Follow Us On

22

January

2025

Wednesday

വേളാങ്കണ്ണിയില്‍ കണ്ട അത്ഭുതം

വേളാങ്കണ്ണിയില്‍ കണ്ട അത്ഭുതം

ഫാ. സ്റ്റാഴ്‌സണ്‍ കള്ളിക്കാടന്‍

സെമിനാരി നിയമങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതും പ്രഥമവുമായ നിയമം മുടങ്ങാതെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കണം എന്നതായിരുന്നെങ്കിലും ഫിലോസഫി തീരുന്നതുവരെ ഒരു മുഴുവന്‍ കുര്‍ബാനയില്‍ പോലും ഞാന്‍ സജ്ജീവമായി പങ്കെടുത്തിട്ടില്ല. കാരണം വിശുദ്ധ കുര്‍ബാന എനിക്ക് അനഭവമായിരുന്നില്ല. വിശുദ്ധ കുര്‍ബാനയോട് എന്തിനായിരുന്നു ഇത്ര അകലം എന്നെനിക്കറിയില്ല. ഒരുപക്ഷേ പിശാചിന്റെ വലിയ തട്ടിപ്പ് തന്നെയായിരിക്കണം ഈ ഒരു മനോഭാവത്തിലേക്ക് എന്നെ നയിച്ചിരുന്നതെന്ന് ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നുണ്ട്. എവിടെപ്പോയാലും വിശുദ്ധ കുര്‍ബാന മുടക്കരുതെന്ന് ഉപദേശിച്ചാണ് റെക്ടറച്ചനും ആധ്യാത്മിക പിതാവും ഞങ്ങളെ അവധിക്ക് പറഞ്ഞു വിട്ടിരുന്നത്. എങ്കിലും എനിക്ക് ദിവ്യബലിയോട് ഭക്തി കുറവായിരുന്നു.
വിശുദ്ധ കുര്‍ബാനയുമായി ഒരു ബന്ധവും ഇല്ലാത്ത എനിക്ക് അവന്റെ പരിശുദ്ധ ബലി അര്‍പ്പിക്കാന്‍ യോഗ്യതയില്ലെന്ന് ഞാന്‍തന്നെ തിരിച്ചറിഞ്ഞ നാളുകളായിരുന്നു അത്. തിരുവസ്ത്രം സ്വീകരിക്കുന്നതിന് മുമ്പ് വിശുദ്ധ കുര്‍ബാനയോടുള്ള സ്‌നേഹം വര്‍ധിപ്പിക്കുന്ന ഒരു അത്ഭുതം കണ്ടില്ലെങ്കില്‍ വിശുദ്ധ ബലിയര്‍പ്പിക്കുന്ന പുരോഹിതനാവില്ലെന്ന് ആ നാളുകളില്‍ ഞാന്‍ അടക്കം പറഞ്ഞിരുന്നു. ഞാന്‍ ആരോടും പറയാതിരുന്ന ഈ സ്വകാര്യ സംഭാഷണം പരിദ്ധ അമ്മ കേട്ടു എന്ന് ഉറപ്പിക്കുന്ന കാര്യങ്ങളാണ് പിന്നീട് എന്റെ ജീവിതത്തില്‍ സംഭവിച്ചത്.

ഭീകരമായ കാഴ്ചകള്‍
2004-ലെ ക്രിസ്മസ് വെക്കേഷനാണ് ആ സംഭവം അരങ്ങേറിയത്. വികാരിയച്ചന്‍ വഴക്കു പറയുമല്ലോ എന്നു കരുതിയാണ് ആ വര്‍ഷത്തെ പാതിരാകുര്‍ബാനയ്ക്ക് പോയത്. പിറ്റേന്നാണ് ടി.വിയില്‍ ഇങ്ങനെയൊരു വാര്‍ത്ത കണ്ടത്, സുനാമി തിരമാലകള്‍ കേരളത്തിലും തമിഴ്‌നാട്ടിലും നാശം വിതയ്ക്കുന്ന വാര്‍ത്ത. ഏറ്റവും അധികം ദുരിതം നേരിട്ടത് വേളാങ്കണ്ണി ഭാഗത്താണെന്നറിഞ്ഞപ്പോള്‍ കൗതുകത്തിനു ചില സുഹൃത്തുക്കളോടൊപ്പം വേളാങ്കണ്ണി സന്ദര്‍ശനത്തിന് പോയി. വേളാങ്കണ്ണിയില്‍ കാലെടുത്തുകുത്തിയപ്പോള്‍ കണ്ട കാഴ്ചകള്‍ ഭീകരമായിരുന്നു.

