Follow Us On

02

January

2025

Thursday

രാഷ്ട്രീയ അതിപ്രസരം കലാലയങ്ങള്‍ക്ക് ശ്വാസംമുട്ടുന്നു

രാഷ്ട്രീയ അതിപ്രസരം കലാലയങ്ങള്‍ക്ക്  ശ്വാസംമുട്ടുന്നു

ആശങ്കപ്പെടുത്തുന്ന വാര്‍ത്തകളാണ് കേരളത്തിലെ കലാലയങ്ങളില്‍നിന്നും കേള്‍ക്കുന്നത്. കരയും കടലും താണ്ടി വിദേശങ്ങളിലേക്ക് വിദ്യാഭ്യാസത്തിനായി മക്കളെ അയക്കുന്നതിലും പല രക്ഷിതാക്കളെ ഇപ്പോള്‍ ഉല്‍ക്കണ്ഠപ്പെടുത്തുന്നത് സംസ്ഥാനത്തെ കലാലയങ്ങളിലേക്ക് വിടാനായിരിക്കും. പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ ദാരുണ അന്ത്യം രക്ഷിതാക്കളുടെ ആശങ്ക വീണ്ടും വര്‍ധിപ്പിച്ചിരിക്കുന്നു. സഹപാഠികള്‍ത്തന്നെ അന്തകരായി മാറുമ്പോള്‍ രക്ഷിതാക്കള്‍ എങ്ങനെ ആശങ്കപ്പെടാതിരിക്കും?

പക്ഷപാതപരമായ നിലപാടുകള്‍
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ ബാധിച്ചിരിക്കുന്ന പ്രതിസന്ധി ചെറുതല്ലെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗം ഇപ്പോള്‍ത്തന്നെ പ്രതിസന്ധികളുടെ നടുവിലാണ്. പ്രശസ്തമായ കോളജുകളില്‍പ്പോലും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ ചാവേറുകളായി വിദ്യാര്‍ത്ഥികള്‍ മാറുമ്പോള്‍ ജനാധിപത്യത്തിന് താളംതെറ്റും. സര്‍ഗാത്മക ചിന്തകള്‍ ഉയര്‍ന്നുവരേണ്ട കലാലയങ്ങളില്‍ ചിലര്‍ ശത്രുതയുടെയും ഭിന്നതയുടെയും വിത്തുകള്‍ വിതയ്ക്കുകയും അതില്‍നിന്ന് വിളവെടുക്കുകയും ചെയ്യുന്നു. ജനാധിപത്യത്തെക്കുറിച്ചും പൗരാവകാശങ്ങളെപ്പറ്റിയും ബോധ്യങ്ങള്‍ ലഭിക്കേണ്ട ഇടങ്ങളില്‍ അവയ്ക്കു വിപരീതമായ കാര്യങ്ങളാണ് സംഭവിക്കുന്നത്. വിജ്ഞാന കേന്ദ്രങ്ങളും തലമുറകളെ രൂപപ്പെടുത്തുന്ന ഇടങ്ങളുമായ കലാലയങ്ങളിലെ അപകടകരമായ പ്രവണതകള്‍ കണ്ടില്ലെന്നു നടിക്കാനാവില്ല.

സാധാരണ ഗ്രാമങ്ങളില്‍നിന്നുവരെയുള്ള കുട്ടികള്‍ വിദേശത്തുള്ള കോളജുകളില്‍ പ്രവേശനം നേടുന്ന കാലത്താണ് നമ്മുടെ കലാലയങ്ങള്‍ ഇരുണ്ടയുഗത്തിലേക്ക് നീങ്ങുന്നത്. സമൂഹത്തിലെ അനീതികള്‍ക്കെതിരെ യുവജനങ്ങളില്‍നിന്നും പ്രതികരണങ്ങള്‍ ഉയരുന്നത് സ്വാഭാവികമാണ്. എന്നാല്‍, നിഷ്പക്ഷ നിലപാടുകള്‍ സ്വീകരിക്കേണ്ടവര്‍ കൊടിയുടെ നിറം നോക്കി അഭിപ്രായം പറയുകയും നീതികേടുകളുടെ വാഴ്ത്തുപാട്ടുകാരായി മാറുകയും ചെയ്യുന്നത് രാജ്യത്തിന് ഗുണകരമല്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ താല്പര്യസംരക്ഷകരായി വിദ്യാര്‍ത്ഥികള്‍ മാറുമ്പോള്‍ ഉന്നത വിഭ്യാസമേഖല കലുഷിതമാകുകയും നിരവാരത്തകര്‍ച്ച സംഭവിക്കുകയും ചെയ്യും.

