Follow Us On

05

December

2023

Tuesday

കാണ്ടമാല്‍ സുവിശേഷം

കാണ്ടമാല്‍    സുവിശേഷം

ആന്റോ അക്കര

ഇന്ത്യയിലെ 803 ജില്ലകളില്‍, ഒരുപക്ഷേ ഏറ്റവും കുറച്ച് വികസനമെത്തിയ ജില്ലകളിലൊന്നായ ഒഡീഷയിലെ വനമേഖലയിലുള്ള കാണ്ടമാല്‍ ജില്ല ഇന്ന് ലോകപ്രസിദ്ധമാണ്. ക്രിസ്തുവിനെ തള്ളിപ്പറയാന്‍ തയാറാകാതെ ആദിമ ക്രൈസ്തവരെപ്പോലെ രക്തസാക്ഷിത്വം വരിച്ച നൂറിലധികം ക്രൈസ്തവ വിശ്വാസികളാണ് ആരാലും അറിയപ്പെടാത്ത ഈ ദേശത്തെ പ്രസിദ്ധമാക്കിയത്. കാണ്ടമാലിലെ 35 കത്തോലിക്ക രക്തസാക്ഷികളുടെ നാമകരണ നടപടിക ള്‍ക്ക് തുടക്കംകുറിക്കാനുള്ള വത്തിക്കാന്റെ പച്ച സിഗ്നല്‍ ആയിരക്കണക്കി ന് മനുഷ്യരെയെന്നപോലെ എന്നെയും ആവേശഭരിതനാക്കുന്നു. 2008-ല്‍ കാണ്ടമാലില്‍ നടന്ന കലാപത്തില്‍ രക്തസാക്ഷികളായ കണ്ടേശ്വാര്‍ ഡിഗാളിന്റെയും കൂട്ടാളികളുടെയും നാമകരണ നടപടികള്‍ ആരംഭിക്കാനുള്ള അനുമതിയാണ് വത്തിക്കാന്‍ ഈ ‘നിഹില്‍ ഒബ്സ്റ്റാറ്റി’ലൂടെ നല്‍കുന്നത്.

ഇന്ത്യന്‍ സഭയുടെ പുതിയ അധ്യായം
കാണ്ടമാല്‍ കലാപത്തിന് ശേഷം ‘ഇന്ത്യയുടെ വിശുദ്ധ നാടായ’ കാണ്ടമാല്‍ 35 തവണ സന്ദര്‍ശിച്ച് രക്തസാക്ഷികളുടെ ബന്ധുക്കളും അന്ന് പീഡനത്തെ അതിജീവിച്ച ക്രൈസ്തവരുമായി നടത്തിയ കൂടിക്കാഴ്ചകള്‍ എന്റെ ജീവിതത്തിന്റെയും ഗതി തിരിച്ചുവിട്ട സംഭവമായിരുന്നു. ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ക്രൈസ്തവ പീഡനത്തിനാണ് 81 വയസുള്ള സ്വാമി ലക്ഷ്മണാനന്ദയുടെ നിഗൂഢമായ കൊലപാതകത്തെ തുടര്‍ന്ന് കാണ്ടമാല്‍ സാക്ഷ്യം വഹിച്ചത്. സ്വാമിയുടെ മരണത്തിന് പിന്നില്‍ ക്രൈസ്തവ ഗൂഡാലോചന ഉണ്ടെന്ന് ആരോപിച്ച് സ്വാമിയുടെ മൃതദേഹവും വഹിച്ചുകൊണ്ട് കാണ്ടമാലില്‍ ക്രൈസ്തവ വിശ്വാസം നിരോധിച്ചു എന്ന് പ്രഖ്യാപിച്ചുകൊണ്ട് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ രണ്ട് ദിവസം കാണ്ടമാലില്‍ നടത്തിയ വിലാപയാത്രയാണ് കലാപമായി പരിണമിച്ചത്. ക്രൈസ്തവ വിശ്വാസികളായ എല്ലാവരും ക്ഷേത്രങ്ങളിലെത്തി ക്രൈസ്തവ വിശ്വാസം തള്ളിപ്പറയണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ഇത് അനുസരിക്കാതെ ക്രിസ്തീയ വിശ്വാസത്തിലുറച്ചു നിന്ന ധീരരായ ക്രൈസ്തവരെ ബസില്‍ നിന്നുള്‍പ്പെടെ വലിച്ചിറക്കി ജീവനോടെ ചുട്ടെരിച്ചു, ചി ലരെ ജീവനോടെ കുഴിച്ചുമൂടി, മ റ്റു ചിലരെ കൊലപ്പെടുത്തി ക ഷണങ്ങളാക്കി നദിയില്‍ വലിച്ചെറിഞ്ഞു. 56,000 പേരെ ഭവനരഹിതരാക്കിയ കലാപത്തില്‍ നൂറോ ളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 300 ദൈവാലയങ്ങളും ആറായിരം ഭവനങ്ങളും കവര്‍ച്ച ചെയ്തു.

