Follow Us On

20

January

2025

Monday

ബലിവേദിയിലെ സഹോദര പുഷ്പങ്ങള്‍

ബലിവേദിയിലെ  സഹോദര പുഷ്പങ്ങള്‍

 ആന്‍സന്‍ വല്യാറ

ഒരു കുടുംബത്തിലെ ആകെയുള്ള രണ്ട് സഹോദരങ്ങള്‍ ഒരുമിച്ച് വൈദികരാകുന്ന അത്യപൂര്‍വ സംഭവത്തിന് സാക്ഷ്യം വഹിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് പാലക്കാട് രൂപതയിലെ കഞ്ചിക്കോട് ഗുഡ് ഷെപ്പേഡ് ഇടവക. ഈ ഇടവകയിലെ ചിറമേല്‍ മെല്‍വിന്‍, മെല്‍ജോ സഹോദരങ്ങളാണ് നിരവധി വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് ഒരുമിച്ച് പൗരോഹിത്യജീവിതത്തിലേക്ക് പ്രവേശിച്ചത്.

ഗാനശുശ്രൂഷയിലൂടെ നിരവധി വ്യക്തികളെയും കുടുംബങ്ങളെയും ദൈവത്തിലേക്ക് അടുപ്പിക്കുകയും അതുവഴി അവരുടെ ജീവിതങ്ങളെ പ്രകാശമാനമാക്കുകയും ചെയ്ത ചിറമേല്‍ ചാക്കോ ജോര്‍ജിന്റെ ആകെയുള്ള രണ്ടു മക്കളാണിവര്‍. ആരോരുമില്ലാത്ത അനേകര്‍ക്ക് അത്താണിയായി മാറിക്കൊണ്ട് കഞ്ചിക്കോടിനടുത്ത് മരിയന്‍ വില്ലേജില്‍ ശുശ്രൂഷ ചെയ്യുന്ന ചാക്കോ ഇന്ന് ഏറെ സന്തോഷവാനാണ്. ഏറെ വേദനകളിലൂടെ കടന്നുപോയിട്ടും പരിപൂര്‍ണമായും ദൈവത്തിലാശ്രയിക്കുന്നതുകൊണ്ട് മാത്രമാണ്‌ ദൈവം നല്‍കിയ രണ്ടു മക്കളെയും യാതൊരു മടിയും കൂടാതെ ദൈവശുശ്രൂഷയ്ക്കായി വിട്ടുകൊടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചത്.

തൃശൂര്‍ അരനാട്ടുകര സെന്റ് തോമസ് ഇടവകാംഗം ചിറമേല്‍ ജോര്‍ജ് – കത്രീന ദമ്പതികളുടെ 14 മക്കളില്‍ എട്ടാമനായ ചാക്കോ 37 വര്‍ഷം മുമ്പ് 1986-ലാണ് മലബാര്‍ സിമന്‍സില്‍ ഉദ്യോഗസ്ഥനായി കഞ്ചിക്കോട്ടേയ്ക്ക് കുടിയേറുന്നത്. 1990-ല്‍ കോഴിക്കോട് കല്ലാനോട് കുമ്പൂക്കല്‍ തോമസ് – ഏലിക്കുട്ടി ദമ്പതികളുടെ മകള്‍ പാലക്കാട് സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂള്‍ അധ്യാപികയുമായ ജസീന്ത (മേഴ്‌സി ) യെ വിവാഹം ചെയ്തു. ഇരുകുടുംബങ്ങളിലും പ്രാര്‍ത്ഥന ചൈതന്യം ഉണ്ടായിരുന്നതിനാല്‍ ഇരുവരും ദൈവാലയ ശുശ്രൂഷയില്‍ ഏറെ സജീവമായിരുന്നു. പ്രത്യേകിച്ച് ഗാന ശുശ്രൂഷയില്‍. അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലും, കഞ്ചിക്കോട് റാണി ജോണിന്റെ പ്രാര്‍ത്ഥനാലയത്തിലും ഇവര്‍ ഗാനശുശ്രൂഷകരായി. ഈ കാലഘട്ടത്തിലാണ് അഗതികളുടെ ആശ്രയകേന്ദ്രമായ കഞ്ചിക്കോട് മരിയന്‍ വില്ലേജ് ആരംഭിക്കുന്നത്. ജോലി കഴിഞ്ഞു ബാക്കി സമയം ഈ ദമ്പതികള്‍ മരിയന്‍ വില്ലേജിലെ ശുശ്രൂഷകരായി. ഈ സാഹചര്യത്തില്‍ ജനിച്ചു വളര്‍ന്ന മക്കള്‍ മാതാപിതാക്കളോടൊപ്പം പ്രാര്‍ത്ഥനാരൂപിയിലും ദൈവിക ശുശ്രൂഷയിലും വ്യാപൃതരായി. വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും ചൈതന്യം തുളുമ്പുന്ന കുടുംബങ്ങളാണ് പ്രാഥമിക സെമിനാരികള്‍ എന്ന് ഈ കുടുംബം ലോകത്തെ ഓര്‍മിപ്പിക്കുന്നു.