ആ സമയത്ത് ദൈവാലയത്തില്‍ ദിവ്യകാരുണ്യ ഈശോയെ എഴുന്നള്ളിച്ചുവച്ച് കുറച്ചുപേര്‍ ആരാധിക്കുന്നുണ്ടായിരുന്നു. വിശുദ്ധ കുര്‍ബാനയും വിശുദ്ധകുര്‍ബാനയിലെ ഈശോയുടെ സാന്നിധ്യവുമൊന്നും വിശ്വാസകണ്ണുകളിലൂടെ നോക്കാതെ യുക്തികൊണ്ട് ചിന്തിച്ചിരുന്നതിനാല്‍ ആ ആരാധനയില്‍ ഞാന്‍ തീരെ ശ്രദ്ധിച്ചില്ല എന്നുവേണം പറയാന്‍. പള്ളിയുടെ ഒഴിഞ്ഞ കോണിലിരുന്ന് സുഖമായി ഉറങ്ങി ഉണര്‍ന്നപ്പോഴും ആരാധന സമാപിച്ചിരുന്നില്ല. മുമ്പില്‍ ഉണ്ടായിരുന്ന ഒരു കുടുംബം സ്തുതിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും എനിക്ക് അരോചകമായാണ് അനുഭവപ്പെട്ടത്. പിന്നെയും കുറേനേരം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ അവര്‍ വലിയ സന്തോഷത്തോടെ പോകുന്നതു കണ്ടു.

വിശുദ്ധ കുര്‍ബാന അര്‍പ്പണസമയത്താണ് വലിയ ശബ്ദത്തോടെ തിരമാലകള്‍ കടല്‍ ഭേദിച്ച് കരയെ വിഴുങ്ങാന്‍ വന്നത്. രണ്ട് തെങ്ങിന്റെ ഉയരത്തില്‍ തിരമാലകള്‍ ഉയര്‍ന്നുപൊങ്ങി. എന്റെ ദിവ്യകാരുണ്യ ഈശോയെ എന്നേയും എന്റെ കുടുംബത്തേയും ഈ ബലിയില്‍ പങ്കുചേരുന്നവരെയും അപകടങ്ങളില്‍ നിന്ന് കാത്തു രക്ഷിച്ച് അനുഗ്രഹിക്കണമേ എന്നു പ്രാര്‍ത്ഥിച്ചു.

വെറുതെ ഒരു കൗതുകത്തിനും അവരെ കളിയാക്കാനുമായി ഞാന്‍ ചോദിച്ചു: ”ഇത്രനേരം ആരാധിച്ചിട്ട് നിങ്ങള്‍ക്ക് എന്തു കിട്ടി? ഈ വെറും ഗോതമ്പപ്പം നോക്കി സമയം പാഴാക്കണോ എന്നൊക്കെ പരിഹാസ രൂപേണ ചോദിച്ചപ്പോള്‍ ആ കുടുംബനാഥന്‍ മറുപടി പറഞ്ഞത് ഇപ്രകാരമാണ്: സഹോദരാ, താങ്കള്‍ ആരാണെന്നും എന്തിനാണ് ഈ ചോദ്യം ചോദിച്ചതെന്നും ഞങ്ങള്‍ക്കറിയില്ല. പക്ഷേ ഞങ്ങള്‍ക്കൊന്നറിയാം, വിശുദ്ധ കുര്‍ബാനയില്‍ ഈശോയുടെ സജ്ജീവസാന്നിധ്യമുണ്ട്. ആ സാന്നിധ്യം ഇല്ലായിരുന്നെങ്കില്‍ ഞാനും ഈകുടുംബവും ഇന്ന് മണ്‍മറഞ്ഞു പോകുമായിരുന്നു.

സുനാമിയുടെ നടുവില്‍
എന്താണ് ഇത്ര വലിയ ദിവ്യകാരുണ്യ അത്ഭുതമെന്ന് ആരാഞ്ഞ എന്നോട് അവര്‍ ഇങ്ങനെ മറുപടി നല്‍കി: നാട്ടില്‍നിന്നും വേളാങ്കണ്ണിപള്ളിയിലേക്ക് തീര്‍ത്ഥയാത്ര നടത്തി മടങ്ങുന്ന അന്ന് ഞങ്ങളുടെ ഗൈഡ് പറഞ്ഞു ഷോപ്പിങ്ങിനുള്ള സമയമേയുള്ളൂ, അതുകൊണ്ട് ഇന്ന് വിശുദ്ധ കുര്‍ബാനയ്ക്ക് താല്പര്യമുള്ളവര്‍ക്ക് പോകാം. അല്ലാത്തവര്‍ക്ക് ഷോപ്പിംഗ് നടത്തി ഉടനെ വാഹനത്തില്‍ കയറണമെന്ന്. എല്ലാവരും ഷോപ്പിംഗിന് പോകാന്‍ നിശ്ചയിച്ചപ്പോള്‍ ഞങ്ങള്‍ ദൈവാലയത്തില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. വിശുദ്ധ കുര്‍ബാന അര്‍പ്പണസമയത്താണ് വലിയ ശബ്ദത്തോടെ തിരമാലകള്‍ കടല്‍ ഭേദിച്ച് കരയെ വിഴുങ്ങാന്‍ വന്നത്. രണ്ട് തെങ്ങിന്റെ ഉയരത്തില്‍ തിരമാലകള്‍ ഉയര്‍ന്നുപൊങ്ങി.

‘എന്റെ ദിവ്യകാരുണ്യ ഈശോയെ എന്നേയും എന്റെ കുടുംബത്തേയും ഈ ബലിയില്‍ പങ്കുചേരുന്നവരെയും അപകടങ്ങളില്‍ നിന്ന് കാത്തുരക്ഷിക്കണമേ’ എന്നു പ്രാര്‍ത്ഥിച്ചു. ദിവ്യകാരുണ്യനാഥന്‍ ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടു. വേളാങ്കണ്ണി പള്ളിയുടെ മുറ്റത്തുവന്ന് സുനാമി തിരമാലകള്‍ തിരികേ പോയി. ഒരു പോറലുമേല്‍ക്കാതെ ഞങ്ങളെ രക്ഷിച്ചതും വചനത്തില്‍ പറഞ്ഞതുപോലെ കര്‍ത്താവായ യേശുവില്‍ വിശ്വസിച്ചാല്‍ നീയും നിന്റെ കുടുംബവും രക്ഷനേടുമെന്ന് ഞങ്ങള്‍ പഠിച്ചതും ദിവ്യകാരുണ്യത്തിന്റെ മുന്‍പിലിരുന്നായിരുന്നു. അദ്ദേഹം ഇങ്ങനെ പറഞ്ഞുകൊണ്ട് എങ്ങോ പോയി.

ആ സമയം വേളാങ്കണ്ണിമാതാവ് എന്നോട് ഇങ്ങനെ പറയുന്നതായി അനുഭവപ്പെട്ടു. ”കുഞ്ഞേ വിശുദ്ധ കുര്‍ബാന എന്റെ മകന്‍ നിനക്കായി തരുന്ന വിരുന്നും നിധിയുമാണ്. വിശുദ്ധ കുര്‍ബാനയെ സ്‌നേഹിച്ചു തുടങ്ങിയാല്‍ എന്റെ മകന്‍ നിന്റെ ജീവിതത്തില്‍ അടയാളങ്ങളുടെയും അത്ഭുതങ്ങളുടെയും ധാരാളം ഫലങ്ങള്‍ നല്‍കി അലങ്കരിക്കും. വി.ുദ്ധ കുര്‍ബാനമധ്യേ തന്നെ നിന്റെ സകല പ്രാര്‍ത്ഥനയ്ക്കും അവന്‍ മറുപടി നല്‍കും. നീ പുരോഹിതനാവണം. ആദ്യ ദിവ്യബലിയര്‍പ്പണത്തിനു മുമ്പ് നിന്റെ കുടുംബത്തില്‍ ഞാന്‍ കടന്നുവന്ന് എന്റെ മകനിലൂടെ നിന്നെ അനുഗ്രഹിക്കും. വിശുദ്ധ കുര്‍ബാനയെ സ്‌നേഹിക്കുക. എന്റെ മകന്റെ ശരീരരക്തങ്ങള്‍ സ്വീകരിച്ച് അനേകര്‍ക്ക് വിളമ്പാന്‍ തയാറാകുക.”

