Follow Us On

07

January

2025

Tuesday

മതപരിവര്‍ത്തനങ്ങളെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ തിരഞ്ഞെടുപ്പ് തന്ത്രം : ബിഷപ്പ് പോള്‍ ടോപ്പോ

മതപരിവര്‍ത്തനങ്ങളെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ തിരഞ്ഞെടുപ്പ് തന്ത്രം : ബിഷപ്പ് പോള്‍ ടോപ്പോ

റായ്പൂര്‍ (ഛത്തീസ്ഗഡ്): മതപരിവര്‍ത്തനങ്ങളെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ ദേശീയ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തീവ്രഹിന്ദുത്വ സംഘടനകളുടെ വര്‍ഗീയ ധ്രുവീകരണത്തിനുള്ള രാഷ്ട്രീയ തന്ത്രമാണെന്ന് റായ്ഗഡ് രൂപതാ ബിഷപ്പ് പോള്‍ ടോപ്പോ.

ഛത്തീസ്ഗഡിലെ ബെമെത്ര ജില്ലയില്‍ മതപരിവര്‍ത്തന നിരോധന നിയമം ലംഘിച്ച് 25 അംഗങ്ങള്‍ അടങ്ങുന്ന അഞ്ച് ആദിവാസി കുടുംബങ്ങള്‍ ക്രിസ്തുമതം സ്വീകരിച്ചതായി ആര്‍എസ്എസിന്റെ മുഖപത്രമായി കണക്കാക്കപ്പെടുന്ന ഓര്‍ഗനൈസര്‍ വീക്കിലി നല്‍കിയ വാര്‍ത്തയെ നിരാകരിച്ചുകൊണ്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വാര്‍ത്തയില്‍ ഞങ്ങള്‍ ആശ്ചര്യപ്പെടുന്നില്ല. ഇത് അവരുടെ തന്ത്രമാണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഛത്തീസ്ഗഡില്‍ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പില്‍ പോലും, ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ തീവ്രഹിന്ദുത്വ ഗ്രൂപ്പുകള്‍ ഇതേ തന്ത്രങ്ങള്‍ ഉപയോഗിച്ചു’ അദ്ദേഹം പറഞ്ഞു.

ഹിന്ദു അനുകൂല സംഘടനകള്‍ പിന്തുണയ്ക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തുടര്‍ച്ചയായി മൂന്നാം തവണയും ജനവിധി തേടുകയാണ്. പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി, ഹിന്ദു അനുകൂല പാര്‍ട്ടിയും അതിന്റെ മാതൃസംഘടനയായ ആര്‍എസ്എസും വോട്ടര്‍മാരെ വര്‍ഗീയമായി ധ്രുവീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായി ആരോപിക്കപ്പെടുന്നു.
സംസ്ഥാനത്തെ കര്‍ക്കശമായ മതപരിവര്‍ത്തന നിരോധന നിയമത്തില്‍ മതപരിവര്‍ത്തന ചടങ്ങുകള്‍ ജില്ലാ അധികാരികളെ അറിയിച്ചതിന് ശേഷം മാത്രമേ നടത്താവൂ എന്ന് വ്യവസ്ഥ ചെയ്യുന്നു.

2006 ല്‍ ഛത്തീസ്ഗഢില്‍ നിലവില്‍ വന്ന മതപരിവര്‍ത്തന നിരോധന നിയമം ലംഘിച്ചതിന് ഗോത്രവര്‍ഗക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഓര്‍ഗനൈസര്‍ വീക്കിലി ആവശ്യപ്പെട്ടു.

നിയമനടപടികള്‍ സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് തീവ്രഹിന്ദു സംഘടനകള്‍ ഭീഷണിപ്പെടുത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്രിസ്ത്യാനികളായ ഗോത്രവര്‍ഗക്കാരെ ഗോത്രവര്‍ഗപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് സമയത്ത്ഹിന്ദു ഗ്രൂപ്പുകള്‍ റാലികള്‍ നടത്തിയെന്ന് ബിഷപ്പ് ടോപ്പോ പറഞ്ഞു.

ഗോത്രവര്‍ഗക്കാരായി അവരെ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നത് ഗോത്രവര്‍ഗക്കാര്‍ക്കുള്ള സര്‍ക്കാര്‍ ഇളവുകള്‍ക്ക് ഗോത്രവര്‍ഗ ക്രിസ്ത്യാനികളെ അയോഗ്യരാക്കുമെന്ന് ബിഷപ് ചൂണ്ടിക്കാട്ടി.

ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന് ശേഷം സ്വീകരിച്ച ഇന്ത്യയുടെ സ്ഥിരീകരണ പ്രവര്‍ത്തന നയത്തിന് കീഴില്‍, അവരുടെ മതം പരിഗണിക്കാതെ, ഗോത്രവര്‍ഗക്കാര്‍ക്ക് സംസ്ഥാന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പൊതുമേഖലാ കമ്പനികളിലെയും സംവരണ ക്വാട്ട പോലുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്‌.

ഛത്തീസ്ഗഡിലെ 30 ദശലക്ഷം ജനങ്ങളില്‍ 30 ശതമാനത്തിലധികം ആദിവാസികളാണ്.  ക്രിസ്ത്യാനികള്‍ സംസ്ഥാന ജനസംഖ്യയുടെ 2 ശതമാനത്തില്‍ താഴെ മാത്രമാണുള്ളത്.

 

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?