Follow Us On

22

January

2025

Wednesday

കേരളത്തിന്റെ നവോത്ഥാന ശില്പി

കേരളത്തിന്റെ  നവോത്ഥാന ശില്പി

റവ. ഡോ. റോയ് പാലാട്ടി സിഎംഐ

വിശുദ്ധര്‍ക്കൊപ്പമുള്ള യാത്ര നമ്മെയും വിശുദ്ധരാക്കി മാറ്റും. ഏതൊരു വിശുദ്ധാത്മാവിന്റെയും ജീവിതം ധ്യാനിക്കുമ്പോള്‍ നമ്മുടെതന്നെ സാധ്യതയെയാണ് ധ്യാനിക്കുന്നത്. ഒരു വിശുദ്ധനെ ചിന്തിക്കുമ്പോള്‍ ആ വിശുദ്ധര്‍ ചെയ്ത പ്രവൃത്തികളാണ് പലപ്പോഴും പറയാറുള്ളത്. എന്നാല്‍, ഒരു കാര്യം മറക്കരുത്, എത്ര മനോഹരമായ പ്രവൃത്തി ചെയ്താലും നാം വിശുദ്ധരുടെ ഗണത്തില്‍ എണ്ണപ്പെടണമെന്നു നിര്‍ബന്ധമില്ല. കാരണം, ഈശോ നോക്കുന്നത് നമ്മുടെ പെര്‍ഫോമന്‍സല്ല, മറിച്ച് അതിന്റെ പിന്നിലുള്ള പ്രചോദകശക്തിയാണ്. ചിലരുടെ വലിയ പ്രവര്‍ത്തനങ്ങള്‍ കണ്ട് നാം അവര്‍ക്ക് വലിയ വിലയിടും. പക്ഷേ, ദൈവം അംഗീകരിക്കുന്ന ഒരു ജീവിതം അവര്‍ക്കുണ്ടോ എന്ന് നമുക്കറിയില്ല. ഈശോയോടുള്ള അഗാധമായ സ്‌നേഹമില്ലാതെയും ഒരാള്‍ക്ക് വലിയ കാര്യങ്ങള്‍ ചെയ്യാനാകും.

പള്ളിക്കൊപ്പം പള്ളിക്കൂടം

കേരളത്തിന്റെ സാക്ഷരതയുടെ പിതാവായിട്ടാണ് നവോത്ഥാന നായകരില്‍ ഉള്‍പ്പെട്ട വിശുദ്ധ ചാവറയച്ചനെക്കുറിച്ച് പൊതുനിരത്തില്‍ പൊതുവേ സംസാരിക്കുന്നത്. ഏതൊരു സാഹിത്യ സമ്മേളനത്തിലും വിശുദ്ധ കുര്യാക്കോസ് അച്ചനെ പരാമര്‍ശിക്കാതെ കടന്നുപോകുക എളുപ്പമല്ല. കാരണം, അദ്ദേഹം കേരളത്തിന്റെ നവോത്ഥാന ശില്പികളില്‍ പ്രധാനിയാണ്. ഒട്ടേറെ കാര്യങ്ങള്‍ അദ്ദേഹത്തിലൂടെ ദൈവം ചെയ്തു. അന്നോളം ഭാരതത്തില്‍ ഉണ്ടായിട്ടില്ലാത്ത ഇന്നും നിലനില്ക്കുന്ന സിഎംഐ സന്യാസ സമൂഹത്തിന് രൂപംകൊടുത്തു. ഒപ്പം സ്ത്രീകള്‍ക്കുവേണ്ടി അദ്ദേഹത്തിന്റെ തന്നെ ആത്മീയ ഗുരുവായ ലിയോപോള്‍ മിഷനറിയുടെ ഒരുമിച്ചുള്ള പങ്കാളിത്വത്തില്‍ സിഎംസി സന്യാസിനി സമൂഹത്തിന് രൂപംനല്‍കി. ആ നാളുകളിലാണ് പള്ളിക്കൊപ്പം പള്ളിക്കൂടം നിര്‍ബന്ധമായി ഉണ്ടായിരിക്കണമെന്നും, പള്ളിയിലെ വിലകൂടിയ കുരിശുരൂപങ്ങള്‍ വിറ്റിട്ടാണെങ്കിലും പരിസരത്തുള്ള പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കാനുള്ള പള്ളിക്കൂടങ്ങള്‍ നിര്‍ബന്ധമായും രൂപപ്പെടുത്തണമെന്നും 19-ാം നൂറ്റാണ്ടിന്റെ ആദ്യഭാഗത്ത് ഈ വിശുദ്ധനായ മനുഷ്യന്‍ നിര്‍ദ്ദേശിച്ചത്.

ആ കാലങ്ങളില്‍ സവര്‍ണ്ണര്‍ക്കൊപ്പം, പാവപ്പെട്ട അവര്‍ണരായ മനുഷ്യര്‍ക്ക് പഠിക്കാന്‍ പോലുമുള്ള അവകാശം ഉണ്ടായിരുന്നില്ല. മാത്രമല്ല, താഴ്ന്ന ജാതിക്കാര്‍ വേദം കേള്‍ക്കാന്‍ ഇടവന്നാല്‍ അവരുടെ കാതുകളില്‍ ഈയം ഉരുക്കി ഒഴിക്കണമെന്ന മനുസ്മൃതിയിലെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ഒട്ടേറെ പാവപ്പെട്ട മനുഷ്യരെ വിദ്യാലയങ്ങളുടെ പടിക്കുപുറത്തു നിര്‍ത്തിയിരുന്ന കാലത്താണ് പള്ളിക്കൊപ്പം പള്ളിക്കൂടം വേണമെന്ന് ഈ യോഗീവര്യനായിരുന്ന മനുഷ്യന്‍ പ്രഖ്യാപിച്ചത്. ആ നാളുകളില്‍ കേരളത്തില്‍ നമുക്ക് സ്വന്തമായി ഒരു പ്രസ് ഉണ്ടായിരുന്നില്ല. കോട്ടയത്ത് വിദേശ മിഷനറിമാരുടെ ഒരു പ്രസും തിരുവനന്തപുരത്ത് സര്‍ക്കാര്‍ പ്രസുമാണ് ഉണ്ടായിരുന്നത്. ജ്ഞാനത്തിലേക്കുള്ള തുറവി പാവപ്പെട്ട മനുഷ്യര്‍ക്ക് ലഭ്യമായില്ലെങ്കില്‍ അവര്‍ വചനം എങ്ങനെ പഠിക്കും, ക്രിസ്തുവിന്റെ മുഖമെങ്ങനെ ദര്‍ശിക്കുമെന്ന് ചാവറയച്ചന്‍ ചിന്തിച്ചു. തിരുവനന്തപുരത്തെ ഗവണ്‍മെന്റ് പ്രസില്‍ പരിശീലനം നേടി, ഒരു വൈദികന്റെ സഹായത്തോടെ വാഴപ്പിണ്ടിയില്‍ അക്ഷരലിപികള്‍ പതിപ്പിച്ചാണ് മാന്നാനത്ത് സെന്റ് ജോസഫ് പ്രസ് ആരംഭിച്ചത്. മലയാളം, സംസ്‌കൃതം, തമിഴ്, ഫ്രഞ്ച്, ലത്തീന്‍ തുടങ്ങിയ ഭാഷകളില്‍ അദ്ദേഹത്തിന് പ്രാവീണ്യം ഉണ്ടായിരുന്നു. ചാവറയച്ചന്‍ മലയാളത്തില്‍ ഒട്ടേറെ രചനകള്‍ രൂപപ്പെടുത്തി. ദൈവത്തോട് അഗാധമായ സ്‌നേഹം ഉള്ളവര്‍ക്ക് മാനവരാശിയോട് സ്‌നേഹം കാണിക്കാതിരിക്കാന്‍ സാധ്യമല്ല.

മാന്നാനം കുന്നിലെ ദര്‍ശന ഭവനം
വിശുദ്ധ ചാവറയച്ചന്‍ ദൈവത്തെ അപ്പാ എന്നുവിളിച്ചുകൊണ്ടാണ് തന്റെ ജീവിതയാത്ര മുമ്പോട്ടുകൊണ്ടുപോയത്. ഒരു മതത്തിലും ആരും ദൈവത്തെ അപ്പാ എന്നു വിളിച്ചിട്ടില്ല. അപ്പാ എന്നു ദൈവത്തെ വിളിക്കുമ്പോള്‍ സംഭവിക്കുന്ന കാര്യം എല്ലാവരും ദൈവഭവനത്തിലെ അംഗങ്ങളായി മാറുമെന്നതാണ്.
ചാവറയച്ചന്‍ വൈദിക വിദ്യാര്‍ത്ഥി ആയിരുന്നപ്പോള്‍ വസൂരി ബാധിച്ച് മാതാപിതാക്കളും ഏകസഹോദരനും മരിച്ചു. ചാവറ കുടുംബത്തിന്റെ പിന്‍തലമുറ നിലനിര്‍ത്തുന്നതിനായി ചാവറയച്ചന്‍ തിരിച്ച് വീട്ടിലേക്ക് പോകണമെന്ന് പലരും പറഞ്ഞു. തന്റെ ദൈവവിളിയെക്കുറിച്ച് കൃത്യമായ ബോധ്യം ഉണ്ടായിരുന്ന ചാവറയച്ചന്‍ മടങ്ങിപ്പോകില്ലെന്ന് വ്യക്തമാക്കി. ദൈവം നമ്മെ എന്തിന് വിളിച്ചിരിക്കുന്നു എന്ന ധാരണ ഉണ്ടെങ്കില്‍ ഏതു പ്രതികൂലത്തെയും മറികടക്കാന്‍ കഴിയും. എന്തിന് നമ്മള്‍ സഹിക്കണമെന്ന് അറിവുണ്ടെങ്കില്‍ എങ്ങനെ സഹിക്കുമെന്ന് പഠിച്ചിരിക്കും. ഇതാണ് വൈദിക വിദ്യാര്‍ത്ഥിയായ ചാവറ കുര്യാക്കോസില്‍ നടന്നത്. അദ്ദേഹം വീട്ടില്‍ച്ചെന്നു. എടത്വയിലേക്ക് വിവാഹം കഴിച്ച് വിട്ടിരുന്ന സഹോദരിയെയും ഭര്‍ത്താവിനെയും വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നു. ജ്യേഷ്ഠന്റെ ഭാര്യയെയും കുഞ്ഞിനെയും കുടുംബത്തിന്റെ കാര്യങ്ങള്‍ നോക്കാന്‍ ഏല്പിച്ചിട്ട് അദ്ദേഹം തന്റെ പഠനം തുടര്‍ന്നു. 24-ാമത്തെ വയസില്‍ വൈദികനായി.

വിശുദ്ധ ചാവറയച്ചന്റെ മനസില്‍ നാളുകള്‍ കഴിഞ്ഞപ്പോള്‍ മറ്റൊരു ചിന്ത രൂപപ്പെട്ടു. ഈ ലോകത്തില്‍ ഇങ്ങനെ ജീവിച്ചുപോയാല്‍ രക്ഷപ്രാപിക്കുക എളുപ്പമല്ല. അതുകൊണ്ട് മരുഭൂമിയിലെ പിതാക്കന്മാരെപ്പോലെ ഏതെങ്കിലും കാട്ടില്‍പ്പോയി പ്രാര്‍ത്ഥിക്കണം. ചാവറയച്ചനും അദ്ദേഹത്തിന്റെ കൂടെയുള്ള ഓരുപുര തോമാ മല്പാനച്ചനും പാലയ്ക്കല്‍ തോമാ മല്പാനച്ചനും മെത്രാന്റെ അടുത്ത് സമ്മതപത്രം വാങ്ങാന്‍ ചെന്നു. മെത്രാന്‍ ചോദിച്ചു, വിദ്യാഭ്യാസമുള്ള നിങ്ങള്‍ ഇവിടെനിന്നുപോയാല്‍ ഈ മനുഷ്യര്‍ക്ക് ആരു വചനം പറഞ്ഞുകൊടുക്കും? ആരു ജ്ഞാനം പകര്‍ന്നു നല്‍കും? അതുകൊണ്ട് നിങ്ങള്‍ ദര്‍ശനഭവനം പണിത് ഇവിടെ വസിക്കുക. അങ്ങനെയാണ് വിശുദ്ധ ചാവറയച്ചന്‍ മാന്നാനം കുന്നില്‍ ഒരു ദര്‍ശനഭവനം പണിത് ആശ്രമം ആരംഭിച്ചത്.

