Follow Us On

13

September

2024

Friday

നന്മ നിറഞ്ഞവളുടെ വഴിയേ ജനപ്രവാഹം

നന്മ നിറഞ്ഞവളുടെ വഴിയേ ജനപ്രവാഹം

ജയ്‌മോന്‍ കുമരകം

മധ്യപ്രദേശിലെ ഖാണ്ഡ്യ ജില്ലയില്‍ ഭൂയിബെല്‍ ഗ്രാമത്തിലെ ‘കാഞ്ചബൈഡ’ മാതാവിന്റെ തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് ജനം ഒഴുകുന്നു. 1902ല്‍ ഫ്രാന്‍സിസ്‌ക്കന്‍ സഭാംഗമായ ബ്രദര്‍ പൗലോസും കൂട്ടരുമാണ് ആദ്യമായി ഇവിടെ സുവിശേഷ പ്രവര്‍ത്തനത്തിന് തുടക്കമിടുന്നത്. ബ്രദര്‍ പൗലോസിന് കാഞ്ചബൈഡ മലമുകളില്‍ പരിശുദ്ധ അമ്മയുടെ സാന്നിധ്യം പതിവായി ലഭിച്ചിരുന്നതായി പറയപ്പെടുന്നു.

അതുകൊണ്ടാകണം അദേഹം അവിടെ മാതാവിന്റെ മനോഹരമായൊരു ഗ്രോട്ടോ നിര്‍മിച്ചു. തന്റെ ദൗത്യത്തിന്റെ ഭാഗമായി മലമുകളില്‍ കുഷ്ഠരോഗികളെ എത്തിച്ച് അവരെ ശുശ്രൂഷിക്കുകയും ചെയ്തു. എന്നാല്‍ കുഷ്ഠരോഗികളോടുള്ള അദേഹത്തിന്റെ സ്‌നേഹം കണ്ട് തെറ്റിദ്ധരിച്ച ചിലര്‍ ഗ്രാമീണര്‍ക്കെല്ലാം ഇതുവഴി രോഗം പടരുമെന്ന് പ്രചരിപ്പിച്ചു. ഇതെത്തുടര്‍ന്ന് 1942ല്‍ ‘ഹരസവാഡ’ വില്ലേജില്‍വച്ച് ചില തീവ്രവാദികള്‍ അദേഹത്തെ കല്ലെറിഞ്ഞ് വധിച്ചു.
1934 മുതല്‍ എസ്.വി.ഡി വൈദികര്‍ ഈ മിഷന്റെ ഉത്തരവാദിത്വവും  കാഞ്ചബൈഡ ഗ്രോട്ടോയുടെ ഉത്തരവാദിത്വവും ഏറ്റെടുത്തു. അതോടൊപ്പം കാഞ്ചബൈഡയിലെ മാതാവിന്റെ തിരുനാള്‍ ആഘോഷിക്കാനും ആരംഭിച്ചു. ഫാ. ജെ.എസ്. നിക്കോളാസ് ഗ്രോട്ടോ നവീകരിച്ചു.

