Follow Us On

08

May

2024

Wednesday

അതിരുവിടുന്ന ആഘോഷങ്ങള്‍

അതിരുവിടുന്ന  ആഘോഷങ്ങള്‍

ഡോ. സിബി മാത്യൂസ്
(ലേഖകന്‍ മുന്‍ ഡിജിപിയാണ്).

‘വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നു’ എന്ന പഴഞ്ചൊല്ല് സുപരിചിതമാണ്. ആദ്യമായി അതു പറഞ്ഞത് പതിനാറാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ ജീവിച്ചിരുന്ന പ്രശസ്ത സാഹിത്യകാരനായ ജോണ്‍ ലിലി ആയിരുന്നു. ഓരോ വ്യക്തിക്കും തന്റെ ജീവിതത്തിലെ സുവര്‍ണ നിമിഷങ്ങളാണ് വിവാഹാഘോഷങ്ങള്‍ നല്‍കുന്നത് എന്നതില്‍ സംശയമില്ല. രണ്ടു ജീവിതങ്ങള്‍ ഒന്നായിചേര്‍ന്ന് ഒരു കുടുംബത്തിന് രൂപം നല്‍കുന്നു. രാഷ്ട്രവും സമൂഹവും ഈ ബന്ധത്തിന് അംഗീകാരത്തിന്റെ മുദ്ര നല്‍കുന്നു.

ആഢംബരങ്ങളുടെ
പ്രദര്‍ശനവേളകള്‍

വിവാഹാഘോഷങ്ങള്‍ ഇന്ന് വളരെയേറെ ആര്‍ഭാടപൂര്‍വം നടത്തപ്പെടുന്നു. ഉദ്ദേശം അമ്പതു വര്‍ഷങ്ങള്‍ക്കുമുമ്പ് അവയൊക്കെ വളരെയേറെ ലളിതമായിരുന്നു.

”കല്യാണപ്പുടവ വേണം,
മുല്ലപ്പൂ പന്തലുവേണം
നാലുമൊഴിക്കുരവയിടേണം,
നാദസ്വരമേളം വേണം
നാടുചുറ്റും കാറ്റേ നീ നാട്ടുകാരെ വിളിക്കേണം.”
അന്നത്തെ മനുഷ്യര്‍ക്ക് ഇത്രയൊക്കെയേ ആര്‍ഭാടങ്ങളുണ്ടായിരുന്നുള്ളൂ. ഇപ്പോഴാവട്ടെ, ആഡംബരങ്ങളുടെ പ്രദര്‍ശനവേളയായി വിവാഹാഘോഷങ്ങള്‍ മാറിക്കഴിഞ്ഞു.
ഏതാനും ആഴ്ചകള്‍ക്കുമുമ്പാണ് ഭാരതത്തിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ ഇളയമകന്‍ അനന്തിന്റെ വിവാഹനിശ്ചയത്തിന്റെ ആഘോഷങ്ങള്‍ ഗുജറാത്തിലെ ജാംനഗറില്‍ അരങ്ങേറിയത്. മാര്‍ച്ച് ഒന്ന്, രണ്ട്, മൂന്ന് തിയതികളിലായി ആഘോഷ പരിപാടികള്‍ ഒരുക്കിയിരുന്നു. ഗുജറാത്തിലെതന്നെ മറ്റൊരു വ്യവസായിയായ വിരന്‍ മെര്‍ച്ചന്റിന്റെ മകള്‍ രാധികയായിരുന്നു പ്രതിശ്രുതവധു. സമ്പന്നനെങ്കിലും എട്ടുലക്ഷം കോടി ഇന്ത്യന്‍ രൂപയുടെ മൂല്യമുള്ള റിലയന്‍സ് സാമ്രാജ്യവുമായി താരതമ്യം ചെയ്യുമ്പോള്‍ വിരന്‍ മെര്‍ച്ചന്റിനെ വെറുമൊരു ധാനാഢ്യന്‍ എന്നുമാത്രമേ വിശേഷിപ്പിക്കാനാവൂ.

