Follow Us On

10

January

2025

Friday

മതേതരത്വത്തിന് മുകളില്‍ ഉയര്‍ത്തുന്ന കൊടികള്‍

മതേതരത്വത്തിന് മുകളില്‍  ഉയര്‍ത്തുന്ന കൊടികള്‍

സ്വന്തം ലേഖകന്‍ ഭോപ്പാല്‍

മധ്യപ്രദേശിലെ ജാബുവ ജില്ലയില്‍ നാലു ക്രൈസ്തവ ദൈവാലയങ്ങള്‍ക്കു മുകളില്‍ കയറി ഒരു സംഘം കുരിശില്‍ കാവി പതാക കെട്ടുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.
ഓസ്‌ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റുവര്‍ട്ട് സ്റ്റെയിന്‍സിന്റെയും അദ്ദേഹത്തിന്റെ രണ്ട് പിഞ്ചുകുട്ടികളുടെയും രക്തസാക്ഷിത്വത്തിന്റെ 25-ാം വാര്‍ഷിക ദിനത്തിലായിരുന്നു ഈ അതിക്രമവും അരങ്ങേറിയത്. കൊടികള്‍ സ്ഥാപിക്കുന്നതിനെ എതിര്‍ത്ത വിശ്വസികളെ ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു രാജ്യത്തിന്റെ മതേതരത്വത്തിനുതന്നെ അപമാനകരമായ പ്രവൃത്തി ചെയ്തത്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട ആഘോഷങ്ങളുടെ ഭാഗമായാണ് പതാക കെട്ടുന്നതെന്നായിരുന്നു സംഘത്തിന്റെ വാദം. മതപരി വര്‍ത്തന നിരോധന നിയ മം നടപ്പാക്കിയ രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍ ഒന്നാണ് മധ്യപ്രദേശ്.

രാജ്യത്തെ നടുക്കിയ സംഭവം
1999 ജനുവരി 22-ന് അര്‍ദ്ധരാത്രിയിലായിരുന്നു ഗ്രഹാം സ്റ്റെയിന്‍സിനെയും മക്കളായ 10 വയസുകാരന്‍ ഫിലിപ്പിനെയും 6 വയസുകാരന്‍ തിമോത്തിയേയും ഒഡീഷയിലെ കിയോണ്‍ജാര്‍ ജില്ലയിലെ മനോഹര്‍പുര്‍ ഗ്രാമത്തില്‍വച്ച് തീവ്രഹിന്ദുത്വവാദികള്‍ ജീപ്പിനുള്ളിലിട്ട് ചുട്ടുകൊന്നത്. മെഡിക്കല്‍ ക്യാമ്പിലും പ്രാര്‍ത്ഥനാ സമ്മേളനത്തിലും പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം മക്കളോടൊപ്പം. ജീപ്പിനുള്ളില്‍ കിടന്നുറങ്ങിയിരുന്ന അവരെ ദാരാസിംഗിന്റെ നേതൃത്വത്തിലുള്ള 50 അംഗ സംഘം പെട്രോളിച്ച് തീവയ്ക്കുകയായിരുന്നു. രാജ്യത്തെ നടുക്കിയ ആ ദാരുണ സംഭവം നടന്നിട്ട് 25 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഇന്ത്യയിലെ ക്രൈസ്തവരുടെ സുരക്ഷിതത്വം കൂടുതല്‍ ചോദ്യംചെയ്യപ്പെടുന്ന സാഹചര്യമാണ് നിലനില്ക്കുന്നത്.
ഗ്രഹാം സ്റ്റെയിന്‍സിന്റെയും മക്കളുടെയും കൊലപാതകങ്ങള്‍ക്കുശേഷം ഫാ. അരുള്‍ദാസ് എന്ന വൈദികനെ അമ്പെയ്തു വധിക്കുകയും അതിനൊപ്പം മറ്റൊരു കൊലപാതകം കൂടി ചെയ്തതിനുശേഷമായിരുന്നു ധാരാസിംഗിനെ പോലീസ് അറസ്റ്റു ചെയ്തത്.

അക്രമികള്‍ക്ക് സംരക്ഷണം
വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ നേരിടുന്ന ഭീഷണിയുടെ നേര്‍ചിത്രമാണ് ജാബുവയില്‍ കണ്ടത്. അക്രമസംഭവങ്ങളില്‍ നിയമപാലകര്‍ സ്വീകരിക്കുന്ന സമീപനം ആശങ്കപ്പെടുത്തുന്നതാണ്. കൊടികള്‍ സ്ഥാപിച്ച വിവരം പോലീസിനെ അറിയിച്ചെങ്കിലും ആദ്യഘട്ടത്തില്‍ കേസ് എടുക്കാന്‍ പോലീസ് തയാറായില്ലെന്ന ആരോപണവുമുണ്ട്.

ഇന്ത്യയില്‍ നടക്കുന്ന ക്രൈസ്തവ പീഡനങ്ങളുടെ കണക്കുകള്‍ അന്താരാഷ്ട്ര സംഘടനകള്‍ പുറത്തുവിടുമ്പോള്‍ ആ കണ്ടെത്തലുകള്‍ അടിസ്ഥാനരഹിതമാണെന്ന് വാദിച്ച് അതിനെതിരെ കേന്ദ്രസര്‍ക്കാര്‍ രംഗത്തുവരാറുണ്ട്. ഇത്തരം റിപ്പോര്‍ട്ടുകളെ തള്ളിപ്പറഞ്ഞ് അന്താരാഷ്ട്ര സമൂഹത്തിന്മുമ്പില്‍ മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്നതിനൊപ്പം വോട്ടുബാങ്ക് ലക്ഷ്യംവച്ച് വര്‍ഗീയ സംഘടനകളുടെ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നു.

അക്രമികള്‍ക്ക് ലഭിക്കുന്ന രാഷ്ട്രീയ സംരക്ഷണമാണ് അക്രമങ്ങള്‍ വര്‍ധിക്കുന്നതിന്റെയും നിയമപാലകര്‍ അക്രമികളോട് മൃദുസമീപനം സ്വീകരിക്കുന്നതിന്റെയും പിന്നില്‍. ഇങ്ങനെയൊക്കെ ചെയ്യുന്നതിനൊപ്പം ക്രൈസ്തവര്‍ മതപരിവര്‍ത്തനം നടത്തുന്നതാണ് സംഘര്‍ഷങ്ങള്‍ക്കു കാരണമെന്ന് പ്രചരിപ്പിച്ച് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളും വ്യാപകമായി നടക്കുന്നുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?