Follow Us On

08

October

2024

Tuesday

കാരുണ്യത്തിന്റെ നീരുറവ

കാരുണ്യത്തിന്റെ  നീരുറവ

ജോണി ജോസഫ് കണ്ടങ്കരി
(ചാട്ടേര്‍ഡ് അക്കൗണ്ടന്റായ ലേഖകന്‍ ലിറ്റില്‍ സെര്‍വന്റ്‌സ് ഓഫ് ഡിവൈന്‍ പ്രൊവിഡന്‍സ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഓഡിറ്ററാണ് )

കാരുണ്യത്തിന്റെ വറ്റാത്ത നീരുറവയെന്ന് വിശേഷിപ്പിക്കാവുന്ന മദര്‍ ഡോ. മേരി ലിറ്റിയുമായി എനിക്കും കുടുംബാംഗങ്ങള്‍ക്കുമുള്ള ആത്മബന്ധം രണ്ടു പതിറ്റാണ്ടോളം പഴക്കമുള്ളതാണ്. ദൈവപരിപാലനയുടെ ചെറിയ ദാസികളുടെ (ലിറ്റില്‍ സെര്‍വന്റ്‌സ് ഓഫ് ഡിവൈന്‍ പ്രൊവിഡന്‍സ്) സഭാ സ്ഥാപകയായ ലിറ്റിയമ്മയെ കാണുമ്പോഴൊക്കെ സംഭാഷണം ആരംഭിച്ചിരുന്നത്, ‘ജോണി മിടുക്കനായിരിക്കുന്നല്ലോ’ എന്ന സംബോധനയോടുകൂടിയായിരുന്നു. അതു കേള്‍ക്കുമ്പോള്‍ ഈ ലോകത്ത് ആ സമയത്ത് ഞാനാണ് ഏറ്റവും മിടുക്കനായിരിക്കുന്നത് എന്ന ഉണര്‍വ് ഉണ്ടാകാറുണ്ടായിരുന്നു. ദിവസം മുഴുവന്‍ ആ സന്തോഷം നിലനില്‍ക്കുമായിരുന്നു.

ലിറ്റിയമ്മയുടെ വിയോഗശേഷം മറ്റു ചിലരുമായി സംസാരിച്ചപ്പോള്‍ അവരോടും ഇതേ സംബോധനയാണ് നടത്താറുണ്ടായിരുന്നതെന്ന് പറഞ്ഞു. ഇപ്പോള്‍ ഞാന്‍ വിശ്വസിക്കുന്നത് എന്നോട് പറഞ്ഞ ദിവസങ്ങളില്‍ ഞാനും അവരോടു പറഞ്ഞ ദിവസങ്ങളില്‍ അവരുമാണ് ലോകത്ത് ഏറ്റം മിടുക്കരായിരുന്നത് എന്നാണ്. ആ ചെറിയ സംബോധന സൃഷ്ടിച്ചിരുന്ന ഉണര്‍വ് ദൈവികമായ ഔഷധമായിരുന്നു.

ദൈവം നല്‍കിയ സമ്മാനം

സുവിശേഷം പ്രസംഗിക്കുക എന്ന പതിവുശൈലി വിട്ട് സ്വയം സുവിശേഷമാവുക എന്ന ക്രൈസ്തവ ധര്‍മമാണ് മദര്‍ നിറവേറ്റിയത്. പറയാനും എഴുതാനും എളുപ്പമാണെങ്കിലും പ്രവര്‍ത്തിച്ചു കാണിക്കാന്‍ അത്യന്തം ബുദ്ധിമുട്ടുള്ള കാര്യമാണ്. ആ മഹനീയ കര്‍മത്തിലുടനീളം ദൈവപരിപാലനയുടെ അദൃശ്യകരങ്ങള്‍ നമുക്ക് ദര്‍ശിക്കാം. കുന്നന്താനത്തെ കുടിലില്‍ ആരംഭിച്ച ആ ദൈവിക ദൗത്യം ഇന്ന് പല സംസ്ഥാനങ്ങളിലും രാജ്യങ്ങളിലുമായി പടര്‍ന്ന് ദൈവസ്‌നേഹം പകര്‍ന്നു നല്‍കുന്നത് ആ അത്ഭുതപരിപാലനയുടെ തണലിലാണ്.

ലിറ്റില്‍ സെര്‍വന്റ്‌സ് ഓഫ് ഡിവൈന്‍ പ്രൊവിഡന്‍സ് ചാരിറ്റബിള്‍ സൊസൈറ്റിക്ക് ഒരു ഓഡിറ്റര്‍ ആവശ്യമായി വന്നപ്പോള്‍ എന്റെ പേര് നിര്‍ദേശിക്കപ്പെടുകയും അതിന്‍പ്രകാരം 2001 മുതല്‍ സൊസൈറ്റിയുടെ ഇന്റേണല്‍ ഓഡിറ്ററായി തുടരുകയും ചെയ്യുന്നു. കാല്‍നൂറ്റാണ്ടുകാലം എല്‍എസ്ഡിപി സന്യാസ സമൂഹവുമായി അടുത്ത് ഇടപെട്ട് പ്രവര്‍ത്തിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. അവരുടെ കണക്കുകള്‍ ഓഡിറ്റ് ചെയ്യുകയാണ് എന്നില്‍ നിക്ഷിപ്തമായ നിയോഗം. എനിക്കും എന്റെ കുടുംബത്തിനും കൈവന്ന ദൈവികസമ്മാനമായിട്ടാണ് ആ ഉത്തരവാദിത്വത്തെ കാണുന്നത്.

