Follow Us On

23

January

2025

Thursday

മിഷന്‍ കേരള!

മിഷന്‍ കേരള!

രഞ്ജിത്ത് ലോറന്‍സ്

ആസൂത്രണ ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം 30 ലക്ഷത്തിലധികം വരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ (കേരള ജനസംഖ്യയുടെ 10 ശതമാനത്തോളം) ഇന്ന് കേരളത്തില്‍ വിവിധ ജോലികളില്‍ വ്യാപൃതരാണ്. ഈ പശ്ചാത്തലത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ കുറ്റകൃത്യങ്ങളില്‍ ഗണ്യമായ വര്‍ധന ഉണ്ടാകുന്നു എന്ന വാര്‍ത്ത ഏറെ ആശങ്ക ഉയര്‍ത്തുന്നതാണ്. കഴിഞ്ഞ എട്ടുവര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 2022 മുതലാണ് കുറ്റകൃത്യങ്ങളുടെ എണ്ണം ഇരട്ടിയിലേറെ വര്‍ധിച്ചതെന്ന് ദീപികയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ കേരളത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ പ്രതികളായ ക്രിമിനല്‍ കേസുകളുടെ എണ്ണം 1000 ത്തില്‍ താഴെയായിരുന്നു. എന്നാല്‍, 2022-ല്‍ മാത്രം രജിസ്റ്റര്‍ ചെയ്തത് 1348 ക്രിമിനല്‍ കേസുകളാണ്. ഈ വര്‍ഷം ഓഗസ്റ്റ് 23 ആയപ്പോഴേക്കും 1336 കുറ്റകൃത്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളസമൂഹവും പോലീസും ഗവണ്‍മെന്റും അടിയന്തിര ശ്രദ്ധ പതിപ്പിക്കേണ്ട വിഷയമാണിതെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.

കേരളത്തില്‍ നിന്ന് വിദേശരാജ്യങ്ങളിലേക്കുള്ള പുതിയ തലമുറയുടെ ചേക്കേറലിന് സമാന്തരമായി സംഭവിക്കുന്ന കാര്യമാണ് അന്യസംസ്ഥാന തൊഴിലാളികളുടെ കേരളത്തിലേക്കുള്ള കുടിയേറ്റം. മെച്ചപ്പെട്ട സമ്പത്തും ജീവിതസാഹചര്യങ്ങളും തേടി നമ്മുടെ യുവജനങ്ങള്‍ അന്യദേശത്തേക്ക് കുടിയേറുമ്പോള്‍ അതേ ഉദ്ദേശ്യത്തോടെ അന്യസംസ്ഥാനത്ത് നിന്നുള്ളവര്‍, പ്രത്യേകിച്ചും പശ്ചിമബംഗാളില്‍ നിന്നും ഉത്തരേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള തൊഴിലാളികള്‍ കേരളത്തിലേക്ക് കുടിയേറുന്നു. ഇത്തരത്തില്‍ കുടിയേറുന്നവരെ ഏറെ ആദരവോടെ അതിഥി തൊഴിലാളികള്‍ എന്നൊക്കെ നാം വിളിക്കാറുണ്ട്. എന്നിരുന്നാലും, ഭാഷയിലും സംസ്‌കാരത്തിലും ജീവിതനിലവാരത്തിലും അവര്‍ പുലര്‍ത്തുന്ന വ്യത്യാസം നിമിത്തമാകണം പലപ്പോഴും അത്ര ആദരവോടെയല്ല മലയാളികള്‍ അവരോട് ഇടപെടുന്നതെന്ന് പറയാതെ വയ്യ. മാത്രമല്ല മദ്യവും മയക്കുമരുന്നുപയോഗവും ഇവരുടെ ഇടയില്‍ വ്യാപകമായതുകൊണ്ട് തന്നെ കൃത്യമായ ഒരകലം മലയാളിസമൂഹം ഇവരില്‍ നിന്ന് കാത്തുസൂക്ഷിക്കുന്നതായി തോന്നുന്നു. എന്നിരുന്നാലും കേരളത്തിന്റെ ഏത് മുക്കിലും മൂലയിലും ചെന്നാലും നിര്‍മാണമേഖലമുതല്‍ കൃഷിയിടങ്ങളില്‍ വരെ ഇവരുടെ സാന്നിധ്യമുണ്ട്. ഒരുപക്ഷേ ഇവരെക്കൂടാതെ നമുക്ക് മുമ്പോട്ട് പോകാനാവാത്ത അവസ്ഥ സംജാതമായിരിക്കുന്നു എന്നു തന്നെ പറയാം.

അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ കൃത്യമായി രജിസ്റ്റര്‍ ചെയ്യുക, ഇവരുടെ ഇടയിലുള്ള മയക്കുമരുന്നുപയോഗവും വില്‍പനയും തടയുക തുടങ്ങിയ കാര്യങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കികൊണ്ട് കുറ്റകൃത്യങ്ങള്‍ തടയാന്‍ ഗവണ്‍മെന്റ്‌വിട്ടുവീഴ്ചയില്ലാതെ നടപടികള്‍ സ്വീകരിക്കേണ്ട സമയമാണിത്. എന്നാല്‍ ജനിച്ച സാഹചര്യവും സാമൂഹ്യ ചുറ്റുപാടുകളും നിമിത്തം ഭൗതികമായും ഒപ്പം ധാര്‍മികമായും ആത്മീയമായും ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയ ഇത്ര വലിയ ഒരു സമൂഹം നമ്മുടെ ഇടയില്‍ തിങ്ങിപ്പാര്‍ക്കുമ്പോള്‍ അവര്‍ക്ക് വേണ്ട ‘പോഷണം’ നല്‍കാനുള്ള കടമയില്‍ നിന്ന് കേരളസമൂഹത്തിനോ, വിശിഷ്യ കേരളസഭക്കോ ഒഴിഞ്ഞുമാറാനാവില്ല.

ക്രൈസ്തവ സമൂഹത്തെ സംബന്ധിച്ചടത്തോളം അവര്‍ക്ക് മാന്യമായി ജീവിക്കുവാനും ജോലി ചെയ്യുവാനുമുള്ള സാഹചര്യം ഒരുക്കി നല്‍കുക എന്നതിനോടൊപ്പമോ അതിനേക്കാളേറെയോ പ്രധാനപ്പെട്ട കാര്യമാണ് നിത്യമായ സന്തോഷം അവര്‍ക്ക് ലഭ്യമാക്കുന്നതിലേക്കുള്ള വഴിയായ ക്രിസ്തുവിനെ അവര്‍ക്ക് പരിചയപ്പെടുത്താനാവുക എന്നത്. കേരളത്തില്‍ ജോലിക്കായെത്തുന്ന തൊഴിലാളികളില്‍ ഭൂരിഭാഗമാളുകളും ക്രിസ്തുവിനെ അറിയാത്തവരാണെന്നുള്ള വസ്തുത നമ്മുടെ മുമ്പിലുള്ള ഉത്തരവാദിത്വം വര്‍ധിപ്പിക്കുന്നു. ഇതേ ലക്ഷ്യത്തോടെയാണല്ലോ നമ്മുടെ തന്നെ ഇടയില്‍ നിന്നുള്ള അനേകര്‍ അന്യസംസ്ഥനങ്ങളിലും രാജ്യങ്ങളിലും മിഷന്‍ ജോലിയില്‍ വ്യാപൃതരായിരിക്കുന്നത്. ഇന്നിതാ മറ്റെന്തിനെക്കാളുമുപരിയായി ക്രിസ്തുവിനെ ആവശ്യമുള്ള ഒരു സമൂഹം ഇവിടേയ്‌ക്കെത്തുമ്പോള്‍ ക്രിസ്തുവിനെ അവര്‍ക്ക് നല്‍കാതെ മുഖം തിരിക്കുന്നത് ക്രിസ്തുവിന് നേരെ മുഖം തിരിക്കുന്നതിന് തുല്യമാണ്.
”നിങ്ങളിലാരെങ്കിലും ശരീരത്തിനാവശ്യമായത് അവര്‍ക്കു കൊടുക്കാതെ, സമാധാനത്തില്‍ പോവുക, തീ കായുക, വിശപ്പടക്കുക എന്നൊക്കെ അവരോട് പറയുന്നെങ്കില്‍ എന്ത് പ്രയോജനം”(യാക്കോബ് 2:16) എന്ന് തിരുവചനം നമ്മെ ഓര്‍മിപ്പിക്കുന്നു.

