സൈജോ ചാലിശേരി
ജയില്‍ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങുന്നവര്‍ക്ക് എന്നും സമാധാനത്തിന്റെയും ആശ്രയബോധത്തിന്റെയും തണല്‍വൃക്ഷമായി പടര്‍ന്നു പന്തലിച്ചു നില്‍ക്കുകയാണ് തൃശൂര്‍-വെട്ടുകാട് സ്‌നേഹാശ്രമം എന്ന പുനരധിവാസ കേന്ദ്രം.
1991-ലാണ് ഈ കേന്ദ്രത്തിന് തറക്കല്ലിടുന്നത്. അക്കാലത്ത് കോട്ടയം-വടവാതൂര്‍ സെമിനാരിയില്‍ വൈദിക വിദ്യാര്‍ത്ഥികളായിരുന്ന ബ്രദര്‍ ഫ്രാന്‍സിസ് കൊടിയന്റെയും ബ്രദര്‍ വര്‍ഗീസ് കരിപ്പേരിയുടെയും സൗഹൃദസംഭാഷണങ്ങളിലൂടെയാണ് ജയില്‍ശിക്ഷ അനുഭവിച്ചവരുടെ പുനരധിവാസ കേന്ദ്രമെന്ന ആശയത്തിന് ചിറകുമുളയ്ക്കുന്നത്. ഈ ഉദ്യമത്തിനായി അവര്‍ ജപമാല അര്‍പ്പണവും ദിവ്യകാരുണ്യ ആരാധനയും നടത്തി.
1986 ല്‍ ഇവരുടെ നേതൃത്വത്തില്‍ തുടങ്ങിയ ജയില്‍സന്ദര്‍ശന യാത്രയാണ് ഇതിനെല്ലാം പ്രേരണയായത്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ജീസസ് ഫ്രറ്റേണിറ്റി സംഘടനയുടെ ആഭിമുഖ്യത്തില്‍ വൈദിക വിദ്യാര്‍ത്ഥികള്‍ക്കായി പരിപാടി സംഘടിപ്പിച്ചിരുന്നു. ഒന്നര മാസമെടുത്ത് കേരളത്തിലെ മുഴുവന്‍ ജയിലുകള്‍ സന്ദര്‍ശിച്ച ആ യാത്ര, വൈദികവിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കാന്‍ കാരണമായി. അന്ന് വൈദിക വിദ്യാര്‍ത്ഥിയായിരുന്ന സ്‌നേഹാശ്രമത്തിന്റെ ഇപ്പോഴത്തെ ഡയറക്ടര്‍ ഫാ. അലക്‌സാണ്ടര്‍ കുരീക്കാട്ടിലും ഈ യാത്രയില്‍ അംഗമായിരുന്നു.
ആ യാത്രയോടെ ജയില്‍ മിനിസ്ട്രിയുമായി ചേര്‍ന്നായി കുരീക്കാട്ടിലച്ചന്റെ പ്രവര്‍ത്തനങ്ങള്‍. പല ശുശ്രൂഷാരംഗങ്ങളിലും പ്രവര്‍ത്തിച്ച ക്ലരീഷ്യന്‍ സഭാംഗമായ ഫാ. കുരീക്കാട്ടില്‍ 1992-ല്‍ പിഒസിയുടെ അസിസ്റ്റന്റ് ഡയറക്ടറായി ചുമതലയേറ്റു. അന്നുമുതല്‍ വെട്ടുക്കാട് സ്‌നേഹാശ്രമമവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട് ഇദ്ദേഹം.
ആരംഭത്തില്‍ 25 അന്തേവാസികളാണ് ഉണ്ടായിരുന്നത്. ഫാ. വര്‍ഗീസ് കരിപ്പേരിയായിരുന്നു അന്നത്തെ ഡയറക്ടര്‍. ഇന്ന് വെട്ടുക്കാട് സ്‌നേഹാശ്രമത്തില്‍ 20 പേരാണുള്ളത്. ജയില്‍ശിക്ഷ കഴിഞ്ഞവര്‍, കേസുള്ളവര്‍ എന്നിവരാണ് ഇവിടുത്തെ അന്തേവാസികള്‍. പ്രൊവിന്‍ഷ്യല്‍ ഫാ. സിബി ഞാവള്ളിക്കുന്നേലിന്റെ നേതൃത്വത്തിലുള്ള സെന്റ് തോമസ് പ്രൊവിന്‍സ് ക്ലരീഷ്യന്‍ സഭയ്ക്കാണ് ഇതിന്റെ നേതൃത്വം.
കെസിബിസി ജസ്റ്റിസ് പീസ് ആന്റ് ഡവലപ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസ് പുളിക്കലാണ് ക്ലരീഷ്യന്‍ സഭയെ ഈ ദൗത്യം ഏല്‍പിച്ചത്. കെസിബിസി ജീസസ് ഫ്രറ്റേണിറ്റിയുടെ കീഴില്‍ ജയില്‍ മിനിസ്ട്രിയില്‍ ഉള്‍പ്പെടുന്ന ശുശ്രൂഷാരംഗമാണ് വെട്ടുക്കാട് സ്‌നേഹാശ്രമം. കെസിബിസിയുടെ മേല്‍നോട്ടത്തിലാണ് ഇവിടുത്തെ നേതൃത്വം പ്രവര്‍ത്തിക്കുന്നത്.