കാണ്ടമാലിലെ വിശുദ്ധ സ്റ്റീഫന്‍
രാജേഷ് ഡിഗാള്‍ എന്ന ഇവാഞ്ചലിക്കല്‍ പാസ്റ്റര്‍ ഹൈദരബാദില്‍ നടന്ന ഒരു കണ്‍വന്‍ഷനില്‍ പങ്കെടുത്ത ശേഷം തിരിച്ചു വരുന്ന വഴിക്കാണ് കാണ്ടമാലിലെ കലാപം പൊട്ടിപുറപ്പെടുന്നത്. അദ്ദേഹം യാത്ര ചെയ്തിരുന്ന ബസ് തടഞ്ഞു നിര്‍ത്തിയ അക്രമികള്‍ വിശ്വാസം തള്ളിപ്പറയണമെന്നും പുനഃമതപരിവര്‍ത്തന ചടങ്ങില്‍ പങ്കെടുക്കണമെന്നും അദ്ദേഹത്തോട് ആവശ്യപ്പെട്ടു.
”എനിക്ക് ഈ രാജ്യത്ത് ക്രൈസ്തവ വിശ്വാസം ജീവിക്കുവാനുള്ള മൗലിക അവകാശമുണ്ട്. ഞാന്‍ പുനഃമതപരിവര്‍ത്തന ചടങ്ങില്‍ സംബന്ധിക്കില്ല,” രാജേഷ് തന്റെ നിലപാട് അസന്നിഗ്ധമായി വ്യക്തമാക്കി. ഇതില്‍ ക്രൂധരായ അക്രമികള്‍ അദ്ദേഹത്തെ മര്‍ദ്ദിച്ചശേഷം അടുത്തുള്ള ഒരു കുഴിയിലേക്ക് തള്ളിയിട്ടു. കഴുത്തുവരെ മണ്ണിട്ട് മൂടിയ ശേഷം വിശ്വാസം തള്ളിപ്പറയാനുള്ള അവസാന അവസരവും നല്‍കി. ആ അവസരവും നിരാകരിച്ച അദ്ദേഹത്തിന്റെ തല ഒരു വലിയ കല്ലുകൊണ്ട് അവര്‍ ഇടിച്ചു തകര്‍ത്തു. കല്ലേറുകൊണ്ട് ക്രിസ്തുവിന് വേണ്ടി ആദ്യ രക്തസാക്ഷിയായ വിശുദ്ധ സ്റ്റീഫനെ പോലെ രാജേഷ് രക്തസാക്ഷിത്വത്തെ പുല്‍കി.

രാജേഷിനൊപ്പമുണ്ടായിരുന്നു ഹൈന്ദവ വിശ്വാസിയായ തുംഗുരു മാലിക്കാണ് അദ്ദേഹത്തിന്റെ ഭാര്യയായ അസ്മിതയോട് ഈ സംഭവം വിവരിച്ചത്.
ആ ദിവസങ്ങളില്‍ കലാപം രൂക്ഷമായിരുന്നതിനാല്‍ തനിക്ക് സംഭവം നടന്ന പ്രദേശത്തേക്ക് പോകാന്‍ സാധിച്ചില്ലെന്നും മൂന്ന് ദിവസം കഴിഞ്ഞ് അവിടെ എത്തിയപ്പോഴേക്കും അവര്‍ രാജേഷിന്റെ മൃതദേഹം അവിടെ മാറ്റിയിരുന്നുവെന്നും അസ്മിത പറഞ്ഞു. കൊലപാതക കേസെടുക്കാന്‍ വിസമ്മതിച്ച പോലീസ് മൃതദേഹം കണ്ടെത്തി കൊണ്ടുവരുവാനാണ് അവരോട് നിര്‍ദേശിച്ചതെന്ന് അസ്മിത പറഞ്ഞു. കാണ്ടമാല്‍ കലാപത്തില്‍ വിധവകളായി തീര്‍ന്ന ഒരു ഡസനോളം സ്ത്രീകളുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബംഗളൂരുവിലെത്തിയപ്പോഴാണ് അസ്മിത കരഞ്ഞുകൊണ്ട് ഈ കാര്യങ്ങള്‍ വിശദീകരിച്ചത്. അതിന് മുമ്പ് രണ്ട് തവണ കാണ്ടമാല്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ആ കണ്ണനീരാണ് കാണ്ടമാല്‍ എന്ന വലിയ സമുദ്രത്തിലേക്ക് എന്നെ വലിച്ചിറക്കിയത്.