ആശയങ്ങള്‍ക്കുപകരം ആയുധങ്ങള്‍
കഴിഞ്ഞ 25 വര്‍ഷങ്ങള്‍ വിലയിരുത്തിയാല്‍ അറിവിന്റെയും സാങ്കേതികവിദ്യയുടെയും മേഖലയില്‍ വിജ്ഞാന വിസ്‌ഫോടനമാണ് ഉണ്ടായിരിക്കുന്നത്. ലോകത്തിന്റെ ഏതു കോണില്‍ സംഭവിക്കുന്ന കാര്യങ്ങളും നമ്മുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാണ്. മാറ്റമുണ്ടാകാത്തത് ഇവിടുത്തെ കലാലയ രാഷ്ട്രീയത്തിനുമാത്രമാണ്. ആശയങ്ങള്‍ക്കുപകരം കല്ലും വടികളുമൊക്കെയാണ് ഇപ്പോഴും അവരുടെ ആയുധങ്ങള്‍. അതു സ്വന്തം സഹപാഠിക്കുനേരെ പോലും ഉയര്‍ത്താന്‍ കഴിയുന്ന രീതിയില്‍ അവരുടെ മനസുകല്ലിച്ചു പോയിട്ടുണ്ടെങ്കില്‍ എവിടെയൊക്കെയോ പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നു തീര്‍ച്ച. രാഷ്ട്രീയ വല്ക്കരണമാണ് കലാലയങ്ങളുടെ തകര്‍ച്ചക്കു പിന്നില്‍. സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍ നിയമനത്തിലും സെനറ്റ്, സിന്‍ഡിക്കേറ്റ് തുടങ്ങി സര്‍വത്ര ഇടങ്ങളിലും രാഷ്ട്രീയം നിറഞ്ഞുനില്ക്കുകയാണ്. സര്‍വകലാശാലകളുടെ സ്വയംഭരണാവകാശമൊക്കെ നിയമപുസ്തകത്തില്‍മാത്രമാണ്.

വിദേശസര്‍വകലാശാലകളില്‍ പ്രവേശനം ലഭിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലെ കലാലയങ്ങളില്‍ സംഭവിക്കുന്നതുപോലെ റാംഗിഗ് ഉണ്ടായാല്‍ എന്തായിരിക്കും അവസ്ഥ? ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പല വിദേശ സര്‍വകാലശാലകളുടെയും വരുമാനമാര്‍ഗങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു. വിദേശ സര്‍വകലാശാലകള്‍ നമ്മുടെ നാട്ടിലേക്ക് എത്തുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ഉയരുന്ന കാലത്താണ് ഇവിടുത്തെ കലാലയങ്ങളില്‍നിന്നും മനുഷ്യത്വം മരവിപ്പിക്കുന്ന വിധത്തിലുള്ള വാര്‍ത്തകള്‍ കേള്‍ക്കുന്നത്. വളര്‍ച്ചയുടെ ഗുണഫലങ്ങള്‍ പുതിയ തലമുറയിലേക്ക് എത്തണമെങ്കില്‍ കലാലയങ്ങളിലെ അന്തരീക്ഷത്തിന് മാറ്റംവന്നേ മതിയാകൂ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?