ന്യൂഡല്‍ഹി: രാജ്യത്തെ സുപ്രധാന ഗവേഷണ സ്ഥാപനമായ ന്യൂഡല്‍ഹി ആസ്ഥാനമായുള്ള ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ (ഐഎസ്‌ഐ) ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് (എഫ്‌സിആര്‍എ) ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി.
ലൈസന്‍സിംഗ് പുതുക്കി നല്‍കുന്നതിനുള്ള നിയമം സ്ഥാപനം ലംഘിച്ചുവെന്നല്ലാതെ കൂടുതല്‍ വിശദാംശങ്ങള്‍ പറയാന്‍ ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ലയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
1951 ല്‍ ഈശോ സഭാ വൈദീകന്‍ ഫാ. ജെറോം ഡിസൂസയാണ് ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിച്ചത്. സ്വതന്ത്ര്യം നേടിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വികസനത്തിന് സഹായിക്കാനാണ് ഈ സ്ഥാപനം പ്രവര്‍ത്തനമാരഭിച്ചതെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഇപ്പോഴത്തെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സെബാസ്തി എല്‍. രാജ് മാധ്യമങ്ങളോട് പറഞ്ഞു.
ഐഎസ്‌ഐ ഒരിക്കലും സുവിശേഷീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ല. സാമൂഹിക ഗവേഷണം മാത്രമാണ് നടത്തിയുള്ളതെന്നും ഫാ. രാജ് പറഞ്ഞു.
ഇന്‍സ്റ്റിറ്റിയൂട്ട് 2023 ല്‍ പ്രസിദ്ധീകരിച്ച സോഷ്യല്‍ ആക്ഷന്‍ ജേണലില്‍ ദേശീയ വിദ്യാഭ്യാസ നയം 2020 വിമര്‍ശനാത്മകമായി വിശകലനം ചെയ്തിരുന്നു. മുന്‍ പതിപ്പില്‍ കാശ്മീരിലും നാഗാലാന്‍ഡിലും ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ ആഭ്യന്തര സംഘര്‍ഷങ്ങളെ കുറിച്ചായിരുന്നു വിശകലനം നടത്തിയത്.
ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ട് മൂന്നുമാസം കൂടുമ്പോള്‍ പുറത്തിറക്കുന്ന ജേണലാണ് ‘സോഷ്യല്‍ ആക്ഷന്‍’. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ കണ്‍സോര്‍ഷ്യം ഫോര്‍ അക്കാദമിക് റിസര്‍ച്ച് ആന്‍ഡ് എത്തിക്‌സില്‍ അംഗീകൃത സോഷ്യല്‍ സയന്‍സ് ജേണലായി ‘സോഷ്യല്‍ ആക്ഷന്‍’ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒകളുടെ വിദേശ ഫണ്ടുകളെ നിയന്ത്രിക്കുന്നതിനാണ് എഫ്‌സിആര്‍എ പാസാക്കിയത്. ഓരോ അഞ്ച് വര്‍ഷത്തിലും ഇത് പുതുക്കണം. 2020ല്‍ ഭേദഗതി വരുത്തിയ ശേഷം, സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെയുള്ള ആയുധമായി എഫ്‌സിആര്‍എ ഉപയോഗിക്കുന്നതായി വ്യാപക പരാതിയുണ്ട്.
നൂറുകണക്കിന് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകളും മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റി ഉള്‍പ്പെടെയുള്ള നിരവധി കത്തോലിക്കാ സ്ഥാപനങ്ങളും ഇതിന് ഇരയാക്കപ്പെട്ടിട്ടുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *