Follow Us On

21

November

2024

Thursday

അച്ചായന്‍സ് ചലഞ്ച്‌

അച്ചായന്‍സ് ചലഞ്ച്‌

രഞ്ജിത് ലോറന്‍സ്

ഭര്‍ത്താവിന്റെ മരണത്തില്‍ വേദനിച്ചിരുന്ന ആ വീട്ടമ്മക്ക് ലഭിച്ച ഒടുവിലത്തെ ആഘാതമായിരുന്നു ബാങ്കില്‍ നിന്നുള്ള ജപ്തി നോട്ടീസ്. കാന്‍സര്‍ ബാധിതനായി മരിച്ച ഭര്‍ത്താവിന്റെ ചികിത്സാചെലവെല്ലാം കഴിഞ്ഞപ്പോഴേക്കും വീടിന്റെ ലോണ്‍ മുടങ്ങി. മൂന്ന് ലക്ഷത്തി എണ്‍പതിനായിരം രൂപയായിരുന്നു അടയ്‌ക്കേണ്ടിയിരുന്നത്. ഭിന്നശേഷിക്കാരനായ ഒരു മകന്‍ മാത്രമാണ് കൂടെയുള്ളത്. സഹായത്തിനായി ആരെ സമീപിക്കും എന്നറിയാതെ ആ അമ്മ ദൈവത്തെ വിളിച്ചു കരഞ്ഞു. ആ ദിവസങ്ങളില്‍ ഒരു പ്രാര്‍ത്ഥനശൂശ്രൂഷയില്‍ പ്രാര്‍ത്ഥന നയിച്ച വ്യക്തി ആത്മാവിനാല്‍ പ്രചോദിതനായി ആ അമ്മയോട് ഇപ്രകാരം പറഞ്ഞു: ”അമ്മച്ചിയെ സഹായിക്കുന്നതിനായി ഒരു ദൂതന്‍ വരും.”

തുടര്‍ന്നാണ് ഷാജി കെ. ഡേവിഡ് എന്ന ജീവാകാരുണ്യപ്രവര്‍ത്തകനെ ആ അമ്മ കണ്ടുമുട്ടുന്നത്. വെറും മൂന്ന് ദിവസത്തിനകം ആ അമ്മയുടെ കടം വീട്ടുന്നതിനാവശ്യമായ തുക ഷാജി കണ്ടെത്തി. പരിചയമുള്ള നാനൂറ് പേരില്‍ നിന്നായി ആയിരം രൂപം വീതം സമാഹരിച്ചുകൊണ്ടാണ് അദ്ദേഹം ആ പണം കണ്ടെത്തിയത്. ആരും സഹായിക്കാനില്ലാത്തവര്‍ക്ക് ദൈവം തുണയുണ്ടാകുമല്ലോ. ഈ അമ്മയെപ്പോലെ ജീവിതം വഴിമുട്ടി നിന്ന അനേകര്‍ക്ക് അവരുടെ പ്രതിസന്ധികളില്‍ കൂട്ടായെത്തിയ ദൈവദൂതന്‍ തന്നെയായിരുന്നു ആലപ്പുഴ ഹരിപ്പാടിനടുത്ത് കാര്‍ത്തികപ്പള്ളി ഗ്രാമത്തില്‍നിന്നുള്ള ‘അച്ചായന്‍’ എന്ന് ഏവരും സ്‌നേഹത്തോടെ വിളിക്കുന്ന ഷാജി.

