Follow Us On

22

December

2024

Sunday

യഥാര്‍ത്ഥ റാണിയുടെ കഥ പറയുന്ന The Face of the Faceless

യഥാര്‍ത്ഥ റാണിയുടെ കഥ പറയുന്ന The Face of the Faceless

വിനോദ് നെല്ലയ്ക്കല്‍

ഒരുപാട് റാണിമാരുടെ വീരകഥകള്‍ പറയാനുള്ള ഭൂപ്രദേശങ്ങളാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. ഇന്ത്യയുടെ ജോവാന്‍ ഓഫ് ആര്‍ക്ക് എന്നറിയപ്പെടുന്ന റാണി ലക്ഷ്മി ഭായി അഥവാ, ഝാന്‍സി റാണി അതില്‍ പ്രധാനിയാണ്. സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള യുദ്ധത്തിനിടയില്‍ ഝാന്‍സി റാണിയുടെ രക്തം വീണ മണ്ണായ ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍നിന്ന് 500 കിലോമീറ്റര്‍ മാറി മധ്യപ്രദേശില്‍ സ്ഥിതിചെയ്യുന്ന ഉദയ്‌നഗര്‍ എന്നൊരു ഗ്രാമത്തില്‍ നടന്ന കഥയാണ് ‘The Face of the Faceless.’ അനേകര്‍ വായിച്ചും കേട്ടും മനസിലാക്കിയിട്ടുള്ള മറ്റൊരു സ്വാതന്ത്ര്യ സമരത്തിന്റെ കഥ. 1995 ഫെബ്രുവരി 25ന് സമീന്ദര്‍ സിംഗ് എന്ന കൊലയാളിയുടെ കൊലക്കത്തിക്ക് ഇരയായി രക്തസാക്ഷിത്വം വരിച്ച വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ കഥ. സംഭവബഹുലമായ ഒരു ജീവിതകഥയെ മികച്ചൊരു ചലച്ചിത്രമാക്കി മാറ്റി ലോകത്തിന് മുന്നില്‍ അവതരിപ്പി ക്കുകയായിരുന്നു സംവിധായകന്‍ ഡോ. ഷെയ്‌സണ്‍ പി. ഔസേഫ് ഏറ്റെടുത്ത വെല്ലുവിളി.

ആനുകാലിക ഇന്ത്യയുടെ നേര്‍ചിത്രം

പച്ചയായ ജീവിതങ്ങളെ തുറന്നുകാണിക്കുന്ന ഹൃദയ സ്പര്‍ശിയായ ഒരു ചലച്ചിത്രം എന്ന് ഒറ്റ വാക്യത്തില്‍ ഈ സിനിമയെ വിലയിരുത്താം. കേരളത്തിലെ സുരക്ഷിത സാഹചര്യങ്ങളില്‍നിന്ന് അകന്ന് വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ പാവപ്പെട്ട മനുഷ്യര്‍ക്കുവേണ്ടി ജീവിക്കുന്ന ആയിരക്കണക്കിന് കത്തോലിക്കാ സന്യാസിനിമാരുടെ ജീവിതം ‘the Face of the Faceless’ കൃത്യമായി അവതരിപ്പിക്കുന്നുണ്ട്. ഒപ്പം, ജന്മിത്വത്തിന്റെയും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെയും കെണികളില്‍ അകപ്പെട്ട് അടിമകളെപ്പോലെ ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ യാതനകളും സ്വപ്നങ്ങളും കാഴ്ചക്കാരുടെ മനസില്‍ നോവായി മാറുന്നു. ചലച്ചിത്രത്തിന്റെ പ്രമേയം ആനുകാലിക ഇന്ത്യയുടെ നേര്‍ചിത്രമാണ് എന്നുളളതും ഈ സിനിമയെ പ്രസക്തമാക്കുന്നു.

