Follow Us On

23

December

2024

Monday

സുല്‍ത്താന്‍ പേട്ട രൂപതയ്ക്ക് 10-ാം പിറന്നാള്‍

സുല്‍ത്താന്‍ പേട്ട രൂപതയ്ക്ക് 10-ാം പിറന്നാള്‍

പാലക്കാട്: സേവന പാതയില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കി സുല്‍ത്താന്‍പേട്ട രൂപത. 2014 ഫെബ്രുവരി 16-നായിരുന്നു സുല്‍ത്താന്‍പേട്ട രൂപതയുടെ ഉദ്ഘാടനവും, അധ്യക്ഷനായി നിയമിച്ച പീറ്റര്‍ അബീര്‍ അന്തോണി സ്വാമിയുടെ മെത്രാഭിഷേകവും നടന്നത്.

കോയമ്പത്തൂര്‍, കോഴിക്കോട് രൂപതകളെ വിഭജിച്ചാണ് പാലക്കാട് കേന്ദ്രമാക്കി പുതിയ രൂപത വന്നത്. 30 ഓളം ഇടവകകളിലായി നാല്‍പ്പതിനായിരത്തിനടുത്ത് വിശ്വാസികളാണ് ലത്തീന്‍ കത്തോലിക്കാ രൂപതയിലുള്ളത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ഒട്ടേറെ ദൈവാലയങ്ങളും മൂന്നു സ്‌കൂളുകളും രൂപതയില്‍ സ്ഥാപിച്ചു. 1650 കളിലാണ് തമിഴ്നാട്ടിലെ ടിണ്ടിഗല്‍, തിരുച്ചിറപ്പള്ളി,തഞ്ചാവൂര്‍ എന്നിവിടങ്ങളിലെ വിശ്വാസികള്‍ പാലക്കാട്ടേക്ക് കുടിയേറി താമസിച്ചു തുടങ്ങിയത്.

കൊച്ചി രൂപതയുടെ കീഴില്‍ മധുര, മൈസൂര്‍ മിഷനിലെ ഈശോ സഭാ വൈദികര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ വിശ്വാസത്തിന്റെ വഴിതെളിച്ചു. പുതുശേരിക്കടുത്ത് കോവില്‍ പാളയത്ത് ഉള്‍പ്പെടെ ദൈവാലയങ്ങള്‍ ഉയര്‍ന്നു. കരുമത്താംപെട്ടി ആസ്ഥാനമാക്കിയുള്ള കോയമ്പത്തൂര്‍ രൂപതയുടെ കീഴിലുള്ള വൈദികരാണ് നീലഗിരി, സത്യമംഗലം, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിലെ വിശ്വാസികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കിയത്. പാലക്കാട്ടെത്തിയ പോണ്ടിച്ചേരിയിലെ വിദേശ മിഷണറി കേന്ദ്രത്തിലെ അപ്പസ്തോലിക് തലവനായ ബര്‍ണാഡ് മിഷനറിയുടെ അപേക്ഷ പരിഗണിച്ച് അന്നത്തെ മാര്‍പാപ്പ 1850 ഏപ്രില്‍ മൂന്നിന് പാലക്കാട് പ്രദേശത്തെ കോയമ്പത്തൂരിന്റെ പ്രോ വികാരിയറ്റ് ആക്കാന്‍ അനുമതി നല്‍കി.

1850 മുതല്‍ പാലക്കാടിന് പ്രത്യേക ഇടവക വികാരിയെ ലഭിച്ചു. 1851 ല്‍ ഇടവക വികാരിയായ ഫാ. റാവെല്‍ തമിഴ്, ഇംഗ്ലീഷ്, മീഡിയം സ്‌കൂളുകളും സ്ഥാപിച്ചു. അദ്ദേഹം പിന്നീട് ദൈവദാസ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. 1860-ല്‍ ഫ്രഞ്ച് മിഷനറി കോയമ്പത്തൂരില്‍ വികാരിയായി ചുമതലയേറ്റു. പാലക്കാട്ടെ വിശ്വാസികളുടെ സ്വപ്‌നം പൂവണിയുന്നത് അക്കാലത്താണ്. വിശ്വാസികളില്‍നിന്നും മറ്റും സ്വീകരിച്ച പണവും റോമില്‍ നിന്നുള്ള പണവും ഉപയോഗിച്ച് ഫാ. ബര്‍ദോ 1862-ല്‍ ഒരു കൊച്ചു ദേവാലയം നിര്‍മ്മിച്ചു. അതാണ് ഇന്ന് കാണുന്ന സെന്റ് സെബാസ്റ്റ്യന്‍സ് കത്തീഡ്രല്‍. പിന്നീട് പല കാലഘട്ടങ്ങളില്‍ ഇത് നവീകരിച്ചു.

സുല്‍ത്താന്‍ പേട്ട രൂപതയുടെയും മെത്രാഭിഷേകത്തിന്റെ പത്താം വാര്‍ഷികത്തോടും അനുബന്ധിച്ചു ബിഷപ് ഡോ. പീറ്റര്‍ അബീര്‍ അന്തോനി സാമിയുടെ മുഖ്യകാര്‍മികത്വത്തില്‍ പാലക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് കത്തീഡ്രലില്‍ കൃതജ്ഞതാ ബലി അര്‍പ്പിച്ചു.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?