Follow Us On

18

April

2024

Thursday

സുവിശേഷപ്രവര്‍ത്തനങ്ങള്‍ തടയാന്‍ നിയമനിര്‍മ്മാണം; പ്രതിഷേധവുമായി കത്തോലിക്ക സഭ

സുവിശേഷപ്രവര്‍ത്തനങ്ങള്‍ തടയാന്‍ നിയമനിര്‍മ്മാണം; പ്രതിഷേധവുമായി  കത്തോലിക്ക സഭ

ഗുവഹത്തി (അസം) : രോഗികളും വികലാംഗരും സുഖം പ്രാപിക്കാന്‍ നടത്തുന്ന ‘മാന്ത്രിക രോഗശാന്തി’ പ്രാര്‍ത്ഥന വഴി ആളുകളെ മതപരിവര്‍ത്തനം ചെയ്യാന്‍ ക്രിസ്ത്യാനികള്‍ ശ്രമിക്കുന്നുവെന്ന അസമിലെ ബിജെപി സര്‍ക്കാരിന്റെ ആരോപണത്തെ അസമിലെ ക്രിസ്ത്യന്‍ നേതാക്കള്‍ അപലപിച്ചു.

സുവിശേഷ യോഗങ്ങളും രോഗശാന്തി ശുശ്രൂഷകളും സംസ്ഥാനത്ത് നിരോധിക്കുന്ന ബില്ലിന് അസമിലെ കാബിനറ്റ് അംഗീകാരം നല്‍കിയതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയായിരുന്നു അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ പ്രതികരണം.

സംസ്ഥാനത്ത് സുവിശേഷവല്‍ക്കരണം തടയുന്നതിനുള്ള നിയമനിര്‍മ്മാണം നടത്താന്‍ തന്റെ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തിയതോടെ ബില്ലിനെതിരെ ആസാമിലെ കത്തോലിക്ക സഭയും വിവിധ സഭാനേതാക്കളും പ്രതിഷേധവുമായി രംഗത്തെത്തി.

പ്രാര്‍ത്ഥന എന്നത് മനുഷ്യന്റെ ജീവിതത്തില്‍ ദൈവിക ഇടപെടലിനുവേണ്ടി യാചിക്കുന്നതാണെന്നും അതിനെ മാന്ത്രിക രോഗശാന്തിയെന്ന് ലേബല്‍ ചെയ്യുന്നത് വിശ്വാസത്തിന്റെ അഗാധമായ ആത്മീയ മാനങ്ങളെ വികലമാക്കുന്നതായും ഗുവാഹത്തി ആര്‍ച്ച് ബിഷപ് ജോണ്‍ മൂലച്ചിറ പറഞ്ഞു.

അത്ഭുത രോഗ സൗഖ്യം എന്നത് മതപരമായ വ്യത്യാസമില്ലാതെ മനുഷ്യരുടെ കഷ്ടപ്പാടുകളോടുള്ള ദൈവത്തിന്റെ കരുണാര്‍ദ്രമായ പ്രതികരണമാണെന്നും അതിനെ മതപരിവര്‍ത്തനത്തിന്റെ പര്യായമായയി കാണാനാവില്ലെന്നും ആര്‍ച്ച് ബിഷപ്പ് മൂലച്ചിറ പറഞ്ഞു.

ഭരണഘടനയുടെ 25ാം അനുച്ഛേദം ഒരാളുടെ മതം ആചരിക്കാനുള്ള അവകാശം ഉറപ്പുനല്‍കുമ്പോള്‍, ക്രിസ്ത്യാനികള്‍ക്കെതിരായ ആരോപണം ഭരണഘടനാപരമായ ഈ അവകാശത്തെ ഹനിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്രിസ്ത്യാനികള്‍ മാന്ത്രിക രോഗശാന്തിയില്‍ ഏര്‍പ്പെടുന്നു എന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അസം ക്രിസ്ത്യന്‍ ഫോറം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.

സുവിശേഷ ശുശ്രൂഷകളിലൂടെ അക്രൈസ്തവര്‍ ക്രിസ്തുമതത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നു എന്ന വാദം മുന്‍നിര്‍ത്തിയാണ് അസം ഹീലിംഗ് പ്രാക്ടീസ് ബില്‍ അവതരിപ്പിച്ചത്. നിയമലംഘകര്‍ക്ക് തടവും പിഴയും നിര്‍ദ്ദേശിക്കുന്ന ബില്‍ താമസിയാതെ സംസ്ഥാന നിയമസഭയില്‍ അവതരിപ്പിക്കാനാണ് സാധ്യത.

ക്രിസ്ത്യന്‍ സ്‌കൂളുകളില്‍ നിന്ന് കുരിശും തിരുസ്വരൂപങ്ങളും നീക്കം ചെയ്യണമെന്ന് തീവ്ര ഹിന്ദു സംഘടനകള്‍ അസമിലെ സ്‌കൂളുകളോട് അവശ്യപ്പെട്ടതിന് ദിവസത്തിന് ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. കൂടാതെ വൈദികരും കന്യാസ്ത്രീകളും സ്‌കൂള്‍ കാമ്പസുകളില്‍ മതപരമായ വസ്ത്രം ധരിക്കുന്നത് വിലക്കണമെന്നും തീവ്ര ഹിന്ദു സംഘടനകള്‍ അവശ്യപ്പെട്ടിരുന്നു.

കൂടാതെ സ്‌കൂളില്‍ പൂജ നടത്തണമെന്ന ആവശ്യവുമായി ചില തീവ്ര ഹിന്ദു സംഘടനകള്‍ സ്‌കൂളുകളെ ശല്യം ചെയ്യുന്ന വാര്‍ത്തകളും പുറത്തു വരുന്നുണ്ട്. അസമില്‍, 31 ദശലക്ഷം ജനങ്ങളുള്ളതില്‍ 3.74 ശതമാനമാണ് ക്രിസ്ത്യാനികളുള്ളത്. ഇത് ദേശീയ ശരാശരിയായ 2.3 ശതമാനത്തെക്കാള്‍ കൂടുതലാണ്.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?