1960ല്‍ ഹോളി സ്പിരിറ്റ് സിസ്റ്റേഴ്‌സ് ഇവിടുത്തെ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. ജര്‍മന്‍ സ്വദേശിനിയായ സിസ്റ്റര്‍ ക്രിസ്റ്റോ വാള്‍ഡിസ് എസ്.എസ്.പി.എസ്,  ബ്രദര്‍ പൗലോസ് ആരംഭിച്ച കുഷ്ഠരോഗീസംരക്ഷണം പുനരുജ്ജീവിപ്പിക്കുകയും ഈ ശുശ്രൂഷകള്‍ക്ക് പുതിയ മുഖഛായ നല്‍കുകയും ചെയ്തു. സിസ്റ്ററിന്റെ പ്രയത്‌നഫലമായി 1965 ല്‍ സെന്റ് ലൂക്കഡ് ഹോസ്പിറ്റല്‍ ആരംഭിച്ചു. സിസ്റ്ററിന്റെ സ്‌നേഹവും സ്വയംമറന്നുള്ള പ്രവര്‍ത്തനവും കണ്ട് ഗ്രാമവാസികള്‍ സിസ്റ്ററിനെ ‘നിവാസി കീ ഡാമിയന്‍’ എന്ന് വിളിച്ചുതുടങ്ങി. 1990ല്‍ സിസ്റ്റര്‍ മരിക്കുകയും മൃതദേഹം ഔളിയ ദൈവാലയത്തില്‍ അടക്കുകയും ചെയ്തു. 1995 മുതല്‍ പള്ളോട്ടൈന്‍ സഭയിലെ വൈദികര്‍ക്ക് ഔളിയ മിഷന്‍ ഭരമേല്‍പിക്കപ്പെട്ടു. ഫാ. വര്‍ഗീസ് പുല്ലന്‍ എസ്.എ.സി ആയിരുന്നു ഔളിയയിലെ ആദ്യവൈദികന്‍.
2000 ജൂലൈ 25ന് ഫാ. സൈമണ്‍ എസ്.എ.സിയുടെ കാലത്ത് സാമൂഹ്യവിരുദ്ധര്‍ കാഞ്ചബൈഡ മലയിലെ ഗ്രോട്ടോയിലെ മാതാവിന്റെ രൂപം തകര്‍ത്തു. പോലിസ് അന്വേഷണം ഉണ്ടായെങ്കിലും ഫലമുണ്ടായില്ല. എന്നിട്ടും വിശ്വാസികള്‍ വീണ്ടും മലമുകളിലേക്ക് ഒഴുകി. അതോടെ വര്‍ഷത്തിലൊരിക്കല്‍ ലഘുവായ രീതിയില്‍ തിരുനാള്‍ ആഘോഷിക്കാന്‍ തുടങ്ങി. 2011ല്‍ ഫാ. സഹായദാസ് എസ്.എ.സിയുടെ പരിശ്രമഫലമയി ഖാണ്ഡവ രൂപതാധ്യക്ഷന്‍ ബിഷപ് ഡോ.ദുരൈരാജ്, ഖാണ്ഡവ രൂപതയിലെ രണ്ടാമത്തെ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായി ഇത് പ്രഖ്യാപിച്ചു.

2013 ജൂണില്‍ ഔളിയ ഇടവകയുടെ ചുമതലയേറ്റത് ഫാ. പ്രകാശ് എസ്.എ.സിയായിരുന്നു. ഫാ. പ്രകാശും സ്‌നേഹിതരും കാഞ്ചിബൈഡ മലയിലെത്തി പ്രാര്‍ത്ഥിച്ചനേരം എല്ലാവര്‍ക്കും മാതാവിന്റെ അത്ഭുതകരമായ സാന്നിധ്യം അനുഭവപ്പെട്ടു. അതോടെ പലരും പ്രാര്‍ത്ഥനാസഹായത്തിനായി അച്ചനെ സമീപിക്കാന്‍ തുടങ്ങി.
ഇതിലൊരാള്‍ പറഞ്ഞത് തന്റെ ചെറുമകനായ ദേവേന്ദ്രന്‍ മണ്ഡലേയെ കാണാനില്ലെന്നായിരുന്നു. അവന്‍ വീട്ടില്‍ നിന്നും ഒളിച്ചോടി പോയതായും മടങ്ങിവരാന്‍ പ്രാര്‍ത്ഥിക്കണമെന്നും കരഞ്ഞുകൊണ്ട് അപേക്ഷിച്ചു. അച്ചനും ടീം അംഗങ്ങളും പരിശുദ്ധ അമ്മയോട് പ്രാര്‍ത്ഥിച്ചപ്പോള്‍  മൂന്നുദിവസത്തിനുള്ളില്‍ മകന്‍ തിരിച്ചുവരുമെന്ന് പരിശുദ്ധ അമ്മ ഉത്തരം നല്‍കിയത്രേ.
നാടിനെ മുഴുവന്‍ അത്ഭുതപ്പെടുത്തി മൂന്നാം ദിനം ദേവേന്ദ്രന്‍ വീട്ടിലെത്തി. ഈ സംഭവം നാട്ടുകാരെ മുഴുവന്‍ പരിശുദ്ധ അമ്മയിലേക്ക് നയിച്ചു. പിന്നീട് മാസാദ്യ ശനിയാഴ്ചകളില്‍ പ്രാര്‍ത്ഥന തുടങ്ങി. 2016 ഫെബ്രുവരി 21 ലെ തിരുനാളിന് ഖാണ്ഡ രൂപതാധ്യക്ഷന്‍ വിശുദ്ധ കുര്‍ബാനയുടെ ആമുഖപ്രസംഗത്തില്‍ ‘കാഞ്ചബൈഡ മാതാ മറിയം’ എന്ന പേര് അംഗീകരിച്ചു. തിരുനാളില്‍ മൂവായിരത്തിലധികം പേര്‍ പങ്കെടുത്തു. ഈ തിരുനാളിനുശേഷം ആദ്യശനിയാഴ്ചകളില്‍ നൂറില്‍പരം വിശ്വാസികള്‍ പങ്കെടുക്കുന്നു.
ഈ കാലയളവില്‍ അനേകം സൗഖ്യങ്ങള്‍ സംഭവിച്ചുതുടങ്ങി. അനേകം പേരുടെ വിവാഹതടസം മാറി. മക്കളില്ലാത്തവര്‍ക്ക് മക്കളായി. കഠിന രോഗങ്ങളില്‍ നിന്നും അനേകര്‍ വിടുതല്‍ നേടി. പരിശുദ്ധ അമ്മയുടെ അനുഗ്രഹം അളവില്ലാത്തവിധം ഒഴുകുകയാണവിടെ.