വെല്ലുവിളികളില്‍ തളരാതെ

ഇപ്പോള്‍ ഈ സൊസൈറ്റിയുടെ സേവന മേഖലകള്‍ മധ്യതിരുവിതാംകൂര്‍ കടന്ന് കേരളം മുഴുവനും ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും എത്തിയിരിക്കുന്നു. കളങ്കമില്ലാത്ത ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ദൈവികമായ കൈത്താങ്ങുണ്ടാകും എന്നതിന് ഉത്തമ ഉദാഹരണമാണ് ദൈവപരിപാലനയുടെ ചെറിയ ദാസികളുടെ പ്രവര്‍ത്തനങ്ങള്‍. ഇവരില്‍ ഞാന്‍ ദര്‍ശിച്ച ഏറ്റം ഉദാത്തമായ പുണ്യം നാളെ എന്തു സംഭവിക്കും എന്ന ആധി ഇവരെ അലട്ടുന്നില്ലെന്നതാണ്. ഈ രൂപീകരണം അവര്‍ക്കു ലഭിച്ചത് തീര്‍ച്ചയായും സ്ഥാപകയുടെ ബോധ്യങ്ങളില്‍നിന്നാണ്.

അശരണരായ ആയിരത്തിലധികം പേര്‍ക്ക് പല സ്ഥലങ്ങളിലായി സംരക്ഷണം നല്‍കുമ്പോള്‍ അത് ദൈവം കാണുമെന്നും ആവശ്യമായ സഹായങ്ങള്‍ വേണ്ട സമയത്ത് എത്തിക്കുകയും ചെയ്യുമെന്ന പൂര്‍ണ ബോധ്യം. ആ ഉറച്ച ബോധ്യമാണ് ഇത്രയും വെല്ലുവിളികള്‍ നിറഞ്ഞ ജീവിതക്രമം മുമ്പോട്ടുകൊണ്ടുപോകാന്‍ ഇവര്‍ക്ക് കരുത്തുപകരുന്നത്. നോട്ടുനിരോധനം, പ്രളയം, കോവിഡ്, അങ്ങനെ പല പരീക്ഷണങ്ങളെയും അതിജീവിച്ച് ആ സമൂഹം പുരോഗമിക്കുന്നതും സ്വര്‍ഗസ്ഥയായ ആ സ്ഥാപകയുടെ നന്മപ്രവൃത്തികള്‍ക്കുള്ള സമ്മാനമാണ്.

തന്നില്‍ ഭരമേല്‍പിച്ചിരിക്കുന്ന ദൈവനിയോഗം തിരിച്ചറിഞ്ഞ് ലിറ്റില്‍ സെര്‍വന്റ്‌സ് ഓഫ് ദി ഡിവൈന്‍ പ്രൊവിഡന്‍സ് എന്ന സന്യാസസമൂഹം സ്ഥാപിക്കുകയും 1978 മുതല്‍ മരണംവരെ ആ സമൂഹത്തിലൂടെ കേരളം, തമിഴ്‌നാട്, വടക്കേ ഇന്ത്യ, സാമ്പിയ തുടങ്ങി ദേശങ്ങളില്‍ ദൈവസ്‌നേഹത്തിന്റെ നേരനുഭവം ജനങ്ങളിലേക്കെത്തിക്കുകയും ചെയ്ത ആ പുണ്യവതിയുടെ ജീവിതയാത്ര ക്രൈസ്തവ സമൂഹത്തിന്റെ ദര്‍പ്പണമാണ്. ദൈവപരിപാലനയുടെ ചെറിയ ദാസിയായി നമ്മോടൊപ്പം ജീവിച്ച്, ഏല്‍പിച്ച താലന്തുകള്‍ പതിന്മടങ്ങായി വര്‍ധിപ്പിച്ച് നിത്യസമ്മാനത്തിനായി യജമാനന്റെ പക്കലേക്ക് മദര്‍ മേരി ലിറ്റി യാത്രയായിട്ട് നവംബര്‍ അഞ്ചിന് ഏഴുവര്‍ഷം തികയുകയാണ്.

മദര്‍ ലിറ്റിയെപ്പോലൊരു പുണ്യവതി ജീവിച്ചിരുന്ന കാലഘട്ടത്തില്‍ ജീവിക്കാന്‍ സാധിച്ചു എന്നത് ഒരു സുകൃതമായി കാണുന്നു. അമ്മയുടെ കരുതലും സ്‌നേഹവും നേരിട്ടനുഭവിക്കാന്‍ എനിക്കും കുടുംബത്തിനും ഭാഗ്യമുണ്ടായി. അമ്മ തുടങ്ങിവച്ച പുണ്യപ്രവര്‍ത്തനങ്ങള്‍ ഒളിമങ്ങാതെ തുടരുന്ന ഈ സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഉയരങ്ങള്‍ നേടും എന്നുറപ്പുണ്ട്. ലിറ്റിയമ്മ വിശുദ്ധയെന്ന് നാമകരണം ചെയ്യപ്പെടുന്നതു കാണാന്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നു.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?