Follow Us On

21

December

2024

Saturday

അഭയാര്‍ത്ഥിയുടെ മകന്‍

അഭയാര്‍ത്ഥിയുടെ  മകന്‍

പ്ലാത്തോട്ടം മാത്യു

മോണ്‍സിഞ്ഞോര്‍ മൈക്കിള്‍ കുജാക്‌സ് കഴിഞ്ഞ 13 വര്‍ഷമായി ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ സെന്റ് ബെര്‍ണാഡ് ഇടവക വികാരിയാണ്. ബ്രിട്ടനിലെ കത്തോലിക്കാ സഭയിലെ മുതിര്‍ന്ന വൈദികനായ അദ്ദേഹം ഇവിടെ എത്തിയിട്ട് 30 വര്‍ഷത്തോളമായി. ഇംഗ്ലണ്ടിലെ മലയാളികള്‍ക്കും സുപരിചിതനാണ് ഈ വൈദികന്‍. കാരണം, ധാരാളം മലയാളികള്‍ പതിവായി എത്തുന്ന ദൈവാലയമാണിത്. ദൈവരാജ്യ ശുശ്രൂഷകള്‍ക്കൊപ്പം നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളാണ് മോണ്‍സിഞ്ഞോര്‍ മൈക്കിള്‍ കുജാക്‌സിനെ ശ്രദ്ധേയനാക്കുന്നത്. ഇംഗ്ലണ്ടില്‍ മാത്രം ഒതുങ്ങിനില്ക്കുന്നതല്ല അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. ഏഷ്യ-ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങളിലെ വിവിധ രാജ്യങ്ങളിലെ പാവപ്പെട്ടവരുടെ പട്ടിണിയകറ്റാനും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും മോണ്‍സിഞ്ഞോര്‍ മൈക്കിള്‍ കുജാക്‌സ് ഏറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.

ഭൂതകാലത്തിന്റെ ഓര്‍മകള്‍

പാവങ്ങളുടെ കണ്ണീരൊപ്പാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത് തന്റെ കുടുംബത്തിന്റെ ഭൂതകാലംകൂടിയാകാം. അദ്ദേഹത്തിന്റെ പിതാവ് ഒരു കാലത്ത് അഭയാര്‍ത്ഥിയായിരുന്നു. ന്യൂമോസ്റ്റന്‍ സെന്റ് മാര്‍ഗരറ്റ് മേരി ഇടവകയില്‍ വികാരിയായിക്കുമ്പോഴാണ് മോണ്‍സിഞ്ഞോര്‍ മൈക്കിള്‍ കുജാക്‌സ് സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കാന്‍ തുടങ്ങിയത്. വൈദികരും അല്മായരുമായ ഒരുകൂട്ടം ആളുകളുമായി ചേര്‍ന്ന് പാവപ്പെട്ടവരെ സഹായിക്കാനും അവരുടെ വിശപ്പകറ്റാനുമുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങി. അതു ബ്രിട്ടനില്‍ ഒതുങ്ങുന്നതായിരുന്നില്ല. അക്കാലത്ത് ഏറെ പിന്നാക്ക സാഹചര്യങ്ങളില്‍ ജീവിച്ചിരുന്ന മൂന്നാം ലോക രാജ്യങ്ങളിലേക്കായിരുന്നു അവരുടെ ശ്രദ്ധപതിഞ്ഞത്. പട്ടിണി അകറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു മുന്‍തൂക്കം നല്‍കിയത്.

പാവങ്ങളോട് അനുകമ്പയോടെ പെരുമാറുന്ന തന്റെ അമ്മയെ കണ്ട് വളര്‍ന്ന ആ മകന് അവരുടെ നേരെ മുഖംതിരിക്കാന്‍ കഴിയുമായിരുന്നില്ല. വിദ്യാഭ്യാസം, ആരോഗ്യപരിപാലനം തുടങ്ങിയ മേഖലകളിലും ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താന്‍ അവര്‍ക്കു കഴിഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ത്യയിലെ നഗരങ്ങളിലും മോണ്‍. മൈക്കിള്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ഹൈദരബാദില്‍വച്ച് അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താനും അവസരം ലഭിച്ചിരുന്നു. പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്തിന്റെ പൂര്‍ണ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനായി ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്നു.

പോളണ്ടില്‍നിന്നുള്ള രക്ഷപ്പെടല്‍

പോളണ്ടിനുമേല്‍ ഉണ്ടായ സോവിയറ്റ് അധിനിവേശം കമ്മ്യൂണിസത്തിന്റെ നീരാളിപ്പിടുത്തത്തിലേക്ക് രാജ്യത്തെ തള്ളിവിട്ടു. കത്തോലിക്കാ സഭയും വിശ്വാസികളും ഭീകരമായി മതമര്‍ദ്ദനത്തിന് വിധേയരായി. ഭരണകൂട ഭീകരതയുടെ ആ കാലത്ത് അനേകര്‍ സര്‍വതും ഉപേക്ഷിച്ച് പല രാജ്യങ്ങളിലേക്കും രക്ഷപ്പെട്ടു. അക്കൂട്ടത്തില്‍ ഇറാനിലെ (പേര്‍ഷ്യ) അഭയാര്‍ത്ഥിക്യാമ്പില്‍ എത്തപ്പെട്ട പോലീസ് ഓഫീസറായിരുന്നു മോണ്‍. മൈക്കിളിന്റെ പിതാവ് ജോണ്‍ സ്‌കോള്‍ ഡോയാസ്. അധികാരവും പദവിയും ഉണ്ടായിരുന്നെങ്കിലും തന്റെ ക്രിസ്തീയ വിശ്വാസം പുലര്‍ത്താന്‍ സാധിക്കാത്ത അന്തരീക്ഷത്തില്‍ ജീവിക്കുന്നതിലും നല്ലത് അഭയാര്‍ത്ഥിയാകുന്നതായിരിക്കുമെന്ന് അദ്ദേഹത്തിന് തോന്നിയിരിക്കാം. പിന്നീടാണ് ഇംഗ്ലണ്ടില്‍ എത്തിയത്.

അവിടെവച്ചാണ് ബ്രിട്ടീഷുകാരിയായ ലനീസിനെ വിവാഹം കഴിച്ചത്. ആംഗ്ലിക്കന്‍ സഭാംഗമായിരുന്ന അവര്‍ പ്രാദേശിക സഭയിലെ വനിതാവിഭാഗം പ്രസിഡന്റും പൂര്‍ണസമയ സാമൂഹ്യപ്രവര്‍ത്തകയും സുവിശേഷപ്രഘോഷകയുമായിരുന്നു. പിന്നീടവര്‍ കത്തോലിക്കാ സഭയിലേക്ക് ആകര്‍ഷിക്കപ്പെടുകയും സഭയില്‍ ചേരുകയുമായിരുന്നു. തുടര്‍ന്നവര്‍ മാഞ്ചസ്റ്ററിലെ ഡെന്റല്‍ എന്ന സ്ഥലത്തേക്ക് കുടുംബമായി താമസം മാറി. ആത്മീയതയില്‍ ആഴപ്പെട്ടതായിരുന്നു അവരുടെ കുടുംബം. പ്രാര്‍ത്ഥനയും പ്രവൃത്തികളും ഒരുപോലെ കൊണ്ടുപോയി മക്കള്‍ക്ക് മാതൃക നല്‍കാന്‍ ആ ദമ്പതികള്‍ക്ക് കഴിഞ്ഞു. മക്കളെ ദൈവവിശ്വാസത്തിലും പ്രാര്‍ത്ഥനാജീവിതത്തിലും ആഴപ്പെടുത്താന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

പഠനത്തിന് രണ്ടാം സ്ഥാനം

എല്ലാ പ്രഭാതങ്ങളിലും മൈക്കിള്‍ കുജാക്‌സും രണ്ടു സഹോദരങ്ങളും ദൈവാലയത്തില്‍ പോകുമായിരുന്നു. പിന്നീട് അവര്‍ അള്‍ത്താരശുശ്രൂഷകരായി നിയോഗിക്കപ്പെട്ടു. ദൈവാലയത്തിലെത്തി പ്രാര്‍ത്ഥനയും കുര്‍ബാനയും കഴിഞ്ഞേ മറ്റു കാര്യങ്ങള്‍ക്ക്, പഠനത്തിനുപോലും സമയം നീക്കിവച്ചിരുന്നുള്ളൂ. ദൈവത്തിനാണ് ജീവിതത്തില്‍ ഒന്നാം സ്ഥാനം നല്‍കേണ്ടതെന്ന് ആ മാതാപിതാക്ക ള്‍ മക്കളെ കൂടെക്കൂടെ ഓര്‍മിപ്പിക്കുമായിരുന്നു. പഠനത്തിനുപോലും ദൈവിക കാര്യങ്ങള്‍ കഴിഞ്ഞിട്ടേ സ്ഥാനം നല്‍കാവൂ എന്നതായിരുന്നു അവരുടെ കാഴ്ചപ്പാട്.

