വത്തിക്കാന്‍ സിറ്റി: ഐഎസ് തീവ്രവാദികള്‍ ലിബിയയില്‍ കൊലപ്പെടുത്തിയ 21 കോപ്റ്റിക്ക് രക്തസാക്ഷികളുടെ തിരുനാള്‍ ആചരിച്ചു. 21 രക്തസാക്ഷികളുടെയും തിരുശേഷിപ്പുകള്‍ വണങ്ങുന്ന എക്യുമെനിക്കല്‍ പ്രാര്‍ത്ഥനാ സമ്മേളനം വത്തിക്കാനില്‍ നടന്നു.
ക്രൈസ്തവ ഐക്യം വളര്‍ത്തുന്നതിനായുള്ള ഡിക്കാസ്റ്ററി പ്രീഫെക്ട് കര്‍ദിനാള്‍ കര്‍ട്ട് കൊച്ച് പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. കോപ്റ്റിക്ക് ക്വയര്‍ സംഘം ഗാനങ്ങള്‍ ആലപിച്ചു. പ്രാര്‍ത്ഥനയ്ക്ക് ശേഷം കോപ്റ്റിക്ക് ഓര്‍ത്തഡോക്‌സ് സഭ രക്തസാക്ഷികളെക്കുറിച്ച് പുറത്തിറക്കിയ ”ദി 21 : ദി പവര്‍ ഓഫ് ഫെയ്ത്ത്” എന്ന ഡോക്കുമെന്ററി സിനിമയുടെ പ്രദര്‍ശനവും വത്തിക്കാന്‍ ഫിലിം ലൈബ്രറിയില്‍ നടന്നു.
ലിബിയയിലെ സിര്‍റ്റെ കടല്‍തീരത്ത് 2015 ഫെബ്രുവരി 15ന് തീവ്രവാദികള്‍ തലയറുത്ത് കൊലപ്പെടുത്തി കോപ്റ്റിക്ക് ഓര്‍ത്തഡോക്‌സ് ക്രൈസ്തവരെ കഴിഞ്ഞ വര്‍ഷമാണ് കത്തോലിക്ക സഭയുടെ വിശുദ്ധരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. തീവ്രവാദികള്‍ കോപ്റ്റിക്ക് ക്രൈസ്തവരെ കൊലപ്പെടുത്തുന്ന വീഡിയോ ഐഎസ് ഭീകരര്‍ തന്നെയാണ് ആദ്യം പുറത്തുവിട്ടത്.
പിന്നീട് ഇറ്റാലിയന്‍ ഗവണ്‍മെന്റും കോപ്റ്റിക്ക് ഓര്‍ത്തഡോക്‌സ് സഭയും വീഡിയോയുടെ ആധികാരികത സ്ഥിരീകരിച്ചു. 2015-ല്‍ ഇവരുടെ രക്തസാക്ഷിത്വം സംഭവിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ കോപ്റ്റിക്ക് സഭ ഇവരെ വിശുദ്ധരായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം കോപ്റ്റിക്ക് ഓര്‍ത്തഡോക്‌സ് സഭാ തലവനായ ത്വാദ്രോസ് രണ്ടാമന്റെ സാന്നിധ്യത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇവരെ കത്തോലിക്ക സഭയുടെ വിശുദ്ധരുടെ കലണ്ടറില്‍ ഉള്‍പ്പെടുത്തിയത്.
Leave a Comment
Your email address will not be published. Required fields are marked with *