നാഗസാക്കി: ജപ്പാനിലെ നാഗസാക്കിയില്‍ യുഎസ് അണുബോംബ് വര്‍ഷിച്ച ദിനത്തില്‍, അണുബോംബിനാല്‍ നശിപ്പിക്കപ്പെട്ട ശേഷം പുനര്‍നിര്‍മ്മിച്ച നാഗസാക്കിയിലെ ഉറകാമി കത്തീഡ്രലില്‍ ആണവ നിരായുധീകരണത്തിനായുള്ള ഏകീകൃത ആഹ്വാനത്തില്‍ ഭൂഖണ്ഡങ്ങളെയും തലമുറകളെയും വിശ്വാസങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് 24 മണിക്കൂര്‍ നീണ്ട ആരാധന നടത്തി. ‘ഫാറ്റ് മാന്‍’ എന്നറിയപ്പെടുന്ന പ്ലൂട്ടോണിയം ഉപകരണത്തിന്റെ സ്‌ഫോടന സ്ഥലത്തിന് സമീപം, ഹൈപ്പോസെന്റര്‍ പാര്‍ക്കില്‍ അണുബോംബ് ആക്രണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായുള്ള മതാന്തര പ്രാര്‍ത്ഥനാകൂട്ടായ്മയും സംഘടിപ്പിച്ചു. അനുസ്മരണ ചടങ്ങുകള്‍ക്കിടയില്‍ ഉറകാമി കത്തീഡ്രലില്‍ നിന്നുള്ള ഇരട്ട മണികള്‍ മുഴങ്ങി. സമാധാനത്തിനായുള്ള ദിവ്യബലിയും കത്തീഡ്രലില്‍ നിന്ന് ഹൈപ്പോസെന്റര്‍ പാര്‍ക്കിലേക്കുള്ള ദീപശിഖ പ്രദിക്ഷിണവും നടത്തി.
നാഗസാക്കി ആര്‍ച്ചുബിഷപ് പീറ്റര്‍ മിച്ചിയാക്കി നകാമുറ, യുഎസില്‍ നിന്നുള്ള കത്തോലിക്കാ നേതാക്കളായ ചിക്കാഗോയിലെ കര്‍ദിനാള്‍ ബ്ലേസ് കുപ്പിക്ക്, വാഷിംഗ്ടണ്‍ ഡി.സിയിലെ കര്‍ദിനാള്‍ റോബര്‍ട്ട് മക്എല്‍റോയ്, സിയാറ്റിലിലെ ആര്‍ച്ചുബിഷപ് പോള്‍ എറ്റിയെന്‍, ന്യൂ മെക്‌സിക്കോയിലെ സാന്താ ഫെയിലെ ആര്‍ച്ചുബിഷപ് ജോണ്‍ വെസ്റ്റര്‍ എന്നിവരുള്‍പ്പെടുന്ന അന്താരാഷ്ട്ര പ്രതിനിധി സംഘം ‘സമാധാന തീര്‍ത്ഥാടന’ത്തിന്റെ ഭാഗമായി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. 2025 പ്രത്യാശയുടെ ജൂബിലിയുടെ ഭാഗമായാണ് ഓഗസ്റ്റ് 5-10 തീയതികളില്‍ ഈ സംഘം ജപ്പാന്‍ സന്ദര്‍ശിക്കുന്നത്.
ഏകദേശം 100 രാജ്യളില്‍ നിന്നുള്ള പ്രതിനിധികള്‍ ഈ വര്‍ഷത്തെ അനുസ്മരണ പരിപാടികളില്‍ പങ്കെടുത്തു. ഉക്രെയ്ന്‍ അധിനിവേശം നടത്തിയതിന്റെ പേരില്‍ മുന്‍ വര്‍ഷങ്ങളില്‍ ക്ഷണിക്കാതിരുന്ന റഷ്യയുടെയും കഴിഞ്ഞ വര്‍ഷം ഗാസയിലെ യുദ്ധത്തിന്റെ പേരില്‍ ക്ഷണിക്കാതിരുന്ന ഇസ്രായേലിന്റെയും പ്രതിനിധികള്‍ ഈ വര്‍ഷത്തെ ചടങ്ങില്‍ പങ്കെടുത്തു എന്നത് ക്ഷമയുടെ അതിരുകള്‍ക്ക് പരിധിയില്ല എന്ന സന്ദേശം നല്‍കുന്നു.
ഹിരോഷിമയില്‍ 140,000 പേരും നാഗസാക്കിയില്‍ ഏകദേശം 74,000 പേരുമാണ് 1945 -ല്‍ അണുബോംബാക്രണത്തില്‍ കൊല്ലപ്പെട്ടത്. ദിവസങ്ങള്‍ക്ക് ശേഷം, 1945 ഓഗസ്റ്റ് 15 ന്, രണ്ടാം ലോക മഹായുദ്ധത്തിന്റെ അന്ത്യം കുറിച്ചുകൊണ്ട് ജപ്പാന്‍ കീഴടങ്ങി. ആക്രമണത്തില്‍ ജീവഹാനി സംഭവിച്ചില്ലെങ്കിലും ഹിബാകുഷ എന്നറിയപ്പെടുന്ന അതിജീവിതരില്‍ പലരും പതിറ്റാണ്ടുകളായി ശാരീരികവും മാനസികവുമായ ആഘാതങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു.
Leave a Comment
Your email address will not be published. Required fields are marked with *