Follow Us On

22

January

2025

Wednesday

പരിശുദ്ധാത്മാവിനായി ഹൃദയവാതിലുകള്‍ തുറക്കാം

പരിശുദ്ധാത്മാവിനായി  ഹൃദയവാതിലുകള്‍ തുറക്കാം

‘സഭയുടെ ജനാലകള്‍ തുറന്നിടുക. പരിശുദ്ധാത്മാവാകുന്ന ‘ഫ്രഷ് എയര്‍’ വിശ്വാസികളുടെ ഹൃദയത്തെ നവീകരിക്കട്ടെ.’ പന്തക്കുസ്താ തിരുനാളിനായി സഭ മുഴുവന്‍ ഒരുങ്ങുമ്പോള്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് ആരംഭം കുറിച്ചുകൊണ്ട് വിശുദ്ധ ജോണ്‍ 23-ാമന്‍ മാര്‍പാപ്പ പറഞ്ഞ ഈ വാക്കുകള്‍ ഇന്നും പ്രസക്തമായി നിലകൊള്ളുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലൂടെ സഭയുടെ വാതിലുകള്‍ തുറന്നതിന് ശേഷമാണ് കത്തോലിക്ക സഭയെ ആകമാനം നവീകരണത്തിലേക്ക് നയിച്ച കരിസ്മാറ്റിക്ക് മുന്നേറ്റം പടര്‍ന്നുപന്തലിച്ചത്. ഇന്നും നമ്മുടെ ജീവിതത്തിലും സഭയിലും ഒരു പുതിയ പന്തക്കുസ്താ സംഭവിക്കുന്നതിന് മുന്നോടിയായി തുറക്കേണ്ട അനവധി വാതിലുകളും ജനാലകളുമുണ്ട്. ദൈവഹിതം തിരിച്ചറിയാനോ മറ്റു മനുഷ്യരുടെ വേദനകളും ആശയങ്ങളും താല്‍പ്പര്യങ്ങളും മനസിലാക്കാനോ സാധിക്കാത്ത വിധം അടച്ചുപൂട്ടിയിരിക്കുന്ന നമ്മുടെ മനസിന്റെ ജാലകങ്ങള്‍ തന്നെയാവും അതില്‍ പ്രഥമ പരിഗണന അര്‍ഹിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്നതുപോലെ ‘മുറിവേറ്റ, അരികുകളിലേക്ക് പോകുന്ന, ചെളിപുരണ്ട, സ്വന്തം സുരക്ഷിതത്വം നോക്കാത്ത സഭ’യാകുന്നതില്‍നിന്ന് തടയുന്ന മതിലുകള്‍ തകര്‍ത്തുകൊണ്ട് പരിശുദ്ധാത്മാവിന് വേണ്ടി തീവ്രമായി പ്രാര്‍ത്ഥിക്കേണ്ട സമയമാണിത്. എത്ര തീവ്രതയോടെ നാം പരിശുദ്ധാത്മാവിനായി നമ്മെത്തന്നെ, സഭയെ ശുദ്ധീകരിക്കുന്നുവോ അത്രയുമധികമായി നമ്മിലേക്കും സഭയിലേക്കും പരിശുദ്ധാത്മാവ് കടന്നുവരും എന്നതില്‍ സംശയില്ല.