മാതാവ് നല്‍കിയ ബോധ്യങ്ങള്‍
ആ വേളാങ്കണ്ണി പള്ളിമുറ്റത്തുവച്ച് പരിശുദ്ധ അമ്മ തന്ന ബോധ്യമാണ് പിന്നീടുള്ള എന്റെ ജീവിതവിജയം എന്ന് ഞാന്‍ വിശ്വസിക്കുന്നു. അന്ന് അമ്മ എന്നോട് സംസാരിച്ചില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ഞാനിന്ന് ഒരു പുരോഹിതനാവുമായിരുന്നില്ല. ജീവിതം ഇത്രമേല്‍ ആസ്വദിക്കുമായിരുന്നില്ല. ഇപ്പോള്‍ ഓരോ വിശുദ്ധ കുര്‍ബാനയും എനിക്ക് പുത്തന്‍ അറിവുകളാണ് സമ്മാനിക്കുന്നത്. വിശുദ്ധ കുര്‍ബാനയോടുള്ള പ്രണയം എന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചെന്ന് പറയാതെ വയ്യ. ഒരു ദിവ്യബലി അര്‍പ്പണം കഴിയുമ്പോഴേക്കും എന്റെ ജീവിതത്തിന്റെ എത്രയോ ശ്രേഷ്ഠമായ കാര്യങ്ങളാണ് ഞാന്‍ അനുഭവിക്കുന്നത്. പരിശുദ്ധ അമ്മയോട് ചേര്‍ന്ന് ബലിയര്‍പ്പിക്കാനാവുന്നു എന്നതാണ് ഇന്നെന്റെ ഏറ്റവും വലിയ സന്തോഷം. മരണംവരെ ആ സന്തോഷത്തില്‍ നിലനില്‍ക്കണേ എന്നതാണ് പ്രാര്‍ത്ഥന.

വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ തുടങ്ങിയത് മുതല്‍ എന്തൊക്കെ എന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ടോ അതൊക്കെ അത്ഭുതങ്ങളാണ്. പറഞ്ഞാല്‍ വിശ്വസിക്കാനാവാത്ത അത്ഭുതപ്രവൃത്തികള്‍ ഞാന്‍ കാണാന്‍ തുടങ്ങിയത് അമ്മയോടൊപ്പം ബലിയര്‍പ്പിക്കാന്‍ തുടങ്ങിയ നാള്‍ മുതലാണ്. തിരുവസ്ത്രസ്വീകരണ സമയത്ത് പരിശുദ്ധ അമ്മ നല്‍കിയ ബോധ്യം ഇങ്ങനെയായിരുന്നു.

”പരിശുദ്ധ കുര്‍ബാനയില്‍ സജീവമായും സമ്പൂര്‍ണമായും നീ പങ്കെടുക്കണം. ‘താതനുമതു പോല്‍’ എന്ന ഗീതം ആലപിക്കുമ്പോള്‍ യൗസേപ്പിതാവിനെയും എന്നെയും പ്രത്യേകം ഓര്‍ക്കണം. ഞാന്‍ ഏറ്റവും അധികം നിനക്ക് സമീപസ്ഥയാകുന്ന സമയമാണത്.
‘ദൈവാംബികയാകും കന്യാമറിയത്തെ സാദരം ഓര്‍ത്തിടാം’ എന്ന് പാടുമ്പോള്‍ നീയെന്നെ ഓര്‍ക്കണം. നിന്റെ സങ്കടം എന്നെ അറിയിക്കണം. നിന്റെ ജീവിതകുരുക്കുകള്‍ ആ സമയത്ത് ഞാന്‍ അഴിച്ചുമാറ്റാന്‍ സഹായിക്കും. വിശുദ്ധ മിഖായേലിനോടും വിശുദ്ധ അന്തോണീസിനോടും വിശുദ്ധ പാദ്രോപിയോടും വിശുദ്ധ അല്‍ഫോണ്‍സാമ്മയോടും വിശുദ്ധ കൊച്ചുത്രേസ്യായോടും നീ പ്രത്യേകം പ്രാര്‍ത്ഥിക്കണം. അവരെല്ലാം നിന്നോടൊപ്പം എന്റെ മകന്റെ ബലിയില്‍ പങ്കെടുക്കുന്നുണ്ടെന്ന് നീ വിശ്വസിക്കണം. സാധിക്കുന്ന സമയത്തെല്ലാം പരിശുദ്ധ കുര്‍ബാനയില്‍ മിഴി പൂട്ടി പ്രാര്‍ത്ഥിക്കണം.

പ്രിയപ്പെട്ടവര്‍ക്കായുള്ള പ്രാര്‍ത്ഥനകള്‍
റൂഹാക്ഷണ പ്രാര്‍ത്ഥനാ വേളയില്‍ നീ ആഗതാചാരം ചെയ്ത് പരിശുദ്ധാത്മാവേ എന്നില്‍ തീയായി കത്തി പടരണേ എന്ന് പ്രാര്‍ത്ഥിക്കണം. നിന്റെ പാപമാലിന്യങ്ങളെല്ലാം എന്റെ മണവാളന്‍ കത്തിച്ച് ചാമ്പലാക്കും. ജോര്‍ദാന്‍ നദിയില്‍ സംഭവിച്ചതുപോലൊരു അഭിഷേകം നല്‍കണേ ആത്മാവേ എന്ന് പറയണം. കൂദാശാവചന സമയത്ത് രോഗികള്‍ക്കുവേണ്ടിയും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കണം. മുറിവേറ്റ പുരോഹിതര്‍ക്കുവേണ്ടിയും തിരുസഭയ്ക്കുവേണ്ടിയും പ്രത്യേകിച്ച് മാര്‍പാപ്പയ്ക്കുവേണ്ടിയും നീ പ്രാര്‍ത്ഥിക്കണം.

പരിശുദ്ധ കുര്‍ബാന സ്വീകരണം കഴിഞ്ഞ് കുറച്ചുനേരം വളരെ ശാന്തമായി ലോകസമാധാനത്തിനു വേണ്ടി എന്റെ മകനോട് പ്രാര്‍ത്ഥിക്കണം. യുദ്ധവും മഹാമാരിയും ക്ഷാമവുമെല്ലാം ഈ നാളുകളില്‍ പ്രബലപ്പെടാന്‍ പോവുകയാണ്. അതുകൊണ്ട്, കാറ്റിനെയും കടലിനെയും ശാന്തമാക്കിയ ഈശോയെ ലോകത്തില്‍ ശാന്തിയും സമാധാനവും നല്‍കണേ എന്ന് ഏറ്റവും നിശബ്ദമായി നീ പ്രാര്‍ത്ഥിക്കണം.

‘വിശുദ്ധീകരണത്തിന്റെ ബലിപീഠമേ സ്വസ്തി’ എന്നുപറഞ്ഞു ബലിപീഠം ചുംബിക്കുമ്പോള്‍ നിന്നെ ചുംബിച്ച മാതാപിതാക്കള്‍ക്കുവേണ്ടിയും സഹോദരങ്ങള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കണം. ഇത്രയും കാര്യങ്ങള്‍ മനസില്‍ ധ്യാനിച്ച് നീ ബലിയര്‍പ്പിച്ചാല്‍ നിന്റെ ജീവിതം പ്രകാശപൂര്‍ണമാകുമെന്നും ആകാശത്തെ തിളങ്ങുന്ന നക്ഷത്രം പോലെ മിന്നിത്തിളങ്ങുന്ന താരകമാക്കി നിന്നെ ഞാന്‍ മാറ്റും എന്നുമൊക്കെ അമ്മ പറഞ്ഞു. പരിശുദ്ധ കുര്‍ബാന കേന്ദ്രീകൃതജീവിതം നയിക്കാന്‍ തുടങ്ങിയ നാള്‍ മുതല്‍ എന്റെ ജീവിതത്തില്‍ അത്ഭുതങ്ങളുടെ ചാകരയായിരുന്നു.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?