മാത്യു സൈമണ്‍
സിറ്റി ഓഫ് ടെമ്പിള്‍സ് എന്ന് ജമ്മു നഗരത്തെ വിശേഷിപ്പിക്കാറുണ്ട്. പുരാതനമായ ഹിന്ദുക്ഷേത്രങ്ങള്‍ നിരവധിയുള്ള സ്ഥലം. മിക്കവാറും ഹിന്ദു മതവിശ്വാസികള്‍ തിങ്ങിനിറഞ്ഞ് താമസിക്കുന്ന ഗ്രാമങ്ങള്‍. ജാതിവ്യവസ്ഥ മനുഷ്യരെ പല തട്ടുകളിലായി തരംതിരിച്ചിരിക്കുന്നു. അതില്‍ ഏറ്റവും താഴ്ന്ന തട്ടില്‍പോലും ഉള്‍പ്പെടാതെ ഒരു കൂട്ടം മനുഷ്യരുണ്ട്. ഒരു വിഭാഗത്തിലും ഉള്‍പ്പെടുത്താതെ പുറംജാതിക്കാരെന്ന് പറഞ്ഞ് അവരെ മാറ്റിനിര്‍ത്തും. അവരാണ് ക്രിസ്ത്യാനികള്‍.
ക്രിസ്ത്യാനി എന്ന് സ്വയം പറയുന്നതല്ലാതെ അവര്‍ക്ക് കൃത്യമായ കൂദാശാജീവിതം ഇല്ല. വൈദികര്‍ വളരെ കുറവ്. ആകെയുള്ള ദൈവാലയം കിലോമീറ്ററുകള്‍ അകലെയുള്ള നഗരത്തിലാണ്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ഈ ജനതയുടെ ജീവിത സമുദ്ധാരണത്തിനായി മോശയെപ്പോലെ ദൈവം അയച്ച പ്രവാചകനാണ് ഫാ. വര്‍ക്കി തെങ്ങനാക്കുന്നേല്‍. ജമ്മു-ശ്രീനഗര്‍ രൂപതയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിച്ചതുമുതല്‍ ഈ രൂപതയിലെ ജനതയുടെ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തിനുള്ളത് മറക്കാനാകാത്ത മിഷനനുഭവങ്ങളാണ്.
മിഷനറി യാത്ര
1947 മെയ് 13-ന് ചങ്ങനാശേരി രൂപതയുടെ കീഴിലുള്ള കാഞ്ഞിരപ്പള്ളി – ഇഞ്ചിയാനി ഹോളി ഫാമിലി ഇടവകയിലെ തെങ്ങനാക്കുന്നേല്‍ ജോസഫ്-മറിയം ദമ്പതികളുടെ അഞ്ച് മക്കളില്‍ ഇളയ മകനായാണ് ഇദ്ദേഹം ജനിച്ചത്. 1950-ല്‍ കുടുംബം മലബാറിലേക്ക് കുടിയേറി. കോഴിക്കോട് പടത്തുകടവ് ഇടവകയില്‍ അംഗമായി. 12-ാം ക്ലാസ് കഴിഞ്ഞ് വര്‍ക്കി, അന്നത്തെ ജമ്മു-ശ്രീനഗര്‍ അപ്പസ്‌തോലിക്ക് പ്രീഫെക്ചറില്‍ (ഇപ്പോഴത്തെ ജമ്മു-ശ്രീനഗര്‍ രൂപത) ചേര്‍ന്നു, വൈദിക പഠനം പൂര്‍ത്തിയാക്കി. 1974 ഡിസംബര്‍ 14-ന് പടത്തുകടവ് ഹോളി ഫാമിലി ദൈവാലയത്തില്‍വച്ച് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയില്‍ നിന്ന് വൈദികപട്ടം സ്വീകരിച്ച് ഫാ.വര്‍ക്കിയായി.
