കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ബിഷപായി റവ. ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ചെട്ടിക്കാട് സെന്റ് ആന്റണീസ് തീര്‍ത്ഥാടന കേന്ദ്രം റെക്ടറും വികാരിയുമായി സേവനം അനുഷ്ഠിച്ചുവരുമ്പോഴാണ് പുതിയ നിയോഗം അദ്ദേഹത്തെ തേടിയെത്തിയത്. ഇതു സംബന്ധിച്ച പ്രഖ്യാപനം ഇന്നലെ (നവംബര്‍ 30) വൈകുന്നേരം ഇന്ത്യന്‍ സമയം വൈകുന്നേരം 4.30-ന് വത്തിക്കാനിലും അതേസമയം കോട്ടപ്പുറം ബിഷപ്‌സ് ഹൗസിലും നടന്നു. കോട്ടപ്പുറം രൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിട്രേറ്ററും കണ്ണൂര്‍ രൂപതാധ്യക്ഷനുമായ ഡോ. അലക്‌സ് വടക്കുംതല നിയമനപത്രം വായിച്ചു. വരാപ്പുഴ ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ സ്ഥാന ചിഹ്നമായ കുരിശുമാല അണിയിച്ചു. കെആര്‍എല്‍സിബിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അരപ്പട്ടയും ആര്‍ച്ചുബിഷപ് എമരിറ്റസ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ മോതിരവും അണിയിച്ചു. ബിഷപ് എമരിറ്റസ് ഡോ. ജോസഫ് കാരിക്കശേരി ചുവന്ന തൊപ്പി അണിയിച്ചു.
വൈപ്പിന്‍, പള്ളിപ്പുറം മഞ്ഞുമാതാ ബസലിക്കാ ഇടവകയിലെ പരേതരായ പുത്തന്‍വീട്ടില്‍ റോക്കി-മറിയം ദമ്പതികളുടെ നാലാമത്തെ മകനായി 1967 ഓഗസ്റ്റ് 21-നായിരുന്നു ജനനം. ഓസ്ട്രിയയിലെ ബ്രേഗന്‍സില്‍വച്ച് 1995 ജൂണ്‍ 11-നായിരുന്നു വൈദികപട്ടം സ്വീകരിച്ചത്. ആലുവ കാര്‍മല്‍ഗിരി സെമിനാരി റെക്ടര്‍, കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍ വികാരി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 56-കാരനായ ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ കോട്ടപ്പുറം രൂപതയുടെ മൂന്നാമത്തെ മെത്രാനാണ്.
Leave a Comment
Your email address will not be published. Required fields are marked with *