മക്കളിലേക്കും ആ ആത്മീയത എത്തിക്കാന്‍ ചെറുപ്പത്തില്‍ത്തന്നെ മാതാപിതാക്കള്‍ക്കു കഴിഞ്ഞു. മാതാപിതാക്കളുടെ ജീവിതമാതൃകകളില്‍നിന്നും അവര്‍ അതു സ്വായത്തമാക്കുകയായിരുന്നു എന്നു പറയുന്നതാകും കൂടുതല്‍ ശരി. പഠനത്തിന് രണ്ടാം സ്ഥാനമാണ് അവര്‍ നല്‍കിയതെങ്കിലും ഉയര്‍ന്ന മാര്‍ക്കോടെയായിരുന്നു എല്ലാ ക്ലാസുകളിലും അവരുടെ വിജയം. പ്രാര്‍ത്ഥനാനിറവും ആഴത്തിലുള്ള വിശ്വാസവും ജീവിതമാതൃകയും മൈക്കിള്‍ കുജാക്‌സിനെ വ്യത്യസ്തനാക്കി. കുടുംബത്തിലെ സന്ധ്യാപ്രാര്‍ത്ഥന, ബൈബിള്‍ വായന, കുടുംബാംഗങ്ങളുടെ പരസ്പര സ്‌നേഹം തുടങ്ങി എല്ലാ നിലയിലും ആളുകള്‍ക്ക് ആ കുടുംബം മാതൃകയായി. ഈ കുടുംബം സമീപവാസികളിലും സ്വാധീനം ചെലുത്തി. സ്വന്തം മക്കള്‍ക്ക് ഉപദേശം നല്‍കുമ്പോള്‍ ഇവരെ കണ്ടുപഠിക്കാനായിരുന്നു പല മാതാപിതാക്കളും മക്കളെ ഉപദേശിച്ചിരുന്നത്.

സ്വര്‍ഗത്തിന്റെ അംഗീകാരം

ആറാംക്ലാസ് പഠനത്തിനുശേഷം മൈക്കിള്‍ ആഷ്ടണ്‍ അണ്ടര്‍ലൈന്‍ കോളജിലേക്ക് പഠനം മാറ്റി. സുഹൃത്തുക്കള്‍ ഭൗതിക ലക്ഷ്യങ്ങള്‍ മുമ്പില്‍ക്കണ്ട് അധ്വാനിച്ചപ്പോള്‍ കുജാക്‌സിന്റെ മനസില്‍ മറ്റൊരു ആഗ്രഹമായിരുന്നു ഉണ്ടായിരുന്നത്. ദൈവത്തിന് അവനെക്കുറിച്ചുള്ള സ്വപ്‌നവും അതായിരുന്നു. കോളജ് വിദ്യാഭ്യാസത്തിനുശേഷം വൈദികനാകാനുള്ള ആഗ്രഹം മൈക്കിള്‍ വീട്ടില്‍ അറിയിച്ചു. വിശ്വാസം സംരക്ഷിക്കുന്നതിനായി ഔദ്യോഗിക പദവിപോലും വേണ്ടെന്നുവച്ച് അഭയാര്‍ത്ഥിയാകാന്‍ മടിക്കാത്ത പിതാവിന്റെ വിശ്വാസതീക്ഷ്ണതക്ക് ദൈവം നല്‍കിയ അംഗീകാരമായിട്ടായിരുന്നു അവര്‍ ആ ദൈവവിളിയെ എതിരേറ്റത്. അതുകൊണ്ടുതന്നെ മാതാപിതാക്കളും സഹോദരങ്ങളും സന്തോഷത്തോടെ മൈക്കളിന്റെ സ്വപ്‌നത്തിനൊപ്പം നിന്നു. യഥാര്‍ത്ഥത്തില്‍ അത് അവരുടെകൂടി പ്രാര്‍ത്ഥനയായിരുന്നു. തന്റെ മക്കള്‍ക്ക് ദൈവവിളി ലഭിക്കുന്നതിനായി മാതാപിതാക്കള്‍ ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. കുടുംബം ഇടവക വികാരിയെ വിവരം അറിയിച്ചു. തുടര്‍ന്ന് രൂപതാബിഷപ്പിനെ സമീപിച്ച് അപേക്ഷ നല്‍കി.