മില്‍ഹില്‍ മിഷനറിമാരായിരുന്നു അന്ന് ജമ്മു-ശ്രീനഗറില്‍ പ്രേക്ഷിതപ്രവര്‍ത്തനം നടത്തിയിരുന്നത്. ജമ്മു സിറ്റിയില്‍ ആകെ ഉണ്ടായിരുന്നത് 200-ല്‍ താഴെ വീട്ടുകാരുള്ള ഒരു ഇടവകയും 50 വീട്ടുകാര്‍വീതമുള്ള ഏതാനും സബ് സ്റ്റേഷനുകളുമാണ്. ബാക്കി എല്ലാ മിഷന്‍ സ്റ്റേഷനുകളും നൂറും അമ്പതും കിലോമീറ്ററുകള്‍ അകലെയായി പലയിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഗ്രാമങ്ങളിലാണ്. ജമ്മുവില്‍ ആകെ ഒരു യു.പി.സ്‌കൂളും വൈദികര്‍ താമസിക്കുന്ന സ്ഥലവുമാണ് അന്നുള്ളത്.
വളരെ ദയനീയമായിരുന്നു ചെറിയ ശതമാനം മാത്രം വരുന്ന ക്രിസ്ത്യാനികളുടെ അന്നത്തെ ജീവിതം. സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തിക മേഖലകളില്‍ വളരെ പിന്നാക്കം. നഗരത്തിലെ ക്രൈസ്തവര്‍ ശുചീകരണജോലികളിലും മാലിന്യ നിര്‍മാര്‍ജനത്തിലും ഏര്‍പ്പെടുന്നവരായിരുന്നു. ഗ്രാമങ്ങളിലാകട്ടെ മേല്‍ജാതിക്കാരന്റെ വീട്ടിലെ ചത്ത വളര്‍ത്തുമൃഗങ്ങളുടെ അസ്ഥികളും തുകലും വിറ്റായിരുന്നു ക്രിസ്ത്യാനികളുടെ ഉപജീവനം. മാലിന്യ നിര്‍മാര്‍ജനത്തിനായി ഓരോ ഗ്രാമങ്ങളിലും ഇങ്ങനെ ക്രിസ്ത്യാനിയെ കൊണ്ടുവന്ന് പുറംപോക്കില്‍ താമസിപ്പിക്കും. സമൂഹത്തില്‍ തീരെ വിലയില്ലാത്ത അവസ്ഥ. അതായത് ഏറ്റവും താഴെതട്ടില്‍ ജീവിക്കുന്നവര്‍.
ജമ്മു-കാശ്മീരിലേക്ക് മറ്റ് സ്ഥലങ്ങളില്‍നിന്ന് കുടിയേറ്റം വളരെ കുറവാണ്. വിദേശ മിഷനറിമാരില്‍നിന്നും വിശ്വാസം സ്വീകരിച്ചവരായിരുന്നു അവിടെയുള്ളവര്‍. പ്രൊട്ടസ്റ്റന്റ് പരമ്പര്യമായിരുന്നു മിക്കവര്‍ക്കും. ഇങ്ങനെ പലയിടത്തായി ചിതറിക്കിടക്കുന്ന വിശ്വാസികളുടെ അടുത്തേക്കാണ് വര്‍ക്കിയച്ചന്‍ കടന്നുചെല്ലുന്നത്. കിലോമീറ്ററുകള്‍ അകലെയുള്ള ഓരോ വില്ലേജിലും പോയി അവിടെയുള്ള ക്രൈസ്തവരുടെ ആത്മീയ ആവശ്യങ്ങള്‍ നിര്‍വഹിക്കണം. ഗ്രാമങ്ങളിലൊന്നും പള്ളിയില്ലാത്തതിനാല്‍ ഓരോ വീടുകളിലും താമസിച്ച് വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. വീടെന്നാല്‍ ചെറിയ ഒരു ഷെഡ് മാത്രം. മുറ്റത്ത് ചെറിയൊരു കട്ടിലിട്ടാണ് അച്ചന്‍ കിടക്കുക. പ്രാഥമിക ആവശ്യങ്ങള്‍ക്കുപോലും സൗകര്യമില്ല. എങ്കിലും എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് എട്ടുവര്‍ഷത്തോളം ഗ്രാമങ്ങളെ കേന്ദ്രീകരിച്ച് സേവനം ചെയ്തു. കല്യാണം, മാമോദീസ തുടങ്ങി അവര്‍ക്കാവശ്യമായ എല്ലാ ശുശ്രൂഷകളും ചെയ്തുകൊടുത്തു.