ഭയത്തിന്റെയും നിസംഗതയുടെയും വിഭാഗീയതയുടെയും സംഘര്‍ഷത്തിന്റെയും മലിനവായു തളംകെട്ടി നില്‍ക്കുന്ന ലോകത്തില്‍ പരിശുദ്ധാത്മാവാകുന്ന ഫ്രഷ് എയര്‍ കൂടാതെ നമുക്ക് ഒരു നിമിഷം പോലും ജീവിക്കാനാവില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അനുദിനജീവതം നല്ല രീതിയില്‍ മുന്നോട്ട്  കൊണ്ടുപോകാന്‍ ഒരു സാധാരണ വിശ്വാസിക്ക് ലഭിക്കുന്ന പരിശുദ്ധാത്മാവിന്റെ കൃപയ്ക്കുപരിയായി ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിക്കുന്നതിനുള്ള പ്രത്യേകമായ അഭിഷേകമാണ് പന്തക്കുസ്താദിനത്തില്‍ ശിഷ്യന്‍മാര്‍ക്ക് ലഭിച്ചതെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ധൈര്യപൂര്‍വം സുവിശേഷം പ്രഘോഷിക്കുന്നതിനും വരദാനങ്ങളുപയോഗിച്ച് അത്ഭുതങ്ങളിലൂടെയും രോഗശാന്തികളിലൂടെയും യേശുവിന്റെ വചനങ്ങള്‍ സ്ഥിരീകരിക്കുന്നതിനുമുള്ള പ്രത്യേക അഭിഷേകമാണ് പന്തക്കുസ്താദിനത്തില്‍ ശ്ലീഹന്‍മാര്‍ക്ക് ലഭിച്ചത്. അതേ അഭിഷേകം ഇന്നും സുവിശേഷം പ്രസംഗിക്കുന്ന ലോകമെമ്പാടുമുള്ള മിഷനറിമാര്‍ക്ക്, വചനത്തിന്റെ ശുശ്രൂഷകര്‍ക്ക് ഏറിയതും കുറഞ്ഞതുമായ തോതില്‍ ലഭിച്ചുകൊണ്ടിരിക്കുന്നു എന്നത് സഭയില്‍ ഇന്നും ശക്തമായി പരിശുദ്ധാത്മാവ് പ്രവര്‍ത്തിക്കുന്നു എന്ന് വ്യക്തമാക്കുന്നു.

ദൈവം ഭരമേല്‍പ്പിച്ച സുവിശേഷം പ്രഘോഷിക്കുവാനുള്ള ‘ഗ്രേറ്റ് കമ്മീഷ’ന് വേണ്ടത്ര ഗൗരവം കൊടുക്കാത്തതാണ് ഇന്ന് കേരളസഭയും ആഗോളസഭ തന്നെയും നേരിടുന്ന പ്രതിസന്ധികളുടെ അടിസ്ഥാന കാരണമെന്ന് സുവിശേഷം പ്രഘോഷിക്കപ്പെടുന്ന ഇടങ്ങളില്‍ ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്ന പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. ആദ്യ പന്തക്കുസ്താ മുതല്‍ ഇന്നോളം സുവിശേഷം പ്രഘോഷിക്കുകയും സ്വഭാവികമായും പലപ്പോഴും അതിസ്വഭാവികമായും സുവിശേഷം ജീവിക്കുകയും ചെയ്യുന്ന വ്യക്തികളും ഇടങ്ങളും ഇത് തന്നെയാണ് നമ്മെ പഠിപ്പിക്കുന്നത്.

കരിസ്മാറ്റിക്ക് മുന്നേറ്റത്തിന്റെ ഫലമായി സംഭവിച്ച പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളുടെ സദ്ഫലങ്ങള്‍ കേട്ടും കണ്ടും അനുഭവിച്ചും അറിഞ്ഞുകൊണ്ടിരിക്കുന്ന കേരളത്തിലെ വിശ്വാസികളെ ഒരു പുത്തന്‍ പന്തക്കുസ്തയ്ക്കായി ആത്മാര്‍ത്ഥമായി ഒരുങ്ങേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞ് പഠിപ്പിക്കേണ്ടതില്ല. സാമൂഹ്യമാധ്യമങ്ങളുടെയും മറ്റ് ന്യൂജെന്‍ ട്രെന്‍ഡുകളുടെയും നടുവിലും വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കാനും വളരാനും ഇന്ന് അനേക കുടുംബങ്ങള്‍ക്ക് സാധിക്കുന്നു എന്നത് കരിസ്മാറ്റിക്ക് മുന്നേറ്റത്തിന്റെ ബാക്കിപത്രമാണ്. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ധ്യാനകേന്ദ്രങ്ങളിലൂടെയും വചനശുശ്രൂഷകളിലൂടെയും പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികളും അനവധി വിജാതീയരും നേരിട്ടനുഭിച്ചുകഴിഞ്ഞതാണ്. എന്നിരുന്നാലും കേരളത്തിലും കേരളത്തിന് പുറത്തുമുള്ള കോടിക്കണക്കിന് മനുഷ്യരിലേക്ക് ഇന്നും ക്രിസ്തുവിന്റെ രക്ഷയുടെ സന്തോഷം നമുക്ക് എത്തിക്കാനായിട്ടില്ല എന്നുള്ളത് ഒരോ വിശ്വാസിയും തങ്ങളുടെ വ്യക്തിപരമായ പരാജയമായി ഏറ്റുപറഞ്ഞ് അതിനായി പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇതുവരെ ക്രിസ്തുവിനെ അറിയാത്തവരിലേക്ക് സുവിശേഷം എത്തിക്കുവാനുള്ള നവസുവിശേഷവത്കരണ പ്രവര്‍ത്തനങ്ങളും ക്രിസ്തുവിനെ അറിഞ്ഞവര്‍ക്ക് വീണ്ടും ഒന്നിച്ചുകൂടാനും വചനം കേള്‍ക്കാനും അവസരമൊരുക്കുന്ന പുനഃസുവിശേഷവല്‍ക്കരണ പ്രവര്‍ത്തനവും ഫലവത്തായി നടത്തുന്നതിന് പരിശുദ്ധാത്മാവിന്റെ പ്രത്യേകമായ അഭിഷേകം ആവശ്യമാണെന്നുള്ളത് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. ഈ പശ്ചാത്തലത്തില്‍ സഭ ഒന്നടങ്കം പന്തക്കുസ്താ തിരുനാളിന് ഗൗരവമായി ഒരുങ്ങേണ്ടതുണ്ട്.

