Follow Us On

27

April

2024

Saturday

ചന്ദനലേപം പോലൊരു പിതാവ്

ചന്ദനലേപം പോലൊരു പിതാവ്

നിന്റെ കൂടെ ഞാനുണ്ട്, എന്റെ കരുതലുണ്ട് എന്ന് തോന്നിപ്പിക്കുന്ന പെരുമാറ്റം… ഇങ്ങനെ ഒരു വ്യക്തിത്വമാണ് മെത്രാഭിഷേകത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന കോഴിക്കോട് രൂപത ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന്റേത്. ഹൃദയത്തില്‍ ഇടം നല്‍കിയ ഒരു പിതാവിനെ … തുറന്ന കൈകളുമായി തന്നെ സ്വീകരിച്ച ഒരു നല്ല അപ്പനെ……. ഓര്‍ത്തെടുക്കുകയാണ്  അനില്‍ സാന്‍ജോസച്ചന്‍

വൈദികപരിശീലനത്തിന്റെ അവസാനം, തിരുപ്പട്ടത്തിനായി ഒരുങ്ങിക്കൊണ്ടിരിക്കെ ഒരുദിവസം ചക്കാലയ്ക്കല്‍ പിതാവ് എന്നെ വിളിപ്പിച്ചു. പതിവ് കുശലാന്വേഷണങ്ങള്‍ക്ക് ശേഷം പട്ടത്തിന്റെ ഒരുക്കങ്ങളെ കുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞു. അതിനുശേഷം കയ്യില്‍ കുറച്ച് തുക തന്നേല്‍പ്പിച്ചിട്ട് പറഞ്ഞു,’തിരുപ്പട്ടത്തിനുള്ള കാര്യങ്ങളൊക്കെ ഭംഗിയായി ചെയ്യണം, ഇത് കയ്യിലിരിക്കട്ടെ’. ഒരുപാട് ചിലവുകള്‍ ഉള്ള സമയത്ത് എനിക്ക് കിട്ടിയ ഒരു നിധിയായിരുന്നു അത്. പിതാവ് അതോടൊപ്പം കൂട്ടിച്ചേര്‍ത്തു, ‘ഇനിയും എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ചോദിക്കാന്‍ മടിക്കരുത്’. ഒരു വലിയ കാരുണ്യത്തിന്റെ മുഖമാണ് അന്ന് ഞാന്‍ പിതാവില്‍ കണ്ടത്. അന്നദ്ദേഹം നീട്ടിയ കൈകള്‍ എന്റെ ഹൃദയത്തിലേക്കായിരുന്നു തുറന്നത്.

ആ കരുതല്‍ എന്റെ ആത്മവിശ്വാസത്തെ ഒരു പടി കൂടുതല്‍ ഉയര്‍ത്തി. തന്റെ മക്കള്‍ എന്നും നല്ല രീതിയില്‍ ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു നല്ല പിതാവ്. ചേര്‍ത്ത് നിര്‍ത്തുക എന്നത് എല്ലാവരാലും ഒരുപോലെ പറ്റുന്ന കാര്യമല്ല. എന്നാല്‍ പിതാവ് ചേര്‍ത്തുനിര്‍ത്തി വളര്‍ത്തും. അതനുഭവിച്ചതുകൊണ്ടാവണം, കരുതുവാന്‍ എനിക്ക് ഒരു പിതാവുണ്ടെന്നൊരു സ്വകാര്യ അഹങ്കാരം എന്നില്‍ വളര്‍ന്നത്. കണ്ടുമുട്ടുന്നവര്‍ക്കൊക്കെ വാരിക്കോരി കൊടുക്കുന്ന ഒരപ്പന്‍. ഫ്രാന്‍സിസ് പാപ്പ യൗസേപ്പിതാവിനെ കുറിച്ച് പറഞ്ഞുവെക്കുന്നത് പോലെ, ഇത്തരം അപ്പന്മാരെയും ഇടയന്മാരെയും ആണ് ഇന്ന് ലോകത്തിന് ആവശ്യം. ജനങ്ങളുടെ മനസറിയുന്ന, ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന്, അവരുടെ വേദനകള്‍ മനസിലാക്കാന്‍ കഴിയുന്ന ഒരാള്‍… വേദനകള്‍ ഒപ്പിയെടുക്കാന്‍ കഴിവുള്ള തൂവാല പോലെ ഒരാള്‍. ആ ഹൃദയത്തില്‍ ഒരിടം നേടാന്‍ നമ്മള്‍ ആഗ്രഹിച്ചു പോകും.