മാറ്റത്തിന്റെ തുടക്കം
വിദ്യാഭ്യാസത്തിന്റെ അപര്യാപ്തയാണ് ഇവിടുത്തെ ക്രൈസ്തവരുടെ ശോചനീയാവസ്ഥയ്ക്ക് കാരണമെന്ന് അച്ചന് വ്യക്തമായി. വിദ്യപകരുന്നതിനുള്ള പരിശ്രമങ്ങള്‍ ആരംഭിച്ചു. 1978-ല്‍ ജമ്മു-ശ്രീനഗറിന്റെ ഭരണം മില്‍ഹില്‍ സൊസൈറ്റിയില്‍ നിന്നും മാര്‍പ്പാപ്പ കേരള കപ്പൂച്ചിന്‍സിന് കൈമാറി. പ്രിഫെക്ട് അപ്പസ്‌തോലിക് ആയി മോണ്‍.ഹിപ്പോളിറ്റസ് കുന്നുങ്കല്‍ ഒഎഫ്എം ക്യാപ്പിനെ നിയോഗിക്കുകയും ചെയ്തു. 1980 മുതല്‍ 86 വരെ മോണ്‍. ഹിപ്പോളിറ്റസ് കുന്നുങ്കലിന്റെ പ്രചോദനത്തിലും നേതൃത്വത്തിലും പള്ളികള്‍, മഠങ്ങള്‍, വിദ്യാഭ്യാസ സ്ഥാപങ്ങള്‍, ആശുപത്രികള്‍, സോഷ്യല്‍ വര്‍ക്ക് കേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ ദ്രുതഗതിയില്‍ വര്‍ക്കിയച്ചന്‍ ആരംഭിച്ചു. അതിനെത്തുടര്‍ന്ന് മാര്‍പാപ്പ 1986 ല്‍ ജമ്മു-ശ്രീനഗര്‍ പ്രിഫെക്ടര്‍ അപ്പസ്‌തൊലിക്കിനെ ജമ്മു-ശ്രീനഗര്‍ രൂപത എന്ന പദവിയിലേക്ക് ഉയര്‍ത്തി.
പ്രതിസന്ധികളെ തരണം ചെയ്ത് വര്‍ക്കിയച്ചന്‍ അന്ന് ആരംഭിച്ച കഠിനാധ്വാനത്തിന് ദൈവത്തിന്റെ കൈയ്യൊപ്പുണ്ടായിരുന്നു. അതിന്റെ തെളിവാണ് മഞ്ഞുമൂടിക്കിടക്കുന്ന ആ നാടിന് ആത്മീയതയുടെയും അറിവിന്റെയും ചൂട് പകര്‍ന്നുകൊണ്ടിരിക്കുന്ന രൂപതയുടെ 25 ദൈവാലയങ്ങള്‍, 24 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, 5 ഹെല്‍ത്ത് സെന്ററുകള്‍, നരവധി കോണ്‍വെന്റുകള്‍ എന്നിവ. ”45 വര്‍ഷംകൊണ്ട് സഭ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ നമ്മള്‍ കൊടുത്ത വിദ്യാഭ്യാസംകൊണ്ട് സാധാരണക്കാരുടെ ജീവിതനിലവാരം ഉയര്‍ന്നു. അവരുടെ ആത്മവിശ്വാസം വര്‍ധിച്ച് ജീവിതരീതി തന്നെ മാറി. ഇതിലൂടെ അവര്‍ അധ്യാപകരും നഴസുമാരും ബാങ്ക് ഓഫിസര്‍മാരുമായി ഉയര്‍ന്നു. മികച്ച