Follow Us On

05

December

2024

Thursday

മൊബൈല്‍ ആപ്പിലൂടെ 20 ഭാഷകളില്‍ ബൈബിള്‍; ഫാ. ജോസുകുട്ടിക്കും തോംസണ്‍ ഫിലിപ്പിനും അവാര്‍ഡ്

മൊബൈല്‍ ആപ്പിലൂടെ 20 ഭാഷകളില്‍ ബൈബിള്‍; ഫാ. ജോസുകുട്ടിക്കും തോംസണ്‍ ഫിലിപ്പിനും അവാര്‍ഡ്

ബാംഗ്ലൂര്‍: മൊബൈല്‍ ആപ്പിലൂടെ 20 ഇന്ത്യന്‍ ഭാഷകളില്‍ ബൈബിള്‍ ലഭ്യമാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഫാ. ജോസുകുട്ടി മഠത്തിപ്പറമ്പില്‍ എസ്ഡിബിക്കും ഇലോയിറ്റ് ഇന്നവേഷന്‍സ് സിഇഒ തോംസണ്‍ ഫിലിപ്പിനും കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യ (സിസിബിഐ) യുടെ ക്രിയേറ്റീവ് ബൈബിള്‍ മിനിസ്ട്രി അവാര്‍ഡ്. സലേഷ്യന്‍ സഭ അംഗമായ ഫാ. ജോസുകുട്ടി രൂപകല്പനചെയ്ത ‘ഹോളി ബൈബിള്‍ ഇന്‍ ടങ്‌സ്’ (Holy Bible In Tounges) എന്ന മൊബൈല്‍ അപ്ലിക്കേഷന്‍ എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തോംസണ്‍ ഫിലിപ്പിന്റെ നേതൃത്വത്തില്‍ ഇലോയിറ്റ് ഇന്നവേഷന്‍സ് ആണ് വികസിപ്പിച്ചെടുത്തത്.

ഇത്രയധികം ഭാഷകളില്‍ ബൈബിള്‍ ലഭിക്കുന്ന ഒരു മൊബൈല്‍ ആപ്പ് ആദ്യമായിട്ടാണ്. ഹിന്ദി, മലയാളം, കന്നഡ തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ ഭാഷകളോടൊപ്പം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നിരവധി ഗോത്ര ഭാഷകളിലും ആഫ്രിക്കന്‍ ഭൂകണ്ഡത്തിലെ മലഗച്ച ഭാഷയിലും ബൈബിള്‍ റെക്കോര്‍ഡ് ചെയ്തു ആന്‍ഡ്രോയഡിലും ആപ്പിള്‍ അപ്ലിക്കേഷന്‍സിലും ലഭ്യമാക്കിയിട്ടുണ്ട്. വായിക്കാനും കേള്‍ക്കാനും കഴിയുന്ന വിധത്തിലുള്ള ബൈബിളിന്റ പ്രിന്റ് ഓഡിയോ വേര്‍ഷനുകള്‍ ഈ ആപ്പിന്റെ പ്രത്യേകതയാണ്. രണ്ടായിരത്തോളം ഭാഷകളിലുള്ള ബൈബിളിന്റെ പകര്‍പ്പുകളും അവയുടെ ശബ്ദരേഖകളും ഉള്‍കൊള്ളാവുന്ന രീതിയില്‍ ആണ് ഈ മൊബൈല്‍ അപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

നിയമപരമായ വിലക്കുകള്‍ ഉള്ളതിനാല്‍ പല രാജ്യങ്ങളിലും ബൈബിള്‍ എത്തിക്കാന്‍ കഴിയില്ല. അങ്ങനെയുള്ള രാജ്യങ്ങളിലും സുവിശേഷം എത്തിക്കുക മിഷനറി ആശയത്തില്‍നിന്നാണ് ഈ മൊബൈല്‍ ആപ്പിന്റെ പിറവി. ആസാമീസ്, ആസാമിലെ ഗോത്രഭാഷകളായ ഇവ, റാബാ, അരുണാചല്‍പ്രദേശിലെ നിഷി, വാഞ്ചോ, അപ്പത്താനി, മണിപ്പൂരിലെ മറ, അണ്ണാല്‍ തുടങ്ങിയ ഭാഷകളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

കോട്ടയം അതിരൂപതാംഗമായ ഫാ. ജോസുകുട്ടി മഠത്തിപ്പറമ്പില്‍ കല്ലറ പഴയപ്പള്ളി (സെന്റ് തോമസ് ക്‌നാനായ കത്തോലിക്ക) ഇടവകയിലെ മഠത്തിപറമ്പില്‍ തോമസ്‌ഗ്രേസികുട്ടി ദമ്പതികളുടെ മകനാണ്. കഴിഞ്ഞ 15 വര്‍ഷമായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മിഷനറിയായ ഫാ. ജോസുകുട്ടി സലേഷ്യന്‍ സഭയുടെ ദിമപുര്‍ പ്രൊവിന്‍സ് അംഗവും ഇറ്റാനഗര്‍ (അരുണാചല്‍പ്രദേശ്) ഡോണ്‍ബോസ്‌കോ കോളജ് അധ്യാപകനാണ്.

തോംസണ്‍ ഫിലിന്റെ നേതൃത്വത്തില്‍ എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇലോയിറ്റ് ഇന്നവേഷന്‍സ് എന്ന കമ്പനി സൗജ്യന്യമായിട്ടാണ് ഇതിന്റെ ഡിസൈനും സാങ്കേതിക സഹായങ്ങളും ചെയ്തത്. ലോകത്തിന്റെ ഏതു ഭാഗത്തും സേവനം ചെയ്യുന്ന മിഷനറിമാര്‍ക്കും സമര്‍പ്പിതര്‍ക്കും അല്മായര്‍ക്കും അവരുടെ ഭാഷകളിലുള്ള ബൈബിള്‍ ഈ മൊബൈല്‍ ആപ്പില്‍ ഉള്‍പ്പെടുത്തുവാന്‍ കഴിയുമെന്ന് ഫാ. ജോസുകുട്ടി പറഞ്ഞു.

ബാംഗ്ലൂരില്‍ നടന്ന ചടങ്ങില്‍ സിസിബിഐ ബൈബിള്‍ കമ്മിഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. പീറ്റര്‍ അബിര്‍ ആന്റണി സ്വാമി അവാര്‍ഡ് സമ്മാനിച്ചു.

ഈ മൊബൈല്‍ അപ്ലിക്കേഷന്‍ താഴെ കാണുന്ന ലിങ്കില്‍ നിന്ന് ലഭ്യമാണ്:

Google Play: https://play.google.com/store/apps/details?id=com.eloitinnovation.theholybibleintongues

Apple App Store: https://apps.apple.com/in/app/the-holy-bible-in-tongues/id6444095813

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?