വിശുദ്ധ ജീവിതം നയിച്ച ഒരു മിഷനറി സന്യാസിനിയുടെ പരിപൂര്‍ണ്ണമായ ജീവിത സമര്‍പ്പണം തന്നെയാണ് സിനിമയുടെ കാതല്‍. മധ്യപ്രദേശിലെ ഇന്‍ഡോറിന് അടുത്തുള്ള ഉദയനഗര്‍ എന്ന ഗ്രാമത്തിലേക്ക് സി. റാണി മരിയ സ്ഥലം മാറി വരുന്നത് മുതലാണ് കഥ ആരംഭിക്കുന്നത്. അടിച്ചമര്‍ത്തപ്പെട്ടും പീഡിപ്പിക്കപ്പെട്ടും ജീവിതം തള്ളിനീക്കുന്ന ഒരു കൂട്ടം ആളുകളുടെ ദുരിതങ്ങള്‍ അവളുടെ ഹൃദയത്തെ ഉലയ്ക്കുന്നു. വിദ്യാഭ്യാസവും ചികിത്സയും മുതല്‍ കുടിവെള്ളം വരെ അപ്രാപ്യമായ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു ജനത. അവരുടെ വേദനകളും വിഷമങ്ങളും കാണാനോ ഏറ്റെടുക്കാനോ അതുവരെയും ആരും ഉണ്ടായിരുന്നില്ല, അഥവാ ധൈര്യപ്പെട്ടിരുന്നില്ല. എന്നാല്‍, ‘കലപ്പയില്‍ കൈ വച്ചിട്ടു പിന്തിരിഞ്ഞു നോക്കുന്ന ഒരുവനും സ്വര്‍ഗരാജ്യത്തിനു യോഗ്യനല്ല.’ എന്ന തിരുവചനമാണ് സിസ്റ്റര്‍ റാണി മരിയയെ മുന്നോട്ടു നയിച്ചത്.


കൂരിരുളിലെ പ്രകാശരശ്മി

താന്‍ ആര്‍ക്കുവേണ്ടി മുന്നിട്ടിറങ്ങിയോ, ആ മനുഷ്യര്‍ തന്നെ തനിക്കെതിരായി സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും, അധിക്ഷേപിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന ഒരു പശ്ചാത്തലത്തില്‍ നിന്നാണ് അവള്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. നിസ്വാര്‍ത്ഥമായി തങ്ങള്‍ക്കുവേണ്ടി സംസാരിക്കാനും പ്രവര്‍ത്തിക്കാനും അന്യദേശക്കാരിയായ ഒരു സ്ത്രീ വരുന്നു എന്നുള്ളത് ഉള്‍ക്കൊള്ളാന്‍ ആദ്യഘട്ടത്തില്‍ അവര്‍ക്ക് കഴിഞ്ഞില്ല. ലോകം മുഴുവന്‍ തങ്ങളോട് അയിത്തവും, അകല്‍ച്ചയും വച്ചുപുലര്‍ത്തുന്നു എന്ന ചിന്തയും, മിഷനറിമാര്‍ക്ക് മറ്റെന്തോ ലക്ഷ്യങ്ങളുണ്ടാകാമെന്ന തെറ്റിദ്ധാരണയുമാണ് അവര്‍ക്കുണ്ടായിരുന്നത്. എന്നാല്‍, കൂരിരുള്‍ നിറഞ്ഞ തങ്ങളുടെ ജീവിതത്തിലേക്ക് പ്രകാശവുമായി കടന്നുവന്ന ദേവതയെപ്പോലെ പിന്നീട് അവര്‍ സിസ്റ്റര്‍ റാണി മരിയയെ കണ്ടുതുടങ്ങി.