കളരിയില്‍നിന്നും ലഭിച്ച തിരിച്ചറിവുകള്‍
വിദ്യാഭ്യാസ മേഖലയില്‍ ഉദാത്തമായ കാര്യങ്ങള്‍ ചെയ്യാന്‍ വിശുദ്ധ ചാവറയച്ചനെ പ്രേരിപ്പിച്ച സാഹചര്യം ഉണ്ടായിരുന്നു. ചാവറയച്ചന് അഞ്ച് വയസ് ഉള്ളപ്പോള്‍ അക്ഷരം പഠിക്കുന്നതിനായി കളരിയില്‍ പോയിരുന്നു. കളരിയിലെ ചില കുട്ടികള്‍ പറയുന്ന മോശം വാക്കുകള്‍ കൊച്ചുകുര്യാക്കോസിന്റെ ഹൃദയത്തെ വേദനിപ്പിച്ചു. പള്ളിക്കൊപ്പം പള്ളിക്കൂടം ഉണ്ടാകണമെന്നും അക്ഷരംകൊണ്ട് മനുഷ്യന്റെ കണ്ണുകളെ തുറക്കണമെന്നും തന്റെ പൗരോഹിത്യവൃത്തി ആരംഭിക്കുന്നതിനുമുമ്പുതന്നെ ചാവറയച്ചന്‍ ചിന്തിച്ചിട്ടുണ്ടാകാം.

ഒരു വിശുദ്ധനെക്കുറിച്ച് നമ്മള്‍ സംസാരിക്കുമ്പോള്‍ ഒന്നുകില്‍ ജ്ഞാനമാര്‍ഗം പിന്തുടര്‍ന്നവരായിരിക്കും. അല്ലെങ്കില്‍ ഭക്തിമാര്‍ഗത്തിന്റെ പിറകിലായിരിക്കും, അല്ലെങ്കില്‍ കര്‍മ്മമാര്‍ഗത്തിലായിരിക്കും. വിശുദ്ധ മദര്‍ തെരേസ അധികമായി പിന്തുടര്‍ന്നത് കര്‍മ്മമാര്‍ഗമായിരുന്നു. വിശുദ്ധ അല്‍ഫോന്‍സാമ്മ പിന്തുടര്‍ന്നത് ഭക്തിമാര്‍ഗവും വിശുദ്ധ തോമസ് അക്വിനാസ് പിന്തുടര്‍ന്നത് ജ്ഞാനമാര്‍ഗവുമാണ്. ജ്ഞാന, ഭക്തി, കര്‍മ്മമാര്‍ഗങ്ങള്‍ സമജ്ഞസമായി ചാവറയച്ചനിലുണ്ടെന്നത് സഭയുടെ അഭിമാനമാണ്. ഈ മൂന്ന് മാര്‍ഗങ്ങളിലൂടെയും ചലിക്കാന്‍ കഴിഞ്ഞു. കര്‍മ്മമാര്‍ഗത്തിലൂടെ ചലിച്ച് ഒരുപാടു ശുശ്രൂഷകള്‍ ആരംഭിച്ചു. മരണവീടുകളില്‍ പാടേണ്ട പാന, നാല്‍പതുമണി ആരാധന, വൈദികരുടെ ധ്യാനം, സെമിനാരി ഫോര്‍മേഷന്‍, കൂദാശകളില്‍ ഉപയോഗിക്കേണ്ട ചില പ്രാര്‍ത്ഥനകള്‍ തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ രൂപപ്പെടുത്തിയത് ഭക്തി മാര്‍ഗത്തിന്റെ അടയാളമാണ്. ജ്ഞാനമാര്‍ഗങ്ങള്‍ ക്രൈസ്തവസഭയ്ക്കു മാത്രമല്ല, പൊതുസമൂഹത്തിന് മുതല്‍ക്കൂട്ടാകുന്ന വിധത്തില്‍ ദൈവം ചാവറയച്ചനെ വളര്‍ത്തി.