താരതമ്യേന മാന്യമായ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുന്നതുകൊണ്ട് തന്നെയാണ് അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തിലേക്ക് എത്തുന്നത്. എന്നാല്‍ പലപ്പോഴും ഇവര്‍ വളരെ പരിമിതവും മോശവുമായ ചുറ്റുപാടുകളിലാണ് തിങ്ങിപ്പാര്‍ക്കുന്നത്. ഇവരുടെ ഇടയിലുള്ള ലഹരിയുടെ ഉപയോഗം തടയാനുള്ള നടപടികളുടെ ഭാഗമായി ഇവര്‍ ജീവിക്കുന്ന സാഹചര്യവും ജീവിതനിലവാരവും മെച്ചപ്പെടുത്താനും മറ്റ് വിനോദങ്ങളിലേര്‍പ്പെടാനും അവസരരമൊരുക്കണം. ജീവിക്കുന്ന ചുറ്റുപാടുകളും സമൂഹവുമായി സൗഹൃദത്തോടെ ഇടപഴുകി ജീവിക്കാനാവുക എന്നത് ഏത് മനുഷ്യനും ആഗ്രഹിക്കുന്ന കാര്യമാണ്. വിദേശനാടുകളില്‍, പ്രത്യേകിച്ചും ഗള്‍ഫ് നാടുകളിലും യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലുമൊക്കെ ജോലി ചെയ്യുന്നവര്‍, നേരിടുന്ന വിവേചനത്തെ നാം എത്രമാത്രം അപലപിക്കാറുണ്ടെന്ന് ഓര്‍മിക്കുക. അതുകൊണ്ട് നമ്മോടൊപ്പം ജീവിക്കുകയും ജോലി ചെയ്യുകയും സഞ്ചരിക്കുകയും ചെയ്യുന്ന ഈ അതിഥി തൊഴിലാളികളോടുള്ള കാഴ്ചപ്പാടില്‍ മാറ്റം വരുത്തേണ്ടതുണ്ടോ എന്ന് ആത്മശോധന ചെയ്യണം.

സ്‌നേഹത്തോടെയും ബഹുമാനത്തോടെയും ഇടപെട്ടുകൊണ്ട് അവരെ സത്യത്തിന്റെയും നന്മയുടെയും വഴിയിലേക്ക് നയിക്കുന്നതിന് മുന്നിട്ടിറങ്ങാന്‍ എല്ലാ ക്രൈസ്തവര്‍ക്കും പ്രത്യേകമായ കടമയുണ്ട്. നമ്മുടെ ജീവിതവും പെരുമാറ്റവും സുവിശേഷമായി അവര്‍ക്ക് അനുഭവപ്പെട്ടാല്‍ ജീവിക്കുന്ന ദൈവത്തിന്റെ സുവിശേഷം സ്വീകരിക്കുന്നതിനായി അവരുടെ ഹൃദയവയലുകള്‍ വേഗത്തില്‍ ഒരുക്കപ്പെടും. ഇതിന് വിരുദ്ധമായി, ഭാഷയുടെയോ സംസ്‌കാരത്തിന്റെയോ വസ്ത്രത്തിന്റെയോ പേരില്‍ അവരെ മാറ്റിനിര്‍ത്തുകയോ അവഗണിക്കുകയോ ചെയ്യുന്ന പെരുമാറ്റങ്ങള്‍ നമ്മുടെ ഭാഗത്ത് നിന്നുണ്ടായാല്‍ അത് നമ്മുടെയും അവരുടെയും പിതാവായ ദൈവത്തെ വേദനിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ജോലി നല്‍കുന്ന ക്രൈസ്തവര്‍ക്ക് ഇക്കാര്യത്തില്‍ ക്രിയാത്മകമായി അനവധി കാര്യങ്ങള്‍ ചെയ്യുവാന്‍ സാധിക്കും.