കൃത്യസമയത്ത് ഉറപ്പായും വരും…
ഹൃദയത്തെ സ്പര്‍ശിച്ചൊരു സന്ദേശം. വയോധികനായൊരാള്‍ ആശുപത്രിയില്‍ ചീട്ടെടുത്ത് ഡോക്ടറെ കാത്തിരുന്നു. എന്നാല്‍ സമയം വൈകുന്തോറും അയാള്‍ അസ്വസ്ഥനായി. ക്രമനമ്പര്‍ അടിസ്ഥാനത്തില്‍ കണ്‍സള്‍ട്ടിംഗിന് രോഗികളെ വിളിച്ചുകൊണ്ടിരുന്ന നഴ്‌സിനോട് അയാള്‍ അപേക്ഷിച്ചു. ‘കാരുണ്യം കാട്ടണം എന്റെ നമ്പര്‍ വിളിച്ചാല്‍ ഉപകാരമായിരുന്നു. എനിക്ക് പെട്ടെന്ന് വീട്ടില്‍ പോകണം.’ നഴ്‌സ് പക്ഷേ ഒട്ടും കനിവ് കാട്ടിയില്ല. നീരസം പ്രകടിപ്പിച്ച് അവര്‍ പറഞ്ഞു. ‘ഇവിടെയിരിക്കുന്നവരെല്ലാം പരിശോധന കഴിഞ്ഞ് വീട്ടില്‍ പോകാനിരിക്കുന്നവരാണ്. നിങ്ങള്‍ക്കുമാത്രമായി കണ്‍സഷന്‍ അനുവദിക്കാനാവില്ല. താങ്കളുടെ നമ്പര്‍ 30 ആണ്. പതിനാലാമത്തെ ആളാണ് ഇപ്പോള്‍ ഡോക്ടറെ കാണുന്നത്. സീറ്റില്‍ പോയിരിക്കുക..’

