Follow Us On

26

November

2024

Tuesday

മിഷനെ പരിചയപ്പെടുത്തുന്ന മിഷന്‍ കോണ്‍ഗ്രസ്‌

മിഷനെ പരിചയപ്പെടുത്തുന്ന മിഷന്‍ കോണ്‍ഗ്രസ്‌

സിജോ ഔസേപ്പ് (ജിജിഎം ജനറല്‍ കണ്‍വീനര്‍)

അഖിലേന്ത്യതലത്തില്‍ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിവിധ മിഷന്‍ രൂപതകളും കോണ്‍ഗ്രിഗേഷനുകളും തങ്ങളുടെ മിഷനെ പരിചയപ്പെടുത്തുന്ന സ്റ്റാളുകളോടുകൂടിയ അതിവിപുലമായ എക്‌സിബിഷന്‍ അഞ്ചാമത് ജിജിഎം മിഷന്‍ കോണ്‍ഗ്രസിന്റെ പ്രത്യേകതയാണ്. 50-ല്‍ പരം സ്റ്റാളുകളാണ് മിഷന്‍ കോണ്‍ഗ്രസില്‍ ഒരുക്കിയിരിക്കുന്നത്. കെനിയ, മഡഗാസ്‌കര്‍, ഇന്ത്യയിലെ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെ പരമ്പരാഗത രീതിയില്‍ അണിയിച്ചൊരുക്കുന്ന സ്റ്റാളുകള്‍, വിവിധ നോര്‍ത്ത് ഇന്ത്യന്‍ പ്രദേശങ്ങളിലെ വിവരങ്ങള്‍ തരുന്ന നോര്‍ത്ത് ഇന്ത്യന്‍ സ്റ്റാളുകള്‍, സൗത്ത് ഇന്ത്യന്‍ മിഷനെ പരിചയപ്പെടുത്തുന്ന വിവിധ സ്റ്റാളുകള്‍ എന്നിവ ഈ മിഷന്‍ എക്‌സിബിഷന്റെ പ്രത്യേകതയാണ്. ഒരിക്കല്‍പോലും കേള്‍ക്കാത്ത-കാണാത്ത മിഷനറിമാരുടെ പ്രവര്‍ത്തനങ്ങള്‍ അവരില്‍നിന്ന് നേരിട്ടറിയാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.

മിഷന്‍ ധ്യാനം
മിഷനെക്കുറിച്ച് കൂടുതല്‍ അറിയാനും, ലോകം മുഴുവന്‍ സുവിശേഷം എത്തിക്കണമെന്നുള്ള യേശുവിന്റെ ആഹ്വാനം പ്രഘോഷിക്കാന്‍ ഒരുക്കുന്ന ധ്യാനമാണ് മിഷന്‍ ധ്യാനം. ഇംഗ്ലീഷ്, മലയാളം, തെലുങ്ക് എന്നീ ഭാഷകളിലായി അഞ്ച് ദിവസങ്ങളിലായാണ് മിഷന്‍ ധ്യാനം ഒരുക്കിയിരിക്കുന്നത്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്താണ് ഈ ധ്യാനത്തില്‍ സംബന്ധിക്കേണ്ടത്. മുന്‍കാല ജിജിഎം മിഷന്‍ ധ്യാനങ്ങളില്‍ സംബന്ധിച്ചവരില്‍ പലരും അവരുടെ ജീവിതം പ്രാര്‍ത്ഥനവഴിയും സാന്നിധ്യത്തിലൂടെയും വിവിധ മിഷന്‍ മേഖലകളിലേക്ക് വഴിതിരിച്ചുവിട്ടിട്ടുണ്ട്.

മിഷന്‍ ഗാതറിങ്ങുകള്‍
മിഷന്‍ കോണ്‍ഗ്രസിന്റെ വിവിധ ദിവസങ്ങളില്‍ വിവിധ ജീവിതാവസ്ഥയിലുള്ളവര്‍ ഒരുമിച്ചുവന്ന് മിഷനെക്കുറിച്ച് കേള്‍ക്കാനും അറിയാനും മിഷനറിയായി സ്വയം സമര്‍പ്പിക്കാനും ഒത്തുകൂടുന്ന ഏകദിന കൂട്ടായ്മകളാണ് മിഷന്‍ ഗാതറിങ്ങുകള്‍. അഞ്ചാമത് ജിജിഎം മിഷന്‍ കോണ്‍ഗ്രസില്‍ വിവിധ മിഷന്‍ ഗാതറിങ്ങുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്. മിഷന്‍ കോണ്‍ഗ്രസിന്റെ ആദ്യദിനമായ 10-ന് ബൈബിള്‍ പകര്‍ത്തി എഴുതിയവരുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നു. പുതിയനിയമം പകര്‍ത്തിയെഴുതിയവര്‍ക്കുള്ള സമ്മാനദാനവും അവരില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് വിശുദ്ധനാട് സന്ദര്‍ശിക്കാനുള്ള അവസരവുമുണ്ട്. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ സമ്മാനദാനം നിര്‍വഹിക്കും.