വിഐപികളുടെ നീണ്ടനിര

വിദേശത്തുനിന്നും ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം മുതലായ കമ്പനികളുടെ ഉടമയായ മാര്‍ക്ക് സുക്കര്‍ബര്‍ഗ്, ഗൂഗിളിന്റെ തലവന്‍ സുന്ദര്‍ പിച്ചൈ, മൈക്രോ സോഫ്റ്റ് ഉടമ ബില്‍ ഗേറ്റ്‌സ് മുതലായവര്‍ വന്നിരുന്നു. ഭാരതത്തിലെ പ്രമുഖ വിഐപികളായ അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, സച്ചിന്‍ ടെന്‍ഡുല്‍കര്‍ മുതലായവരും. ക്ഷണിക്കപ്പെട്ട 1200 അതിഥികളെ എയര്‍പോര്‍ട്ടില്‍നിന്നും വിവാഹനിശ്ചയം നടക്കുന്ന വേദിയിലേക്ക് കൊണ്ടുപോകുവാന്‍ കാഡിലാക്ക് കാറുകളുടെ നീണ്ടനിര കാത്തുകിടന്നു. ജാംനഗര്‍ എന്ന ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വക വിമാനത്താവളത്തിന് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പദവി പത്തുദിവസത്തേക്ക് ഭാരതസര്‍ക്കാര്‍ അനുവദിച്ചു. സുരക്ഷാ ക്രമീകരണങ്ങളും എമിഗ്രേഷന്‍ കൗണ്ടറും ഒരുക്കി. എല്ലാം അംബാനിക്കുവേണ്ടിമാത്രം.
വിവാഹനിശ്ചയത്തിന്റെ ആഘോഷങ്ങള്‍ക്കായി മൊത്തം 1,250 കോടി രൂപ ചെലവാക്കിയതായി വാര്‍ത്താമാധ്യമങ്ങള്‍ പറയുന്നു. സംഗീത-നൃത്തപരിപാടി അവതരിപ്പിച്ച അമേരിക്കന്‍ നര്‍ത്തകിയായ റിഹാനയ്ക്കുമാത്രം 60 കോടി ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ ഒമ്പതുമില്യന്‍ ഡോളറാണ് നല്‍കിയത്.

കഴിഞ്ഞ കാലങ്ങള്‍ മറക്കരുത്

27 നിലകളുള്ള (7,500 കോടി രൂപ മൂല്യം) ‘ആന്റിലിയ’ എന്ന കൊട്ടാരത്തില്‍ താമസിക്കുന്ന അംബാനി കുടുംബത്തിന് ഇളയമകന്റെ വിവാഹനിശ്ചയം സംബന്ധമായ ആഘോഷങ്ങള്‍ക്ക് 1,250 കോടി രൂപ ചെലവാക്കുവാനുള്ള അവകാശമുണ്ട്. എങ്കിലും അച്ഛന്‍ ധിരുഭായ് അംബാനി തന്റെ ജീവിതം ആരംഭിച്ചത്, ഒരു ബിസിനസ് സ്ഥാപനത്തിലെ ഗുമസ്തനായിട്ടായിരുന്നു (1950-58) എന്നത് മുകേഷ് അംബാനിക്ക് മറക്കാനാവുമോ?
മുകേഷ് അംബാനിയും കുടുംബാംഗങ്ങളും താമസിക്കുന്ന ഗുജറാത്തില്‍ 31 ലക്ഷത്തില്‍പരം കുടുംബങ്ങള്‍ ഇപ്പോഴും ദാരിദ്ര്യരേഖയ്ക്ക് താഴെ ജീവിക്കുന്നവരാണ്. അതായത് പ്രതിമാസ വരുമാനം വെറും 850 രൂപമാത്രം. സ്വന്തമായി വീടില്ലാത്തവരുടെ എണ്ണം ഒന്നരലക്ഷം ആണെന്ന് സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു. യാഥാര്‍ത്ഥ്യം ഇതിലും കൂടുതല്‍ ആയിരിക്കാം. മുകേഷ് അംബാനിക്ക്, തന്റെ മകനുവേണ്ടി ചെലവഴിച്ച 1250 കോടിയുടെ ഒരു ശതമാനമെങ്കിലും മേല്‍പറഞ്ഞ വിഭാഗത്തില്‍പെടുന്ന, വേദനിക്കുന്നവരുടെ കണ്ണീരൊപ്പുവാന്‍വേണ്ടി നല്‍കാമായിരുന്നില്ലേ?
”അധികം ലഭിച്ചവനില്‍നിന്ന് അധികം ആവശ്യപ്പെടും; അധികം ഏല്പിക്കപ്പെട്ടവനോട് അധികം ചോദിക്കും” (ലൂക്കാ 12:48).

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?