അസ്വസ്ഥനായി അയാള്‍ സീറ്റിലേക്ക് മടങ്ങുന്നത് ഉള്ളിലിരുന്ന് ഡോക്ടര്‍ കണ്ടു. ശക്തമായി തോന്നിയൊരു പ്രചോദനത്താല്‍ അയാളെ വിളിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. നഴ്‌സ് വൃദ്ധന്റെ അടുത്തുചെന്ന്  ഡോക്ടറെ കാണാന്‍ അനുമതി നല്‍കി. ഏറെ സന്തോഷത്തോടെ ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് അയാള്‍ ഡോക്ടറുടെ റൂമിലേക്ക് കയറി. തന്റെ ശാരീരികമായ എല്ലാ വേദനകളെക്കുറിച്ചും അയാള്‍ ഡോക്ടറോട് പറഞ്ഞു. മരുന്നെല്ലാം കുറിച്ചുകൊടുത്ത് കുറച്ച് സാമ്പിള്‍ മരുന്നുകള്‍ കൂടി ഫ്രീ നല്‍കിയശേഷം ഡോക്ടര്‍ ലോഹ്യം ചോദിച്ചു. ‘എന്താണ് വീട്ടില്‍ പോകാന്‍ ഇത്രതിടുക്കം?’
‘ഞാന്‍ ചെന്നിട്ട് വേണം ഭാര്യയ്ക്ക് കുളിക്കാനും ഭക്ഷണം കഴിക്കാനും..’ അയാള്‍ പറഞ്ഞു. ഡോക്ടര്‍ക്ക് പിന്നെയും കൗതുകം. അദേഹം ചോദിച്ചു. ‘ഭാര്യക്കെന്തുപറ്റി? നിങ്ങള്‍ വീട്ടിലെത്തിയശേഷം വേണം അവള്‍ക്ക് കുളിയും ഭക്ഷണവുമെന്ന് പറഞ്ഞല്ലോ.. അത്രയും തിരക്കാണോ അവര്‍ക്ക്?’ വയോധികന്‍ ഒന്ന് ചിരിച്ചു. അദേഹം പറഞ്ഞു. ‘അവള്‍ക്ക് തിരക്ക് തീരെയില്ല. കാരണം അവള്‍ക്ക് അള്‍ഷിമേഴ്‌സ് രോഗമാണ്.’

ഡോക്ടര്‍ ഒന്നു പതറി. എന്തോ ഓര്‍ത്തിട്ടെന്ന പോലെ അദേഹം ചോദിച്ചു. ‘അള്‍ഷിമേഴ്‌സാണെങ്കില്‍ നിങ്ങള്‍ സമയത്തിന് വീട്ടിലെത്തും എന്ന കാര്യം അവള്‍ക്കെങ്ങനെ ഓര്‍ക്കാന്‍ കഴിയും?’ വൃദ്ധന്റെ ചുണ്ടില്‍ പിന്നെയും ചിരിതെളിഞ്ഞു.’ഞാനാണല്ലോ അവള്‍ക്ക് വാക്ക് കൊടുത്തത്. അതിനാല്‍ അത് പാലിക്കാതിരിക്കാനാവില്ലല്ലോ. അസുഖമില്ലാതിരുന്ന സമയത്തും ഞാനവള്‍ക്ക് വാക്കുകൊടുത്തത് കൃത്യമായി പാലിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. പിന്നെ അവളുടെ ഓര്‍മയുടെ കാര്യം അങ്ങ് ചോദിച്ചില്ലേ? സത്യം പറയട്ടെ രോഗിയായശേഷം കഴിഞ്ഞ മൂന്നുവര്‍ഷമായി അവള്‍ എന്നെ തിരിച്ചറിഞ്ഞിട്ടില്ല. പക്ഷേ എനിക്കറിയാമല്ലോ അവളെന്റെ ഭാര്യയാണെന്ന്. അതുകൊണ്ടാണ് ഞാന്‍ പോകാന്‍ തിടുക്കം കൂട്ടിയത്…’ മേശപ്പുറത്തുനിന്നും മരുന്നുകളെടുത്ത് റൂമില്‍ നിന്നും വൃദ്ധന്‍ പുറത്തിറങ്ങുംമുമ്പേ ഡോക്ടറുടെ കണ്ണില്‍നിന്നും രണ്ട് തുളളികള്‍ മേശപ്പുറത്ത് അടര്‍ന്നുവീണിരുന്നു..

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?