Follow Us On

09

December

2024

Monday

യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത ചിത്രം; പക്ഷേ എല്ലാവര്‍ക്കും കാണാം മാതാവിന്റെ അത്ഭുത ചിത്രം

യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത ചിത്രം; പക്ഷേ എല്ലാവര്‍ക്കും കാണാം മാതാവിന്റെ അത്ഭുത ചിത്രം

അര്‍ജന്റീനയിലെ ആള്‍ട്ടാ ഗ്രാസിയായിലുള്ള ലൂര്‍ദ് മാതാവിന്റെ ചാപ്പലിലാണ് ഇങ്ങനെയൊരു അപൂര്‍വചിത്രമുള്ളത്. വാസ്തവത്തില്‍ അങ്ങനെയൊരു ചിത്രം ഭൗതികമായി അവിടെയില്ല എന്നതാണ് എല്ലാവരിലും ആശ്ചര്യമുണര്‍ത്തുന്ന കാര്യം. അള്‍ത്താരയുടെ മുകളിലായിട്ടാണ് ചിത്രം കാണപ്പെടുന്നത്. ഇതൊരു സാധാരണചിത്രവുമല്ല, മാതാവിന്റെ വസ്ത്രത്തിന്റെ ചുളിവുകള്‍വരെ കാണാവുന്ന ത്രിമാനചിത്രമാണ്. അമിതഭക്തികൊണ്ട് ഏതാനും പേര്‍മാത്രമല്ല ഇത് കാണുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. വിശ്വാസിയെന്നോ അവിശ്വാസിയെന്നോ ഭേദമില്ലാതെ എല്ലാവര്‍ക്കും കാണാം ഈ ‘ഇല്ലാത്ത ചിത്രം.’ ഫോട്ടോഗ്രാഫുകളിലും ചിത്രം ദൃശ്യമാകുന്നു; അര്‍ജന്റൈന്‍ ന്യൂസ് ഏജന്‍സി എഐസിഎ റിപ്പോര്‍ട്ടു ചെയ്യുന്നു.
മാതാവിന്റെ ചിത്രം ആദ്യം കാണപ്പെട്ടതുപോലെതന്നെ ഇപ്പോഴും കാണാം; അല്പംകൂടെ വ്യക്തമായി ഇപ്പോള്‍ കാണാന്‍ കഴിയുന്നു, യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് ആള്‍ട്ടായിലെ ലൂര്‍ദ്മാതാവിന്റെ ചാപ്പലിന്റെ അധികാരികളെ ഉദ്ധരിച്ച് എസിഐ പ്രന്‍സ ന്യൂസും റിപ്പോര്‍ട്ടുചെയ്തു.

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഈ ദൈവാലയം നിര്‍മിക്കപ്പെട്ടതുമുതല്‍ ഇത് ഒരു പ്രധാന തീര്‍ത്ഥാടനകേന്ദ്രമാണ്. 22 മൈലുകളോളം ദൂരത്തുള്ള കോര്‍ഡോബ നഗരത്തില്‍നിന്ന് ഏകദേശം 30000 തീര്‍ത്ഥാടകരാണ് 2023ല്‍ മാത്രം ഈ ദൈവാലയം സന്ദര്‍ശിച്ചത്. ഈ വര്‍ഷം ഈ ദൈവാലയത്തിലേക്കുള്ള തീര്‍ത്ഥാടനത്തിന്റെ 47ാം വര്‍ഷമായിരുന്നു. 2023ല്‍ ലോക രോഗിദിനമായ ഫെബ്രുവരി 11ന് കോര്‍ഡോബാ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായ കര്‍ദിനാള്‍ ഏയ്ഞ്ചല്‍ സിക്‌സ്റ്റോ റോസിയാണ് പ്രത്യേക ദിവ്യബലി അര്‍പ്പിച്ചത്. ദിവ്യബലിക്കിടെ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്, ”ബലഹീനതയും രോഗങ്ങളുമെല്ലാം നമ്മുടെ ഈ ജീവിതത്തിന്റെ ഭാഗമാണ്. അത് നമ്മെ ദൈവജനമല്ലാതെയാക്കുന്നില്ല. പകരം അത് നമ്മെ ദൈവത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കുന്നു. കാരണം ദൈവം പിതാവാണ്, വഴിമധ്യേ ഒരു കുഞ്ഞും നഷ്ടപ്പെടാന്‍ അവിടുന്ന് ആഗ്രഹിക്കുന്നില്ല.”
ഒരാളെയും നഷ്ടപ്പെടുത്താന്‍ ദൈവം ആഗ്രഹിക്കാത്തതുകൊണ്ടായിരിക്കാം ഈ അത്ഭുതചിത്രവും എല്ലാവര്‍ക്കും ദൃശ്യമാകുന്നത്.