ഫ്ലാഷ്ബാക്ക്

‘ചെറുപ്പത്തില്‍ ഷാജിയുടെ വല്യമ്മച്ചി ഉണ്ടാക്കിയിരുന്ന പലഹാരങ്ങളുടെ രുചി ഇന്നും അദ്ദേഹത്തിന്റെ നാവിന്‍ തുമ്പിലുണ്ട്. വല്യമ്മച്ചി ചില സമയത്ത് ചക്ക വിളയിക്കും, കിണ്ണത്തപ്പം ഉണ്ടാക്കും, അലുവ ഉണ്ടാക്കും, അങ്ങനെ പല പലഹാരങ്ങളും. ദാരിദ്ര്യത്തിന്റെ ആ കാലത്ത് ഒരു ഉരുളി നിറയെ അലുവ കഴിക്കാനുള്ള കൊതിയും ആവേശവും തനിക്കുണ്ടായിരുന്നതായി ഷാജി ഓര്‍മിക്കുന്നു. അലുവ ഉണ്ടാക്കുമ്പോള്‍ ഇളക്കാനൊക്കെ അമ്മച്ചിയെ സഹായിക്കും, ചൂട്ട് എടുത്ത് കൊടുക്കും. അവസാനം അലുവ കഴിക്കാന്‍ കൊതിയോടെ വരുന്ന കുട്ടികളോട് വല്യമ്മച്ചി പറയും – ഒരു കഷണം ലക്ഷ്മിക്കുട്ടിയമ്മക്ക്, ഒരു കഷണം കൈപ്പള്ളിയിലെ മാവിക്ക് – അങ്ങനെ, ഉണ്ടാക്കുന്ന പലഹാരത്തിന്റെ ഒരു പങ്ക് അടുത്തുള്ള എല്ലാവര്‍ക്കും എത്തിച്ചു നല്‍കി.

അവസാനം ചെറിയ ഒരു തുണ്ട് കഷണം അലുവ മാത്രമായിരിക്കും ഷാജിയടക്കം വീട്ടിലുള്ളവര്‍ക്ക് ലഭിക്കുന്നത്. കുടുംബത്തില്‍ നിന്ന് പഠിച്ച പങ്കുവയ്ക്കലിന്റെ അനുഭവങ്ങളാണ് ഷാജിയിലൂടെ ഇന്ന് പലമടങ്ങ് അനുഗ്രഹമായി നാനാതുറകളിലുള്ളവരിലേക്ക് എത്തുന്നത്. ചേപ്പാടുള്ള അമ്മയുടെ വീട്ടില്‍ നിന്നാണ് ഷാജി വളര്‍ന്നത്. അന്ന് അത് ഒരു ഓലപ്പുരയാണ്. മഴക്കാലത്ത് നേരെ കിടന്നുറങ്ങിയാല്‍ വായിലേക്ക് വെള്ളം വീഴും. ചെരിഞ്ഞുകിടന്നാല്‍ ചെവിയിലേക്ക് വെള്ളം വീഴും. പിന്നെ ഉറങ്ങാന്‍ സാധിക്കില്ല. ആ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു വളര്‍ന്നതുകൊണ്ടാവണം വീടില്ലാത്തവരുടെയും പട്ടിണി അനുഭവിക്കുന്നവരുടെയും വിഷമം തനിക്ക് നന്നായി മനസിലാകുമെന്ന് ഷാജി പറയുന്നു.

ദൈവത്തിന്റെ ‘കരുതല്‍’

വെള്ളം വലിയ ജാറുകളില്‍ വീടുകളിലെത്തിച്ച് നല്‍കുന്ന ബിസിനസ് ചെയ്യുന്ന ഷാജി എല്ലാറ്റിലും ദൈവപരിപാലനയുടെ കരമാണ് കാണുന്നത്. വെള്ളം നല്‍കാനായി പോകുന്നതിനിടയിലാണ് ഭിക്ഷയ്ക്കായി കൈ നീട്ടുന്ന അനേകരെ ഷാജി ശ്രദ്ധിച്ചു തുടങ്ങുന്നത്.
അവര്‍ക്കായി ബണ്ണും ഏത്തക്കയുമൊക്കെ ഷാജി കയ്യില്‍ കരുതാന്‍ തുടങ്ങി. അങ്ങനെ ഒരു യാത്രയില്‍ അദ്ദേഹം നല്‍കിയ ഏത്തയ്ക്ക ആര്‍ത്തിയോടെ കഴിച്ച ഒരു വയോധികന്റെ ചിത്രം ഷാജിയുടെ മനസില്‍ നൊമ്പരമായി മാറി. വലിയ വിശപ്പുള്ളവര്‍ ഭക്ഷണം കഴിക്കുന്നതും വിശപ്പില്ലാത്തവര്‍ കഴിക്കുന്നതും വ്യത്യാസമുണ്ടല്ലോ. ഭക്ഷണം ആഗ്രഹിക്കുന്നവര്‍ക്കായി പൊതിച്ചോര്‍ നല്‍കുന്ന പതിവ് അങ്ങനെയാണ് ആരംഭിക്കുന്നത്. തുടര്‍ന്ന് ഹരിപ്പാട് ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ സൗജന്യമായി പൊതിച്ചോറ് നല്‍കി തുടങ്ങി.