ഫാ. അലക്‌സാണ്ടര്‍ കുരീക്കാട്ടില്‍
അര്‍ദ്ധരാത്രി വന്നാലും സ്വീകരിക്കും
ജയില്‍ വിമോചിതരാകുന്നവരെ പ്രത്യേകിച്ച് കൊലപാതകംപോലുള്ള കുറ്റം ചെയ്ത് ജയില്‍ശിക്ഷ കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ വീട്ടുകാര്‍ക്ക് പലപ്പോഴും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അവസ്ഥയുണ്ടാകുന്നു. എന്നാല്‍ ജയിലില്‍നിന്നാണെന്ന് പറഞ്ഞ് ഏത് അര്‍ദ്ധരാത്രി വന്നാലും സ്‌നേഹാശ്രമത്തില്‍ സ്വീകരിക്കും. എല്ലാവരുംകൂടെ ചേര്‍ന്ന് ദൈവാലയത്തില്‍വച്ച് സ്വീകരിക്കുന്നതോടെ സ്‌നേഹാശ്രമത്തിലെ അംഗമായി അയാള്‍ മാറും.
ജാതിയും മതവുമൊന്നും ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങളല്ല. ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും ഒരുമിച്ചിരുന്ന് പ്രാര്‍ത്ഥിക്കും. സ്‌നേഹാശ്രമ ചാപ്പലില്‍ എല്ലാവരും ഒരുമിച്ച് ദിവസവും ബലിയര്‍പ്പിക്കുന്നു. ഇവിടുത്തെ അന്തേവാസികളായ 20 പേരും ചെറുപ്പക്കാരാണ്. രാവിലെ പ്രഭാതഭക്ഷണം കഴിഞ്ഞ് ഒമ്പതുമണിയോടെ അന്തേവാസികള്‍ കൃഷിയിടത്തിലെ ജോലികള്‍ക്കായി ഇറങ്ങും.
12 മണിവരെ അത് തുടരും. ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് വീണ്ടും ജോലി പുനരാരംഭിക്കുന്നു. വൈകിട്ട് കളികളില്‍ ഏര്‍പ്പെടുന്നു, ശേഷം പ്രാര്‍ത്ഥന, അത്താഴം. ഇങ്ങനെയുള്ള സമയക്രമമനുസരിച്ചാണ് ഓരോ ദിനവും സ്‌നേഹാശ്രമം മുന്നോട്ട് പോകുന്നത്. ഞായറാഴ്ചകളില്‍ വൈകിട്ട് കള്‍ച്ചറല്‍ ഈവ് സംഘടിപ്പിക്കും.
പുറത്തുനിന്നും സന്ദര്‍ശകര്‍ വരുമ്പോള്‍ അവരുമായി അനുഭവങ്ങള്‍ പങ്കുവയ്ക്കും. എംഎസ്ഡബ്ല്യുവിന് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഇവിടം സന്ദര്‍ശിക്കാനായി വരാറുണ്ട്. ഇവിടുത്തെ അന്തേവാസികള്‍ വ്യക്തിപരമായി അനുഭങ്ങള്‍ പങ്കുവെയ്ക്കുന്നത് സന്ദര്‍ശകര്‍ക്ക് പുതിയ അനുഭവമാണ് സമ്മാനിക്കുക. ഇങ്ങനെയൊക്കെയാണെങ്കിലും നിസാരകാരണങ്ങള്‍ മതി അന്തേവാസികള്‍ തമ്മില്‍ വഴക്കിലേക്കെത്താന്‍.
നസ്രായനായ യേശു എല്ലാവരെയും ഉള്‍ക്കൊണ്ടതുപോലെ എല്ലാവരെയും ഉള്‍ക്കൊണ്ടാല്‍ മാത്രമേ ജീവിതം കൊണ്ടുപോകാനാകൂവെന്ന് അലക്‌സാണ്ടറച്ചന്‍ ഇവരെ പഠിപ്പിച്ചു. മരണത്തിനുമുന്നില്‍ വിറങ്ങലിച്ചുനിന്ന അനുഭവവും ഫാ. അലക്‌സാണ്ടര്‍ കുരീക്കാട്ടിലിനുണ്ട്. കഞ്ചാവ് ഉപയോഗിച്ച മൂന്നുപേരെ ഒരിക്കല്‍ പുറത്താക്കിയിരുന്നു. അവര്‍ അര്‍ദ്ധരാത്രിയില്‍ അച്ചനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊല്ലാന്‍ തയാറായിയെത്തി. എറണാകുളത്ത് വച്ചാണ് സംഭവം. ഒരു വിധത്തില്‍ രക്ഷപെട്ട് ഓടി കളമശേരി പോലിസ് സ്റ്റേഷനില്‍ എത്തിയാണ് അച്ചന്‍ നിന്നത്.
