Follow Us On

24

November

2024

Sunday

കര്‍ണാടകയിലെ ആദ്യ സീറോ മലബാര്‍ രൂപത രജതജൂബിലി ആഘോഷിച്ചു

കര്‍ണാടകയിലെ ആദ്യ സീറോ മലബാര്‍  രൂപത രജതജൂബിലി ആഘോഷിച്ചു

ബെല്‍ത്തങ്ങാടി: കര്‍ണാടകയിലെ ആദ്യ സീറോ മലബാര്‍ രൂപതയായ ബെല്‍ത്തങ്ങാടി രൂപത രജതജൂബിലി ആഘോഷിച്ചു. മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു. തങ്ങളുടെ വിശ്വാസം നിലനിര്‍ത്തിയതിനും ചുറ്റുമുള്ള ആളുകള്‍ക്ക് സാക്ഷ്യം നല്‍കിയതിനും കര്‍ണാടകയിലെ കുടിയേറ്റ സമൂഹത്തെ ആര്‍ച്ച് ബിഷപ്പ് തട്ടില്‍ അഭിനന്ദിച്ചു. ഇവരെ സ്വീകരിച്ചതിന് കര്‍ണാടകയിലെ ജനങ്ങള്‍ക്ക് നന്ദിയും പറഞ്ഞു.
കേരളത്തില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ ഇപ്പോള്‍ മലയാളികളല്ല മറിച്ച് അവര്‍ കര്‍ണാടകയുടെ ഭാഗമായി മാറിയിരിക്കുന്നു. ഇന്ന് അവര്‍ കന്നഡ സംസാരിക്കുകയും പ്രാദേശിക സംസ്‌കാരവുമായി വളരെയധികം ഇഴുകിച്ചേര്‍ന്നുക്കഴിഞ്ഞു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബെല്‍ത്തങ്ങാടിയിലെ പ്രഥമ ബിഷപ്പായ ബിഷപ് ലോറന്‍സ് മുക്കുഴിയുടെ മെത്രാഭിഷേകത്തിന്റെ രജതജൂബിലി ആഘോഷവും ഇതോടൊപ്പം നടന്നു.
നാനാത്വത്തിലെ ഏകത്വത്തിന് ബെല്‍ത്തങ്ങാടി കത്തോലിക്കരെ ബംഗളൂരു ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ, അഭിനന്ദിച്ചു. കുടിയേറ്റ സമൂഹത്തിന് പ്രാഥമികമായി ആത്മീയ സേവനങ്ങള്‍ നല്‍കിയതിന് മംഗലാപുരം രൂപതയ്ക്ക് തലശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി നന്ദി പറഞ്ഞു.
കര്‍ണാടകത്തിലെയും കേരളത്തിലെയും ലത്തീന്‍, സീറോ മലബാര്‍, സീറോ മലങ്കര രൂപതകളില്‍ നിന്നുള്ള 10 ബിഷപ്പുമാര്‍ ഉള്‍പ്പെടെ ഏഴായിരത്തിലധികം പേര്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു. കര്‍ണാടക സ്പീക്കര്‍ യു.ടി ഖാദര്‍, മന്ത്രി കെ.ജെ. ജോര്‍ജ്ജ് എന്നിവരടക്കം നിരവധി സാമൂഹിക രാഷ്ട്രീയ നേതാക്കളും സന്നിഹിതരായിരുന്നു.

സഹ ബിഷപ്പുമാര്‍ക്കും വൈദികരും അല്‍മായ സമൂഹത്തിനും കഴിഞ്ഞ 25 വര്‍ഷമായി നല്‍കിയ പിന്തുണയ്ക്കും പ്രാര്‍ത്ഥനയ്ക്കും ബിഷപ്പ് മുക്കുഴി നന്ദി പറഞ്ഞു. കുര്‍ബാനയോടും പൊതുയോഗത്തോടും കൂടി ഒരു വര്‍ഷം നീണ്ടുനിന്ന ആഘോഷങ്ങള്‍ ബെല്‍ത്തങ്ങാടി സെന്റ് ലോറന്‍സ് കത്തീഡ്രലില്‍ സമാപിച്ചു.
ജൂബിലി വര്‍ഷത്തില്‍, രൂപത പാവപ്പെട്ടവര്‍ക്ക് 25 വീടുകള്‍ നിര്‍മ്മിക്കുകയും അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് നല്‍കുകയും ചെയ്തു.
1999 ല്‍ രൂപീകൃതമായ രൂപത ഇപ്പോള്‍ എട്ട് ഫൊറാനാ ദൈവാലയങ്ങള്‍ ഉള്‍പ്പെടെ 53 ഇടവകകളായി വളര്‍ന്നു. ദക്ഷിണ കന്നഡ, കുടക്, ചിക്കമംഗളൂരു, ഷിമോഗ ജില്ലകളിലായി രൂപത വ്യാപിച്ചുകിടക്കുന്നു. 30,000 ത്തിലധികം വിശ്വാസികളുണ്ട്. രൂപതയിലെ 5,000 ത്തിലധികം കുടുംബങ്ങളില്‍ ഭൂരിഭാഗവും പ്രധാനമായും കര്‍ഷകരും ഗ്രാമങ്ങളില്‍ താമസിക്കുന്നവരുമാണ്.

1950 കളില്‍ കേരളത്തിലെ പട്ടിണിയെ തുടര്‍ന്നാണ് കര്‍ണാടകയിലേക്കുള്ള ആദ്യ കുടിയേറ്റം. 1979 ല്‍ തലശേരി അതിരൂപതയുടെ കീഴിലാകുന്നതുവരെ അവരുടെ ആത്മീയ ആവശ്യങ്ങള്‍ ലത്തീന്‍ രൂപതകളായിരുന്നു ആദ്യം നിറവേറ്റിയിരുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?