Follow Us On

22

November

2024

Friday

വിശുദ്ധ നക്ഷത്രങ്ങള്‍ ഉദിച്ചുകൊണ്ടിരിക്കുന്നു

വിശുദ്ധ നക്ഷത്രങ്ങള്‍  ഉദിച്ചുകൊണ്ടിരിക്കുന്നു

ജയ്‌മോന്‍ കുമരകം
കുടുംബജീവിതത്തിലൂടെയും ഒരാള്‍ക്ക് വിശുദ്ധി പ്രാപിക്കുവാന്‍ കഴിയുമെന്ന് തെളിയിച്ച അല്മായ പ്രേഷിതന്‍ ദൈവദാസന്‍ പുത്തന്‍പറമ്പില്‍ തൊമ്മച്ചനെ ധന്യപദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. തൊമ്മച്ചന്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടിട്ട് ഇപ്പോള്‍ 116 വര്‍ഷങ്ങള്‍ പൂര്‍ത്തിയായി.

അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ വിശുദ്ധ ജീവിതത്തില്‍ ആകൃഷ്ടനായി ക്രിസ്തുവിനെ ആവേശത്തോടെ പ്രണയിച്ച കുടുംബസ്ഥനായിരുന്നു കുട്ടനാട്ടുകാരനായ തൊമ്മച്ചന്‍. വിശുദ്ധ ഫ്രാന്‍സിസ് രണ്ടാം ക്രിസ്തു എന്നു വിളിക്കപ്പെട്ടെങ്കില്‍ രണ്ടാം ഫ്രാന്‍സിസ് എന്ന് ഉറപ്പായും വിശേഷിപ്പിക്കാവുന്ന ആത്മീയ പ്രതിഭാസമാണ് കേരള അസീസി ദൈവദാസന്‍ പുത്തന്‍പറമ്പില്‍ തൊമ്മച്ചന്‍. 1908 നവംബര്‍ ഒന്നിന് നിത്യതയിലേക്ക് പ്രവേശിച്ച തൊമ്മച്ചന്‍ 104 വര്‍ഷങ്ങള്‍ക്കുശേഷമാണ് ദൈവദാസന്‍ എന്ന പദവിയിലേക്കുയര്‍ത്തപ്പെടുന്നത്.

1865 ല്‍ തൊമ്മച്ചന്‍ കെട്ടിയുയര്‍ത്തിയ ‘കയറുകെട്ടിയവരുടെ സംഘം’ എന്ന ആത്മീയ പ്രസ്ഥാനമാണ് പിന്നീട് ഫ്രാന്‍സിസ്‌കന്‍ അല്മായ മൂന്നാം സഭയായി മാറിയത്. തൊമ്മച്ചന്റെ സംഘടനാപാടവവും ആത്മീയ പ്രവര്‍ത്തനങ്ങളും പരിത്യാഗപ്രവൃത്തികളും സര്‍വോപരി ഫ്രാന്‍സിസ് പുണ്യവാളന്റെ സ്വര്‍ഗീയ മധ്യസ്ഥവും വഴി സഭാധികാരികള്‍ മൂന്നാംസഭയെ കേരളത്തിലെ എണ്ണപ്പെട്ട അല്മായ സംഘടനയാക്കി ഉയര്‍ത്തി.
വിശുദ്ധ ഫ്രാന്‍സിസ് വനിതകള്‍ക്കായി ആരംഭിച്ച ഫ്രാന്‍സിസ്‌കന്‍ രണ്ടാം സഭയാണ് ക്ലാരസഭ. കേരളത്തിലെ ക്ലാരസഭ (എഫ്‌സിസി) പുത്തന്‍പറമ്പില്‍ തൊമ്മച്ചന്റെ മൂന്നാം സഭോദ്യാനത്തില്‍ വിരിഞ്ഞ നറുമലരാണ്. ഫ്രാന്‍സിസ്‌കന്‍ ദാരിദ്ര്യത്തിലും എളിമയിലും ഒരു സമൂഹമായി നാഥനെ അടുത്തനുകരിച്ച് ജീവിക്കന്‍ ആഗ്രഹം പ്രകടിപ്പിച്ച പാലാ പള്ളി മൂന്നാം സഭാംഗങ്ങളായ ഏതാനും ഭക്തസ്ത്രീകളാണ് ക്ലാരസഭയുടെ ആദ്യഅംഗങ്ങള്‍. ക്ലാരസഭയെക്കുറിച്ച് അവര്‍ക്ക് പറഞ്ഞുകൊടുത്തതും അവരെ പരിശീലിപ്പിച്ചതും തൊമ്മച്ചനാണ്. മൂന്നാം സഭാനിയമാവലിയനുസരിച്ചാണ് അവര്‍ ജീവിച്ചത്. 1888 ഡിസംബര്‍ നാലിന് കോട്ടയം വികാരി അപ്പസ്‌തോലിക്ക ചാള്‍സ് ലവീഞ്ഞ് എട്ട് അര്‍ത്ഥിനികള്‍ക്ക് സഭയുടെ ഔദ്യോഗികവസ്ത്രം നല്‍കിക്കൊണ്ട് ഈ സന്യാസ സമൂഹത്തിന് കേരളത്തില്‍ അംഗീകാരം നല്‍കി.