മൂത്ത മകന്‍ മെല്‍വിന്‍ ജനിച്ച് ആറു വര്‍ഷം കഴിഞ്ഞാണ് ഇളയ മകന്‍ മെല്‍ജോ ജനിച്ചത്. പിന്നീട് ശാലോം ടിവിയിലെ എയ്ഞ്ചല്‍ വോയിസ് പ്രോഗ്രാമില്‍ മെല്‍വിന്‍ പങ്കെടുക്കുകയും സമ്മാനാര്‍ഹനാവുകയും ചെയ്തു. തുടര്‍ന്ന് കുടുംബം ഒന്നടങ്കം ഗാനശുശ്രൂഷ മേഖലയില്‍ തുടര്‍ന്നു. മെല്‍വിന്‍ എഞ്ചിനീയറിംഗ് കോളേജില്‍ ചേര്‍ന്ന് പഠിച്ചപ്പോള്‍, മെല്‍ജോ സ്‌കൂള്‍ പഠനകാലത്ത് തന്നെ വൈദികന്‍ ആകണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയും അത് മാതാപിതാക്കളെ അറിയിക്കുകയും ചെയ്തു. എല്ലാവരും അതിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും മെല്‍ജോ പത്താം ക്ലാസിനുശേഷം പാലക്കാട് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു പഠനമാരംഭിക്കുകയും ചെയ്തു. പിന്നീട് മേരി മാതാ സെമിനാരിയിലും ആലുവ മംഗലപ്പുഴ, കോട്ടയം വടവാതൂര്‍ സെമിനാരികളിലുമായി വൈദികപരിശീലനം നടത്തി.

ഇടവക ശുശ്രൂഷകളിലും ഈ കുടുംബം സജീവമായി പങ്കെടുത്തു. എന്നാല്‍ വലിയ സന്തോഷത്തോടെ മുമ്പോട്ട് പോയിരുന്ന ഈ കുടുംബത്തിലേക്ക് ദുഃഖത്തിന്റെ കരിനിഴ ല്‍ വീഴ്ത്തിക്കൊണ്ട് കാന്‍സര്‍ രോഗം കടന്നുവന്നു. രോഗബാധിതയായ മേഴ്‌സിക്ക് നിരവധി ചികിത്സകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. 2016 ഫെബ്രുവരി 2- ന് രണ്ട് മക്കളെയും പ്രിയതമനെയും തനിച്ചാക്കി മേരി കര്‍ത്തൃസന്നിധിയിലേക്ക് യാത്രയായി. ഈ കടുത്ത പരീക്ഷണത്തിന്റെ മുന്നിലും പതറാതെ ദൈവത്തില്‍ ആശ്രയിച്ച് ആ കുടുംബം കഞ്ചിക്കോട് ഇടവകയ്ക്ക് മാതൃകയായി. വേര്‍പാടിന്റെ വേദന മാറും മുമ്പ്, അമ്മ മരിച്ചതിന്റെ മൂന്നാം ദിവസം വൈദികനാകാന്‍ ആഗ്രഹിക്കുന്നതായി മെല്‍വിന്‍ തന്റെ പിതാവിനെ അറിയിച്ചു. ദൈവശൃശ്രൂഷയില്‍ വ്യാപൃതനായിരുന്ന പിതാവ് ചാക്കോ സന്തോഷപൂര്‍വ്വം അത് അനുവദിക്കുകയും ചെയ്തു.

മെല്‍വിന് എന്‍ജിനീയറാകാനായിരുന്നു സ്വപ്‌നമെങ്കില്‍ ദൈവത്തിന് മെല്‍വിനെക്കുറിച്ചുള്ള പദ്ധതി അതിലും വലുതായിരുന്നു. തുടര്‍ന്ന് പാലക്കാട് രൂപതാ ബിഷപ്പിന്റെ അനുമതിയോടെ പാലക്കാട് മൈനര്‍ സെമിനാരിയില്‍ ചേരുകയും പിന്നീട് മംഗലപ്പുഴ, കോട്ടയം വടവാതൂര്‍ സെമിനാരികളിലായി വൈദിക പഠനം പൂര്‍ത്തീകരിക്കുകയുമായിരുന്നു. 2023 ഡിസംബര്‍ 27 -ന് മെല്‍വിനും, മെല്‍ജോയും കഞ്ചിക്കോട് ഗുഡ്‌ഷെപ്പേഡ് ഇടവക ദൈവാലയത്തില്‍ പുരോഹിതരായി തിരുപ്പട്ടം സ്വീകരിച്ച ധന്യ നിമിഷത്തിന് അവരുടെ അമ്മ സ്വര്‍ഗത്തില്‍ മാലാഖമാരോടൊപ്പം സന്തോഷത്തോടെ സാക്ഷ്യം വഹിച്ചിട്ടുണ്ടാവും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?