ഒരു സ്ത്രീയുടെ ഇടപെടല്‍ ഒരു സമൂഹത്തെ വിപ്ലവകരമായ പരിവര്‍ത്തനത്തിലേയ്ക്ക് നയിച്ച കഥയാണ് തുടര്‍ന്ന് സിനിമ പറഞ്ഞുവയ്ക്കുന്നത്. അതേസമയം മറുപക്ഷത്ത് അവര്‍ ക്കെതിരെ വളര്‍ന്നുവരുന്ന വെറുപ്പും വിദ്വേഷവും വ്യക്തമാണ്. തങ്ങള്‍ക്ക് അടിമവേല ചെയ്തുകൊണ്ടിരുന്ന, തങ്ങളുടെ നേര്‍ക്ക് മുഖമുയര്‍ത്താന്‍ ധൈര്യപ്പെടാതിരുന്ന അധഃസ്ഥിത വര്‍ഗത്തെ ആത്മാഭിമാനവും സ്വാതന്ത്ര്യവും എന്തെന്ന് പഠിപ്പിച്ചതിലുള്ള അമര്‍ഷം അവിടുത്തെ വരേണ്യ വര്‍ഗ്ഗത്തിനിടയില്‍ വര്‍ധിച്ചുകൊണ്ടിരുന്നു. തന്റെ ജീവന്‍ അപഹരിക്കാനും അക്കൂട്ടര്‍ മടിക്കില്ല എന്ന ബോധ്യം സി. റാണി മരിയയ്ക്ക് ആരംഭം മുതല്‍ ഉണ്ടായിരുന്നെങ്കിലും അവള്‍ പിന്നോട്ട് പോകാന്‍ തയ്യാറായിരുന്നില്ല. ‘സ്‌നേഹിതര്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്‌നേഹം ഇല്ല.’ എന്ന തിരുവചനം അവള്‍ പലപ്പോഴും ആവര്‍ത്തിച്ചു.

സിസ്റ്റര്‍ റാണി മരിയയെ ഗ്രാമീണര്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍നിന്ന് പിന്തിരിപ്പിക്കാന്‍ മേലധികാരികള്‍ ശ്രമം നടത്തുന്നുണ്ട്. ഒപ്പമുള്ള സന്യാസിനിമാരുടെ വലിയ പിന്തുണയാണ് മുന്നോട്ടുപോകാന്‍ അവള്‍ക്ക് കരുത്തുപകരുന്നതും, മേലധികാരികളുടെ മനംമാറ്റത്തിന് കാരണമാകുന്നതും. ഇത്തരം കഥാമുഹൂര്‍ത്തങ്ങള്‍ വൈകാരിക തീവ്രതയോടെയാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. സന്യാസിനീ സമൂഹത്തിന്റെ ആഴമേറിയ സാമൂഹിക പ്രതിബദ്ധതയും, അവരോട് ഹൃദയംകൊണ്ട് ഇഴുകിചേര്‍ന്ന നിരാലംബരായ ഗ്രാമീണരുടെ മനോഭാവവും സ്‌നേഹവും ഒട്ടേറെ അവസരങ്ങളില്‍ കാഴ്ചക്കാരുടെ കണ്ണ് ഈറനണിയിക്കും. സിസ്റ്റര്‍ റാണി മരിയയുടെ ജീവിതത്തിലും മരണ ശേഷവും നിര്‍ണ്ണായക ഇടപെടലുകള്‍ നടത്തിയിട്ടുള്ള സ്വാമിയച്ചന്‍ ചലച്ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി മാറുന്നുണ്ട്.