അത്ഭുതചിത്രത്തിന്റെ ചരിത്രം

ആള്‍ട്ടാ ഗ്രേസിയായിലെ പരിശുദ്ധ കന്യകയുടെ വലിയ ചാപ്പലിനോടനുബന്ധിച്ച്, 1916ല്‍ ലൂര്‍ദിലെ മാതാവിന്റെ നാമത്തില്‍ ഒരു ഗ്രോട്ടോ ക്രമീകരിക്കപ്പെട്ടു.
1922ല്‍ ഗ്രോട്ടോയ്ക്ക് സമീപം ഒരു ചാപ്പല്‍ നിര്‍മിക്കാനായി ഒരു കമ്മിഷനെ നിയോഗിച്ചു. 1924ല്‍ ശിലാസ്ഥാപനം നടത്തി, 1927ല്‍ ചാപ്പല്‍ നിര്‍മാണം പൂര്‍ത്തിയാക്കി വെഞ്ചിരിച്ചു. ചാപ്പലിലെ അള്‍ത്താരയ്ക്ക് മുകളില്‍ ലൂര്‍ദ്മാതാവിന്റെ ഒരു രൂപം സ്ഥാപിച്ചു.

2011 പകുതിയോടെ, ചാപ്പലിന്റെ നവീകരണാര്‍ത്ഥം ദൈവമാതൃരൂപം താത്കാലികമായി താഴേക്ക് എടുത്തുമാറ്റി. അങ്ങനെ ആ രൂപം ഇരുന്ന സ്ഥലം ശൂന്യമായാണ് കിടന്നിരുന്നത്.
ഒരു ദിവസം ചാപ്പലിന്റെ മേല്‍നോട്ടം വഹിച്ചിരുന്ന വൈദികന്‍ ചാപ്പല്‍ അടയ്ക്കാനായി ചെന്നപ്പോള്‍, മാതാവിന്റെ രൂപം മാറ്റി, ശൂന്യമായി കിടന്ന സ്ഥലത്ത് മാതാവിന്റെ അത്ഭുത ചിത്രം കണ്ടു. വൈദികന്‍ പ്രധാനവാതില്‍ക്കല്‍ നില്ക്കുമ്പോഴാണ് ഈ അസാധാരണ പ്രതിഭാസം കാണു്ന്ന്.

ശൂന്യമായിക്കിടന്ന സ്ഥലത്ത് പ്ലാസ്റ്റര്‍ക്കൊണ്ട് നിര്‍മിച്ചതുപോലെയാണ് ചിത്രം കാണപ്പെട്ടത്. എന്നാല്‍ അടുത്തുവന്നു നോക്കുമ്പോള്‍ വ്യക്തത കുറയുന്നതുപോലെ തോന്നും. ഇപ്രകാരം പല തവണ അടുത്തുവന്നപ്പോഴെല്ലാം അത് മങ്ങുന്നതുപോലെ തോന്നി. വാസ്തവത്തില്‍ അവിടെ ഒരു ചിത്രമില്ലായിരുന്നു. പക്ഷേ അദ്ദേഹത്തിന് ദൈവ്മാതൃചിത്രം വ്യക്തമായി കാണുകയും ചെയ്യാമായിരുന്നു.

ഈ പ്രതിഭാസം എല്ലാവര്‍ക്കും ദൃശ്യമായതിനാല്‍ തീര്‍ത്ഥാടനകേന്ദ്രത്തിലെ നിഷ്പാദുക കര്‍മലീത്താവൈദികര്‍ 2011ല്‍ ഈ അത്ഭുതചിത്രത്തിന്, എല്ലാവരും കാണുന്നതല്ലാതെ മറ്റൊരു വിശദീകരണമില്ല എന്ന് വ്യക്തമാക്കിക്കൊണ്ട് ഒരു പ്രസ്താവന പുറപ്പെടുവിച്ചു. ക്രൈസ്തവവിശ്വാസം വര്‍ധിപ്പിക്കാനും ആഴപ്പെടുത്താനുമുള്ള ഒരു അടയാളമായി ദൈവജനം ഇതിനെ മനസിലാക്കണമെന്ന് അതില്‍ സൂചിപ്പിച്ചിരുന്നു. ദൈവസ്‌നേഹത്തിലേക്ക് ഹൃദയങ്ങളെ അടുപ്പിക്കാനും സഭയോട് ചേര്‍ന്നുനില്‍ക്കാനുമുള്ള ഒരു അടയാളമെന്ന നിലയിലും ഈ ചിത്രത്തെ കാണാമെന്നും പ്രസ്താവനയില്‍ പറഞ്ഞു. ദൈവമാതാവായ പരിശുദ്ധ കന്യാമറിയത്തിന്റെ ഈ അത്ഭുതചിത്രം, മറ്റെല്ലാ ദൈവമാതൃ ചിത്രങ്ങളുംപോലെ അനേകരെ ദൈവത്തിലേക്കടുപ്പിക്കാന്‍ കാരണമായിത്തീരട്ടെ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?