ഗവണ്‍മെന്റിനെ മുട്ടുകുത്തിച്ച പുസ്തകം
ഒഡീഷ ഗവണ്‍മെന്റ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച കൊല്ലപ്പെട്ട 32 പേരുടെ പട്ടികയില്‍ പാസ്റ്റര്‍ രാജേഷിന്റെ പേര് ഉള്‍പ്പെട്ടിരുന്നില്ല. സമാനമായ മറ്റ് പല വിധവകളുടെയും അനുഭവങ്ങളുടെ വെളിച്ചത്തില്‍ 2008 -ലെ ക്രിസ്മസിന് ഞാന്‍ കാണ്ടമാലിലേക്ക് തിരിച്ചു. അവിടെ നുയാഗാം എന്ന അഭയാര്‍ത്ഥി ക്യാമ്പില്‍ ഭിക്ഷക്കാരെ പോലെ കഴിഞ്ഞിരുന്ന ക്രൈസ്തവ അഭയാര്‍ത്ഥികളുടെ ക്രിസ്മസ് ആഘോഷത്തിനായി ഡെപ്യൂട്ടി കളക്ടറായിരുന്ന ഡോ. വിനീല്‍ കൃഷ്ണയാണ് എത്തിയത്. അഭയാര്‍ത്ഥികളുടെ ക്രിസ്മസ് ആഘോഷങ്ങള്‍ ഗവണ്‍മെന്റ് തന്നെ സംഘടിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ കൊലപാതകകേസുകളില്‍ പോലും എഫ്‌ഐആര്‍ രജിസ്റ്ററ് ചെയ്യാന്‍ പോലീസ് വിസമ്മതിക്കുന്നത് തികച്ചും അന്യായമാണെന്നും കേക്ക് മുറിച്ച ശേഷം തിരികെ പോകാനായി പുറത്തേക്കിറങ്ങിയ ഡെപ്യൂട്ടി കളക്ടറോട് ഞാന്‍ പറഞ്ഞു. എന്നാല്‍ അതെല്ലാം കെട്ടിച്ചമച്ച കേസുകളാണെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.

ഈ നീതിനിഷേധത്തിലൂടെ കുറ്റവാളികളെ രക്ഷിക്കുക മാത്രമല്ല, ഇരകള്‍ക്ക് ലഭിക്കാന്‍ അര്‍ഹതയുള്ള അഞ്ച് ലക്ഷം രൂപ (ഒഡീഷ ഗവണ്‍മെന്റ് പ്രഖ്യാപിച്ച രണ്ട് ലക്ഷവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നുള്ള മൂന്ന് ലക്ഷവും) നിഷേധിക്കുക കൂടെയാണ് ഗവണ്‍മെന്റ് ചെയ്തത്. ഈ മനുഷ്യാവകാശ ലംഘനം വെളിച്ചത്തുകൊണ്ടുവരുന്നതിനായി കാണ്ടമാല്‍ മൂന്ന് തവണ കൂടെ സന്ദര്‍ശിക്കുകയും 2009 ഏപ്രി ല്‍ ഒന്‍പതിന് ‘കാണ്ടമാല്‍, എ ബ്ലോട്ട് ഓണ്‍ ഇന്ത്യന്‍ സെക്കുലറിസം’ എന്ന അന്വേഷണാത്മക പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തു. ന്യൂഡല്‍ഹിയില്‍ വച്ച് നിരവധി പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ചടങ്ങില്‍ ഇന്ത്യന്‍ മാധ്യമരംഗത്ത് പ്രശസ്തനായ കുല്‍ദീപ് നയ്യാരാണ് പുസ്തകം പ്രകാശനം ചെയ്തത്.