പലരും ഭീഷണിപ്പെടുത്തുമ്പോഴും സങ്കീര്‍ത്തകനാണ് അലക്‌സാണ്ടറച്ചനെ ധൈര്യപ്പെടുത്തിയത്. ഇരുതല വാളിനെക്കാള്‍ മൂര്‍ച്ചയേറിയ വചനം അലക്‌സാണ്ടറച്ചനെ ആശ്വസിപ്പിച്ചു. വാളുംകൊണ്ട് വരുന്നവന് മുന്നില്‍ കഴുത്ത് നീട്ടിനില്‍ക്കാനുള്ള ശക്തി ഈ വചനഭാഗം വായിക്കുമ്പോള്‍ ലഭിക്കുന്നുണ്ടെന്ന് അച്ചന്‍ സാക്ഷ്യപ്പെടുത്തുന്നു. അപകടം പിടിച്ച സ്‌നേഹമെന്നാണ് ഇവിടുത്തെ ജീവിതത്തെക്കുറിച്ച് അലക്‌സാണ്ടറച്ചന്‍ പറയുന്നത്. ക്രിസ്തുവിന്റെ ചങ്കും ഉള്ളും കിട്ടിയാല്‍ മാത്രമേ ഈ ശുശ്രൂഷാരംഗത്ത് പ്രവര്‍ത്തിക്കാനാകൂവെന്നും അച്ചന്‍ പറയുന്നു.
ഏതൊരു ജയില്‍പുള്ളിയുടെയും കരംപിടിച്ച് ‘ദൈവസ്‌നേഹം വര്‍ണിച്ചീടാന്‍…’ എന്ന പാട്ട് പാടിയാണ് ഇവിടെ സ്വീകരിക്കുക. അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ വിളക്കുന്നേലാണ് കൗണ്‍സലിങ്ങ് നടത്തുന്നത്.
ആറുമാസമാണ് ഒരാള്‍ സ്‌നേഹാശ്രമത്തിലെ അന്തേവാസിയായി തുടരുക. അതിനുശേഷവും വീട്ടുകാര്‍ സ്വീകരിക്കാത്തയാളുകളെ ഇവിടെത്തന്നെ തുടരാന്‍ അനുവദിക്കുന്നു. ക്ലരീഷ്യന്‍ സഭയുടെ ഒരു പുനരധിവാസ കേന്ദ്രം എറണാകുളം പത്തടിപ്പാലത്തുണ്ട്. സ്‌നേഹാശ്രമത്തിലെ സ്‌നേഹത്തിന്റെ കോഴ്‌സ് പൂര്‍ത്തിയാക്കിയവരെ അങ്ങോട്ടാണ് പറഞ്ഞയക്കുക. മെയിന്‍ റോഡില്‍നിന്നും ഒന്നര കിലോമീറ്റര്‍ മാറിയാണ് വെട്ടുക്കാട് സ്‌നേഹാശ്രമം സ്ഥിതി ചെയ്യുന്നത്. വളരെ ശാന്തമായ ഉള്‍പ്രദേശം. ഈ അങ്കണത്തില്‍ ഒരു ചാപ്പലും ഉണ്ട്. ഇവിടുത്തെ നാട്ടുകാരുടെ സ്ഥാപനമാക്കി ഇതിനെ വളര്‍ത്താന്‍ ആരംഭകാലത്ത് തന്നെ ജോര്‍ജ് കുറ്റിക്കലച്ചനും വര്‍ഗീസ് കരിപ്പേരിയച്ചനും കഴിഞ്ഞിട്ടുണ്ട്. ആ ഒരു ബന്ധം ഈ സ്ഥാപനവുമായി നാട്ടുകാര്‍ക്ക് ഉള്ളതുകൊണ്ട് ഇത്രയും ജയില്‍പുള്ളികള്‍ ഇവിടെ താമസിക്കുമ്പോള്‍ നാട്ടുകാര്‍ക്ക് ഭയമില്ല. സമാധാനത്തിന്റെയും ശാന്തതയുടെയും ഒരു ഇടമായി മാറിക്കൊണ്ട് അന്തേവാസികള്‍ക്ക് തൃപ്തികരമായ ജീവിതം നയിക്കാന്‍ അവസരം ഒരുക്കുകയാണ് വെട്ടുക്കാട് സ്‌നേഹാശ്രമം.
മദ്യപിച്ച് ബോധമില്ലാതെ നടന്നിരുന്ന കാലത്തെക്കാള്‍ വലിയ സമാധാനവും ജീവിക്കാനുള്ള ഒരു പ്രചോദനവുമാണ് ഇവിടെനിന്നും കിട്ടുന്നതെന്ന് അന്തേവാസികള്‍ പറയുന്നു. ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നവരെ മനുഷ്യനായി ജീവിക്കാന്‍ പഠിപ്പിച്ച് സമൂഹത്തിന് തിരിച്ചു നല്‍കുകയാണ് സ്‌നേഹാശ്രമത്തിന്റെ ലക്ഷ്യം.
Leave a Comment
Your email address will not be published. Required fields are marked with *