Follow Us On

23

January

2025

Thursday

ഉള്ളുരുക്കം

ഉള്ളുരുക്കം

സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത

സോര്‍ബ ദ ഗ്രീക്ക്, കസന്‍ദ് സാക്കീസിന്റെ പ്രശസ്ത നോവലുകളില്‍ ഒന്ന്. ഇത് അലക്‌സിസ് സോര്‍ബയുടെ കഥയാണ്. മനുഷ്യന്‍ ഒരു കാട്ടുമൃഗമാണ് ബോസ് എന്നെപ്പോഴും ആവര്‍ത്തിക്കുന്ന കഥാപാത്രം. ചെകുത്താനും ദൈവവും ഓരോ വഴിക്ക് വിളിച്ച് എന്നെ നടുവേ കീറുന്നുവെന്ന് തിരിച്ചറിഞ്ഞവന്‍. പുസ്തകങ്ങളെല്ലാം കുട്ടിയിട്ട് തീയിടാന്‍ പറഞ്ഞവന്‍. ഈ പള്ളീലച്ചന്മാര്‍ പറയുന്നതൊന്നും കാര്യമാക്കേണ്ടന്ന് ഉറക്കെപ്പറഞ്ഞവന്‍. അപ്പപ്പോള്‍ തോന്നുന്നതിലും ചെയ്യുന്നതിലും പൂര്‍ണമായി മുഴുകുന്നവന്‍ സോര്‍ബ. അവന്‍ സംവദിക്കുന്നതത്രയും ബുദ്ധചിത്തം പേറുന്ന എഴുത്തുകാരനോടാണ്. ഓരോ മനുഷ്യ ജീവന്റെയും നിത്യസമസ്യകളിലൊന്നാണ് ഈ ധര്‍മസങ്കടം. ബുദ്ധനും സോര്‍ബയും. തങ്ങളുടെ തിരഞ്ഞെടുപ്പുകളിലെ ശരിതെറ്റുകളെച്ചൊല്ലിയുള്ള മഹാവ്യഥ.

ആത്മസംഘര്‍ഷത്തിന്റെ ഈ ഭൂമിക നോവലില്‍ അടയാളപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്. ഒരു ദിനം ജോലി കഴിഞ്ഞ് വല്ലാതെ തളര്‍ന്നുവരുന്ന സോര്‍ബ എഴുത്തുകാരനോട് പറയുന്ന വാക്കുകളാണ്. ‘നിങ്ങള്‍ ഭക്ഷണം കൊണ്ട് എന്താണ് ചെയ്യുന്നതെന്ന് എന്നോട് പറയൂ. നിങ്ങള്‍ ആരാണെന്ന് ഞാന്‍ പറയാം. ചിലര്‍ ഭക്ഷണത്തെ കൊഴുപ്പും വളവുമാക്കുന്നു. ചിലരതിനെ അധ്വാനവും തമാശയുമാക്കുന്നു. മറ്റു ചിലരതിനെ ദൈവമാക്കി മാറ്റും എന്നു ഞാന്‍ കേട്ടിട്ടുണ്ട്. അങ്ങനെ മൂന്നുതരം ആളുകള്‍ കാണും അല്ലേ ബോസ്. ഞാനിതിലേറ്റവും മോശക്കാരനുമല്ല. ഏറ്റവും നല്ലവനുമല്ല. ഇടയ്‌ക്കെവിടെയെങ്കിലും ആയിരിക്കും എന്റെ സ്ഥാനം.

തിന്നുന്നതെല്ലാം ഞാന്‍ അധ്വാനവും ഫലിതവുമായി മാറ്റുന്നു. അതത്ര മോശം കാര്യമൊന്നുമല്ലല്ലോ. ‘അയാളെന്നെ നോക്കി. നിങ്ങളെപ്പറ്റി എനിക്ക് തോന്നുന്നതെന്താണെന്നറിയാമോ? തിന്നുന്നതിനെയൊക്കെ ദൈവമാക്കി മാറ്റാനുള്ള തീവ്രശ്രമത്തിലാണ് നിങ്ങള്‍. പക്ഷേ, നിങ്ങള്‍ക്കത് ശരിക്കും പറ്റുന്നില്ല. അത് നിങ്ങളെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്. കാക്കയ്ക്ക് പറ്റിയ പ്രശ്‌നമാണ് നിങ്ങള്‍ക്കും പറ്റിയിരിക്കുന്നത്.’
”കാക്കയ്ക്ക് എന്താണ് പ്രശ്‌നം സോര്‍ബ? ”
”കാക്ക ശരിക്കും കാക്കയെപ്പോലെ നടക്കുകയായിരുന്നു. ഒരു ദിവസം കാക്കയ്ക്ക് ഒരാഗ്രഹം പ്രാവിനെപ്പോലെ നടക്കാന്‍. വന്നുവന്ന് ഒടുവില്‍ അതിന് കാക്കയുടെ നടത്തവും പ്രാവിന്റെ നടത്തവും അറിയാതെയായി.”