വരുമാനമുള്ളവരും സമൂഹത്തെ സ്വാധീനിക്കാന്‍ ശക്തരുമായിമാറി. നമ്മുടെ സ്ഥാപനങ്ങളിലുടെ കടന്നുപോയ മനുഷ്യരുടെ ജീവിത നിലവാരത്തിലുണ്ടായ മാറ്റം കാണാന്‍ സാധിക്കുന്നത് കൂടുതല്‍ ദൈവവിശ്വാസവും ആത്മവിശ്വാസവും നല്‍കുന്നു. ഇനിയുമേറെ ശ്രേഷ്ഠതരമായ സേവനങ്ങള്‍ ദൈവജനത്തിനുവേണ്ടി ചെയ്യാന്‍ ഇവ പ്രചോദനവും ശക്തിയും പകരുന്നു, നല്ല ദൈവത്തിന് നന്ദി”; ഫാ. വര്‍ക്കി പങ്കുവയ്ക്കുന്നു.
”വിശ്വാസികളുടെ വര്‍ധനവിനേക്കാള്‍ ക്രിസ്തുവിനും ക്രിസ്ത്യാനിക്കും പൊതുസമൂഹത്തില്‍ സ്വീകാര്യത ലഭിച്ചു എന്നതാണ് വലിയ കാര്യം. മനുഷ്യരെ പലതട്ടുകളിലായി തരംതിരിക്കുന്ന സമൂഹത്തിലേക്ക് എല്ലാവരെയും ഒരുപോലെ കാണണമെന്ന ക്രിസ്തുവിന്റെ മൂല്യങ്ങള്‍ പകര്‍ന്നു നല്‍കാന്‍ സാധിച്ചു. എല്ലാ വിഭാഗത്തിലുമുള്ള കുട്ടികള്‍ ഒരെക്ലാസില്‍ ഇരുന്ന് പഠിക്കുന്നു എന്നതുതന്നെ സമൂഹത്തിനുണ്ടായ മാറ്റത്തിന്റെ ഏറ്റവും വലിയ അടയാളമാണ്. ക്ഷമ, പാവപ്പെട്ടവരോടുള്ള സ്‌നേഹം, ശത്രുസ്‌നേഹം തുടങ്ങിയ നല്ല മാനവീക മൂല്യങ്ങള്‍ ക്രിസ്തു പഠിപ്പിച്ച മൂല്യങ്ങളാണ്. ക്രൈസ്തവ മൂല്യങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത ക്രിസ്തുവിനുള്ള അംഗീകാരംകൂടിയാണല്ലോ. ”
”തിരിഞ്ഞു നോക്കുമ്പോള്‍ നന്ദി മാത്രം; വീഴാതെ ഇത്രയുംനാള്‍ താങ്ങിയ ദൈവത്തിന്. കടുത്ത കാലാവസ്ഥയിലും വലിയ അസുഖങ്ങള്‍ ഒന്നുമില്ലാതെ ഇന്നാള്‍വരെ ദൈവം പൊതിഞ്ഞുപിടിച്ചു. അമ്പതു വര്‍ഷത്തോളം ദൈവജനത്തിനായി സേവനം ചെയ്യാന്‍ അവസരം ലഭിച്ചതില്‍ ഉള്ളുനിറയെ ആനന്ദമുണ്ട്. കര്‍ത്താവിനുവേണ്ടി ഇനിയുമെറെ ചെയ്യണം എന്നതാണ് എന്റെ ആഗ്രഹം”; ഫാ. വര്‍ക്കി പറഞ്ഞവസാനിപ്പിക്കുന്നു.
Leave a Comment
Your email address will not be published. Required fields are marked with *