ഒരുപക്ഷേ നവീകരണത്തിന്റെ ആദ്യ നാളുകളുണ്ടായിരുന്ന തീക്ഷ്ണതയിലും ദൈവസ്‌നേഹത്തിലും കുറവു വന്നിട്ടുണ്ടെങ്കില്‍ അത് നികത്താനുള്ള അവസരമായി ഈ പന്തക്കുസ്താ തിരുനാള്‍ മാറട്ടെ. ആദിമസഭയിലും വിശുദ്ധരരുടെ ജീവിതങ്ങളിലും സംഭവിച്ച അത്ഭുതങ്ങളും അടയാളങ്ങളും ഇന്നും കണ്‍മുമ്പില്‍ കാണാനും അനുഭവിക്കുവാനും അവസരങ്ങളൊരുക്കി കൊണ്ട് ക്രിസ്തുവിന്റെ സ്‌നേഹത്തിലും പ്രത്യാശയിലും നമ്മെ ഉറപ്പിച്ചു നിര്‍ത്തുന്ന പരിശുദ്ധാത്മാവിന് നമുക്ക് നന്ദി പറയാം. നമ്മെ തേടിവന്ന, ഹൃദയത്തില്‍ നല്ല പ്രചോദനങ്ങള്‍ തന്ന പരിശുദ്ധാത്മവിനെ മനസിലാക്കാതെയും സ്വീകരിക്കാതെയും മാനിക്കാതെയുമിരുന്ന നിമിഷങ്ങള്‍ക്ക് മാപ്പ് ചോദിക്കാം.

മുട്ടോളവും അരയോളവും പോര, നമ്മെ പൊതിഞ്ഞു നില്‍ക്കുന്ന പരിശുദ്ധാത്മാവിന്റെ പുതിയ അഭിഷേകം കാലഘട്ടം നമ്മില്‍ നിന്ന് ആവശ്യപ്പെടുന്നു. ക്രിസ്ത്യാനിയായി ജനിച്ച ഒരു മനുഷ്യനും സുവിശേഷം പ്രഘോഷണദൗത്യത്തില്‍ നിന്ന് ഒഴിവില്ലാത്തതുകൊണ്ടു തന്നെ പന്തക്കുസ്തായുടെ അഭിഷേകം കൂടാതെ ഒരു വിശ്വാസിക്കും മുന്നോട്ട് പോകാന്‍ സാധിക്കില്ല. പുത്തന്‍ പന്തക്കുസ്തയ്ക്കായി നമ്മുടെ ഹൃദയവാതിലുകള്‍ തുറക്കാം. പ്രാര്‍ത്ഥനയോടെ പരിശുദ്ധാത്മാവിനെ ജീവിതത്തിലേക്ക് ക്ഷണിക്കാം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?