പലരുടെയും സ്വസ്ഥത നശിപ്പിക്കുന്ന കണ്ടെത്തലുകളുമായി ഈ പുസ്തകം പുറത്തിറങ്ങി മൂന്നാഴ്ചകള്‍ക്കുള്ളില്‍ പാസ്റ്റര്‍ രാജേഷും പുസ്തകത്തില്‍ വിവരിച്ചിരിക്കുന്ന മറ്റ് മൂന്ന് പേരുള്‍പ്പടെ ആറ് പേര്‍ കൂടെ കൊല്ലപ്പെട്ടതായി ഒഡീഷ ഗവണ്‍മെന്റ് സുപ്രീം കോടതിയില്‍ സമ്മതിച്ചു. ഉത്തരവാദിത്വം നിര്‍വഹിച്ച ചാരിതാര്‍ത്ഥ്യത്തോടെ കാണ്ടമാല്‍ കലാപത്തില്‍ നീതി തേടിയുള്ള എന്റെ പ്രവര്‍ത്തനങ്ങള്‍ അവിടംകൊണ്ട് അവസാനിക്കേണ്ടതാണ്. എന്നാല്‍ ദൈവത്തിന്റെ വഴികള്‍ വിസ്മയാവഹമാണെന്ന് മാത്രമേ പറയാന്‍ കഴിയൂ. കാണ്ടമാല്‍ രക്തസാക്ഷികളുടെ ബന്ധുക്കളും മറ്റ് ഇരകളുമായുള്ളവരുമായി നടത്തിയ കൂടിക്കാഴ്ചയുടെ അനുഭവങ്ങള്‍ കാണ്ടമാല്‍ കലാപത്തെക്കുറിച്ചുള്ള സത്യം വിളിച്ചു പറയാന്‍ കലാപം നടന്ന് 15 വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നും എന്നെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു.

ഇന്നും ചെവിയില്‍ മുഴങ്ങുന്ന നിലവിളികള്‍
ആസൂത്രിതമായി നടത്തിയ കാണ്ടമാല്‍ കലാപത്തിന് പിന്നിലെ രാഷ്ട്രീയ ഗൂഡാലോചനയെക്കുറിച്ചും ക്രൈസ്തവ പീഡനത്തെക്കുറിച്ചും ‘ആരാണ് സ്വാമി ലക്ഷ്മണാനന്ദയെ കൊലപ്പെടുത്തിയത്?’ എന്ന പുസ്തകത്തിലൂടെയും ‘ഇന്നസെന്റ്‌സ് ഇംപ്രിസണ്‍ഡ്’ എന്ന ഡോക്യുമെന്ററിയിലൂടെയും വ്യക്തമാക്കിയിട്ടുള്ളതാണ്. വത്തിക്കാന്റെ നിര്‍ദേശപ്രകാരം കാണ്ടമാല്‍ കലാപത്തില്‍ കൊല്ലപ്പെട്ട 105 ക്രൈസ്തവരുടെയും ഭവനങ്ങള്‍ സന്ദര്‍ശിച്ച് ഫാ. പുരുഷോത്തം നായിക്ക് റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു. ഇവരില്‍ 36 കത്തോലിക്കര്‍ ഉള്‍പ്പെടുന്നു. ഇവരില്‍ 35 പേരുടെ നാമകരണനടപടികള്‍ക്കാണ് വത്തിക്കാന്‍ അനുമതി നല്‍കിയിരക്കുന്നത്. ഇതില്‍ 14 പേര്‍ അക്രമത്തിനിരയായി സംഭവസ്ഥലത്ത് വച്ച് തന്നെ രക്തസാക്ഷിത്വം വരിച്ചവരാണ്. ബാക്കിയുള്ളവര്‍ അക്രമത്തില്‍ നിന്നേറ്റ മുറിവുകളെ തുടര്‍ന്ന് പിന്നീട് മരണമടഞ്ഞവരും.