സെമിനാരിപഠനത്തിന് തിരഞ്ഞെടുത്ത മൈക്കിളിനെ പ്രാരംഭ പരിശീലനത്തിനായി ലണ്ടനിലെ ജെസ്യൂട്ട് മൈനര്‍ സെമിനാരിലേക്കയച്ചു. ഇവിടെ രണ്ടുവര്‍ഷത്തെ പഠനത്തിനുശേഷം സ്‌പെയിനിലെ സെമിനാരിയിലേക്കു പോയി. ഇവിടെ പരിശീലനം പൂര്‍ത്തിയാക്കി അവിടുത്തെ കത്തീഡ്രലില്‍ കര്‍മലമാതാവിന്റെ തിരുനാള്‍ ദിനത്തില്‍ പൗരോഹിത്യപട്ടം സ്വീകരിച്ച് പ്രഥമ ദിവ്യബലിയര്‍പ്പിച്ചു. ബ്രിട്ടനില്‍ തിരിച്ചെത്തിയ അദ്ദേഹത്തെ ഓസ്‌വെല്‍ഡ് സെന്റ് മേരീസ് ദൈവാലയത്തില്‍ അസിസ്റ്റന്റ് വികാരിയായി നിയമിച്ചു.

ഹോസ്പിറ്റല്‍  ചാപ്ലിന്‍

തുടര്‍ന്നായിരുന്നു ന്യൂമോസ്റ്റന്‍ സെന്റ് മാര്‍ഗരറ്റ് മേരി ഇടവകയിലെ വികാരിയായി നിയമിക്കപ്പെട്ടത്. ആ കാലത്താണ് ഓള്‍ഡ്ഹാം റോയല്‍ ഹോസ്പിറ്റലില്‍ ചാപ്ലയിന്‍ ആയി നിയമിക്കപ്പെട്ടത്. അവിടെ ഒരു ദൈവാലയം പണിയുന്നതിനുള്ള ശ്രമങ്ങള്‍ക്ക് തുടക്കംകുറിക്കുകയും നേതൃത്വം നല്‍കുകയും ചെയ്തു. ഫാ. മൈക്കിള്‍ കുജാക്‌സിന്റെ പ്രവര്‍ത്തനങ്ങളെ മാനിച്ച് അദ്ദേഹത്തെ മോണ്‍സിഞ്ഞോര്‍ സ്ഥാനത്തേക്ക് ഉയര്‍ത്തി. രൂപതാഭരണത്തിലും ശുശ്രൂഷകളിലും പല സുപ്രധാന ചുമതലകള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.

ഒരാളെയും മാറ്റിനിര്‍ത്താത്തതാണ് മോണ്‍സിഞ്ഞോര്‍ മൈക്കിളിന്റെ പ്രവര്‍ത്തനരീതി. ആരെയും പുറത്തുനിര്‍ത്തുകയോ തള്ളിക്കളയുകയോ ചെയ്യാതെ വിശ്വാസത്തില്‍ പങ്കാളിയാക്കുകയും ദൈവസ്‌നേഹത്തിന്റെ ആഴങ്ങളിലേക്ക് അവരെ നയിക്കുകയും ചെയ്യേണ്ടത് ഒരു വൈദികന്റെ ഉത്തരവാദിത്വമാണെന്ന് മോണ്‍. മൈക്കിള്‍ പറയുന്നു. രണ്ടായിരത്തിലധികം വിശ്വാസികളുള്ള ഇടവകയില്‍ എല്ലാവരുമായും വ്യക്തിപരമായ അടുപ്പവും സ്‌നേഹവും പുലര്‍ത്തുന്നതില്‍ മോണ്‍സിഞ്ഞോര്‍ മൈക്കിള്‍ കുജാക്‌സ് മുമ്പിലാണ്. വിശ്വാസ സംരക്ഷണത്തിനും നിരന്തരമായ പ്രാര്‍ത്ഥന ആവശ്യമാണെന്ന് ഈ വൈദികന്‍ വിശ്വാസികളെ നിരന്തരം ഓര്‍മിപ്പിക്കാറുണ്ട്.

ഏതൊക്കെ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചാലും തന്റെ കയ്യൊപ്പ് അവിടൊക്കെ പതിപ്പിക്കാന്‍ ഈ വൈദികന് കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ പേര് പതിച്ച ശിലാഫലകങ്ങളോ സ്ഥാപനങ്ങളോ കാണാന്‍ കഴിഞ്ഞെന്നുവരില്ല. പ്രശസ്തിയില്‍നിന്നും എപ്പോഴും അകലംപാലിക്കുന്നതാണ് മോണ്‍സിഞ്ഞോര്‍ മൈക്കിളിന്റെ ശൈലി. എന്നാല്‍, ആര്‍ക്കും ഒരിക്കലും മായിക്കാന്‍ കഴിയാത്ത രീതിയില്‍ അനേകരുടെ ഹൃദയങ്ങളില്‍ ആ പേരു പതിഞ്ഞു കഴിഞ്ഞിരിക്കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?