കുടിയേറ്റക്കാര്‍ക്കും തൊഴിലാളികള്‍ക്കുമായുള്ള കെസിബിസി കമ്മീഷന്റെയും പല രൂപതകളുടെയും വ്യക്തികളുടെയും നേതൃത്വത്തില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ ഇടയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ലാഘനീയമാണ്. എന്നിരുന്നാലും മാറി വരുന്ന സാഹചര്യങ്ങളില്‍ ഇവരുടെ ഇടയിലുള്ള സഭയുടെ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി വിപുലപ്പെടുത്തേണ്ടതുണ്ട്. അതിനുള്ള ഭാഷാവൈദഗ്ധ്യവും അറിവും കഴിവുമുള്ളവരെ ഒരുമിച്ചുകൂട്ടി അവരുടെ ഇടയിലേക്ക് കടന്നു ചെല്ലുകയും അവരുടെ ആവശ്യങ്ങള്‍ മനസിലാക്കി ലഹരിവിമുക്ത ജീവിതം നയിക്കുന്നതിനും ജീവിതനിലവാരം ഉയര്‍ത്തുന്നതിനും സഹായകരമായ നടപടികള്‍ സ്വീകരിക്കണം. അന്യസംസ്ഥാന തൊഴിലാളികളായ ക്രൈസ്തവര്‍ക്ക് വേണ്ട അജപാലന ശുശ്രൂഷകള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഭൗതികമായും ആത്മീയമായും ഏറെ അനുഗ്രഹിക്കപ്പെട്ട നമ്മുടെ ഭൗതികവും ആത്മീയവുമായ വിഭവശേഷികള്‍ അവരുമായി പങ്കുവയ്ക്കുന്നതിനുള്ള തുറവിയാണ് ഏറ്റവും പ്രധാനപ്പെട്ടത്. ധ്യാനകേന്ദ്രങ്ങളിലൂടെ നേരിട്ടും മാധ്യമങ്ങളിലൂടെയും നമുക്ക് ലഭിക്കുന്ന വചനത്തിന്റെയും സത്ചിന്തക്കളുടെയും ധാര്‍മികബോധത്തിന്റെയും സമൃദ്ധിയുടെ ഒരു പങ്ക് ഈ സമൂഹത്തിലേക്ക് എത്തിക്കാന്‍ സാധിച്ചാല്‍ അവര്‍ മാത്രമായിരിക്കില്ല, അവരിലൂടെ അവരുടെ ബന്ധുക്കളിലേക്കും സ്വദേശങ്ങളിലേക്കും കൂടിയാവും ആ അനുഗ്രഹം കടന്നു ചെല്ലുക. ഇത് കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ ദൈവം ഭരമേല്‍പ്പിച്ച മിഷനാണ്. അന്യസംസ്ഥാനക്കാരായ നമ്മുടെ സഹോദരങ്ങളോട് സൗമ്യമായി ഇടപെട്ടുകൊണ്ടും ചെറുപുഞ്ചിരി സമ്മാനിച്ചുകൊണ്ടും നമുക്ക് ആരംഭിക്കാം…

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?