കണ്ടേശ്വാര്‍ ഡിഗാളിനെയും കൂട്ടാളികളെയും എന്ന പേരില്‍ 35 പേരുടെ നാമകരണ നടപടികള്‍ക്കാണ് വത്തിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇതില്‍ കണ്ടേശ്വര്‍ ഡിഗാള്‍ ഒരു മതബോധകനാണ്. സ്വാമിയുടെ മരണത്തിന് മുമ്പ് തന്നെ അദ്ദേഹത്തോട് പുനഃമതപരിവര്‍ത്തന ചടങ്ങുകളില്‍ പങ്കെടുക്കണമെന്ന് സംഘപരിവാര്‍ നേതാക്കള്‍ ആവശ്യപ്പെടുകയും അദ്ദേഹം അത് നിരാകരിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ സ്വാമി ലക്ഷ്മണാനന്ദ കൊല്ലപ്പെട്ട വിവരം കേട്ടപ്പോള്‍ തന്നെ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കി അദ്ദേഹം ഭുവനേശ്വറിലേക്ക് യാത്ര തിരിച്ചു.
എന്നാല്‍ ബസ് തടഞ്ഞ അക്രമികള്‍ അദ്ദേഹത്തെ ക്രൈസ്തവ ദമ്പതികളായ മേഗ്നാദ് ഡിഗാള്‍- പ്രിയതമ എന്നിവര്‍ക്കൊപ്പം കൊലപ്പെടുത്തി കഷണങ്ങളാക്കി നദിയില്‍ എറിഞ്ഞു. അദ്ദേഹത്തിന്റെ ശരീരാവശിഷ്ടങ്ങള്‍ നദിയിലൂടെ ഒഴുകുന്നതിന്റെ ടെലിവിഷന്‍ ദൃശ്യങ്ങള്‍ കണ്ട മകനാണ് അപ്പനെ തിരിച്ചറിഞ്ഞത്.
കട്ടക്ക് ഭുവനേശ്വര്‍ രൂപതയുടെ പ്രൊക്കുറേറ്ററായ ഫാ. ബെര്‍ണാര്‍ഡ് ഡിഗാളായിരുന്നു മറ്റൊരു രക്തസാക്ഷി.

കാണ്ടമാലിലുള്ള തന്റെ മാതൃ ഇടവകയായ റ്റിയാംഗിയ ഇടവകയിലെ ദൈവാലയത്തിന്റെ മേല്‍നോട്ടത്തിനായി അവിടെ എത്തിയതായിരുന്നു ഫാ. ബെര്‍ണാഡ്. അദ്ദേഹത്തോടൊപ്പം താമസിച്ചിരുന്ന മലയാളി വൈദികനായ ഫാ. ചാണ്ടി എന്ന് വിളിക്കുന്ന ഫാ. അലക്‌സാണ്ടര്‍ ചരളന്‍കുന്നേലിനെ കാണ്ടമാലില്‍ നിന്ന് വെളിയില്‍ എത്തിക്കുന്നതിനായി ഒരു മോട്ടോര്‍ബൈക്ക് അന്വേഷിച്ചുള്ള യാത്രയിലാണ് അദ്ദേഹം അക്രമികളുടെ കൈയില്‍ പെട്ടത്. വിവസ്ത്രനാക്കി മര്‍ദ്ദിച്ച്, ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച ശേഷം അദ്ദേഹത്തെ അക്രമികള്‍ കാട്ടില്‍ ഉപേക്ഷിച്ചു. ”ക്രൈസ്തവികമായ സംസ്‌കാരം ലഭിക്കില്ല എന്നാണ് ഞാന്‍ കരുതിയത്. കാരണം അര്‍ധബോധാവസ്ഥയില്‍ ആ കാട്ടില്‍ കിടന്ന എന്റെ സമീപത്ത് നിന്ന് ചെന്നായ്ക്കള്‍ ഓരിയിടുന്നത് കേള്‍ക്കാമായിരുന്നു. അവ എന്നെ ഭക്ഷിക്കുമോ എന്ന് ഞാന്‍ ഭയപ്പെട്ടു. ദാഹാധിക്യത്താല്‍ എന്റെ മൂത്രം കുടിക്കേണ്ട അവസ്ഥയിലാണ് അന്ന് ഞാന്‍ ഉണ്ടായിരുന്നത്.” – കാട്ടില്‍ നിന്ന് രക്ഷപെട്ട് മുംബൈയിലെ ഹോളി സ്പിരിറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഫാ. ബെര്‍ണാര്‍ഡ് പറഞ്ഞ വാക്കുകള്‍ ഇന്നുമെന്റെ ചെവിയില്‍ മുഴങ്ങുന്നുണ്ട്.

