം എന്നിവയാണ് ഈ മൂന്ന് സ്ഥലങ്ങള്‍. ഓരോരുത്തരുടെയും ശുദ്ധീകരണത്തിന്റെ കാലം കഴിയുമ്പോള്‍ ദൈവം അവരെ സ്വര്‍ഗത്തിലേക്ക് പ്രവേശിപ്പിക്കും. അന്ത്യവിധി കഴിഞ്ഞാല്‍ പിന്നെ സ്വര്‍ഗവും നരകവും മാത്രമേ ഉണ്ടാകൂ. ശുദ്ധീകരണസ്ഥലം ഉണ്ടാവുകയില്ല.

ഈ കാലഘട്ടത്തില്‍ ഓരോ ദിവസവും ഏകദേശം 1,52,000 ആളുകളാണ് ലോകത്തില്‍ മരിക്കുന്നത്. അതിനാല്‍ അത്രയുംപേരെ ഓരോ ദിവസവും ദൈവം തനതുവിധിക്ക് വിധേയമാക്കുന്നു. കര്‍ത്താവ് നേരിട്ട് ദര്‍ശനങ്ങളും സന്ദേശങ്ങളും നല്‍കിയിരുന്ന വ്യക്തിയാണ് സിസ്റ്റര്‍ ഫൗസ്റ്റിന. ആ സിസ്റ്റര്‍വഴിയാണ് കര്‍ത്താവ് കരുണയുടെ ജപമാല നമുക്ക് തന്നത്. സിസ്റ്റര്‍ ഫൗസ്റ്റിനയുടെ ഡയറി എന്ന പുസ്തകത്തിന്റെ 36-ാം ഖണ്ഡികയില്‍ ഇപ്രകാരം എഴുതിവച്ചിരിക്കുന്നു: ഒരിക്കല്‍ ദൈവത്തിന്റെ ന്യായാസനത്തിങ്കല്‍ ഞാന്‍ നിര്‍ത്തപ്പെട്ടു. കര്‍ത്താവിന്റെ മുമ്പില്‍ ഞാന്‍ തനിയെ നിന്നു… പെട്ടെന്ന് ദൈവം കാണുന്നതുപോലെ എന്റെ ആത്മാവിന്റെ യഥാര്‍ത്ഥ അവസ്ഥ ഞാന്‍ കണ്ടു… ഏറ്റവും നിസാരമായ പാപത്തിനുപോലും ഉത്തരം പറയേണ്ടിവരുമെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. എത്ര ഭയാനകമായ നിമിഷം!… കര്‍ത്താവ് എന്നോട് ചോദിച്ചു: നീ ആരാണ്? ഞാന്‍ മറുപടി പറഞ്ഞു: ”കര്‍ത്താവേ, ഞാന്‍ അവിടുത്തെ ദാസിയാണ്.” ശുദ്ധീകരണാഗ്നിയില്‍ ഒരു ദിവസം കഴിയാന്‍ നീ അര്‍ഹയാണ് (ഡയറി നമ്പര്‍ 36).

