വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ അസാധാരണ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ അഭ്രപാളികളില്‍ എത്തിച്ച ‘ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്’ ഓസ്‌കര്‍ യോഗ്യതാ പട്ടികയില്‍. സിനിമയിലെ ഗാനങ്ങള്‍ക്കും പശ്ചാത്തല സംഗീത ത്തിനുമാണ് ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചത്. പ്രമുഖ സംഗീത സംവിധായകന്‍ അല്‍ഫോന്‍സ് ജോസഫ് സിനിമയ്ക്കായി ഒരുക്കിയ മൂന്നു ഗാനങ്ങളാണ് ഒറിജിനല്‍ സോംഗ് വിഭാഗത്തിലേക്കുള്ള ഓസ്‌കറിന് നോമിനേറ്റ് ചെയ്യപ്പെട്ടത്. സിനിമയിലെ ‘ഏക് സപ്ന മേരാ സുഹാന, ജല്‍താ ഹേ സൂരജ് എന്നീ ഗാനങ്ങളും മധ്യപ്രദേശിലെ ഗോത്രവിഭാഗത്തിന്റെ തനിമയില്‍ തയാറാക്കിയ പാട്ടുമാണ് അവാര്‍ഡ് പട്ടികയില്‍ ഇടംപിടിച്ചത്. വിവിധ ലോക ഭാഷകളിലെ 94 ഗാനങ്ങള്‍ക്കാണ് ഒറിജിനല്‍ സോംഗ് വിഭാഗത്തിലേക്കു നോമിനേഷന്‍ ലഭിച്ചിരിക്കുന്നത്. 2023-ല്‍ റിലീസ് ചെയ്ത ഇന്ത്യന്‍ സിനിമകളില്‍ ഗാനത്തിന് ഓസ്‌കര്‍ നോമിനേഷന്‍ ലഭിക്കുന്ന ആദ്യ സിനിമയാണ് ‘ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്.’
മുംബൈ സെന്റ് സേവ്യേഴ്‌സ് കോളജിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍സ് വിഭാഗത്തിലെ അസോസിയേറ്റ് ഡീനും സിനിമ ടെലിവിഷന്‍ വിഭാഗം മേധാവിയും തൃശൂര്‍, ചാലക്കുടി സ്വദേശിയുമായ ഡോ. ഷെയ്‌സന്‍ പി. ഔസേപ്പാണ് ചിത്രത്തിന്റെ സംവിധായകന്‍. ക്രിസ്തുവിന്റെ ക്ഷമിക്കുന്ന സ്‌നേഹത്തിന്റെ ആള്‍രൂപങ്ങളായി മാറിയ സിസ്റ്റര്‍ റാണി മരിയയുടെ കുടുംബത്തിന്റെ സാക്ഷ്യമാണ് ഡോ. ഷെയ്‌സനെ ഈ സിനിമയിലേക്ക് എത്തിച്ചത്.
സിസ്റ്റര്‍ ആദിവാസികളുടെ ഇടയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ കേന്ദ്രീകരിച്ചാണ് സിനിമ മുന്നേറുന്നത്. സത്യത്തിനുവേണ്ടി നിലകൊള്ളുന്ന സാമൂഹികപ്രവര്‍ത്തകയായിട്ടാണ് സിനിമയില്‍ സിസ്റ്ററിനെ അവതരിപ്പിച്ചിരിക്കുന്നത്. സമൂഹത്തിന്റെ പിന്നാമ്പുറങ്ങളില്‍ കഴിഞ്ഞിരുന്ന മനുഷ്യരെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനായി സിസ്റ്റര്‍ റാണി മരിയ ഏറ്റെടുത്ത ത്യാഗങ്ങളും പ്രതിസന്ധികളെ വിശ്വാസംകൊണ്ട് നേരിട്ട സന്ദര്‍ഭങ്ങളും സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്.
സിസ്റ്റര്‍ റാണി മരിയയുടെ ഘാതകന്‍ സമന്ദര്‍സിങ് കേരളത്തില്‍ എത്തിയ പുല്ലുവഴിയിലെ സിസ്റ്ററിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തുകയും സിസ്റ്ററിന്റെ മാതാപിതാക്കള്‍ ഒരു മകനായി സ്വീകരിക്കുകയും ചെയ്ത വാര്‍ത്ത വലിയ പ്രാധാന്യത്തോടെ മാധ്യമങ്ങളില്‍ വന്നിരുന്നു. പ്രശസ്ത ഹിന്ദി സിനിമാ താരം അമീര്‍ഖാന്‍ നടത്തിയിരുന്ന ടിവി ഷോയില്‍ ഈ വിഷയം ഒരു എപ്പിസോഡായി മാറി. അങ്ങനെയാണ് ഈ വിഷയം ഡോ. ഷെയ്‌സന്റെ ശ്രദ്ധയില്‍പ്പെട്ടത്.
16 സംസ്ഥാനങ്ങളില്‍നിന്നായി 150 താരങ്ങള്‍ ഈ സിനിമയില്‍ വേഷമിട്ടിട്ടുണ്ട്. സിനിമയിലെ അഭിനേതാക്കളും സാങ്കേതിക വിദഗ്ധരുമെല്ലാം തങ്ങളുടേതായ മേഖലകളില്‍ അറിയപ്പെടുന്നവരാണ്. ഗോള്‍ഡ്‌സ്‌പെയര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് വുമന്‍സ് സിനിമയായി ആയി ‘ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്’ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫിലിംസ് ഇന്റര്‍ നാഷണല്‍, ജെയ്‌സല്‍മെര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് വുമന്‍സ് പുരസ്‌കാരം, എന്നിങ്ങനെ 36 രാജ്യാന്തര പുരസ്‌കാരങ്ങള്‍ ഈ സിനിമയ്ക്ക് ഇതിനകം ലഭിച്ചുകഴിഞ്ഞു.
മികച്ച സിനിമയ്ക്കുള്ള ഓസ്‌കര്‍ നോമിനേഷനിലേക്കും സിനിമയ്ക്ക് സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്. നവംബര്‍ 17-ന് കേരളത്തില്‍ റിലീസ് ചെയ്ത ‘ദ ഫേസ് ഓഫ് ദ ഫേസ്ലെസ്’ തിയറ്ററുകളില്‍ 25 ദിവസം പിന്നിട്ടു. വിദേശത്തും നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. ഹിന്ദി, മലയാളം, തമിഴ്, ഫ്രഞ്ച്, സ്പാനിഷ് എന്നീ ഭാഷകളിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *