വാഷിംഗ്ടണ്‍ ഡിസി: 35 വര്‍ഷത്തെ സംഘര്‍ഷത്തിന് വിരാമം കുറിച്ചുകൊണ്ട്, വൈറ്റ് ഹൗസില്‍ യുഎസിന്റെ മധ്യസ്ഥതയില്‍ ചരിത്രപരമായ സമാധാന കരാറില്‍ അര്‍മേനിയയും അസര്‍ബൈജാനും ഒപ്പുവച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സാന്നിധ്യത്തില്‍ അര്‍മേനിയന്‍ പ്രധാനമന്ത്രി നിക്കോള്‍ പാഷിന്യാനും അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവുമാണ് ചരിത്രപരമായ സമാധാന ഉടമ്പടിയില്‍ ഒപ്പവച്ചത്. പുതിയ സമാധാന ഉടമ്പടി പ്രകാരം, ഇരു രാജ്യങ്ങളുടെയും ഇടയിലുണ്ടായിരുന്ന തര്‍ക്കപ്രദേശമായ നാഗോര്‍ണോ-കറാബഖ് മേഖല അസര്‍ബൈജാന്റെ നിയന്ത്രണത്തിലുള്ള പ്രദേശമായി തുടരും. 2023 ലെ അസര്‍ബൈജാനി ആക്രമണത്തെ തുടര്‍ന്ന് അര്‍മേനിയന്‍ വംശജരായ ക്രൈസ്തവര്‍ അവിടെ നിന്ന് പലായനം ചെയ്തിരുന്നു.
ട്രംപ് റൂട്ട് ഫോര്‍ ഇന്റര്‍നാഷണല്‍ പീസ് ആന്‍ഡ് പ്രോസ്‌പെരിറ്റി എന്ന് പേരില്‍ ഒരു ഗതാഗത ഇടനാഴിക്കും കരാറില്‍ ധാരണയായി. അസര്‍ബൈജാനിലെ നഖിച്ചേവന്‍ പ്രദേശവുമായി അര്‍മേനിയയെ ബന്ധിപ്പിക്കുന്ന ഈ ഗതാഗത ഇടനാഴി, പ്രാദേശിക സമ്പര്‍ക്കം വര്‍ധിപ്പിക്കുന്നതിലൂടെ ഇരു രാജ്യങ്ങള്‍ക്കും വ്യാപാരം, ഊര്‍ജ്ജം, ലോജിസ്റ്റിക്‌സ് മേഖലയില്‍ അവസരങ്ങള്‍ തുറക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. അര്‍മേനിയന്‍ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന ഈ ഇടനാഴി അടിസ്ഥാന സൗകര്യ വികസനത്തിനും മാനേജ്‌മെന്റിനുമായി യുഎസ് നയിക്കുന്ന ഒരു കണ്‍സോര്‍ഷ്യത്തിന് സബ്‌ലീസ് ചെയ്യും. സമാധാന കരാര്‍ പ്രാബല്യത്തില്‍ വരുത്തുന്നതില്‍ യുഎസ് പ്രസിഡന്റ് ട്രംപിന്റെ പങ്കിനെ പ്രശംസിച്ച നേതാക്കള്‍, അദ്ദേഹത്തെ നോബല്‍ സമാധാന സമ്മാനത്തിന് നാമനിര്‍ദേശം ചെയ്യുമെന്നും പ്രഖ്യാപിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *