സ്വന്തം ലേഖകന്‍
2005 ഒക്‌ടോബര്‍ 15ന് ആ വര്‍ഷം ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികളുമായി ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ നടത്തിയ കൂടിക്കാഴ്ച ഏറെ ഹൃദയസ്പര്‍ശിയായിരുന്നു. കുട്ടികളുടെ നിഷ്‌കളങ്കമായ ചോദ്യങ്ങള്‍ക്ക് മറുപടിയായി അവരുടെ തന്നെ ഭാഷയില്‍ ദിവ്യാകാരുണ്യത്തെക്കുറിച്ചും കുമ്പസാരത്തെക്കുറിച്ചും പാപ്പ നല്‍കിയ ലളിതമായ വിശദീകരണങ്ങള്‍ ആ കുഞ്ഞുങ്ങള്‍ക്ക് മാത്രമല്ല ലോകത്തിന് മുഴുവന്‍ അനുഗ്രഹമായി മാറി.
ഓരോ കുമ്പസാരത്തിനുശേഷവും അതേ പാപങ്ങള്‍ വീണ്ടും ചെയ്യുന്ന സാഹര്യത്തില്‍ വീണ്ടുംവീണ്ടും കുമ്പസാരത്തിനായി അണയേണ്ടതുണ്ടോ എന്നതായിരുന്നു ലിവിയയുടെ ചോദ്യം. അതിന് പാപ്പയുടെ മറുപടി ഇപ്രകാരമായിരുന്നു -”നാം നമ്മുടെ വീടും മുറിയുമൊക്കെ ആഴ്ചയിലൊരിക്കലെങ്കിലും വൃത്തിയാക്കാറുണ്ട്. എല്ലാതവണയും ഒരേ പൊടിയാണല്ലോ ഉള്ളത് എന്ന് കരുതി ആരും അത് വേണ്ടെന്നു വയ്ക്കുന്നില്ല. ചിലപ്പോള്‍ നമുക്ക് കാണാവുന്ന വിധത്തിലുള്ള അഴുക്ക് മുറിയില്‍ ഉണ്ടാകണമെന്നില്ല.
എന്നാല്‍ കാലക്രമത്തില്‍ പൊടിയും അഴുക്കും കുന്നുകൂടി വീട് വൃത്തിഹീനമായി മാറും. ഇതു തന്നെയാണ് ആത്മാവിന്റെ കാര്യത്തിലും സംഭവിക്കുന്നത്. കുമ്പസാരിക്കാതിരിക്കുന്നത് ആത്മാവിനെ അവഗണിക്കുന്നതിന് തുല്യമാണ്. കുമ്പസാരത്തില്‍ നടക്കുന്ന ആത്മാവിന്റെ ശുചീകരണത്തിലൂടെ കൂടുതല്‍ തുറവിയും ജാഗ്രതയുും ആത്മാവില്‍ പക്വതയുമുള്ള മനുഷ്യരുമായി നാം മാറുന്നു. അതുകൊണ്ട് രണ്ടുകാര്യങ്ങള്‍ ശ്രദ്ധിക്കുക. ഗൗരവമുള്ള പാപങ്ങള്‍ക്കാണ് കുമ്പസാരം ആവശ്യമായിട്ടുള്ളത്. എന്നാല്‍ സ്ഥിരമായി കുമ്പസാരിക്കുന്നത് ആത്മാവിനെ മനോഹരമായി കാത്ത് സൂക്ഷിക്കുന്നതിനും കൂടുതല്‍ പക്വതയോടെ ജീവിക്കുന്നതിനും സഹായകമാണ്.”
ദിവ്യകാരുണ്യത്തില്‍ യേശു സന്നിഹിതനാണെങ്കില്‍ എന്തുകൊണ്ടാണ് യേശുവിനെ കാണാന്‍ സാധിക്കാത്തത് എന്നായിരുന്നു ആന്‍ഡ്രിയയുടെ സംശയം. കുട്ടികള്‍ക്ക് പെട്ടന്ന് മനസിലാക്കാന്‍ സാധിക്കുന്ന ഒരു ഉദാഹരണം പറഞ്ഞുകൊണ്ടാണ് ആ ചോദ്യത്തിന് പാപ്പ മറുപടി പറഞ്ഞത് -”നമുക്ക് കാണാന്‍ സാധിക്കാത്ത പല കാര്യങ്ങളും ജീവിത്തില്‍ ഉണ്ട്. അവയില്‍ പലതും അത്യന്താപേക്ഷിതങ്ങളായ കാര്യങ്ങളുമാണ്. ഉദാഹരണത്തിന് നമ്മുടെ ബുദ്ധിയും യുക്തിയും കാണാന്‍ സാധിക്കില്ല. എന്നാല്‍ അവ ഉണ്ടെന്ന് അറിയാം. നമ്മുടെ ആത്മാവിനെ നമുക്ക് കാണാന്‍ സാധിക്കില്ല. എങ്കിലും അത് ഉണ്ട്. അതുപോലെ വൈദ്യുതി നമുക്ക് കാണാനാവില്ല.
എങ്കിലും വൈദ്യുതി കൊണ്ട് പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളുടെ പ്രവര്‍ത്തനത്തിലൂടെ അത് ഉണ്ടെന്ന് നാം മനസിലാക്കുന്നു.
ഇതുപോലെ തന്നെയാണ് ഉത്ഥിതനായ യേശുവും. യേശുവിനെ കാണാന്‍ സാധിക്കില്ല. എന്നാല്‍ യേശു ഉള്ള സ്ഥലങ്ങളില്‍ ജനങ്ങള്‍ക്ക് മാനസാന്തരവും മാറ്റങ്ങളുമുണ്ടാകുന്നത് നാം കാണുന്നു. യേശു ഉള്ള സ്ഥലങ്ങളില്‍ സമാധാനത്തോടെ ജീവിക്കാനും അനുരഞ്ജനത്തിനുമുള്ള സാധ്യതകള്‍ ഉണ്ടാകുന്നു. കര്‍ത്താവിനെ നേരിട്ട് കാണുന്നില്ലെങ്കിലും ദൈവസാന്നിധ്യത്തിന്റെ ഫലങ്ങള്‍ പ്രകടമാകുന്നു. അങ്ങനെ ദിവ്യകാരുണ്യത്തില്‍ യേശു ഉണ്ടെന്ന് നമുക്ക് തിരിച്ചറിയാം. കണ്ണുകൊണ്ട് കാണാന്‍ സാധിക്കാത്ത കാര്യങ്ങളാണ് ഏറ്റവും പ്രധാന കാര്യങ്ങള്‍. അതുകൊണ്ട് നമ്മെ നന്നായി ജീവിക്കാന്‍ സഹായിക്കുന്ന, അദൃശ്യനെങ്കിലും ശക്തനായ ദൈവത്തെ, ആത്മീയമായി നമുക്ക് കാണുകയം അനുഭവിക്കുകയും ചെയ്യാം.”
















Leave a Comment
Your email address will not be published. Required fields are marked with *