അന്നുതന്നെ സെമിനാരിക്കാര്‍ക്കും ആസ്പരന്‍സിനും ഉള്ള മിഷന്‍ ഗാതറിങ്ങും നടക്കും. രണ്ടാം ദിനമായ 11-ന്, ജോലിയില്‍ നിന്നും റിട്ടയര്‍ ചെയ്ത സീനിയേഴ്‌സിനായുള്ള കൂട്ടായ്മയും തൃശൂര്‍ അതിരൂപതയിലെ അമ്മമാര്‍ ഒരുമിച്ചുചേരുന്ന മിഷന്‍ മാതൃവേദിയും മിഷനെ സ്‌നേഹിക്കുന്ന വൈദികരും സിസ്റ്റേഴ്‌സും ഒരുമിച്ച് വരുന്ന കൂട്ടായ്മയും ഉണ്ട്. 12-ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മിഷനെ സ്‌നേഹിക്കുന്ന എല്ലാവരും ഒരുമിച്ചുകൂടുന്ന മെഗാ മിഷന്‍ ഡേയാണ്. തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. 13-ന് വിശ്വാസ പരിശീലന അധ്യാപകര്‍ക്കും വിശ്വാസ പരിശീലന വിദ്യാര്‍ത്ഥികള്‍ക്കും, പ്രോ-ലൈഫ് നഴ്‌സുമാര്‍ക്കും യുവജനങ്ങള്‍ക്കും വെവ്വേറെ കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നു. അവസാന ദിനമായ ഞായറാഴ്ച (14ന്) അതിഥി തൊഴിലാളികള്‍ക്കായി ഹിന്ദി ഭാഷയില്‍ കൂട്ടായ്മ നടക്കും.

വിശുദ്ധ ബലി
എല്ലാ ദിവസവും വിവിധ റീത്തുകളിലെ ബിഷപ്പുമാര്‍ വിവിധ ഭാഷകളില്‍ വിശുദ്ധ ബലിയര്‍പ്പിക്കും. ആദ്യ ദിനം സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ദിവ്യബലി അര്‍പ്പിച്ചു മിഷന്‍ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും. രണ്ടാം ദിവസം വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നുള്ള പത്തോളം ബിഷപ്പുമാര്‍ ആര്‍ച്ചുബിഷപ് ഡോ. ജോ ണ്‍ മൂലേച്ചിറയുടെ മുഖ്യകാര്‍മികത്വത്തില്‍ ലത്തീന്‍ റീത്തില്‍ ഇംഗ്ലീഷില്‍ വിശുദ്ധ ബലിയര്‍പ്പിക്കും. 12-ന് ഗുര്‍ഗോണ്‍ രൂപതാധ്യക്ഷന്‍ തോമസ് മാര്‍ അന്തോണിയോസ് മലങ്കര റീത്തില്‍ വിശുദ്ധ ബലിയര്‍പ്പിക്കും.
13-ന് ഹിന്ദി ലത്തീന്‍ റീത്തില്‍ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍ ദിവ്യബലി അര്‍പ്പിക്കും. സമാപന ദിവസമായ 14-ന് കോട്ടപ്പുറം രൂപതാ ധ്യക്ഷന്‍ ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ലത്തീന്‍ റീത്തില്‍ ദിവ്യബലി അര്‍പ്പിക്കും.

സെമിനാര്‍
ജിജിഎമ്മിന്റെ രണ്ടു ദിവസങ്ങളിലായി നടക്കുന്ന സെമിനാറുകളില്‍ ശനിയാഴ്ച ‘മണിപ്പൂര്‍ കനലാകുമ്പോള്‍’ എന്ന വിഷയത്തില്‍ മണിപ്പൂര്‍ ബിഷപ് എമരിറ്റസ് ഡൊമിനിക് ലൂമണ്‍ സംസാരിക്കും. ഞായറാഴ്ച നടക്കുന്ന സെമിനാറില്‍ അഡ്വ. ജസ്റ്റിന്‍ പള്ളിവാതിക്കല്‍ സംസാരിക്കും. മിഷനില്‍ സ്തുത്യര്‍ഹമായ സേവനം ചെയ്തവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരെ ശനിയാഴ്ച വൈകുന്നേരം 6.30ന് ആദരിക്കും

മിഷന്‍ റോസറി
ഭാരത സുവിശേഷവല്ക്കരണത്തെ പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിന് സമര്‍പ്പിച്ച് നടത്തുന്ന മിഷന്‍ റോസറിക്ക് നേതൃത്വം കൊടുക്കുന്നത് സിബിസിഐ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്താണ്. ജിജിഎമ്മിന്റെ എല്ലാ ദിവസങ്ങളിലും മിഷന്‍ പ്രദേശങ്ങളില്‍ നിന്നുള്ള ബിഷപ്പുമാരായി സംസാരിക്കാനും സംവദിക്കാനും ഉള്ള അവസരമാണ് മീറ്റ് ദ ബിഷപ്. മിഷനില്‍ നിന്നുള്ള 15 പിതാക്കന്മാരും കേരളത്തില്‍ നിന്നുള്ള 15-ഓളം പിതാക്കന്മാരും മിഷന്‍ കോണ്‍ഗ്രസില്‍ സംബന്ധിക്കുന്നുണ്ട്.

തുടക്കം
ആത്മീയ ഭൗതിക മേഖലകളില്‍ സമ്പന്നമായ കേരളസഭാംഗങ്ങള്‍ക്ക് ഇന്ത്യയിലെ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ പരിമിതികള്‍ പരിചയപ്പെടുത്തുന്നതിനായി 2017 ലാണ് പരിശുദ്ധാത്മ പ്രേരിതമായി ആദ്യത്തെ മിഷന്‍ കോണ്‍ഗ്രസ് നടത്തിയത്. ഇതുവഴി ഭാരത സഭയ്ക്ക് ഉണ്ടായ അനവധിയായ നന്മകളാണ് മിഷന്‍ കോണ്‍ഗ്രസുകള്‍ തുടര്‍ന്നും സംഘടിപ്പിക്കുവാന്‍ പ്രേരകമായത്. മിഷന്‍ കോണ്‍ഗ്രസിലെ എക്്‌സിബിഷന്‍ വഴി മിഷനിലെ നേര്‍ചിത്രങ്ങള്‍ ഹൃദയത്തില്‍ പകര്‍ത്തിയ പല കുട്ടികളും യുവാക്കളും സമര്‍പ്പിതജീവിതം തിരഞ്ഞെടുത്തു. മിഷന്‍ ധ്യാനങ്ങളില്‍ സംബന്ധിച്ച പല അല്മായരും കുറച്ചുനാളത്തേക്ക് എങ്കിലും മിഷനില്‍ ശുശ്രൂഷ ചെയ്യുവാന്‍ സന്നദ്ധത അറിയിച്ചു. മിഷന്‍ പ്രദേശങ്ങളില്‍ അനവധി ദൈവാലയങ്ങള്‍ നിര്‍മിക്കപ്പെടാന്‍ മിഷന്‍ കോണ്‍ഗ്രസുകള്‍ നിമിത്തമായി. മിഷന്‍ പ്രദേശങ്ങളുടെ യഥാര്‍ത്ഥ അവസ്ഥ മനസിലാക്കുവാന്‍ മിഷന്‍ കോണ്‍ഗ്രസ് സന്ദര്‍ശിച്ച ആബാലവൃദ്ധം ജനങ്ങള്‍ക്കും സാധിച്ചു. ഇത്തരത്തില്‍ സഭയ്ക്ക് ലഭിക്കുന്ന നിരവധി അനുഗ്രഹങ്ങളെ പ്രതിയാണ് ഓരോ വര്‍ഷവും ജിജിഎം മിഷന്‍ കോണ്‍ഗ്രസുകള്‍ അതിവിപുലമായി സംഘടിപ്പിച്ചു വരുന്നത്.

ബൈബിളില്ലാത്ത ഭാഷകളില്‍ ബൈബിള്‍ നിര്‍മിച്ച് ലോകമെങ്ങുമുള്ള മിഷന്‍ മേഖലകളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ബൈബിള്‍ നിര്‍മാണ വിതരണശുശ്രൂഷ, മധ്യസ്ഥപ്രാര്‍ത്ഥന, മിഷന്‍ മേഖലകളില്‍ ധ്യാനം എന്നിങ്ങനെ മിഷനെ പരിപോഷിപ്പിക്കാനായി നിരവധി ശുശ്രൂഷകള്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി നിര്‍വഹിച്ചുവരുകയാണ് ഫിയാത്ത് മിഷന്‍.

ദൈവത്തിന്റെ പദ്ധതികള്‍
മുമ്പുനടന്ന മിഷന്‍ കോണ്‍ഗ്രസില്‍ പാലക്കാടുനിന്നും ഒരു സംഘം യുവാക്കള്‍ മിഷന്‍ കോണ്‍ഗ്രസ് കാണുവാന്‍ വികാരിയച്ചന്റെ നേതൃത്വത്തില്‍ തീരുമാനിച്ചു. അവര്‍ ആദ്യം ലുലു മാള്‍ കാണുവാനാണ് പോയത്. സമാനപനദിനത്തിലായിരുന്നു അവര്‍ എത്തിയത്. അവസാന ദിവസമായതിനാല്‍ ഉച്ചയോടെ തന്നെ മിക്ക സ്റ്റാളുകളും പൂട്ടിക്കഴിഞ്ഞിരുന്നു. വിരലിലെണ്ണാവുന്ന സ്റ്റാളുകള്‍ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. സംഘത്തില്‍ ഉണ്ടായിരുന്ന പി.ജി കഴിഞ്ഞ ഒരു യുവാവ് സ്റ്റാളുകള്‍ കണ്ടു പുറത്തിറങ്ങിയപ്പോള്‍ സെമിനാരിയില്‍ ചേരുവാന്‍ തീരുമാനിച്ചു. ഈ വികാരിയച്ചന്‍ ഇപ്പോള്‍ എല്ലാ വര്‍ഷവും മിഷന്‍ എക്‌സിബിഷന്‍ കാണിക്കാന്‍ കുട്ടികളെയും യുവാക്കളെയുമായി എത്തുന്നുണ്ട്. തൃശൂരിലെ അമ്മാടത്തു നിന്നുള്ള പ്രാര്‍ത്ഥനാ ഗ്രൂപ്പ് അംഗങ്ങള്‍ എറണാകുളത്ത് നടന്ന മിഷന്‍ കോണ്‍ഗ്രസില്‍ സംബന്ധിച്ചു തിരിച്ചുപോകുമ്പോള്‍ അവര്‍ ഒഡീഷ സംസ്ഥാനത്തെ മിഷനെ നെഞ്ചോടുചേര്‍ത്തു. ഇപ്പോള്‍ ഒഡീഷ മിഷനിലെ രണ്ട് ഗ്രാമീണ ദൈവാലയങ്ങളും അതുപോലെ ഒരു ബോയ്‌സ് ഹോസ്റ്റലും ഈ പ്രാര്‍ത്ഥന ഗ്രൂപ്പിന്റെ ശ്രമഫലമായി മിഷനില്‍ നിര്‍മിച്ചുകഴിഞ്ഞു. ഇങ്ങനെയുള്ള നിരവധി അനുഭവങ്ങള്‍ ഓരോ മിഷന്‍ കോണ്‍ഗ്രസിനും പറയാനുണ്ട്.

ഇടവകകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും മിഷന്‍ എക്‌സിബിഷന്‍ സന്ദര്‍ശിക്കാന്‍ വരുന്ന ബസ്, മിനി ബസ് എന്നിവയ്ക്ക് ഡീസല്‍ അലവന്‍സ് ആയി കിലോമീറ്റര്‍ 15രൂപ നിരക്കില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 500 വാഹനങ്ങള്‍ക്ക് മിഷന്‍ നല്‍കുന്നതാണ്. മിഷന്‍ ധ്യാനം ഒഴിച്ചുള്ള എല്ലാ പ്രോഗ്രാമുകളിലും ഭക്ഷണം, പ്രവേശനം എന്നിവ സൗജന്യമാണ്. ഇടവക, ഫൊറോന, രൂപതാതലങ്ങളിലുള്ള ഭക്ത സംഘടനകള്‍ക്ക് മുന്‍കൂട്ടി അറിയിച്ചാല്‍ മിഷന്‍ എക്‌സിബിഷന്‍ സന്ദര്‍ശിക്കാനും ഒരുമിച്ച് കൂടാനുമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതാണ്. നമ്മള്‍ കേട്ടു മാത്രം അറിഞ്ഞ മിഷനെ കണ്ടു മനസിലാക്കാന്‍ തൃശൂര്‍ ജെറുസലേം ധ്യാനകേന്ദ്രത്തില്‍ എപ്രില്‍ 10 മുതല്‍ 14 വരെ നമുക്ക് ഒരുമിച്ചു കൂടാം.
ബുക്കിങ്ങിന് ഫോണ്‍: 8893553035

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?