ദൈവം ദര്‍ശനം നല്‍കുകയും സംസാരിക്കുകയും സന്ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്ന സിസ്റ്റര്‍ ഫൗസ്റ്റിനക്ക് മരണശേഷം ഒരു ദിവസം ശുദ്ധീകരണസ്ഥലത്ത് കിടക്കേണ്ടിവരുമെന്ന് കര്‍ത്താവ് പറയുന്നു. ഈ അറിവ് മനസില്‍വച്ചുകൊണ്ട് താഴെ കൊടുക്കുന്ന മൂന്ന് ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുമോ? ചോദ്യം ഒന്ന്: ഓരോ ദിവസവും മരിക്കുന്ന 1,52,000 ആളുകളില്‍ എത്രപേര്‍ തനതുവിധി കഴിയുമ്പോള്‍ നേരിട്ട് സ്വര്‍ഗത്തില്‍ പോകാന്‍ സാധ്യതയുണ്ട്? രണ്ട്: ഇവരില്‍ എത്രപേര്‍ തനതുവിധി കഴിയുമ്പോള്‍ നരകത്തില്‍ പോകാന്‍ സാധ്യതയുണ്ട്? മൂന്ന്: ഇവരില്‍ എത്രപേര്‍ ശുദ്ധീകരണ സ്ഥലത്ത് പോകാന്‍ സാധ്യതയുണ്ട്? നിരവധി ഗ്രൂപ്പുകളില്‍ ഈ മൂന്ന് ചോദ്യങ്ങളും ഞാന്‍ ചോദിച്ചിട്ടുണ്ട്. എല്ലാവരും പറഞ്ഞത് ഒരേ ഉത്തരമാണ്: ഭൂരിപക്ഷംപേരും ശുദ്ധീകരണസ്ഥലത്ത് പോകാനാണ് സാധ്യത. സിസ്റ്റര്‍ ഫൗസ്റ്റിനപോലും ശുദ്ധീകരണസ്ഥലം വഴിയാണ് സ്വര്‍ഗത്തില്‍ എത്തിയതെങ്കില്‍ സാധാരണക്കാരുടെ സ്ഥിതി എന്തായിരിക്കും?

തന്റെ ഡയറി നമ്പര്‍ ഇരുപതില്‍ സിസ്റ്റര്‍ ഫൗസ്റ്റിന എഴുതിവച്ചിരിക്കുന്ന ഏതാനും വാചകങ്ങള്‍കൂടി ഉദ്ധരിക്കട്ടെ: പിറ്റേദിവസം രാത്രി എന്റെ കാവല്‍മാലാഖയെ ഞാന്‍ കണ്ടു. തന്നെ അനുഗമിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഒരു നിമിഷംകൊണ്ട് തീ നിറഞ്ഞതും പുകകൊണ്ട് മൂടിയതുമായ ഒരു സ്ഥലത്ത് ഞാന്‍ എത്തി. അവിടെ പീഡയനുഭവിക്കുന്ന അനേകം ആത്മാക്കളെ കണ്ടു… പീഡനത്തിന്റെ ആ പാറാവില്‍നിന്ന് ഞങ്ങള്‍ പുറത്തുകടന്നു. ഞാന്‍ അന്തരാത്മാവില്‍ ഒരു സ്വരം കേട്ടു. അത് ഇങ്ങനെ പറഞ്ഞു: എന്റെ കരുണ ഇത് ആഗ്രഹിക്കുന്നില്ല. എന്നാല്‍ എന്റെ നീതി ഇത് ആവശ്യപ്പെടുന്നു. അതിനാല്‍, മരിക്കുന്ന ഭൂരിപക്ഷംപേരും ശുദ്ധീകരണസ്ഥലത്ത് പോകാനാണ് സാധ്യത.

അടുത്ത ഒരു ചിന്ത ഇതാണ്: ഒരാത്മാവ് എത്ര കാലം ശുദ്ധീകരണ സ്ഥലത്ത് കിടക്കേണ്ടിവരാം? ഓരോരുത്തരുടെയും ആത്മീയ അവസ്ഥ അനുസരിച്ച് അത് മാറിക്കൊണ്ടിരിക്കും. സിസ്റ്റര്‍ ഫൗസ്റ്റിനയ്ക്ക് ഒരു ദിവസം ആയിരുന്നെങ്കില്‍ മറ്റു ചിലര്‍ക്ക് അത് നൂറ്റാണ്ടുകള്‍വരെ ആയിരിക്കാം. ശുദ്ധീകരണാത്മാക്കളുടെ അനുതാപവും പ്രാര്‍ത്ഥനയും ദൈവം സ്വീകരിച്ച് അവരുടെ സഹനത്തിന്റെ കാലം ഇളച്ചുകൊടുക്കുന്നില്ല. എന്നാല്‍ ജീവിച്ചിരിക്കുന്നവര്‍ ശുദ്ധീകരണാത്മാക്കള്‍ക്കുവേണ്ടി നടത്തുന്ന പ്രാര്‍ത്ഥനകളും പരിഹാരങ്ങളും സ്വീകരിച്ച് പീഡനകാലം കുറച്ചുകൊടുക്കുന്നു. മരിയസിമ്മ എന്നു പേരുള്ള ഒരു ഓസ്ട്രിയന്‍ വനിത ഉണ്ടായിരുന്നു. 2004-ല്‍ 89-ാം വയസിലാണ് അവര്‍ മരിച്ചത്. അവരുമായി ഇന്റര്‍വ്യൂ നടത്തി നിക്കി എല്‍റ്റ്‌സ് എഴുതിയ ഒരു പുസ്തകം ഉണ്ട്. പേര് ഇങ്ങനെയാണ്: Get us out of Here  (ഞങ്ങളെ ഇവിടെനിന്ന് രക്ഷിക്കണമേ). ശുദ്ധീകരാത്മാക്കള്‍ ജീവിച്ചിരിക്കുന്നവരോട് നടത്തുന്ന ഒരു യാചനയാണ്: ഞങ്ങളെ ഇവിടെനിന്ന് രക്ഷിക്കണേ.

മരിയസിമ്മയുടെ അടുത്ത് ധാരാളം ശുദ്ധീകരണാത്മാക്കള്‍ വന്ന് പ്രാര്‍ത്ഥന ചോദിക്കുമായിരുന്നു. അവര്‍ ഏറ്റവും കൂടുതല്‍ ചോദിച്ചിരുന്ന പ്രാര്‍ത്ഥന ഇതാണ്: അവര്‍ക്കുവേണ്ടി ദിവ്യബലികള്‍ കാഴ്ചവയ്ക്കുക. ജീവിതകാലം മുഴുവന്‍ ശുദ്ധീകരണാത്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മാറ്റിവച്ചതായിരുന്നു മരിയയുടെ ജീവിതം. അവിവാഹിതയായി ജീവിച്ച് ശുദ്ധീകരണാത്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍മാത്രം ആ ജീവിതം അവര്‍ മാറ്റിവച്ചു.
ശുദ്ധീകരണാത്മാക്കള്‍ക്കുവേണ്ടി പ്രത്യേകമായി പ്രാര്‍ത്ഥിക്കാന്‍വേണ്ടി സഭ മാറ്റിവച്ചിരിക്കുന്ന മാസമാണല്ലോ നവംബര്‍. ശുദ്ധീകരണാത്മാക്കള്‍ക്കുവേണ്ടി കൂടുതല്‍ പ്രാര്‍ത്ഥനകള്‍ സമര്‍പ്പിക്കാം. കൂടുതല്‍ പരിത്യാഗപ്രവൃത്തികള്‍ കാഴ്ചവയ്ക്കാം. നമ്മള്‍ പങ്കെടുക്കുന്ന ഓരോ ദിവ്യബലിയും ശുദ്ധീകരണാത്മാക്കള്‍ക്കുവേണ്ടിക്കൂടി കാഴ്ചവയ്ക്കാം. ഓര്‍ക്കുക: ശുദ്ധീകരണാത്മാക്കള്‍ മൂന്നുതരം ഉണ്ട്. ഒന്ന്, ധാരാളം പ്രാര്‍ത്ഥന കിട്ടുന്നവര്‍. രണ്ട്, വല്ലപ്പോഴും പ്രാര്‍ത്ഥന കിട്ടുന്നവര്‍. മൂന്ന്, ഒരിക്കലും പ്രാര്‍ത്ഥന കിട്ടാത്തവര്‍. ശുദ്ധീകരണാത്മാക്കളുടെ കൂട്ടത്തില്‍ നമ്മുടെ കുടുംബങ്ങളില്‍നിന്നും മരിച്ചുപോയവരും ഉണ്ടായേക്കാം എന്നുംകൂടി ഓര്‍ക്കാം. ഒരിക്കല്‍ ശുദ്ധീകരണാത്മാക്കളുടെ കൂട്ടത്തില്‍ നമ്മളും ഉള്‍പ്പെടാന്‍ സാധ്യതയുണ്ടെന്നതും വിസ്മരിക്കരുത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?