അതായിരുന്നു ‘കരുതല്‍ ഉച്ചയൂണ് കൂട്ടായ്മ’യുടെ ആരംഭം. മുന്‍സിപ്പാലിറ്റിയുടെ അംഗീകാരത്തോടെ കഴിഞ്ഞ എട്ട് വര്‍ഷമായി ഇത് തുടരുന്നു. ഈ കൂട്ടായ്മയിലൂടെ ഇന്ന് നല്‍കുന്ന സഹായങ്ങള്‍ നിരവധിയാണ്. ഭക്ഷണത്തിന് പുറമെ, ഭവനമില്ലാത്തവര്‍ക്ക് ഭവനം, വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനത്തിനായുള്ള സഹായം, വിവാഹത്തിനുള്ള സഹായം… അങ്ങനെ ഒരു മനുഷ്യന്റെ ജീവിതത്തിലുണ്ടാകാവുന്ന ഏത് പ്രതിസന്ധികളിലും ദൈവദൂതരെപ്പോലെ ഇവര്‍ ഓടിയെത്തുന്നു. മികച്ച രീതിയില്‍ പഠിച്ച് ജോലിയുമായി മുമ്പോട്ട് പോയിരുന്നങ്കിലോ 25 വര്‍ഷമായി അമേരിക്കയില്‍ കഴിയുന്ന മാതാപിതാക്കള്‍ക്കൊപ്പം അമേരിക്കയിലേക്ക് പോയിരുന്നെങ്കിലോ ചെയ്യാമായിരുന്നതില്‍ കൂടുതല്‍ കാര്യങ്ങള്‍ ഇന്നദ്ദേഹത്തിലൂടെ ദൈവം പ്രവര്‍ത്തിക്കുന്നു.

‘ചലഞ്ചു’കളുടെ തുടക്കം

ഗൃഹനാഥന്‍ ഹൃദയസ്തംഭനം മൂലം പെട്ടന്ന് മരിച്ചതിനെ തുടര്‍ന്ന് മൂന്ന് മാസമായി വാടക കൊടുക്കാന്‍ സാധിക്കാത്ത ഒരു കുടുംബത്തിന്റെ അവസ്ഥ ഒരു സുഹൃത്ത് ഒരിക്കല്‍ ഷാജിയെ വിളിച്ചറിയിച്ചു. 35 വര്‍ഷമായി വാടക വീട്ടിലാണ് ആ കുടുംബം കഴിഞ്ഞിരുന്നത്. രണ്ട് അധ്യാപികമാരില്‍നിന്നായി 12,000 രൂപയും കുറച്ച് പലചരക്ക് സാധനവുമായാണ് ഷാജിയുടെ നേതൃത്വത്തിലുള്ള കരുതല്‍ കൂട്ടായ്മ അംഗങ്ങള്‍ ആ വീട്ടിലേക്ക് എത്തുന്നത്.
തങ്ങളെ സഹായിക്കാനെത്തിയ കരുതല്‍ കൂട്ടായ്മ അംഗങ്ങളെ ഉണ്ണിയപ്പം നല്‍കിയാണ് ആ കുടുംബം സ്വീകരിച്ചത്. ആ ഉണ്ണിയപ്പത്തിന് ‘സൂപ്പര്‍ ടേസ്റ്റ്’ ഉള്ളതായി ഷാജിക്ക് അനുഭവപ്പെട്ടു. ഈ ഉണ്ണിയപ്പം വിറ്റാല്‍ നിങ്ങള്‍ക്ക് ഒരു വരുമാനമാകില്ലേ എന്ന് ഷാജി അവരോട് ചോദിച്ചു. എന്നാല്‍ ഇതുവരെ ഭര്‍ത്താവിന്റെ തണലില്‍ മാത്രം ജീവിച്ച ആ സ്ത്രീ വിധവയായ സാഹചര്യത്തില്‍ തനിയെ കച്ചവടം നടത്താനുള്ള ബുദ്ധിമുട്ട് വ്യക്തമാക്കി.