മകളുടെ ഘാതകന്റെ കരം ചുംബിക്കുന്ന അമ്മ

വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ ജീവചരിത്രത്തില്‍ എഴുതപ്പെട്ടിട്ടുള്ളതുപോലെ ബസില്‍വച്ച് സമീന്ദര്‍ സിംഗിന്റെ കൊലക്കത്തിക്ക് അവള്‍ ഇരയാകുന്നതും സിനിമ ചിത്രീകരിച്ചിരിക്കുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം മനസാന്തരപ്പെടുന്ന സമീന്ദര്‍ സിംഗ് സിസ്റ്റര്‍ റാണി മരിയയുടെ ഭവനത്തിലെത്തി മാതാവ് ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ കണ്ട സംഭവത്തിന്റെ പുനരാവിഷ്‌കാരം അത്യന്തം ഹൃദയ സ്പര്‍ശിയാണ്. മകളുടെ രക്തം വീണ ഘാതകന്റെ കരം ചുംബിക്കുന്ന അമ്മയുടെ മുഖം ഈ ലോകത്തിന് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടായിരിക്കുമെങ്കിലും, ആ ദൃശ്യം കാണികളുടെ ഹൃദയത്തില്‍ ക്രിസ്തീയ സ്‌നേ ഹത്തിന്റെ മുദ്ര പതിപ്പിക്കുമെന്ന് തീര്‍ച്ച.

ചുരുക്കം ചില ഒറ്റപ്പെട്ട മുഖങ്ങളെയും സംഭവങ്ങളെയും ചൂണ്ടിക്കാണിച്ചുകൊണ്ട് ചലച്ചിത്രങ്ങളിലൂടെയും നാടക ങ്ങളിലൂടെയും രചനകളിലൂടെയും സന്യാസത്തെയും സന്യസ്തരെയും അവഹേളിക്കുകയും സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയും ചെയ്യുന്ന ഒരു വിഭാഗത്തിന് ശക്തമായ ഒരു മറുപടികൂടിയാണ് ‘The Face of the Faceless’. നിസ്വാര്‍ത്ഥമായി ജീവിതം സമര്‍പ്പിച്ചിരിക്കുന്ന പതിനായിരക്കണക്കിന് െ്രെകസ്തവ മിഷനറിമാര്‍ക്ക് ഒരു ഉദാഹരണം മാത്രമാണ് സിസ്റ്റര്‍ റാണി മരിയ. ആ കാരണത്താല്‍ ക്രൂരമായി കൊലചെയ്യപ്പെടുന്ന ആദ്യത്തെയോ, അവസാ നത്തെയോ മിഷനറിയല്ല അവള്‍. ക്രിസ്തുവിനെ പിന്തുടര്‍ന്ന് സ്‌നേഹിതര്‍ക്ക് ജീവന്‍ നല്‍കാന്‍ മടിയില്ലാതെ ജീവിക്കുന്ന അനേകായിരങ്ങളെ തിരിച്ചറിയാന്‍ ഈ ചലച്ചിത്രം കാരണമാകുമെന്ന് പ്രതീക്ഷിക്കാം.

മികവുറ്റ ഒരു ചലച്ചിത്ര സൃഷ്ടി എന്ന നിലയില്‍ ഒട്ടേറെ അംഗീകാരങ്ങള്‍ ഇതിനകം കരസ്ഥമാക്കിയിട്ടുള്ള ‘The Face of the Faceless’ ഇനിയുമേറെ ലോക ശ്രദ്ധ നേടും എന്ന് നിശ്ചയം. സാങ്കേതികമായും കലാപരമായും മികവ് പുലര്‍ത്തുന്ന ചലച്ചിത്രത്തില്‍ മുഖ്യ വേഷം കൈകാര്യം ചെയ്യുന്ന നടി വിന്‍സി അലോഷ്യസിന്റെ അഭിനയം ശ്രദ്ധേയമാണ്. സംവിധാനത്തിന് പുറമെ, രചനയും, ദൃശ്യ മികവും, പശ്ചാത്തല സംഗീതവും ചലച്ചിത്രത്തിന്റെ എടുത്തുപറയത്തക്കതായ സവിശേഷതകളാണ്. ലോകം പാഠപുസ്തകമാക്കേണ്ട ഒരു പുണ്യ ജന്മത്തിന്റെ കഥ മനോഹരമായി വിവരിച്ചിരിക്കുന്ന ഈ ചലച്ചിത്രം എല്ലാവരും കണ്ടിരിക്കേണ്ടതാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?