തന്റെ സാന്നിധ്യം ഉള്ള ഇടങ്ങളില്‍ എല്ലാം പിതാവ് അറിയാതെ തന്നെ ഒരു പോസിറ്റീവ് എനര്‍ജി പടര്‍ത്തും. അത് അവിടെ കൂടിയിരിക്കുന്നവരില്‍ പതിന്മടങ്ങായി നിറയും. എപ്പോഴും ചിരിച്ച മുഖത്തോടു കൂടി കാണുന്ന പിതാവിനോട് സംസാരിക്കാന്‍ കഴിയുന്നത് തന്നെ വളരെ സന്തോഷമുള്ള ഒരു കാര്യമാണ്. 25 വര്‍ഷങ്ങള്‍ മലബാറിന്റെ മണ്ണില്‍ മെത്രാനായിട്ട് മലബാറിന്റെ മനസറിഞ്ഞ് ഒരു ഇടയന്‍. എത്രയോ ധന്യമായ ഒരു ജീവിതം. എത്രയോ പേരുടെ കണ്ണീരൊപ്പിയ മനുഷ്യന്‍. എത്രയോ പേര്‍ക്ക് ആശ്വാസമായ ഒരാള്‍…..ഒരു പുഞ്ചിരികൊണ്ടും ഒരു കുശലാന്വേഷണംകൊണ്ടും നമ്മെയൊക്കെ ദീപ്തമാക്കിയൊരു മനുഷ്യന്‍. തിരി കെട്ടുപോകുന്ന കാലഘട്ടത്തില്‍ നമ്മുടെ ജീവിതത്തെ ദീപ്തമാക്കുന്ന ചില ആളുകളുണ്ട്.

നമ്മുടെ അരികെ നിന്ന് വെളിച്ചം പകര്‍ന്നു തരുന്നവര്‍. അങ്ങനെയുള്ള മനുഷ്യര്‍ നമ്മുടെ കൂടെ ഉണ്ട് എന്നുള്ളത് നമുക്ക് ഒരു ആശ്വാസവും സംരക്ഷണവും ആണ്. ദൈവം മലബാറിന്,അല്ലെങ്കില്‍ കോഴിക്കോട് രൂപതയ്ക്ക് കൊളുത്തിവെച്ച തിരിയാണ് വര്‍ഗീസ് ചക്കാലക്കല്‍ പിതാവ്. കുഞ്ഞുനാള്‍ മുതല്‍ കേട്ടുവളര്‍ന്ന ഒരു കാര്യമാണ്; എന്ത് പ്രശ്‌നമുണ്ടായാലും യൗസേപ്പിതാവിന്റെ അടുത്ത് പോയി പ്രാര്‍ത്ഥിച്ചാല്‍ മതിയെന്ന്. എനിക്ക് പലതവണ തോന്നിയിട്ടുണ്ട്; ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ ചക്കാലക്കല്‍ പിതാവിന്റെ അടുത്ത് പോയാല്‍ മതിയെന്ന്. അതിന് ഒരു ഉത്തരം ഉണ്ടാകും. അദ്ദേഹം നമ്മെ വെറും കയ്യോടെ പറഞ്ഞയക്കുകയില്ല.

ഫ. അനില്‍ സാന്‍ജോസ്
അസി. ഡയറക്ടര്‍ നവദര്‍ശന്‍, കൗണ്‍സിലിംഗ് സെന്റര്‍ കോഴിക്കോട്‌

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?