‘ഒരു ദിവസം ഞാന്‍ വിറ്റുനോക്കാം’ എന്ന് പറഞ്ഞ് ഷാജി ഒരു വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. അതായിരുന്നു ഈ കൂട്ടായ്മയുടെ ആദ്യത്തെ ചലഞ്ച് – ഉണ്ണിയപ്പം ചലഞ്ച്. ഉണ്ണിയപ്പം വില്‍ക്കുന്ന സ്ഥലവും അതിലൂടെ ഈ കുടുംബത്തെ സഹായിക്കുന്നതിനുള്ള പണസമാഹരണം നടത്തുമെന്നും വ്യക്തമാക്കിക്കൊണ്ടുള്ള വീഡിയോ ആണ് അന്ന് പോസ്റ്റ് ചെയ്തത്. അവര്‍ ഉണ്ടാക്കി നല്‍കിയ ഉണ്ണിയപ്പവുമായി ഷാജി അടുത്ത ദിവസം റോഡിലേക്കിറങ്ങി. പകല്‍ മുഴുവന്‍ റോഡില്‍ നിന്ന് ഉണ്ണിയപ്പം വിറ്റു. ഉണ്ണിയപ്പം വാങ്ങിയവരില്‍ പലരും കൂടുതല്‍ തുക സംഭാവനയായി നല്‍കി. ഒരു ദിവസം കഴിഞ്ഞ് പൈസ എണ്ണിയപ്പോള്‍ ലഭിച്ചത് ഒരു ലക്ഷത്തി എഴുപതിനായിരം രൂപ.

അന്ന് അഞ്ചുമണിയായപ്പോള്‍ ആ കുടുംബനാഥ ഇങ്ങനെ പറഞ്ഞു -” സാറിന് എനിക്കുവേണ്ടി ഇത്രയധികം കഷ്ടപ്പെടാമെങ്കില്‍ പിന്നെ എന്തുകൊണ്ട് എനിക്കിത് വിറ്റുകൂടാ. നാളെ മുതല്‍ ഞാനീ ഉണ്ണിയപ്പം വിറ്റുകൊള്ളാം.” ഇന്ന് ഹരിപ്പാട് വില്‍ക്കുന്ന ഇവരുടെ ഉണ്ണിയപ്പം ലോക പ്രസിദ്ധമാണ്. ഈ ഉണ്ണിയപ്പത്തിന്റെ രുചി തിരിച്ചറിഞ്ഞ് നിരവധി യൂട്യൂബ് ചാനലുകള്‍ ഇവരുടെ ഉണ്ണിയപ്പത്തെക്കുറിച്ച് പ്രോഗ്രാമുകള്‍ ചെയ്തു. അമേരിക്കയിലും യൂറോപ്പിലുമൊക്കെ ഉള്ളവര്‍ നാട്ടില്‍ വരുമ്പോള്‍ പാഴ്‌സലായി ഇവരുടെ ഉണ്ണിയപ്പം മേടിച്ചുകൊണ്ട് പോകുന്നു. ഇന്നിവര്‍ സ്വന്തമായി വസ്തുവും സ്ഥലവും മേടിക്കാവുന്ന അവസ്ഥയിലേക്കെത്തിയിരിക്കുന്നു എന്നത് ഷാജിയുടെ സന്തോഷം ഇരട്ടിപ്പിക്കുന്നു.

ചലഞ്ചുകളിലൂടെ കേവലം ധനസമാഹരണം മാത്രമല്ല ഷാജി ലക്ഷ്യം വയ്ക്കുന്നത്. മനസുള്ളവര്‍ക്ക് ഈ നാട്ടില്‍ ജീവിക്കാന്‍ ചെയ്യാവുന്ന നിരവധി തൊഴില്‍ സാധ്യതകള്‍ ഓരോ ചലഞ്ചിലൂടെയും അദ്ദേഹം പരിചയപ്പെടുത്തുന്നു. മുകളില്‍ സൂചിപ്പിച്ച കുടുംബനാഥയെപ്പോലെ അദ്ദേഹം നടത്തിയ ചലഞ്ചുകളുടെ മാതൃക പിന്തുടര്‍ന്ന് അതില്‍ നിന്ന് ഒരു വരുമാനമാര്‍ഗം കണ്ടെത്തിയ അനവധി കുടുംബങ്ങളുണ്ട്. 17 കിലോമീറ്റര്‍ ഉന്തുവണ്ടി തള്ളി കപ്പലണ്ടി വിറ്റ കപ്പലണ്ടി ചലഞ്ചും കരിക്കു ചലഞ്ചുമൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു. ഈ വര്‍ഷത്തെ ക്രിസ്മസ് ചലഞ്ച് കരുതല്‍ കൂട്ടായ്മയുടെ 125-ാമത്തെ ചലഞ്ചാണ്. ഷാജിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമായ പിന്തുണ നല്‍കുന്ന സീറോ മലങ്കര കത്തോലിക്ക സഭയുടെ മാവേലിക്കര രൂപതാധ്യക്ഷന്‍ ഡോ. ജോഷ്വ മാര്‍ ഇഗ്നാത്തിയോസാണ് ഈ ക്രിസ്മസ് ചലഞ്ചിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

മണവാട്ടിക്ക് ഒരുക്കിയ വിരുന്ന്

കരുതല്‍ കൂട്ടായ്മ വീടുവച്ചുനല്‍കിയ കുടുംബത്തിലെ ഒരു പെണ്‍കുട്ടി അവളുടെ വിവാഹത്തോടനുബന്ധിച്ച് ഒരു ദിവസം ഷാജിയെ ഫോണില്‍ വിളിച്ചു. ”അങ്കിളേ, ഒരു ഇലക്ക് നൂറ്റിപ്പത്ത് രൂപ നിരക്കാണ് ഇപ്പോള്‍ പറയുന്നത്. അതില്‍ കുറഞ്ഞ തുകയ്ക്ക് സദ്യ നടത്തുന്ന ആരെയെങ്കിലും പരിചയമുണ്ടോ” എന്നാണ് ആ പെണ്‍കുട്ടി ചോദിച്ചത്. ആ പെണ്‍കുട്ടിയുടെ അച്ഛന്‍ മരിച്ചുപോയിരുന്നു, അമ്മ മാനസിക രോഗിയും. പിന്നെ വീട്ടിലുള്ളത് ഇളയ സഹോദരി മാത്രമാണ്. മണവാട്ടി തന്നെ വിവാഹത്തിന്റെ എല്ലാ കാര്യങ്ങളും നോക്കി നടത്തേണ്ട അവസ്ഥ ഷാജിയെ വിഷമിപ്പിച്ചു. ”ഇനിയുള്ള കാര്യങ്ങളൊന്നും മോള്‍ അറിയേണ്ട. എല്ലാം ഞങ്ങള്‍ ചെയ്‌തോളാം” എന്ന് പറഞ്ഞാണ് ഷാജി അന്ന് ഫോണ്‍ വച്ചത്. പന്തലുകാരനെ കണ്ടപ്പോള്‍ അദ്ദേഹം ഫ്രീയായി പന്തലിട്ടു തരാമെന്നേറ്റു. തലേദിവസത്തെ ഭക്ഷണമായി ഒരാള്‍ അപ്പവും മറ്റൊരാള്‍ മുട്ടയും സ്‌പോണ്‍സര്‍ ചെയ്തു. ഒരു പാചകക്കാരന്‍ ഫ്രീയായിട്ട് പാചകം ചെയ്യാന്‍ സമ്മതിച്ചു. ഇങ്ങനെ ഉപ്പുവരെയുള്ള ഓരോ സാധനവും കരുതല്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ തയാറാക്കി ആ വിവാഹം കെങ്കേമമായി നടത്തി.

ഇതുപോലെ മറ്റൊരു കല്യാണത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ ഒരു ജൂവലറി ഉടമ പെണ്‍കുട്ടിയെ ജൂവലറിയിലേക്ക് അയക്കാന്‍ പറഞ്ഞു. അന്ന് അദ്ദേഹം രണ്ട് ഗ്രാമിന്റെ ഒരു മോതിരം കൊടുത്തു വിട്ടു. എന്നാല്‍ അന്ന് രാത്രി പതിനൊന്നേമുക്കാലായപ്പോള്‍ ആ ജൂവലറി ഉടമ ഷാജിയെ ഫോണില്‍ വിളിച്ചു: ”ഒരു~തരി സ്വര്‍ണം പോലുമില്ലാത്ത ആ പെണ്‍കുട്ടിയുടെ കൈ കണ്ടിട്ട് എനിക്ക് ഉറങ്ങാന്‍ പറ്റുന്നില്ല. നാളെ രാവിലെ ജൂവലറിയിലേക്ക് ഒന്നുകൂടെ വരാന്‍ ആ കുട്ടിയോട് പറ” എന്ന് പറഞ്ഞു. അടുത്ത ദിവസം ഒരു വളയും ഒരു മാലയും ഉള്‍പ്പടെ 12 ഗ്രാം സ്വര്‍ണം കൂടെ അദ്ദേഹം നല്‍കി.
ഇത്തരം വിഷയങ്ങളില്‍ ആരെങ്കിലും ഇടപെട്ടാല്‍ കൂടെ നില്‍ക്കാന്‍ സമൂഹം കാണുമെന്ന് ഷാജി പറയുന്നു. 55 വിവാഹങ്ങളാണ് ഷാജിയുടെ നേതൃത്വത്തില്‍ കരുതല്‍ കൂട്ടായ്മയിലൂടെ ഇതുവരെ നടത്തിയിട്ടുള്ളത്. എംബിബിഎസിന് പഠിക്കുന്ന അഞ്ച് പെണ്‍കുട്ടികള്‍ക്കും എഞ്ചിനീയറിംഗ് പഠിക്കുന്ന 12 ഓളം കുട്ടികള്‍ക്കും കരുതല്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ സാമ്പത്തിക സഹായം നല്‍കി വരുന്നു.

ഇനിയും മരിക്കാത്ത മനുഷ്യത്വം

ഒരു ദിവസം ദൈവാലയത്തില്‍ ചെന്നപ്പോള്‍ അന്നവിടെ എത്തിച്ചേര്‍ന്ന ഒരു ചെറുപ്പക്കാരന്റെ കാര്യമാണ് അച്ചന്‍ പ്രസംഗമധ്യേ പറഞ്ഞത്. വര്‍ഷങ്ങളായി ഒരു തുണ്ടു ഭൂമി പോലുമില്ലാതെ വിഷമിക്കുന്ന ആ ചെറുപ്പക്കാരന്‍ മുണ്ടക്കയത്തിനടുത്താണ് താമസിച്ചിരുന്നത്. അച്ചന് വര്‍ഷങ്ങളായി വ്യക്തിപരമായി അറിയാവുന്ന വ്യക്തിയാണ്. കുര്‍ബാന സ്വീകരിച്ച് തിരിച്ചു വന്നപ്പോള്‍ ആ ചെറുപ്പക്കാരന്റെ കണ്ണില്‍നിന്ന് കണ്ണുനീര്‍ ഒഴുകുന്നത് ഷാജി ശ്രദ്ധിച്ചു.

അദ്ദേഹത്തിന്റെ നാട്ടില്‍ തന്നെ മൂന്ന് സെന്റ് സ്ഥലം കണ്ടെത്താന്‍ പറഞ്ഞശേഷം പലരുടെയും സഹായത്തോടെ ആ സ്ഥലം വാങ്ങുന്നതിനുവേണ്ട പണം ഷാജി കണ്ടെത്തി. ഗോപിനാഥന്‍ നായര്‍ എന്ന വ്യക്തിയുടെ വസ്തുവായിരുന്നു ആ ചെറുപ്പക്കാരന്‍ വാങ്ങിയത്. പക്ഷേ വസ്തു അളന്നു കഴിഞ്ഞപ്പോള്‍ മൂന്ന് സെന്റിന് പകരം നാല് സെന്റ് സ്ഥലമുണ്ട്. ആ സമയം ഗോപിനാഥന്‍ നായര്‍ ഷാജിയുടെ തോളത്ത് തട്ടിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: ”ആ ഒരു സെന്റിന്റെ പണം എനിക്കു വേണ്ട. ഒരു പരിചയവുമില്ലാത്ത ആളിനുവേണ്ടി പണവും കണ്ടെത്തി വസ്തു എഴുതി മേടിക്കാന്‍ നിങ്ങള്‍ ഇത്രയും ദൂരെ വരുമ്പോള്‍ ഒരു സെന്റ് ഭൂമിയെങ്കിലും ഞാന്‍ അയാള്‍ക്ക് നല്‍കിയില്ലെങ്കില്‍ പിന്നെ ഞാനൊരു മനുഷ്യനാണോ?” ഇത്തരത്തില്‍ ആവശ്യനേരങ്ങളില്‍ സഹായഹസ്തവുമായി സഹൃദയരായ നിരവധി മനുഷ്യരെ ദൈവം ഒരുക്കി നിര്‍ത്തിയ അനവധി അനുഭവങ്ങളാണ് ഷാജിക്ക് പറയാനുള്ളത്.

കരുതല്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ 59-ാമത്തെ വീട് ഡിസംബര്‍ 15-നും അറുപതാമത്തെ വീട് 18-നും പൂര്‍ത്തിയായി. ദൈവകൃപയും ഇച്ഛാശക്തിയുമുണ്ടെങ്കില്‍ സഹായം നല്‍കുന്നതിന് ഫണ്ടോ, ഓഫീസ് മുറിയോ, വെബ്‌സൈറ്റോ ഒന്നും വേണ്ട എന്നാണ് ഷാജിയുടെ അനുഭവം. കരുതല്‍ കൂട്ടായ്മക്ക് ഒരു വെബ്‌സൈറ്റൊക്കെ വേണ്ടെയന്ന് പലരും ഷാജിയോട് ചോദിക്കാറുണ്ട്. അതിന് അദ്ദേഹത്തിന് ഒറ്റ മറുപടിയാണുള്ളത് -‘എന്റെ വെബ്‌സൈറ്റ് ദൈവം തമ്പുരാനാ’.

കരുതലിന്റെ പൂത്തിരി കത്തിക്കാം

കരുതല്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഒരു വീട് വച്ച് കഴിഞ്ഞുടനെ മറ്റൊരു വീടിന്റെ തറക്കല്ലിടീല്‍ നടത്തേണ്ടതായി വന്നു. ഒരു വീട് പണിത് നല്‍കിയതല്ലേ ഉള്ളൂ, മറ്റൊന്നും കൂടെ പണിയാനുള്ള പണം എങ്ങനെ കണ്ടെത്തുമെന്ന് കൂടെയുണ്ടായിരുന്ന സുഹൃത്ത് ജിജു വര്‍ഗീസ് ഷാജിയോട് ചോദിച്ചു. അത് ദൈവം നടത്തുമെന്നായിരുന്നു ഷാജിയുടെ മറുപടി. അതൊരു ക്രിസ്മസ് കാലമായിരുന്നു. ചേപ്പാട് മാര്‍ത്തോമാ പള്ളിയിലെ ക്രിസ്മസ് കരോളിന്റെ ലക്കിടിപ്പിന് കുറെ കുറി താന്‍ എടുത്തിട്ടുണ്ടെന്നും അതിന് കിട്ടുന്ന സമ്മാനം ഈ കെട്ടിടം പണിക്ക് ഉപയോഗിക്കാമെന്നും ജിജു പറഞ്ഞു.
ആ ലക്കിടിപ്പിന് ഫസ്റ്റ് പ്രൈസ് ഒരു പവന്റെ ഗോള്‍ഡ് കോയിന്‍ വീതം രണ്ട് പേര്‍ക്കായിരുന്നു. അവ രണ്ടും ജിജുവിനാണ് ലഭിച്ചതെന്ന് അറിഞ്ഞപ്പോള്‍ അത്ഭുതകരമായ പരിപാലന ഓര്‍ത്ത് ഷാജിയുടെ കണ്ണുകള്‍ നിറഞ്ഞു.