മനുഷ്യജീവിതത്തിലെ ഈ ഗതിമുട്ടലില്‍ പലയാവൃത്തി പെട്ടുപോകുന്നവരാണ് സഖേ നാമും. ഉള്ളില്‍ ആദവും ക്രിസ്തുവും തമ്മില്‍ ഉരസുന്നതിന്റെ ബാക്കിപത്രമെന്നോണം പകച്ചുപോകുന്ന ബാല്യകൗമാര യൗവ്വനങ്ങള്‍ നമ്മുടേതുതന്നെയാണ്. എന്തിന് വാര്‍ദ്ധക്യം പോലും ഈ പകപ്പില്‍പ്പെട്ടുലയുന്നുണ്ട്. ‘ഉടുപ്പിനേക്കാള്‍ നടപ്പ് സൂക്ഷിച്ചുകൊള്‍വിന്‍’ എന്നു പറഞ്ഞവനെ അനുഗമിക്കുന്നവന്റെ ആത്മസംഘര്‍ഷം എത്ര വലുതാവും; വലിയതാവണം! ഒരു ശിഷ്യന്‍ അതിസൂക്ഷ്മമായി അതെഴുതിയിട്ടുമുണ്ട്.

‘നന്മ ചെയ്യാനുള്ള താല്പര്യം എനിക്കുണ്ട്; പ്രവര്‍ത്തിക്കുന്നതോ ഇല്ല. ഞാന്‍ ചെയ്‌വാനിച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ. ഇച്ഛിക്കാത്ത തിന്മയത്രേ പ്രവര്‍ത്തിക്കുന്നത്. ഞാന്‍ ഇച്ഛിക്കാത്തതിനെ  ചെയ്യുന്നുവെങ്കിലോ അങ്ങനെ പ്രവര്‍ത്തിക്കുന്നത് ഞാനല്ല, എന്നില്‍ വസിക്കുന്ന പാപമത്രേ. നന്മ ചെയ്യുവാന്‍ ഇച്ഛിക്കുന്ന ഞാന്‍ തിന്മ എന്റെ പക്കല്‍ ഉണ്ട് എന്നൊരു പ്രമാണം കാണുന്നു. ഉള്ളംകൊണ്ട് ഞാന്‍ ദൈവത്തിന്റെ ന്യായപ്രമാണത്തില്‍ രസിക്കുന്നു. എങ്കിലും എന്റെ ബുദ്ധിയുടെ പ്രമാണത്തോട് പോരാടുന്ന വേറൊരു പ്രമാണം ഞാന്‍ എന്റെ അവയവങ്ങളില്‍ കാണുന്നു. അത് എന്റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിന് എന്നെ ബദ്ധനാക്കിക്കളയുന്നു. ”അയ്യോ! ഞാന്‍ അരിഷ്ട മനുഷ്യന്‍!” എന്നിങ്ങനെ വിലപിക്കുന്നത് പൗലോസാണ്.
ശരിക്കും ഈ പോരാട്ടമല്ല സഖേ നമ്മേ ഭാരപ്പെടുത്തേണ്ടത്. പിന്നെയോ, ഇത്തരമൊരു അദൃശ്യപോരാട്ടമുള്ളതായി നാം അറിയാതെ പോകുന്നെങ്കില്‍ അതാവണം നമ്മെ ഭാരപ്പെടുത്തേണ്ടത്. കാരണം ഉടല്‍പ്പെരുക്കത്തിന്റെ ഉള്ളുരുക്കങ്ങളും മനമിളക്കങ്ങളും കൂടാതെയെങ്ങനെയാണ് നാം അവന്റെ വഴിയിലേക്ക് പരുവപ്പെടുക.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?