പുത്തന്‍പറമ്പില്‍ തൊമ്മച്ചന്‍ മൂന്നാം സഭയിലൂടെ വിശുദ്ധ ഫ്രാന്‍സിസിന്റെ ചൈതന്യം പകര്‍ന്നു നല്‍കി പരിപോഷിപ്പിച്ചില്ലായിരുന്നെങ്കില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ഈ സഭ കേരളക്കരയില്‍ യാഥാര്‍ത്ഥ്യമാകുമായിരുന്നില്ല. ദിവ്യകാരുണ്യ ആരാധനാ സഭ (എസ്എബിഎസ്) യുടെ സ്ഥാപനത്തിനും നിര്‍ണായക സംഭാവന നല്‍കിയത് പുത്തന്‍പറമ്പില്‍ തൊമ്മച്ചനാണ്. തികഞ്ഞ താപസനായിരുന്ന തൊമ്മച്ചന്‍ ഗുഹകളിലും വനാന്തരങ്ങളിലും ഏറെ സമയം പ്രാര്‍ത്ഥനയോടെ ചെലവഴിച്ചു. ചെന്നിടങ്ങളിലും തങ്ങിയസ്ഥലങ്ങളിലുമൊക്കെ സഭാവിശ്വാസ സമൂഹങ്ങള്‍ പിന്നീട് രൂപപ്പെട്ടു. പിന്നീടത് ദൈവാലയങ്ങളായി. പഴയ കൊരട്ടി, മാരായമുറ്റം, പൂന്തോപ്പ് എന്നീ ദൈവാലയങ്ങള്‍ ഇങ്ങനെ രൂപപ്പെട്ടതാണ്. അല്മായ ശാക്തീകരണത്തിനായി ഏറെ മുറവിളികളുയരുന്ന ഈ കാലഘട്ടത്തില്‍ ഈ വിശുദ്ധജന്മം സഭയുടെ ഔദ്യോഗിക വിശുദ്ധരുടെ പട്ടികയില്‍ ഇടം കണ്ടെത്താനായി എല്ലാ വിശ്വാസികളും പ്രാര്‍ത്ഥിക്കണം.

കണ്ണൂരിന്റെ ദൈവദാസന്‍
ഫാ. ലീനസ് മരിയ സുക്കോള്‍ എന്ന ഇറ്റാലിയന്‍ ജെസ്യൂട്ട് വൈദികനെ കണ്ണൂര്‍ ജനത മാത്രമല്ല, കേരളവും മറക്കില്ല. അദ്ദേഹത്തിന്റെ മരണത്തിന്റെ പത്താംവാര്‍ഷികവും പ്രാര്‍ത്ഥനാപൂര്‍വ്വം നാട് ആഘോഷിച്ചു. കണ്ണൂര്‍ രൂപതയിലെ പരിയാരത്തിനടുത്ത് മരിയാപുരം നിത്യസഹായ ദൈവാലയത്തിലെ കബറിടത്തില്‍ പ്രാര്‍ഥിക്കാനെത്തുന്നവരുടെ എണ്ണം ഓരോ ദിവസവും വര്‍ധിച്ചുവരുകയാണ്. ഒരു വൈദികനല്ല, വിശുദ്ധന്‍ തന്നെയാണ് ഇവിടെ നിത്യനിദ്രകൊള്ളുന്നതെന്നാണ് സന്ദര്‍ശകരുടെ വാക്കുകള്‍ സൂചിപ്പിക്കുന്നതും.