മറ്റൊരിക്കല്‍ കിടപ്പുരോഗിയായ ഗൃഹനാഥനുള്ള ഒരു കുടുംബത്തിനുവേണ്ടി പഴംപൊരി ചലഞ്ച് നടത്തിയപ്പോള്‍ ഉച്ചയായപ്പോഴേക്കും ഏത്തക്ക മുഴുവന്‍ തീര്‍ന്നു. അവിടെയുള്ള പ്രസിദ്ധമായ അമ്പലത്തിലെ ഉത്സവമായതിനാല്‍ അടുത്ത പ്രദേശത്ത് ഒന്നും ഏത്തക്ക ലഭ്യമായിരുന്നില്ല. ഇങ്ങനെ വിഷമിച്ച് നില്‍ക്കുമ്പോഴാണ് നിറയെ ഏത്തക്കയുമായി ഒരു ആപ്പ വണ്ടി അവരുടെ മുമ്പില്‍ കൊണ്ടുവന്ന് നിര്‍ത്തിയത്. തൊലി കറുത്ത ഏത്തയ്ക്കയാണ്. പഴം പൊരി ഉണ്ടാക്കാന്‍ പാകത്തിനുള്ളത്. ഇത് വില്‍ക്കാനുള്ളതാണോ എന്ന് ചോദിച്ചപ്പോള്‍ ഇത് പഴുപ്പ് കൂടിപ്പോയതിനാല്‍ വില്‍ക്കാന്‍ സാധിക്കില്ലെന്നും അതിനാല്‍ ഇത് മുഴുവനോ ആവശ്യമുള്ളതോ എടുത്തുകൊള്ളുവാനും ഡ്രൈവര്‍ പറഞ്ഞു. ഏത്തക്ക തീര്‍ന്നപ്പോള്‍ ഒരു ആപ്പ നിറയെ ഏത്തയ്ക്ക അയച്ച ദൈവത്തിന് നന്ദി പറയുവാന്‍ മാത്രമേ ഷാജിക്കും കൂട്ടുകാര്‍ക്കും സാധിക്കുമായിരുന്നുള്ളൂ. മാര്‍ത്തോമ യുവജനസഖ്യത്തിന്റെ കേന്ദ്രകമ്മിറ്റിയംഗം, ഭദ്രാസന സെക്രട്ടറി തുടങ്ങിയ നിലകളില്‍ ഷാജി പ്രവര്‍ത്തിച്ചിട്ടുണ്ട്. ദൈവം നല്‍കിയ സംഘാടക മികവാണ് എല്ലാ പ്രവര്‍ത്തനങ്ങളിലും ഷാജിയുടെ മുതല്‍ക്കൂട്ട്.

കരുതല്‍ കൂട്ടായ്മയുടെ പേരില്‍ നടത്തിയ ഒരു ചലഞ്ചിന്റെ പേരാണ് പൂത്തിരി കത്തിച്ചു പുഞ്ചിരി വരുത്താം എന്ന ചലഞ്ച്. ഇത്തരം ചലഞ്ചുകളിലൂടെ അനേകം കുടുംബങ്ങളില്‍ സന്തോഷത്തിന്റെ പൂത്തിരി വെളിച്ചം തെളിച്ച ഷാജിയും കരുതല്‍ കൂട്ടായ്മയും ഈ ക്രിസ്മസ് കാലത്ത് ഉണ്ണിയേശുവിനെ വേദന അനുഭവിക്കുന്നവരില്‍ കണ്ടെത്തുവാന്‍ നമ്മെയും ചലഞ്ച് ചെയ്യുന്നില്ലേ?
ഷാജിയുടെ ഫോണ്‍ നമ്പര്‍: 9847213176

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?