കാണ്ടമാല്‍ ‘ദുരന്തം’ ഇനി സുവിശേഷം
”രക്തസാക്ഷികളുടെ ചുടുനിണമാണ് ക്രൈസ്തവവിശ്വാസത്തിന്റെ വിത്ത്” എന്ന് സഭാപിതാവായ തെര്‍ത്തുല്യന്‍ പറഞ്ഞത് കാണ്ടമാലിന്റെ കാര്യത്തില്‍ ഇന്ന് സത്യമായി തീര്‍ന്നിരിക്കുന്നു. ഒരിക്കല്‍ ഒരു സന്യാസിനിസഭയുടെ ഫോര്‍മേഷന്‍ ഹൗസിന്റെ ചുമതലയുള്ള സന്യാസിനി അവരുടെ സന്യാസിനിസഭയിലെ നവ അര്‍ത്ഥിനികള്‍ക്കായി ഒരു ക്ലാസ് നയിക്കാന്‍ എന്നെ ക്ഷണിച്ചു. ഞാന്‍ അവിടെ ചെന്നപ്പോള്‍ കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു. 29 സന്യാസാര്‍ത്ഥിനികളില്‍ 28 പേരും കാണ്ടമാലില്‍ നിന്നുള്ളവര്‍. അന്ന് മാതാപിതാക്കളോടൊപ്പം കാടുകളില്‍ അഭയം തേടുകയും ക്രിസ്തുവിലുള്ള വിശ്വാസത്തെപ്രതി അപമാനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്ത ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇന്ന് വൈദികരും സന്യാസിനിമാരും പാസ്റ്റര്‍മാരുമൊക്കെ ആയി മാറിയിരിക്കുന്നു.
‘ കാണ്ടമാലിലെ സുവിശേഷം’ എന്ന പുസ്തകം 2023 ഓഗസ്റ്റ് 23-ന് കാണ്ടമാല്‍ കലാപത്തിന്റെ 15-ാം വാര്‍ഷികത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയില്‍ വച്ച് പുറത്തിറക്കി. കാണ്ടമാല്‍ കലാപം ഇന്ന് ഒരു ദുരന്തത്തിനപ്പുറം ക്രൈസ്തവര്‍ക്ക് സുവിശേഷമായി മാറുന്നത് എപ്രകാരമാണെന്ന് ആ പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്.

ഭരണകൂടത്തിന്റെ ഒത്താശയോടെ ക്രൈസ്തവര്‍ക്ക് നേരെ ആസൂത്രിതമായ അക്രമം അഴിച്ചുവിട്ടിട്ടും ഒരു ക്രിസ്തീയ വിശ്വാസിപോലും ക്രിസ്തുവിനെ തള്ളിപ്പറയാന്‍ തയാറായില്ല എന്നത് ഭാരതത്തിലെ ക്രൈസ്തവ സഭയുടെ ചരിത്രത്തില്‍ സുവര്‍ണലിപികളില്‍ കുറിക്കപ്പെടേണ്ട സംഭവമാണ്. മറുവശത്ത് അക്രമത്തിന് നേതൃത്വം നല്‍കിയ തത്വസിംഹയുടെ നേതാക്കള്‍ ഉള്‍പ്പെടെ പലരും ഇന്ന് അവര്‍ കാണ്ടമാലില്‍ നിന്ന് പുറത്തെറിയാന്‍ നോക്കിയ ക്രൈസ്തവവിശ്വാസത്തിന്റെ ഭാഗമാണ്. ഇപ്പോഴിതാ കാണ്ടമാലിലെ കത്തോലിക്കരായ രക്തസാക്ഷികളുടെ നാമകരണത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള ചരിത്രപരമായ തീരുമാനത്തിലൂടെ കാണ്ടമാലി ലെ കാടുകളില്‍ ആദിമ ക്രൈ സ്തവരുടെ ചരിത്രം ആവര്‍ത്തിക്കപ്പെട്ടു എന്ന് വത്തിക്കാനും വിശ്വാസികളെ ഓര്‍മിപ്പിക്കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?