സമൂഹത്തില്‍ ഭവനരഹിതര്‍ ഉണ്ടാകരുതെന്ന ലക്ഷ്യം വച്ച് നിര്‍ധനരായ ഏഴായിരത്തിലധികം കുടുംബങ്ങള്‍ക്കാണ് അദ്ദേഹം സ്ഥലവും വീടും സമ്മാനിച്ചിട്ടുള്ളത്. അവര്‍ക്കെല്ലാം കുടിവെള്ളം ലഭ്യമാക്കാനായി കിണറുകളും നിര്‍മിച്ചുനല്‍കി. പരാശ്രയമില്ലാതെ സ്വയംതൊഴില്‍ കണ്ടെത്തി ജീവിക്കാനായി ദരിദ്രരായ പതിനായിരങ്ങള്‍ക്ക്, തയ്യല്‍ മെഷീന്‍, ഓട്ടോറിക്ഷ, കറവപ്പശു, ആട്, കോഴി തുടങ്ങിയവയിലൂടെ വരുമാന സ്രോതസ് ഒരുക്കി കൊടുത്തു. രോഗികള്‍ക്ക്, ചികിത്സാസഹായം നല്‍കി. ജാതി മത ഭേദമന്യേ അനേകായിരങ്ങള്‍ക്ക്, സാന്ത്വനത്തിന്റെ തൂവല്‍ സ്പര്‍ശമായി ജീവിച്ച സ്‌നേഹകാരുണികനായിരുന്നു സുക്കോളച്ചന്‍.

ജപ്പാനിലോ, ആഫ്രിക്കയിലോ പോയി മിഷനറി പ്രവര്‍ത്തനം നടത്തണമെന്ന് ആഗ്രഹിച്ച ഇറ്റലിക്കാരനായ സുക്കോളച്ചന്‍ എത്തിച്ചേര്‍ന്നത് കേരളത്തിലെ കണ്ണൂരിലാണെന്ന് മാത്രം. പാവപ്പെട്ടവനില്‍ പാവപ്പെട്ടവനായി ലളിതജീവിതം നയിച്ചു അദേഹം. മരിയാപുരം ഇടവകപള്ളിയുടെ സമീപം, ഒരു ഫാന്‍ പോലുമില്ലാത്ത, ഒരു കുടുസുമുറിയില്‍, ഒരു പലകക്കട്ടിലില്‍ അച്ചന്‍ അന്തിയുറങ്ങി. പ്രശസ്തിയോ പ്രതിഫലമോ സുഖസൗകര്യമോ ഒന്നും തനിക്കുവേണ്ട എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഒരിക്കല്‍ അദ്ദേഹത്തെ കാണാനായി എത്തുമ്പോള്‍ ഏതാനും പേരുടെ ഇടയിലായിരുന്നു അദ്ദേഹം. ശാലോമില്‍നിന്നാണെന്നും അങ്ങയുടെ നന്മ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കേട്ടറിഞ്ഞ് വന്നതാണെന്നും പറഞ്ഞപ്പോള്‍ ചിരിച്ചു, അഭിമുഖമെടുക്കാനൊരുങ്ങിയപ്പോള്‍ സ്‌നേഹപൂര്‍വം വിലക്കി. ഒരു പ്രവര്‍ത്തവും ആരും അറിയരുതെന്നാണ് ആഗ്രഹം. അങ്ങനെ ജീവിക്കാനാണ് എനിക്കിഷ്ടവും.

രണ്ടുപ്രാവശ്യം തുന്നിക്കൂട്ടിയ ചെരിപ്പ് പിന്നെയും പൊട്ടിയപ്പോള്‍ മൂന്നാമതും തുന്നുന്നതിനായി അച്ചന്‍ കൈക്കാരനെ ഏല്‍പിച്ച സംഭവം പറഞ്ഞത് പള്ളിമുറ്റത്ത് നിന്നൊരാള്‍. കീറി പിഞ്ഞിയ ചെരുപ്പ് ഇനിയും തുന്നാന്‍ പോയാല്‍ ചെരുപ്പുകുത്തി പുറത്തേക്കത് വലിച്ചെറിയുമെന്നും പുതിയതൊന്നു വാങ്ങിത്തരാമെന്നും പറഞ്ഞിട്ട് പോലും അച്ചന്‍ സമ്മതിച്ചില്ലത്രേ. ”എനിക്ക് ദാരിദ്ര്യവ്രതമാണെന്ന് നിനക്കറിയില്ലേ. നീ വാങ്ങിത്തന്നാലും ഞാനത് ഉപയോഗിക്കില്ല. എന്നായിരുന്നു അച്ചന്റെ നിലപാട്. മറ്റുള്ളവര്‍ക്ക് ഫാനും മറ്റു സൗകര്യങ്ങളും ലഭ്യമാക്കിയ അച്ചന്‍ ഒരിക്കലും ഫാനിന്റെ കുളിര്‍ക്കാറ്റ് പോലും അറിഞ്ഞിട്ടില്ല.
സുക്കോളച്ചന്‍ ഉപയോഗിച്ചിരുന്ന കുടയുടെ കാല്‍, പട്ടി കടിച്ചുമുറിച്ചിട്ടും പുതിയൊരു കുട മാറ്റിവാങ്ങാന്‍ അച്ചന്‍ തയാറായില്ല. ട്രസ്റ്റി പുതിയതൊന്ന് വാങ്ങിനല്‍കിയെങ്കിലും അദ്ദേഹം അത് മഴ നനഞ്ഞു വന്നൊരാള്‍ക്ക് സമ്മാനിച്ചു.

ഒടുവില്‍ കടുത്ത നിര്‍ബന്ധത്തിനു വഴങ്ങിയാണ് പൊട്ടിപ്പോയ കുടയുടെ കാല്‍ മാറ്റാന്‍ തയാറായത്. അത്രത്തോളം നിലപാടുകളില്‍ കാര്‍ക്കശ്യവും ബന്ധങ്ങളില്‍ ഊഷ്മളതയും പുലര്‍ത്തിയ വ്യക്തിയായിരുന്നു സുക്കോളച്ചന്‍. ശ്വാസകോശത്തില്‍ കാന്‍സര്‍ സംഹാരതാണ്ഡവമാടിയപ്പോഴും വേദനയുടെ ചെറുകണിക പോലും അച്ചന്‍ പുറത്തുകാട്ടിയില്ല. 2014 ജനുവരി 6 നായിരുന്നു മരണം. സുക്കോളച്ചന്‍ പണികഴിപ്പിച്ച മരിയാപുരം നിത്യസഹായ മാതാ ദൈവാലയത്തിനുള്ളില്‍ അദ്ദേഹത്തിന്റെ ഭൗതികശരീരം അടക്കം ചെയ്തു. ആ കല്ലറക്കു മുകളില്‍ ഈ വാചകങ്ങള്‍ കാണാം, ദൈവത്തില്‍ നിന്ന് ദൈവത്തോടൊപ്പം ദൈവത്തിങ്കലേക്ക്. സുക്കോളച്ചനെപോലെ ഒരാള്‍ നമ്മിലൂടെ കടന്നുപോകണം. ഇടയ്ക്കിടെ. മെല്ലെ മെല്ലെ. കാരുണ്യം കിനിയുന്ന പുഞ്ചിരിയോടെയുള്ള ആ കടന്നുപോകല്‍ നമ്മുടെ ഹൃദയങ്ങളെ കൂടുതല്‍ തരളിതമാക്കും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?