ഫാ. മാത്യു ആശാരിപറമ്പില്‍
കഴിഞ്ഞ നോമ്പുകാലത്ത് ധ്യാനം നടത്താനായി അമേരിക്കയിലേക്ക് പോകാന്‍ ഞാന്‍ ബംഗളൂരു എയര്‍പോര്‍ട്ടില്‍ നില്‍ക്കുകയായിരുന്നു. ബംഗളൂരുവില്‍നിന്ന് ജര്‍മനിയിലെ ഫ്രാങ്ക്ഫുര്‍ട്ട്, അവിടെനിന്ന് തലസ്ഥാനമായ വാഷിംഗ്ടണ്‍ വരെ നീളുന്ന ഏകദേശം 22 മണിക്കൂര്‍ യാത്ര. ഉള്ളിലേക്ക് കയറാന്‍ ക്യൂ നില്‍ക്കുമ്പോഴാണ് പുറകില്‍ കുറച്ചുപേര്‍കൂടി ഏകദേശം എഴുപതു വയസിന് മുകളില്‍ പ്രായമുള്ള ഒരു അമ്മച്ചിയെ യാത്രയാക്കുന്നത് ശ്രദ്ധിച്ചത്. മകനും മകന്റെ ഭാര്യയും മക്കളുംകൂടിയാണ് യാത്രയാക്കുന്നത്. വളരെ ദീര്‍ഘമായ യാത്ര ചെയ്യേണ്ടതിന്റെ, അതും തനിച്ച്, ആകുലതയും അസ്വസ്ഥതകളും അമ്മച്ചിയിലും ഒറ്റയ്ക്കുവിടുന്നതിന്റെ ദുഃഖം മക്കളിലും കാണാമായിരുന്നു. തികച്ചും യാദൃശ്ചികമായി ആ മകന്‍ മുന്‍പില്‍ നില്‍ക്കുന്ന എന്നോട് എങ്ങോട്ടാണ് യാത്രയെന്ന് അന്വേഷിച്ചു. ഞാന്‍ പറഞ്ഞു: അമേരിക്കയിലേക്ക്… അമേരിക്കയില്‍ എവിടെയാണ്… വാഷിംഗ്ടണ്‍ എന്ന് കേട്ടപ്പോള്‍ ആ നാല്‍പതു വയസുകാരനായ മകന് ഭയങ്കര സന്തോഷം. അയാള്‍ പറഞ്ഞു: അമ്മയും അങ്ങോട്ടാണ്. മൂത്തമകന്റെ അടുത്തേക്ക് പോവുകയാണ്. നേരത്തെ എല്ലാം പ്ലാന്‍ ചെയ്തതാണ്.
അവന്‍ വന്ന് കൂട്ടിക്കൊണ്ടുപൊയ്‌ക്കൊള്ളാം എന്നാണ് പറഞ്ഞിരുന്നത്. അത്യാവശ്യമായി അവന് യാത്ര കാന്‍സല്‍ ചെയ്യേണ്ടിവന്നു. അമ്മയെ ബംഗളൂരുവില്‍നിന്ന് കയറ്റിവിട്ടാല്‍ മതി. വീല്‍ചെയര്‍ ഞാന്‍ ക്രമീകരിച്ചോളാം, അമേരിക്കയില്‍ വിമാനത്താവളത്തില്‍ ഞാന്‍ സ്വീകരിക്കും എന്നാണ് മകന്‍ പറഞ്ഞിരിക്കുന്നത്. എന്നാലും ഇത്രയും ദൂരം അമ്മ തനിച്ച് യാത്ര ചെയ്യണമല്ലോ, ഇടയ്ക്ക് മാറി കയറുകയും വേണം. ഓര്‍ക്കുമ്പോള്‍ ആകെ ടെന്‍ഷനും സങ്കടവും… പരിചയക്കാര്‍ ആരെങ്കിലും ഉണ്ടോ എന്ന് അന്വേഷിക്കുകയായിരുന്നു. താങ്കള്‍ അവിടംവരെയുണ്ടല്ലോ. അമ്മയെ ഒന്നു ശ്രദ്ധിച്ചോളണേ…
മലയാളം അറിയാന്‍ വയ്യാത്ത അമ്മച്ചിയും തമിഴ് അറിയാത്ത ഞാനും എങ്ങനെ സംസാരിക്കും (അമ്മച്ചി തമിഴ് വംശജയാണ്). അറിയാവുന്ന ഇംഗ്ലീഷിലും തമിഴിലുമായി പേശാം – ഞാന്‍ മനസില്‍ കരുതി. ഞാന്‍ അച്ചനാണെന്ന് പറഞ്ഞപ്പോള്‍ വലിയ സന്തോഷമായി അവര്‍ക്ക് (അവര്‍ കത്തോലിക്കരല്ലാത്ത ക്രിസ്തീയ സഭയിലാണ്). ഞാന്‍ പറഞ്ഞു, ഞാന്‍ അമ്മച്ചിയെ നോക്കിക്കൊള്ളാം. വേറെ സഹായിയും വീല്‍ചെയറുമൊന്നും ക്രമീകരിക്കേണ്ട. എനിക്ക് അധികം ലഗേജോ വലിയ ഹാന്‍ഡ്ബാഗുകളോ ഇല്ല.
സെമിനാരി പരിശീലനകാലത്താണ് എന്റെ അമ്മ മരിച്ചത്. സ്വന്തം അമ്മയെ ഒരു യാത്രയ്ക്ക് കൊണ്ടുപോകുന്ന തീക്ഷ്ണതയോടും സ്‌നേഹത്തോടുംകൂടെ ആ അമ്മച്ചിയുടെ ഹാന്‍ഡ്ബാഗും എടുത്ത് ഞങ്ങള്‍ ഒരുമിച്ച് യാത്ര തുടങ്ങി. സെക്യൂരിറ്റിയിലും എമിഗ്രേഷനിലും അനായാസമായി ഞങ്ങള്‍ കടന്നുപോയി. ജര്‍മനിയിലെ ഫ്രാങ്ക്ഫുര്‍ട്ടില്‍ വിമാനം മാറിക്കയറുക അത്ര എളുപ്പമല്ല. യാത്ര ചെയ്ത വിമാനത്തില്‍നിന്ന് ഇറങ്ങി ഉള്ളിലെ ട്രെയിന്‍ സര്‍വീസില്‍ കയറി, വേറൊരു ടെര്‍മിനലില്‍ എത്തി നമ്മുടെ ഗേറ്റ് കണ്ടുപിടിക്കുവാന്‍ ആദ്യയാത്രക്കാരന് ഇത്തിരി വിഷമിക്കേണ്ടിവരും. പക്ഷേ ഞങ്ങള്‍ രണ്ടുപേരുംകൂടി അമ്മയും മകനുംപോലെ സ്‌നേഹത്തോടും സന്തോഷത്തോടുംകൂടി യാത്ര തുടരുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. അടുത്ത സീറ്റുകളല്ല ലഭിച്ചതെങ്കിലും പരസ്പരം നോക്കി രണ്ടുപേരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അമേരിക്കയിലെത്തിയപ്പോള്‍ മകന്‍ കാത്തുനിന്ന് അമ്മയെ സ്വീകരിച്ചു. പിരിയുവാന്‍നേരത്ത് ആ അമ്മച്ചി പറഞ്ഞു: യാത്ര നിശ്ചയിച്ച നാള്‍മുതല്‍ ഞാന്‍ ജീസസിനോട് എന്റെ യാത്രയില്‍ കൂടെ ഉണ്ടാകണമേ എന്ന് പ്രാര്‍ത്ഥിക്കുമായിരുന്നു. തനിച്ചാണെന്ന് മനസിലായപ്പോള്‍ ദൈവമേ അങ്ങയുടെ മാലാഖയെ എന്റെകൂടെ അയക്കണമേ എന്നും പ്രാര്‍ത്ഥിക്കുമായിരുന്നു. നമ്മുടെ ദൈവം പ്രാര്‍ത്ഥന കേള്‍ക്കുന്ന ദൈവമാണല്ലോ ഫാദര്‍. ”എന്നെ സഹായിക്കുവാന്‍ ദൈവം അയച്ച ഏയ്ഞ്ചലാണോ നിങ്ങള്‍?” അമര്‍ത്തി കെട്ടിപ്പിടിച്ച് തിരിഞ്ഞ് നടക്കുന്ന ആ സ്ത്രീയുടെ കണ്ണില്‍ ഉരുണ്ടുകൂടിയ ജലകണങ്ങള്‍ ദൈവത്തിന്റെ പരിപാലനയെ ഓര്‍ത്തുള്ള നന്ദിയോ അതോ എന്നോടുള്ള കടപ്പാടോ?
തികച്ചും അപ്രതീക്ഷിതമായി കണ്ടുമുട്ടി, ഒരു യാത്രക്കുശേഷം പിരിയുമ്പോള്‍, ഇനിയൊരിക്കലും കാണാന്‍ കഴിയില്ലെങ്കിലും ദൈവത്തിന്റെ കരുതലും ഇടപെടലും ഓരോ ജീവിതങ്ങളില്‍ സംഭവിക്കുന്ന അത്ഭുതങ്ങളെക്കുറിച്ച് മനസ് ചിന്തിക്കുന്നു. ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല എന്ന തിരുവചനം എത്ര ജീവസ്പര്‍ശിയാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞ ഒരു സംഭവമായിരുന്നു അത്. ദൈവം തന്റെ മാലാഖമാരെ നമ്മുടെ കൂടെ ആയിരിക്കുവാനും ചരിക്കുവാനുമായി നിയമിച്ചിരിക്കുന്നു. അത് വാലും ചിറകുമുള്ള ശുഭ്രവസ്ത്രധാരികള്‍ അല്ല, മറിച്ച് മണ്ണിന്റെ നിറവും രുചിയും മണവുമുള്ള മനുഷ്യമാലാഖമാരെയാണ്.