യുഗപുരുഷന്‍
ഒരാളും മരിച്ചതിനുശേഷം വിശുദ്ധരാകില്ല. ജീവിച്ചിരിക്കുമ്പോഴാണ് നമ്മള്‍ വിശുദ്ധരാകുന്നത്. ഈ ഭൂമിയില്‍ ജീവിക്കുമ്പോഴാണ് മനുഷ്യന് പുണ്യപ്രവൃത്തികള്‍ ചെയ്യാന്‍ കഴിയുന്നത്. മരിച്ചുകഴിയുമ്പോള്‍ സംഭവിക്കുന്നത് സഭയുടെ ചില നടപടിക്രമങ്ങളാണ്. ചാവറയച്ചന്റെ മുടിവെട്ടിയിരുന്നത് വര്‍ക്കി എന്നൊരു ശെമ്മാശനായിരുന്നു. ചാവറയച്ചന്‍ വിശുദ്ധനാണെന്ന് ഉറപ്പുണ്ടായിരുന്ന ആ ശെമ്മാശന്‍ മുടിവെട്ടുന്ന സമയത്ത് ഏതാനും മുടി ഒരു തിരുശേഷിപ്പുപോലെ സൂക്ഷിച്ചു. വിശുദ്ധയായ അല്‍ഫോന്‍സാമ്മയ്ക്ക് രോഗ സൗഖ്യം നല്‍കുന്നതിനായി ആ മുടി തിരുശേഷിപ്പായി ഉപയോഗിച്ചു എന്നും കഥയുണ്ട്.
കേരളത്തിലെ അറിയപ്പെടുന്ന ചിന്തകനും എഴുത്തുകാരനുമായിരുന്ന ഡോ. സുകുമാര്‍ അഴീക്കോട് ഒരിക്കല്‍ പറഞ്ഞു: ”19-ാം നൂറ്റാണ്ടില്‍ ജീവിച്ച ഒരു മനുഷ്യന്‍ 20-ാം നൂറ്റാണ്ടിനെയും 21-ാം നൂറ്റാണ്ടിനെയും തന്റെ നൂറ്റാണ്ടിലേക്ക് പിടിച്ചുകൊണ്ടുവന്ന് ഉന്നതമായ കാര്യങ്ങള്‍ ചെയ്തു തീര്‍ത്തുവെങ്കില്‍ അയാളാണ് യുഗപുരുഷന്‍ എന്നു വിളിക്കപ്പെടുക. അങ്ങനെയെങ്കില്‍ ഞാന്‍ ചാവറയച്ചനെ യുഗപുരുഷന്‍ എന്നു വിളിക്കാന്‍ ആഗ്രഹിക്കുന്നു.”

ചാവറയച്ചന്റെ മരണത്തിന്റെ 150-ാം വാര്‍ഷികം ആഘോഷിക്കുന്ന സമയത്ത് ഗുരുനിത്യചൈതന്യയതിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു: ”ചാവറയച്ചനെപ്പോലെ ഒരു അസാധാരണ വ്യക്തിപ്രതിഭയെ ആധ്യത്മിക ദിവ്യതേജസിനെ, ഇത്രയും വലിയ ഭാഷാസ്‌നേഹിയെ, കവിയെ, എല്ലാറ്റിലുമുപരി നൂറു ശതമാനം സമര്‍പ്പിത ജീവിതം ദൈവത്തിന് നല്‍കിയ ഒരു മഹാത്മാവിനെ… അല്പമായി ഒന്ന് ആദരിക്കാന്‍ ഇത്ര വൈകി മാത്രമേ എനിക്ക് അവസരം കിട്ടിയുള്ളൂ എന്നോര്‍ക്കുമ്പോള്‍ നമ്മുടെ സാമൂഹിക ജീവിതത്തില്‍ പടുത്തുയര്‍ത്തപ്പെട്ടിട്ടുള്ള കനത്ത ഭിത്തികള്‍ എത്ര കടുത്ത ദ്രോഹമാണ് വരുത്തികൂട്ടിയിട്ടുള്ളതെന്ന് ചിന്തിക്കാന്‍ എനിക്കു കഴിയുന്നില്ല. ആ മഹാത്മാവിന് ഞാന്‍ പ്രണാമം അര്‍പ്പിക്കുന്നു.”
വിശുദ്ധ ചാവറയച്ചന്റെ മാധ്യസ്ഥം തേടുമ്പോള്‍ ഒരു പ്രാര്‍ത്ഥന ഉണ്ടാകണം-ഞങ്ങളുടെ ജീവിതത്തിന്റെ നാള്‍വഴികളില്‍ അന്യര്‍ക്ക് നന്മ ചെയ്യാതിരിക്കുന്ന ഒരു ദിവസംപോലും ഉണ്ടാകാതിരിക്കാന്‍ കൃപനല്‍കണമേ എന്ന്. നമ്മിലൂടെ ഈ ഭൂമിയില്‍ എഴുതപ്പെടേണ്ട ഏറ്റവും മനോഹരമായ കാര്യം ചെയ്തുതീര്‍ക്കാനുള്ള കൃപയ്ക്കായി ഈ വിശുദ്ധനോട് മാധ്യസ്ഥം പ്രാര്‍ത്ഥിക്കാം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?