തികച്ചും അപ്രതീക്ഷിതമായി കടന്നുവന്ന് സഹായഹസ്തം നീട്ടിയ എത്രയോ മാലാഖമാരുടെ കൈപിടിച്ചാണ് നാം ഈ ജീവിതമരുഭൂമിയില്‍ യാത്ര ചെയ്യുന്നത്, ലക്ഷ്യത്തിലെത്തുന്നത്. പേരുകളും വേഷങ്ങളും മാറിയെന്നാലും മാലാഖമാര്‍ നമ്മുടെകൂടെ നടക്കുന്നു.
ഒരു ദൂരയാത്രയ്ക്ക് ബസ്സ്റ്റാന്റില്‍ കാത്തുനില്‍ക്കുകയാണ്. റിസര്‍വ് ചെയ്യാന്‍ കഴിഞ്ഞില്ല. ബസ് വന്നപ്പോള്‍ പുറമെനിന്ന് ഒരു ചെറിയ ബാഗ് ഉള്ളിലേക്ക് നീട്ടി ഒരു സീറ്റ് പിടിക്കാമോ എന്ന് ഇരിക്കുന്ന ആളോട് ചോദിച്ചു. ചെറുചിരിയോടെ സീറ്റും പിടിച്ച് കാത്തിരുന്ന ആ മനുഷ്യന്റെ പേരു ചോദിച്ചുമില്ല, പറഞ്ഞുമില്ല. പക്ഷേ ഭാവം മാലാഖയുടേതാണ്. പരീക്ഷാഹാളില്‍ പകരം പേന തന്ന കൂട്ടുകാരനും മഴ പെയ്തപ്പോള്‍ കുടയിലേക്ക് ക്ഷണിച്ചു കയറ്റിയ സഹപാഠിയും ഇത്തിരി മാര്‍ക്ക് കുറഞ്ഞിട്ടും വഴക്കുപറയാതെ പ്രൊമോഷന്‍തന്ന അധ്യാപകനും മാലാഖമാര്‍തന്നെ…
യാത്ര ചെയ്ത് മടുത്തവേളയില്‍ വീട്ടിലേക്ക് ക്ഷണിച്ച് ഭക്ഷണം ഉണ്ടാക്കി വിളമ്പിതന്ന അയല്‍ക്കാരനും പണമില്ലാതെ ഗതികെട്ട് നില്‍ക്കുമ്പോള്‍ ആവശ്യത്തിന് പണത്തിന്റെ പൊതി കൈയില്‍ വച്ചുതന്നിട്ട്, സാധിക്കുമ്പോള്‍ തിരികെ തന്നാല്‍ മതിയെന്നു പറഞ്ഞ ഇടവകക്കാരനും. ദുഃഖത്തിന്റെ പേമാരിപ്പെയ്ത്തില്‍ കൂടെനിന്ന ജന്മബന്ധുവും…ദൂരത്തിരുന്ന് എന്നും ദൈവസന്നിധിയില്‍ കൈകൂപ്പി എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന സഹോദരിയുമൊക്കെ പറന്നുനടക്കുന്ന പുണ്യമാലാഖമാരാണ്…
അച്ചനായും സിസ്റ്ററായും അധ്യാപകനായും സഹപ്രവര്‍ത്തകനായും അയല്‍ക്കാരനായും വഴിയില്‍ കണ്ടുമുട്ടിയവനായും മാലാഖമാര്‍ അവതരിക്കുന്നു. ആശുപത്രിയില്‍ പൊതിച്ചോര്‍ വിതരണം ചെയ്യുന്നവനും റോഡ് മുറിച്ചുകടക്കുവാന്‍ സഹായിക്കുന്ന പോലീസുകാരനും ബാക്കിവാങ്ങാന്‍ മറന്നുപോയ പണം തിരികെ വിളിച്ച് നല്‍കുന്ന കച്ചവടക്കാരനുമൊക്കെ മണ്ണിന്റെ മണമുള്ള മാലാഖമാരാണ്. അള്‍ത്താരയിലെ അലങ്കരിച്ച മാലാഖയാകാനല്ല, ഈ മണ്ണില്‍ ഇരുകാലില്‍ നടക്കുന്ന കരുണയുടെ കരങ്ങളുള്ള മാലാഖമാരാകാന്‍ നമുക്ക് കഴിയണം. മാലാഖമാര്‍ പെരുകട്ടെ… ആരുടെ യെങ്കിലും ജീവിതത്തില്‍ ഒരിക്കലെങ്കിലും മാലാഖയാകാന്‍ നിനക്ക് കഴിയുമോ?
Leave a Comment
Your email address will not be published. Required fields are marked with *